മഹാനായ ഒരു മനുഷ്യസ്നേഹി നടന്ന വഴികള്‍ ലോകം അറിയാനും ഓര്‍ക്കാനും മുതിര്‍ന്ന പത്രപ്രവര്ത്തകന് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് രചിച്ച പുസ്തകം അതിമനോഹരമാണ്. ഇരുപത് അധ്യായങ്ങളിലൂടെ ‘മോണ്‍സിഞ്ഞോര്‍ ഇമ്മാനുവല്‍ ലോപ്പസ്’ വായനക്കാര്‍ക്കിടയില്‍ സഞ്ചരിക്കുന്നു.
”ധന്യമായ 96 വര്‍ഷത്തെ ജീവിതം, മഹത്വം നിറഞ്ഞ 70 വര്‍ഷത്തെ പൗരോഹിത്യജീവിതം വിശുദ്ധനായി ജനിച്ചു. വിശുദ്ധമായി ജീവിച്ചു. വിശുദ്ധനായി മരിച്ചു. ഒടുവില്‍ സഹനത്തിന്റെ നാളുകളില്‍, നിസഹായാവസ്ഥയില്‍ ക്ഷമയോടെ, വിശുദ്ധിയോടെ ദൈവ ഹിതത്തിന് അദ്ദേഹം കീഴ്വഴങ്ങി. വേദനിക്കുമ്പോഴും അസ്വസ്ഥത കള്‍ക്കിടയിലും നര്‍മത്തില്‍ പൊതിഞ്ഞ സ്നേഹാന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.’
മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ജീവിതം ഹ്ര്വസ്വമായി പറയാന്‍ ആര്‍ച്ച്ബിഷപ് ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ ഈ വാചകങ്ങള്‍ അധികം. എന്നാല്‍ മഹാനായ ആ മനുഷ്യസ്നേഹി നടന്ന വഴികള്‍ ലോകം അറിയാനും ഓര്‍ക്കാനും മുതിര്‍ന്ന പത്രപ്രവര്ത്തകന് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് രചിച്ച പുസ്തകം അതിമനോഹരമാണ്. ഇരുപത് അധ്യായങ്ങളിലൂടെ ‘മോണ്‍സിഞ്ഞോര്‍ ഇമ്മാനുവല്‍ ലോപ്പസ്’ വായനക്കാര്‍ക്കിടയില്‍ സഞ്ചരിക്കുന്നു.
ലോപ്പസച്ചനെ കുറിച്ച് അദ്ദേഹം എഴുതിയ വരികളില്‍ ഏറ്റവും ഹൃദ്യമായത് കുറിക്കട്ടെ. ‘തലമുറകള്‍ക്ക് നേര്‍വഴി കാട്ടാനും നന്മയിലേക്ക് പ്രചോദിപ്പിക്കാനും കെല്‍പ്പുള്ള കാലാതിവര്‍ത്തിയായ പ്രകാശഗോപുരങ്ങളെ ചരിത്രത്തില്‍ അങ്ങിങ്ങ് നമുക്ക് കാണാനാവും. നാം അവരെ വിശുദ്ധരെന്നും മഹത്തുക്കളെന്നും വിളിക്കുന്നു അക്കൂട്ടത്തിലാണ് യശഃശരീരനായ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്. കേരളത്തിന്റെ ജോണ്‍ മരിയ വിയാനി.’
