അദാനിക്ക് കേരളതീരം തീറെഴുതുന്ന ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയത്തിന്റെ കൊടിയടയാളം എന്തായാലും അത് അറബിക്കടലിലാഴ്ത്താനുള്ള പങ്കായക്കരുത്ത് തീരജനതയ്ക്കുണ്ടെന്ന് ചില മന്ത്രിപുങ്കന്മാര് ഓര്‍ക്കുന്നതുകൊള്ളാം.
തിരുവനന്തപുരത്ത് ചിറയന്‍കീഴിലെ മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറില്‍ നാലു ജീവന് കൂടി പൊലിഞ്ഞു, പുതുക്കുറിച്ചിയിലെ നാല് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അനാഥരായി. പ്രതികൂല കാലാവസ്ഥയില്‍ ദിവസങ്ങളോളം പണിക്കു പോകാന്‍ കഴിയാതെ വലഞ്ഞവര്‍ ഒരു നിവൃത്തിയുമില്ലാതെ പുലര്‍ച്ചെ മൂന്നരയോടെ വള്ളമിറക്കിയപ്പോള്‍ അഴിമുഖത്ത് ആഞ്ഞടിച്ച അതിശക്തമായ തിരമാലകളില്‍ പെട്ട് അപകടത്തിലാവുകയായിരുന്നു. കേരളത്തിലെ 24 മത്സ്യബന്ധന തുറമുഖങ്ങളില്‍ മറ്റൊരിടത്തും കാണാത്ത ഭയാനക ദുരന്തസാഹചര്യമാണ് മുതലപ്പൊഴിയില്‍ നിലനില്‍ക്കുന്നത്.
ആഴക്കടലില്‍ ചുഴലിക്കാറ്റിലോ അപ്രതീക്ഷിത ആപല്സന്ധിയിലോ പെടുന്നതിനെക്കാള് ദാരുണമാണ് ഏതു കാലാവസ്ഥയിലും മീന്‍പിടുത്ത ഉരുക്കള്‍ക്ക് സുരക്ഷിത സങ്കേതമാകേണ്ട മത്സ്യബന്ധന തുറമുഖത്തെ പ്രക്ഷുബ്ധതയില്‍ അകപ്പെട്ട് വള്ളം മറിഞ്ഞും നിയന്ത്രണം വിട്ട് പുലിമുട്ടില്‍ ഇടിച്ചുതകര്ന്നും കരയില്‍ നിന്ന് വിളിപ്പാടകലെ ഉണ്ടാകുന്ന ദുരന്തം. പലപ്പോഴും തിരകളുടെ തീവ്രപ്രഹരത്തില് പൊഴിമുഖത്തെ പാറക്കല്ലുകളിലും ടെട്രാപോഡിലും ചെന്നടിച്ച് തല ചിതറിയും മുഖവും കൈകാലുകളും ഉടഞ്ഞുതൂങ്ങിയ നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുന്നത്. ചുഴികളില്‍ പെട്ട് അപ്രത്യക്ഷരായവരുമുണ്ട്. മുതലപ്പൊഴി മീന്‍പിടുത്ത ബോട്ടുകള്‍ക്കും വള്ളങ്ങള്ക്കുമായുള്ള അഴിയാക്കാനായി രണ്ടു സമാന്തര പുലിമുട്ടുകള്‍ നിര്‍മിച്ചതിനുശേഷം ഇവിടെ 69 മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്; ലക്ഷകണക്കിനു രൂപയുടെ ഉരുക്കള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞമാസം ഒരാഴ്ചയ്ക്കിടെ ആറ് അപകടങ്ങളുണ്ടായി.
