അടുത്ത സെപ്റ്റംബര്‍ 30ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന 20 മെത്രാന്മാരുടെ പേരുകള്‍ കഴിഞ്ഞ ഞായറാഴ്ച പാപ്പ ലോകത്തിനു വെളിപ്പെടുത്തി. തീര്‍ന്നില്ല….. 21-ാമതായി ഒരു സാധാരണ വൈദീകന്റെ പേരുകൂടി.. ഫാ. ലൂയിസ് പാസ്ക്കല്‍ ഡ്രി എന്ന കപ്പൂച്ചിന്‍ വൈദികന് ലിസ്റ്റില്‍ പിന്നിലാണെങ്കിലും, ദൈവത്തില്‍ നിന്ന് ഏറെ പിന്നിലേക്കു മാറിപ്പോയിരുന്ന അനേകരെ ദൈവസ്നേഹത്തിന്റേയും ക്ഷമയുടേയും വാതിലിലൂടെ പ്രവേശിപ്പിച്ച് ദൈവത്തിന്റെ മുന്നിലേക്കു എത്തിക്കുന്ന വലിയ ശുശ്രൂഷയ്ക്കുള്ള എളിയ അംഗീകാരം.
ഫ്രാന്‍സിസ് പാപ്പയ്ക്ക് വളരെ അടുത്തറിയാം ഫാദര്‍ ലൂയീസിനെ. കര്‍ദിനാള്‍ ബര്‍ഗോളിയോയെ കാണാന്‍ ഒരിക്കല്‍ ഫാ. ലൂയീസ് ചെന്നിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: ”കര്‍ദിനാളിന്റെ ഒരു സഹായം തേടിയാണ് ഞാന്‍ വന്നത്. എന്റെയടുത്ത്, കുമ്പസാരത്തിനായി അനേകം പേര് വരാറുണ്ട്. സാധുക്കളാണ് പലരും… കുറെയേറെ വൈദികരുമുണ്ട്. അക്കൂട്ടത്തില്‍… എല്ലാവരെയും ഞാന്‍ ദൈവനാമത്തില്‍ പാപമോചനം നല്കി യാത്രയാക്കും. പക്ഷേ, അവസാനത്തെയാളും യാത്രയായികഴിയുമ്പോള് എന്റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങും. എല്ലാവര്ക്കും ഇങ്ങനെ അളവില്ലാതെ വിളമ്പിക്കൊടുക്കാവുന്നതാണോ ദൈവം നല്കിയ പാപമോചനാധികാരം? ഒടുവില്‍ കുമ്പസാരക്കൂടുവിട്ടിറങ്ങി, സക്രാരിയുടെ മുന്നില്‍ മുട്ടുകുത്തി ഈശോയോടു ഞാന്‍ പറയും. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ ഈശോയെ നീ എന്നോടു ക്ഷമിക്കണം.. എങ്കിലും നീയാണ് എന്നെ ഈ ചീത്തപഠിത്തം പഠിപ്പിച്ചതെന്നു മറക്കേണ്ട…”
പാപ്പാ ഈ അനുഭവം പങ്കുവച്ചിട്ട് എപ്പോഴും കൂട്ടിച്ചേര്‍ക്കും: ” തനിക്കുവേണ്ടി അളവില്ലാതെ ക്ഷമ ചോദിക്കുന്ന ഒരു വൈദികന് അത് മറ്റുള്ളവര്‍ക്കായി അളവില്ലാതെ സമ്മാനിക്കാനാകും… തീര്‍ച്ച”
പോംപെ മാതാവിന്റെ കപ്പേളയിലെ തുവെള്ള പാനലുകള്‍ കൊണ്ടു നിര്‍മിച്ച കൊച്ചു കുമ്പസാരക്കൂട്ടില്‍ എന്നും രാവിലെയും വൈകീട്ടും മണിക്കൂറുകള്‍ ഫാദര്‍ ലൂയീസിനെ കര്‍മനിരതനായി കാണാം. അദ്ദേഹം പറയുന്നുണ്ട്. ”പഠിച്ച്, ഡോക്ടറേറ്റ് നേടിയ വൈദികനൊന്നുമല്ല ഞാന്‍. പാവപ്പെട്ടവനായി ജനിച്ചു വളര്ന്നയാളാണെന്നു. ഒന്നുമല്ലാത്ത, ഒന്നുമില്ലാത്ത ഒരു സാധാരണ വൈദികന്. ഒന്നേ ഞാന്‍ ചിന്തിക്കാറുള്ളൂ. കരുണയും അടുപ്പവും തോന്നിപ്പിക്കുന്ന വാക്കുകളേ ഇതിനകത്തിരുന്നു ഞാന്‍ പറയാവൂ. മുന്നില്‍ മുട്ടു കുത്തുന്നവരെ സഹായിക്കാനാണ് ദൈവം എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്.
” എന്നെ മനസിലാക്കാന്‍ ആരുമില്ലല്ലോ” എന്ന ചിന്തയോടെ ഒരാളും ഈ സ്നേഹത്തിന്റെ കൂടവിട്ടിറങ്ങിപ്പോകരുത്. അതെനിക്കു നിര്‍ബന്ധമാണ്.”
സഭയുടെ രാജകുമാരനായി ചെമപ്പ് വസ്ത്രമണിയിച്ച് വരുന്ന സെപ്റ്റംബര്‍ 30ന് പാപ്പാ ഫാ. ലൂയീസ് ഡ്രിയെ യാത്രയാക്കിയാലും, തന്റെ പഴയ അതേ കുമ്പസാരക്കൂട്ടില്‍ തുര്‍ന്നും അദ്ദേഹം ഇരിപ്പുണ്ടാകും. ”ദൈവം എന്നോട് ക്ഷമിക്കുമോ?” എന്ന ആശങ്കപ്പെടുത്തുന്ന ചോദ്യവുമായി എത്തുന്ന അനേകര്‍ക്കു ധൂര്‍ത്തപുത്രനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന പിതാവിന്റെ ചിത്രവും ചൂണ്ടിക്കാണിച്ചുകൊണ്ട്. എന്നിട്ടദ്ദേഹം പതിയെ ചെവിയില്‍ മന്ത്രിക്കും: ”ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്; അവിടുന്ന് നിങ്ങളോടുകൂടെ നടക്കുന്നുണ്ടെന്ന്. ആരെയും ശിക്ഷിക്കാനല്ല, ക്ഷമിച്ചു കൂടെക്കൂട്ടാനാണ് അവിടുന്ന് വന്നത്. ഭയപ്പെടേണ്ട…. കേട്ടോ…”