മരണത്തെ നിര്‍ഭയമായി സ്വീകരിക്കാന്‍ ഒരുങ്ങി നില്ക്കുന്ന ലോപ്പസച്ചന്റെ ഫലിതത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. 96 വയസ്സ് പൂര്‍ത്തിയാകാന്‍ 60 ദിനങ്ങള്‍ ബാക്കി നില്‍ക്കേ 2004 മാര്‍ച്ച് 20 നാണ് അദ്ദേഹത്തിന്റെ മരണം. മോണ്‍. ലോപ്പസിന്റെ ഭാഷയില്‍ അമേരിക്കയിലേക്കുള്ള ( അമ്മ ഇരിക്കും ഇടം) വിസ വന്നത്. മരണവും സംസ്കാരച്ചടങ്ങുകളുമാണ് ആ അധ്യായത്തിലെ ഉള്ളടക്കം. അദ്ദേഹം ജനിച്ച ചാത്യാത്ത് ഇടവകയുടെ ചരിത്രമാണ് രണ്ടാമധ്യായം. സുവിശേഷ പ്രചാരകരായ മിഷനറിമാരുടെ നവോത്ഥാന സംഭാവനകള്‍, കര്‍മ്മലീത്ത പൈതൃകം. മത്തേവൂസ്പാതിരി, ഗവര്‍ണര്‍ വാന്‍ റീഡ്, പൗളിനോസ് പാതിരി, ഇവരുടെയൊക്കെ മഹത്തായ സംഭാവനകളുടെ ചരിത്രം വായനക്കാര്‍ക്ക് ലഭിക്കുന്നു. ലോപ്പസ് എന്ന ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ ഉത്ഭവവും സുവിശേഷ പ്രചരണവും ചാത്യാത്ത് അവരുടെ കര്മ്മഭൂമിയായതും മുന്നാം അധ്യായത്തില്‍ പറയുന്നു. ദൈവവിളിയുടെയും ശ്രീലങ്കയിലെ കാന്‍ഡി സെമിനാരിയിലെ പഠനവുമാണ് തുടര്‍ അധ്യായങ്ങളില്‍. ഇടയ്ക്ക് ലോപ്പസച്ചന് രചിച്ച ‘ എന്താണ് ഈ ദൈവവിളി’ എന്ന ഏകാങ്ക നാടകവും ചേര്‍ത്തിരിക്കുന്നു.
1934 ആഗസ്റ്റ് 26നാണ് ഇമ്മാനുവല്‍ ലോപ്പസ് വൈദികപട്ടം സ്വീകരിക്കുന്നത്. കാന്‍ഡി രൂപത ബിഷപ് ആയിരുന്ന ഡോ. ബീഡ് ബക്ക് മേയറില്‍ നിന്ന് തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന് 26 വയസ്സായിരുന്നു പ്രായം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദം അനുഭവിച്ച ദിവസം എന്നാണ് ആ ദിനത്തെ മോണ്‍സിഞ്ഞോര്‍ പിന്നീട് അനുസ്മരിച്ചിട്ടുള്ളത്.
രണ്ടേ രണ്ടു പള്ളികളിലാണ് ലോപ്പസച്ചന്റെ ഇടവക ശുശ്രൂഷ. നാലരക്കൊല്ലം സഹവികാരിയായി പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിലും 23 വര്‍ഷം വികാരിയായി എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയിലും. പിന്നീടുള്ള കാലങ്ങളില്‍ വരാപ്പുഴ അതിരൂപതയുടെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ അദ്ദേഹം പങ്കാളിയായി.
വരാപ്പുഴ അതിരൂപതയില്‍ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സ്ഥാപിച്ചതും ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ആദ്യമായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പെരുമ്പിള്ളിയില്‍ രൂപികരിച്ചതും ലോപ്പസച്ചന്റെ ഇടവക സേവന കാലത്താണ്.
1947 ല്‍ അദ്ദേഹം സ്ഥാപിച്ച ബോസ്കോ കലാസമിതി ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. 26 ഏകാങ്ക നാടകങ്ങള്‍ ലോപ്പസച്ചന് രചിച്ചിട്ടുണ്ട്. അതില്‍ പലതും ബോസ്കോ കലാവേദി രംഗത്ത് അവതരിപ്പിച്ചിരുന്നു. ‘അലക്സമ്മാവന്’ എന്ന നോവലും അദ്ദേഹം എഴുതി. യാത്രകള്‍ ഇഷ്ടപ്പെട്ട ലോപ്പസച്ചനേയും പുസ്തകം പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും ബസ് യാത്രകളും വായനക്കാരെ അത്ഭുതപ്പെടുത്തും. കേരളസഭയിലെ മതബോധന ചരിത്രം, ലീജിയന് ഓഫ് മേരിയുടെ വ്യാപനം, ജീവജ്യോതി മാസിക തുടങ്ങി ലോപ്പസച്ചന്റെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ വരെ സവിസ്തരം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നീണ്ട വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നടത്തിയ സന്ദര്‍ശനവും സഹായവും രോഗികള്‍ക്ക് ആശ്വാസമായി.
