സാമ്പത്തികമുള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് യുവജനങ്ങള്‍ക്ക് മാതൃകയായി ആനന്ദ് ജസ്റ്റിന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് യോഗ്യത നേടിയത്. അധ്യാപകരോ മാതൃകകളോ പരിശീലന കേന്ദ്രങ്ങളോ ഇല്ലാതെ സ്വയംപഠനത്തിലൂടെ നേടിയ നൂറുമാറ്റ് വിജയം.
കടലോരത്തു നിന്ന് കാനനമേഖലയിലേക്കുള്ള യാത്രയിലാണ് ആനന്ദ് ജസ്റ്റിന്. കടലാഴങ്ങള്‍ പോലെ കാടിന്റെ അപാരതയും പ്രകൃതിയുടെ നിഗൂഢമന്ത്രണങ്ങളും. ജനിച്ചുവളര്‍ന്നത് തീരപ്രദേശത്ത്. കര്‍മമണ്ഡലം വനമേഖലയിലും. എവിടെയാണെങ്കിലും പ്രകൃതിസംരക്ഷണമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഈ നിയുക്ത ഭാരതീയ വനസേവകന്റെ ആത്മബോധ്യം. തിരുവനന്തപുരത്തെ വലിയതുറയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ആനന്ദ് ജസ്റ്റിന് ഇത്തവണത്തെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്ഒഎസ്) പരീക്ഷയില്‍ വിജയം വരിച്ചു. തീരമേഖലയില്‍ നിന്ന് അപൂര്‍വം പേര്‍ക്കേ ഐഎഫ്ഒഎസ് ലഭിച്ചിട്ടുള്ളു. ഭാരത സര്‍ക്കാരിന്റെ മൂന്ന് അഖിലേന്ത്യാ കേഡര്‍ സര്‍വീസുകളില്‍ ഒന്നാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) എന്നിവയാണ് മറ്റ് രണ്ട് അഖിലേന്ത്യാ കേഡര്‍ സര്‍വീസുകള്‍. സംസ്ഥാനങ്ങള്‍ക്ക് ചുമതലയില്ലാത്ത, കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നേരിട്ടുവരുന്ന നയതന്ത്രസേവനവിഭാഗമായ ഇന്ത്യന്‍ ഫോറിന് സര്‍വീസിനെ (ഐഎഫ്എസ്) പേരിലുള്ള സാമ്യം കൊണ്ട് ഐഎഫ്ഒഎസായി പലരും തെറ്റിദ്ധരിക്കാറുണ്ട്.
ഇന്ത്യയുടെ വനവിസ്തൃതി 635,400 കിലോമീറ്റര്‍ ആണ്. മുന്‍കാലങ്ങളിലേതിനേക്കാള്‍ വലിയ കുറവ് വനത്തിനുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ഏകദേശം 24 ശതമാനമാണ് ഇപ്പോള്‍ വനമുള്ളതെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വനനയം 1894-ല്‍ ബ്രിട്ടീഷുകാരാണ് രൂപപ്പെടുത്തിയത്. 1952-ലും 1988-ലും പരിഷ്കരിച്ചു. ദേശീയ വനനയം നടപ്പിലാക്കാനുള്ള ചുമതല ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിലൂടെയും പങ്കാളിത്തത്തോടെയുള്ള സുസ്ഥിര പരിപാലനത്തിലൂടെയും രാജ്യത്തിന്റെ പാരിസ്ഥിതിക സ്ഥിരത ഉറപ്പുവരുത്തുന്ന ചുമതല പ്രധാനമായും ഈ ഉദ്യോഗസ്ഥര്‍ക്കാണ്. ദേശീയ ഉദ്യാനങ്ങള്‍, കടുവ സംരക്ഷണ കേന്ദ്രങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, രാജ്യത്തെ മറ്റ് സംരക്ഷിത വനപ്രദേശങ്ങള്‍, സാമൂഹ്യവനവത്കരണം എന്നിവയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സംരക്ഷിക്കപ്പെടുന്നത്. ഈ വിപുല സേവനത്തില്‍ കണ്ണിചേരുന്ന ആനന്ദ് ഐഎഫ്ഒഎസ് പരീക്ഷകളുടെ തയ്യാറെടുപ്പ് സംബന്ധിച്ച് സംസാരിക്കുന്നു. താല്പര്യമുള്ളവര് നേരത്തെതന്നെ ലക്ഷ്യം മുന്നില്‍ കണ്ട് പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിക്കുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്താണെന്ന് വിശദീകരിക്കാമോ? ഐഎഫ്ഒഎസ് യോഗ്യത നേടാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ഏതു പരീക്ഷയാണ് എഴുതേണ്ടത്? പരീക്ഷകള്‍ക്ക് പല ഘട്ടങ്ങളുമുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഇന്ത്യയിലെ മൂന്ന് ഓള് ഇന്ത്യ സര്‍വീസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ മൂന്നു കേഡര്‍ സര്‍വീസുകള്‍ ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവയാണ്. കേഡര്‍ സര്‍വീസ് എന്നു പറഞ്ഞാല്‍ ഒരു സംസ്ഥാനത്തു മാത്രമായി ലൊക്കേറ്റ് ചെയ്യുകയും റിട്ടയര്‍മെന്റ് വരെ ആ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യുന്നതിനെയാണ്. ഇത് ഓള് ഇന്ത്യ സര്‍വീസാണ്. കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്നു, എന്നാല്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ലൊക്കേറ്റ് ചെയ്യാനുള്ള സാധ്യത ഇതിനുണ്ട്. പൊതുവേ ഒരു ഹയര്‍ പ്രസ്റ്റീജും ഓട്ടോണമിയുമുള്ള സര്വീസുകളായിട്ടാണ് കേഡര്‍ സര്‍വീസുകളെ കാണുന്നത്. ഐഎഫ്എസ് എന്നു പറയുമ്പോള്‍ ഫോറസ്റ്റ് സര്‍വീസ് വരാറുണ്ട്. ഫോറിന് സര്‍വീസുമുണ്ട്. ഐഎഫ്എസ് ഒരു കേഡര്‍ സര്‍വീസല്ല. സെന്‍ട്രല്‍ സര്‍വീസാണ്. കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള സര്‍വീസാണത്. ഇതില്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണമോ ലൊക്കേഷനോ വരുന്നില്ല.
ഫോറസ്റ്റ് സര്‍വീസ് എഴുതാനുള്ള യോഗ്യത എന്നത് പൊതുവേ സിവില്‍ സര്‍വീസ് എഴുതാനുള്ള യോഗ്യത തന്നെയാണ്. 21 വയസു പൂര്‍ത്തിയാവുകയും ഗ്രാജ്വേഷന് നേടുകയും വേണം. സിവില്‍ സര്‍വീസുകള്‍ക്ക് ഏതെങ്കിലും ബാചലര്‍ ബിരുദം മതി; ഫോറസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്സി അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബാചലര്‍ ബിരുദം ആവശ്യമാണ്. മൃഗസംരക്ഷണം-വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, സുവോളജി, കൃഷി, ഫോറസ്ട്രി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. മെഡിക്കല്‍ ഡിഗ്രി ഒന്നും ഇതിന്റെ ഭാഗമായിട്ട് അംഗീകരിക്കുന്നില്ല. ഫോറസ്റ്റ് സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷകള്‍ മറ്റു സിവില്‍ സര്വീസുകളുടേതുതന്നെയാണ്. പ്രിലിമിനറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങണം. ഐഎഎസ്, ഐപിഎസ് പരീക്ഷകളില്‍ 100 മാര്‍ക്കാണ് കട്ട് ഓഫ് എങ്കില്‍, ഫോറസ്റ്റ് പരീക്ഷയില്‍ 115 അല്ലെങ്കില്‍ 120 മാര്‍ക്കാണ് കട്ട് ഓഫ് വരുന്നത്. പിന്നെയുള്ളത് ഒരു സ്പെഷല്‍ എക്സാമാണ്. പിന്നെയാണ് അഭിമുഖം. സാധാരണ യുപിഎസ് സി ഇന്റര്‍വ്യുവില്‍ 275 മാര്‍ക്കിന് വാലുവേറ്റു ചെയ്യുമ്പോള്‍, ഫോറസ്റ്റ് സര്‍വീസിന്റെ ഇന്റര്‍വ്യു 300 മാര്‍ക്കിലാണ്. മാത്രമല്ല ഫോറസ്റ്റ് സര്‍വീസ് പരീക്ഷ എഴുതുമ്പോള്‍ നമ്മള് സയന്‍സ് വിഷയങ്ങള്‍ എടുക്കേണ്ടതായിട്ടുണ്ട്. ഞാന്‍ എടുത്തത് ജിയോളജിയും ഫോറസ്ട്രിയുമാണ്.