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഭരണകൂടം അനങ്ങുന്നില്ല. 2017-ലെ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച അനാസ്ഥയുടെ തീരാനഷ്ടങ്ങള് ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഈ തീരദേശമേഖലയിലെ ജനങ്ങളാണ്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മുതലപ്പൊഴിയില്‍ അപകടമുണ്ടായപ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി എന്ന ആവലാതി, ഉച്ചയോടെ സംഭവസ്ഥലത്തെത്തിയ തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര് അനില്‍ എന്നിവരുടെ മുമ്പാകെ വനിതകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചു. അപകടത്തില്‍പെട്ടവരില്‍ ഒരാളെ കണ്ടെത്തി രക്ഷിക്കാനിറങ്ങിയത് നാട്ടുകാരാണ്; കാണാതായ മൂന്നുപേര്‍ക്കായി സ്കൂബാ ഡൈവര്‍മാര്‍ അടക്കമുള്ള നീന്തല്വിദഗ്ധരെ കൊണ്ടുവരണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. ദുരന്തമുഖത്തെ ആകുലചിത്തരായ മനുഷ്യരെ ആശ്വസിപ്പിക്കുന്നതിനു പകരം, ശിവന്‍കുട്ടിയും ആന്റണി രാജുവും തങ്ങള്‍ക്ക് അകമ്പടി സേവിച്ചെത്തിയ ഒരുപറ്റം പാര്‍ട്ടി സഖാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസ് വൃന്ദത്തിനും മുമ്പില്‍ നിന്ന് ”ഷോ കാണിക്കരുത്” എന്നും മറ്റും പറഞ്ഞ് അവരെ അധിക്ഷേപിക്കുന്നതും ക്ഷുഭിതരായും പ്രകോപനപരമായും പെരുമാറുന്നതും ദൃശ്യമാധ്യമങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
സന്ദര്‍ശം പൂര്‍ത്തിയാക്കാനാകാതെ മന്ത്രിമാര്‍ക്ക് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായി. ഇതിനിടെ, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോയോടൊപ്പം അവിടെയെത്തിയ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരയോടും ”ഷോ കാണിക്കരുത്” എന്ന് രോഷാകുലനായി മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിക്കുകയുണ്ടായി. പിന്നീട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയും ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയും മന്ത്രി ശിവന്‍കുട്ടി, മുതലപ്പുഴയില്‍ തിരച്ചില്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും എത്തിയ മന്ത്രിമാരെ തടയാനും ക്രമസമാധാന നില തകര്‍ക്കാനും നാട്ടുകാരെ പ്രകോപിപ്പിച്ച് കലാപമുണ്ടാക്കാനും മോണ്‍. പെരേര ശ്രമിച്ചു എന്ന് തികച്ചും അസംബന്ധവും അപകീര്‍ത്തികരവുമായ ആരോപണം ഉന്നയിച്ചു. വിഴിഞ്ഞത്ത് അദാനി പോര്ട്ടിനെതിരായി തിരുവനന്തപുരം അതിരൂപതാ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ സമരം ആളെ കിട്ടാത്തതിനാല്‍ പരാജയപ്പെട്ടതിന്റെ വാശിയാണ് മോണ്‍. പെരേര കാണിക്കുന്നതെന്നും പറഞ്ഞ മന്ത്രി, സഭ മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അനധികൃത പണപ്പിരിവു നടത്തുന്നുവെന്നും മറ്റും ആക്ഷേപിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ മോണ്‍. യൂജിന്‍ പെരേരയ്ക്കെതിരെ അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തത്. മന്ത്രിമാരെ തടയണമെന്ന് ആക്രോശിച്ചുകൊണ്ട് ”ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച്” കലാപത്തിന് ശ്രമിച്ചെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-ാം വകപ്പുപ്രകാരമുള്ള എഫ്ഐആറില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് ഭരണകൂട ഭീകരതയുടെ ഉപകരണമായി അധഃപതിച്ചതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണിത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ പുലിമുട്ടുനിര്‍മാണം തിരുവനന്തപുരം തീരത്ത് വ്യാപകമായ തീവ്ര തീരശോഷണത്തിന് ഇടവരുത്തിയിട്ടുള്ളതിനാല് വിദഗ്ധ സമിതിയെക്കൊണ്ട് പഠനം നടത്തി പ്രതിവിധി കണ്ടെത്തണമെന്നാവശ്യപ്പെട്ട് 140 ദിവസം നീണ്ട ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സമിതിയുടെ ജനറല്‍ കണ്‍വീനറായിരുന്ന മോണ്‍. പെരേരയ്ക്കെതിരെ പിണറായിയുടെ പൊലീസ് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു – ജാമ്യം കിട്ടാത്തവ മാത്രമല്ല, കൊലപാതകശ്രമവുമായി ബന്ധപ്പെട്ട ഐപിസി 307-ാം വകുപ്പു വരെ കൂട്ടത്തിലുണ്ട്.