ലളിതമായും സരസമായും ചരിത്രം എഴുതാനും വിശദീകരിക്കാനുമുള്ള ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിന്റെ കഴിവ് പുസ്തകത്തെ മനോഹരമാക്കുന്നു. ചരിത്ര സംഭവങ്ങള്‍, അതില്‍ ഇടപെട്ട വ്യക്തികള്‍, അവ സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍, ഗുണങ്ങള്‍,ദോഷങ്ങള്‍ ഒക്കെ വായനക്കാരന് വേര്തിരിച്ചുനല്കുന്നുണ്ട് ഗ്രന്ഥകാരന്.
വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തമാരായിരുന്ന ഡോ. എയ്ഞ്ചല്‍ മേരി, ഡോ. ജോസഫ് അട്ടിപ്പേറ്റി, ഡോ. ജോസഫ് കേളന്തറ, ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍, ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ എന്നിവരോടൊപ്പം അതിരൂപതയെ നയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.
പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഡാനിയേല്‍ പിതാവിന്റെ ഇടയലേഖനവും ഓര്‍മ്മക്കുറിപ്പുകളും രചനകളും അപൂര്‍വചിത്രങ്ങളും അതിന് പൂര്‍ണ്ണത നല്കുന്നു.
ഒരു വൈദികന് ആരായിരിക്കണമെന്ന് ജീവിച്ചു കാണിച്ച ലോപ്പോസച്ചന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് വരാപ്പുഴ അതിരൂപതയിലെ 21 വൈദികരുടെ കൂട്ടായ്മയാണ് എന്നുള്ളതും (ആല്‍ഫ)പ്രത്യേകം പറയേണ്ടതുണ്ട്. 2011ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റേയും ജസ്റ്റിസ് കുര്യന് ജോസഫിന്റേയും ആശംസ കുറിപ്പുകളും ഡോ. അലക്സ് വടക്കുംതലയുടെ അവതാരികയുമുണ്ട്.
കടുത്ത വേനലില്‍ വീണ്ടുകീറിയ ഭൂമി പോലെ ചുക്കിച്ചുളിഞ്ഞ കരങ്ങള്‍ നന്മ ചെയ്ത് പുണ്യപ്പെട്ട കൈകളാണ്. അവ സ്വന്തമാക്കിയ രണ്ടു മഹാത്മക്കളുടെ കരം ഗ്രഹിക്കാന്‍ കഴിഞ്ഞ അനുഭവം ജീവിതത്തില്‍ കെടാതെ കനലുപോലെ ഞാന്‍ മനസ്സില്‍ ഊതി സൂക്ഷിക്കുന്നുണ്ട്. ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും തിരുവസ്ത്രമണിഞ്ഞ്, ജീവിതം നിരന്തരം നന്മകളാല് സമ്പന്നമാക്കിയ വിശുദ്ധ മദര്‍ തെരേസയുടെയും മോണ്‍. ലോപ്പസിന്റെയും കൈകളില്‍ ആ സാദൃശ്യം ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അവയില്‍ ചുംബിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ആ ചുക്കിചുളിഞ്ഞ കൈകളില്‍ സ്പര്ശിച്ചപ്പോള് അറിയാതെ എന്നിലേക്ക് പ്രവഹിച്ച ശക്തി ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. ഈ പുസ്തകവും നന്മയുടെ ഒരു അരുവിയാണ്.