പരീക്ഷയ്ക്ക് ജനറല്‍ വിഭാഗത്തിന് ലഭ്യമായ ശ്രമങ്ങളുടെ എണ്ണം എത്രയാണ്? ആനന്ദ് എത്രാമത്തെ ശ്രമത്തിലാണ് പാസായത്?
ഇന്ത്യയിലെ കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ പരീക്ഷകളെയും പോലുള്ള നിയമങ്ങളാണ് നമ്പര്‍ ഓഫ് ചാന്‍സ്. ജനറല്‍ കാറ്റഗറിക്ക് മൊത്തം ആറു ചാന്‍സാണ് ഉണ്ടാവുക. ഞാന്‍ ഒബിസി വിഭാഗത്തില്പ്പെട്ടതുകൊണ്ട് ഒന്‍പതു ചാന്‍സ് ഉണ്ടായിരുന്നു. എന്റെ ഏഴാമത്തെ ചാന്‍സിലാണ് പാസായത്. മൊത്തം എട്ട് അറ്റംപ്റ്റായി എന്നു പറയാം.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്), ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്ഒഎസ്) എന്നിവയ്ക്കായുള്ള പഠനവും പരിശീലനവും വളരെയധികം വ്യത്യസ്തമാണോ?
പ്രിപ്പറേഷനുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. പ്രിലിമിനറി പരീക്ഷ കോമണാണ്. ബാക്കി പരീക്ഷകളും ഫോറസ്റ്റു സര്‍വീസുകളും തമ്മില്‍ വ്യത്യാസമുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്കുശേഷം നാലു ജനറല്‍ സ്റ്റഡീസ് പേപ്പേഴ്സ് അങ്ങനെ വ്യത്യസ്തമായ പരീക്ഷ ഘടനയാണ്. അതുപോലെ ഫോസറ്റ് സര്‍വീസ് പരീക്ഷ ഒരു ടെക്നിക്കല്‍ പരീക്ഷയാണ്. രണ്ട് വീതം ഓപ്ഷണല്‍ പേപ്പേഴ്സ് തരുന്നു. അത് അതുപോലെ തന്നെ ചോദിക്കുന്നു. പിന്നെ ജനറല്‍ നോളജ് ചോദ്യങ്ങള്‍, ഇംഗ്ലീഷ് ജനറല്‍ ഗ്രാമര്‍, ലെറ്റര്‍ മേക്കിംഗ്, റിപ്പോര്‍ട്ട് മേക്കിംഗ് ഇത്രയുമാണ് പ്രധാനപ്പെട്ട പരീക്ഷകള്‍. ആറ് പേപ്പറുകളാണ് പ്രധാനമായും ഫോറസ്റ്റ് സര്‍വീസ് മെയിന്‍സില്‍ ഉള്ളത്. മറ്റു പരീക്ഷയില്‍ ഒന്‍പത് പേപ്പേഴ്സ് എഴുതേണ്ടതുണ്ട്.
മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ഐഎഫ്ഒഎസില് ഒഴിവുകള്‍ കുറവാണെന്നു പറയുന്നത് ശരിയാണോ?