മോണ്‍. പെരേരയും മറ്റു ചില നേതാക്കളും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും മത്സ്യത്തൊഴിലാളികള്‍ കലാപകാരികളും രാജ്യദ്രോഹികളുമാണെന്നും ശിവന്‍കുട്ടി ഉള്‍പ്പെടെ ചില മന്ത്രിമാരും ഭരണപക്ഷ മാധ്യമങ്ങളും അന്നും ആക്ഷേപിക്കുകയുണ്ടായി. സമാധാനപരമായ ഉപവാസ സമരം അട്ടിമറിക്കാന്‍ ചില വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ച് സിപിഎം മുല്ലൂരിലെ സമരവേദിയിലും വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പരിസരത്തും അക്രമം അഴിച്ചുവിട്ടതും മത്സ്യത്തൊഴിലാളി യുവാക്കളെ നിഷ്ഠുരമായി വേട്ടയാടിയതും കേരളം കണ്ടതാണ്. വിഴിഞ്ഞം സമരത്തിലെ ഏഴ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണത്തിന്റെ ഫലമായുള്ള അപകടമരണങ്ങള്‍ക്കും താഴമ്പള്ളി, മാമ്പള്ളി, പൂത്തുറ, അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ രൂക്ഷമായ തീരശോഷണത്തിനും കടലേറ്റത്തിനും ശാശ്വത പരിഹാരം വേണം എന്നായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കുന്നതിനു മുന്നോടിയായി, 2022 ഒക്ടോബറില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് (സിഡബ്ല്യുപിആര്‍എസ്) വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തി പഠനം നടത്തുമെന്നും പ്രശ്നബാധിതരായ ജനങ്ങളുമായി സംവദിക്കുമെന്നും ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും രേഖപ്പെടുത്തിയിരുന്നു. സിഡബ്ല്യുപിആര്‍എസ് പ്രതിനിധികള്‍ നവംബറില്‍ ഒരു തവണ പ്രദേശം സന്ദര്‍ശിച്ചു മടങ്ങി. മണ്‍സൂണ്‍കാലം കൂടി കഴിഞ്ഞുള്ള ഡേറ്റ ഓഗസ്റ്റില്‍ കൈമാറിയാലേ അവരുടെ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ പറയുന്നത്.
ഐഐടി മദ്രാസ് രൂപകല്പന ചെയ്ത പദ്ധതി പ്രകാരം പെരുമാതുറ ഭാഗത്ത് 310 മീറ്റര്‍ നീളത്തിലും താഴമ്പള്ളി ഭാഗത്ത് 410 മീറ്ററും പുലിമുട്ടു പണിതപ്പോള്തന്നെ അഴിമുഖത്ത് എക്കല്‍ വന്നടിഞ്ഞുകൂടാന് തുടങ്ങി. സിഡബ്ല്യുപിആര്‍എസിനെ റീഎന്ജിനിയറിങ് ഏല്പിച്ചപ്പോള് വടക്കുഭാഗത്തെ പുലിമുട്ടിന്റെ നീളം 420 മീറ്ററും തെക്കുവശത്തേത് 480 മീറ്ററുമായി പരിമിതപ്പെടുത്താനും ഇവയ്ക്കിടയിലെ ചാനലിന് 100 മീറ്റര്‍ വീതി വേണമെന്നും നിര്‍ദേശിച്ചു. താഴമ്പള്ളി പുലിമുട്ടില്‍ നിന്ന് 300 മീറ്റര്‍ മാറി 90 മീറ്റര്‍ നീളത്തില്‍ ഗ്രോയിന്‍ സ്ഥാപിച്ചു. അപ്പോഴും അഴിമുഖത്തെ ചാനലില്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിര ആഞ്ഞടിച്ചു. തെക്കുഭാഗത്തെ പുലിമുട്ടിന് നീളം കൂട്ടിയാലും അവിടെ കരവയ്ക്കുന്നതോടൊപ്പം പ്രവേശനകവാടത്തില്‍ മണല്‍ വന്നടിഞ്ഞുകൊണ്ടിരിക്കുമെന്നും വടക്കുഭാഗത്ത് തീരശോഷണം