പൊതുവേ ഒഴിവുകള്‍ കുറവുള്ള ഒരു സര്‍വീസാണ് ഇന്ത്യന്‍ ഫോസറ്റ് സര്‍വീസ്. പക്ഷേ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 23 സര്‍വീസുകള്‍ ചേര്‍ന്നാണ് ഏകദേശം ആയിരം വേക്കന്‍സികള്‍ ഉണ്ടാകുന്നത്. ഈ വര്‍ഷം 1,200 എന്ന വലിയ വേക്കന്‍സി ഉണ്ടായിരുന്നു. പക്ഷേ ഫോറസ്റ്റ് സര്‍വീസ് എന്ന ഒറ്റ സര്‍വീസിനുവേണ്ടി 150 വേക്കന്‍സിയാണ് ഈ വര്‍ഷം ഉണ്ടായിരുന്നത്. അത്യാവശ്യം മോശമല്ലാത്ത വേക്കന്‍സീസ് ഉണ്ട് എന്നു പറയാം.
ഐഎഫ്ഒഎസ് പരീക്ഷയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവുണ്ടോ?
സ്ത്രീകള്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പരീക്ഷകളെയുംപോലെതന്നെ ഈ പരീക്ഷയിലും ഇളവുണ്ട്.
കേരളത്തില്‍ പരീക്ഷാ ഒരുക്കങ്ങള്‍ക്കായി മികച്ച പരിശീലന കേന്ദ്രങ്ങളുണ്ടോ? ആനന്ദ് എവിടെയാണ് പരിശീലനം നേടിയത്? പഠനരീതികള്‍ എങ്ങനെയായിരുന്നു?
മൊത്തത്തില്‍ ഫോറസ്റ്റ് സര്‍വീസിന്റെ പരീക്ഷാ പരിശീലന ഇടങ്ങള്‍ വളരെ കുറവാണ്. ഞാന്‍ പ്രധാനമായും സെല്‍ഫ് പ്രിപ്പറേഷന്‍ തന്നെയായിരുന്നു. ഇന്‍ സൈന്‍സ് ഓഫ് ഇന്ത്യ എന്ന വെബ്സൈറ്റില്‍ ഒരു ഓണ്‍ലൈന്‍ അക്കാദമി നല്കിയ ക്ലാസുകള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ ഹോണ്‍ബില്‍ എന്ന അക്കാദമിയുടെ നോട്ടുകള്‍ വരുത്തി പഠിക്കാന്‍ ശ്രമിച്ചു. ഞാന്‍ ജോലി ചെയ്തിരുന്നത് തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയിലാണ്. അവിടത്തെ അധ്യാപകരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ അക്കാദമിയില്‍ ഫോറസ്റ്റ് സര്‍വീസിനുവേണ്ടി ഒരു നിര്‍ദ്ദിഷ്ട പ്രോഗ്രാം ഈ വര്‍ഷം മുതല്‍ സ്റ്റാര്‍ട്ടു ചെയ്യുന്നുണ്ട്.
ആനന്ദിന് ഐഎഫ്ഒഎസ് പ്രചോദനം എവിടെ നിന്നാണ് ലഭിച്ചത്? ആരൊക്കെ പ്രോത്സാഹിപ്പിച്ചു? മാതൃകകള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
ഫോസറ്റ് സര്‍വീസിനു വ്യക്തിപരമായ മാതൃകകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന സര്‍വീസ് ആയിരുന്നില്ല ഇത്. 2018ല്‍ ഫോറസ്റ്റ് സര്‍വീസില്‍ ആദ്യമായി അറ്റംപ്റ്റ് ചെയ്തപ്പോഴാണ് പരീക്ഷയെപ്പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചത്. പിന്നീട് ഈ വര്‍ഷം (2022) പ്രിലിമിനറി ജയിച്ചപ്പോഴാണ് 2023-ലെ ഇന്റര്‍വ്യു വരെ എത്താന്‍ സാധിച്ചത്. പൊതുവായ വായനയും ചില വീഡിയോസുമൊക്കെ കണ്ടപ്പോഴാണ് ഈ സേവനത്തെകുറിച്ചും പരീക്ഷയുടെ പ്രാധാന്യത്തെപ്പറ്റിയും എനിക്ക് ധാരണ ലഭിച്ചത്. ഫോറസ്റ്റുമായി ബന്ധപ്പെട്ട വൈല്‍ഡ്ലൈഫ് അറ്റ് ഫിഫ്റ്റി എന്ന മനോജ് കുമാര്‍ മിശ്ര എഴുതിയ ഒരു പുസ്തകം കിട്ടിയിരുന്നു. ആ പുസ്തകം വായിച്ചപ്പോള്‍ ഒരുപാട് സന്തോഷവും സര്‍വീസിനെപ്പറ്റി കൂടുതല്‍ അറിയാനും സാധിച്ചു.
പ്രബേഷണറി ഐഎഫ്ഒഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന പരിശീലനങ്ങള്‍ എന്തൊക്കെയാണ്?
ആദ്യത്തെ മൂന്നുമാസം ഉത്തരാഖണ്ഡിലെ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഒരു ജനറല്‍ ട്രെയിനിങ് ഉണ്ട്. അതിനെ ഫൗണ്ടേഷന് കോഴ്സ് അഥവ എഫ്സി എന്നാണ് വിളിക്കുക. അത് വളരെ പൊതുവായിട്ടുള്ള ടോപ്പിക്കുകളാണ്. അതിനുശേഷം ഒരു വര്‍ഷം നീളുന്ന പ്രഫഷണല്‍ ട്രെയിനിങ്. വനം, വന്യജീവി പരിപാലനം, ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, വനനയങ്ങളും നിയമങ്ങളും, റിമോട്ട് സെന്‍സിംഗ്, ജിഐഎസ് എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ കൂടുതല്‍ തീവ്രമായ പരിശീലനത്തിനായി ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയിലേക്കു പോകും.
ആയുധം കൈകാര്യം ചെയ്യല്‍, കുതിര സവാരി, മോട്ടോര്‍ വാഹന പരിശീലനം, നീന്തല്‍, വനം, വന്യജീവി കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍ എന്നിവയിലും പരിശീലനം നല്‍കും. ഇന്ത്യന്‍ മിലിറ്ററി അക്കാദമി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഈ ഘട്ടത്തില്‍ അറ്റാച്ച് ചെയ്യും. ഇന്ത്യയില്‍ വിപുലമായ പര്യടനങ്ങളും വിദേശ പര്യടനങ്ങളും നടത്തുന്നു.
പരിശീലനത്തിനു ശേഷമുള്ള ആദ്യ പോസ്റ്റിംഗ് എവിടെയായിരിക്കും? തുടര്‍ന്നുള്ള പ്രമോഷനുകള്‍?
പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ അവരെ നിയോഗിച്ചിട്ടുള്ള സംസ്ഥാനത്തുതന്നെ ഒരു വര്‍ഷത്തെ തൊഴില്‍ ഫീല്‍ഡ് പരിശീലനത്തിലൂടെ കടന്നുപോകുന്നു. നിലവില്‍ നമുക്ക് കിട്ടുന്ന സ്റ്റേറ്റ് ഏതാണ് എന്നത് അറിയാന്‍ സാധിക്കില്ല. പ്ലസ് വണ്ണിലെ ഏകജാലകത്തിനു തുല്യമായിട്ടുള്ളൊരു സിസ്റ്റം ഇവിടെ ഒരുക്കിയിട്ടുണ്ട്. നമ്മുടെ പ്രയോററ്റീസ് എഴുതി നല്‍കാം. നമ്മളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരുടെ പ്രയോറിറ്റീസിനായിരിക്കും ഗവണ്മെന്റ് മുന്‍ഗണന കൊടുക്കുക. ഞാന്‍ 150 പേരുള്ള ലിസ്റ്റില്‍ 117-ാമത്തെയാളാണ്. എനിക്ക് ആദ്യത്തെ പ്രയോറിറ്റി കിട്ടാന്‍ ചാന്‍സ് കുറവാണ്. ഞാന്‍ എന്റെ പ്രയോറിറ്റി ലിസ്റ്റു കൊടുത്തിട്ടുണ്ട്. അതില്‍ ഏതു സംസ്ഥാനത്താണ് എനിക്കു കിട്ടുക എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.