തുടരുമെന്നും 2011-ല്‍ സിഡബ്ല്യുപിആര്‍എസ് നല്കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തെക്കുഭാഗത്ത് അടിയുന്ന മണ്ണ് പൈപ്പ്ലൈന് വഴി വടക്കോട്ട് പമ്പു ചെയ്യുകയോ കരമാര്‍ഗം വാഹനത്തില്‍ നീക്കുകയോ ചെയ്യണം എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേഴ്സിക്കുട്ടി അമ്മ ഫിഷറീസ് മന്ത്രിയായിരിക്കെ, സാന്‍ഡ് ബൈപാസിങ്ങിന് കടലിനടിയിലൂടെ ഹൈ ഡെന്‍സിറ്റി പോളിഎതിലീന്‍ പൈപ്പ്ലൈന് ഇടാന്‍ പദ്ധതി തയാറാക്കിയതാണ്.
പുലിമുട്ടിലെ പാറക്കല്ലുകള്‍ ഇരുഭാഗത്തുനിന്നും അഴിമുഖത്ത് അടിത്തട്ടിലേക്ക് ഇടിഞ്ഞുവീണ് ചാനലിന്റെ വീതി കുറഞ്ഞു. അഞ്ചുമീറ്റര്‍ ആഴം ഉണ്ടായിരുന്ന ചാനലില്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ട് ആഴം രണ്ടുമീറ്ററായി. മുതലപ്പൊഴി ചാനലിലെ മണലും കല്ലുകളും ഡ്രെജ് ചെയ്യാന്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മാണ കരാര്‍ ഏറ്റെടുത്ത വിഴിഞ്ഞം അദാനി പോര്‍ട്ട് കമ്പനി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത് സര്‍ക്കാരിന് വലിയ ആശ്വാസമായി. വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ടുനിര്മാണത്തിനായി 21 ക്വാറികളില്‍ നിന്നായി 75 ലക്ഷം ടണ്‍ കരിങ്കല്ല് മുതലപ്പൊഴിയിലെത്തിച്ച് അവിടെ നിന്ന് ബാര്‍ജുകളില്‍ വിഴിഞ്ഞത്തേക്കു കൊണ്ടുപോകാനുള്ള പദ്ധതിയാണ് അദാനി ആസൂത്രണം ചെയ്തത്. 259 മീറ്റര്‍ നീളം വരുന്ന താഴമ്പള്ളി-പെരുമാതുറ പാലത്തോടു ചേര്‍ന്ന് പെരുമാതുറ ബീച്ചില്‍ 9.3 ഹെക്ടര്‍ ഭൂമി അദാനി പാറകളുടെ സ്റ്റോക്ക് യാര്‍ഡിനായി കൈക്കലാക്കി. അതോടെ പെരുമാതുറ ബീച്ചില്‍ നിന്ന് കമ്പവല കടലിലേക്കു നീട്ടി വലിക്കാനുള്ള സാധ്യത അവസാനിച്ചു. മുതലപ്പൊഴി ഹാര്‍ബറിന്റെ തെക്കുഭാഗത്തെ പുലിമുട്ടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി അദാനി കമ്പനി അവിടെ ജങ്കാര്‍ അടുപ്പിക്കുന്നതിന് 65 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും വരുന്ന വാര്‍ഫ് നിര്‍മിച്ചു. ആഡംബര ക്രൂസ് കപ്പലുകള്‍ വരെ മുതലപ്പൊഴിയില്‍ വന്നടുക്കുമെന്നൊക്കെ അദാനിയുടെ പിആര്‍ വായ്ത്താരി കേള്‍ക്കാമായിരുന്നു. പാറ പൊട്ടിക്കാനും മണ്ണുമാന്താനുമായി രണ്ടു ഡ്രെജറുകള്‍ ഇറക്കി ചാനലിന്റെ ആഴം എട്ടു മീറ്ററാക്കുമെന്നായിരുന്നു വാഗ്ദാനം. അദാനിയുടെ ബാര്‍ജുകള്‍ മീന്‍പിടുത്ത ബോട്ടുകള്‍ക്കു ഭീഷണിയാവുകയും പുലിമുട്ടില്‍ അദാനി വരുത്തിയ ഭേദഗതി സ്ഥിതിവിശേഷം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഡ്രെജിങ് കൃത്യമായി നടന്നില്ല. ഏറ്റവും ഒടുവില്‍ രണ്ടു ജെസിബി ഉപയോഗിച്ച് കുറെ മണല്‍ കോരിമാറ്റുകയാണുണ്ടായത്.
അടിക്കടി അപകടങ്ങളുണ്ടാകുന്ന മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് കട്ടപ്പുറത്താണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ വലിയ ബോട്ട് മുതലപ്പൊഴിയിലെ മണല്തിട്ടകളില് ഉറച്ചുപോകും. ഓഖി സ്പെഷല്‍ പാക്കേജില്‍ പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ്, റെസ്ക്യു ബറ്റാലിയന്, എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലൈഫ്ജാക്കറ്റ് എന്നിവയ്ക്കു പുറമെ 24 മണിക്കൂറും നിരീക്ഷണത്തിന് ലൈഫ് ഗാര്‍ഡുകള്‍, ചാനലില്‍ പാറയുള്ള, ആഴക്കുറവുള്ള ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ബോയകള്‍, തെക്കുഭാഗത്ത് ആറു മീറ്റര്‍ ഉയരത്തില്‍ ഗൈഡ് ലൈറ്റ് തുടങ്ങി അടുത്തകാലത്ത് നിര്‍ദേശിക്കപ്പെട്ട പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇവിടെ എത്തിയിട്ടില്ല.
ദുരന്തമുനമ്പിലെ നിരാലംബരായ മനുഷ്യരെ അധികാരിവര്‍ഗം ഇനിയും അപമാനിക്കരുത്. ദുഃഖാര്‍ത്തരായ സഹജീവികളുടെ കണ്ണീരൊപ്പുന്ന ത്യാഗനിധികളായ ധര്‍മ്മിഷ്ഠരെ അവഹേളിക്കരുത്. തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശത്രുതാ മനോഭാവവും പകപോക്കലും ഇനിയെങ്കിലും അവസാനിപ്പിക്കണം. തീരദേശ ജനതയെ തങ്ങളുടെ പൈതൃകഭൂമിയില്‍ നിന്ന്, ഉപജീവന സ്രോതസുകളില്‍ നിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. സാമൂഹിക നീതിക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മാനവികതയ്ക്കും സത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്താനും, രാജ്യദ്രോഹി, കലാപകാരി, അര്‍ബന്‍ നക്സല്‍ തുടങ്ങിയ ചാപ്പകുത്തി തുറുങ്കിലടക്കാനുമുള്ള കരിനിയമങ്ങളെയും സമഗ്രാധിപത്യ വാഴ്ചയെയും നേരിടാനുള്ള സംഘാതശക്തി കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ട്. അദാനിക്ക് കേരളതീരം തീറെഴുതുന്ന ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയത്തിന്റെ കൊടിയടയാളം എന്തായാലും അത് അറബിക്കടലിലാഴ്ത്താനുള്ള പങ്കായക്കരുത്ത് തീരജനതയ്ക്കുണ്ടെന്ന് ചില മന്ത്രിപുങ്കന്മാര് ഓര്‍ക്കുന്നതുകൊള്ളാം.