പൊതുവേ ട്രെയിനിങ്ങിനു ശേഷമുള്ള പോസ്റ്റിങ് എന്നു പറയുന്നത് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്/ അസിസ്റ്റന്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അല്ലെങ്കില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ തുടങ്ങിയ ട്രെയിനിങ് തസ്തികകളാണ്. ഏറ്റവും ഫോര്‍മല്‍ ആയിട്ടുള്ളത് ഡിഎഫ്ഒ ആണ്. അതിനുശേഷം കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ,് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, പിന്നെ അഡീഷണല്‍ പ്രിന്‍സിപ്പിള്‍ ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. അങ്ങനെ പല തസ്തികകളിലേക്കാണ് ഉയര്‍ന്നുപോകുന്നത്. ഇതു കൂടാതെ ഗവണ്മെന്റിന്റെ മറ്റു മേഖലയിലും സര്‍വീസ് ചെയ്യാം. ചില സാഹചര്യത്തില്‍ അന്താരാഷ്ട്ര സംഘടനകളിലും നയതന്ത്ര സംഘടനകളിലുമൊക്കെ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥരുടെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുണ്ട്.
ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ് – അതായത് തൊഴില്‍ മേഖലകള്‍?
ഇന്ന് ഐഎഫ്ഒഎസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി 1988-ലെ വനനിയമം നടപ്പിലാക്കുക എന്നതാണ് ജോലി. ഇന്ത്യയിലെ 24 ശതമാനത്തിലേറെയുള്ള വനമേഖലയെ സംരക്ഷിക്കുക, ഭരണപരമായ ചുമതലകള്‍ നടപ്പിലാക്കുക എന്നതാണ് പ്രധാനം. വനമേഖലയെ ഇന്നത്തെയും നാളത്തെയും സമൂഹത്തിനുവേണ്ടി സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതു വളരെ പ്രധാനമാണ്. രണ്ടാമത്തേത്, കാടിനോടു ചേര്‍ന്നു ജീവിക്കുന്ന ജനവിഭാഗങ്ങള്‍, പ്രധാനമായും ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. മൂന്ന്, ഇന്നത്തെക്കാലത്ത് ആഗോളതാപനം, കാലാവസ്ഥാ വ്യതിനായനങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാനും അതിനുവേണ്ടി കൃത്യമായ ഇടപെടലുകള്‍ നടത്താനും സാധിക്കും.
ഐഎഫ്ഒഎസ് അധികാരശ്രേണിയില്‍ വിവിധ ഘട്ടങ്ങള്‍ ഉള്പ്പെടുന്നുണ്ടെന്നറിയുന്നു. പോസ്റ്റുകള്‍ ഏതൊക്കെയാണ്?
നേരത്തെ പറഞ്ഞതുപോലെ ആദ്യത്തെ പോസ്റ്റിങായ ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക്കു തുല്യമായ പദവിയാണ്. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. പിന്നെ, സിസിഎഫ് എന്നുവിളിക്കുന്ന ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. തുടര്‍ന്ന് അഡീഷന്‍ എപിസിസിഎഫ്, പിസിസിഎഫ് എന്നത്. ഒരു സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥപദവിയാണ് ഹെഡ് ഓഫ് ദി ഫോസറ്റ് സര്‍വീസസ് എന്നത്. സംസ്ഥാന പൊലീസിലെ ഡിജിപിക്കു തുല്യമായ പദവിയാണിത്.
വലിയതുറ ഒരു മത്സ്യഗ്രാമമാണ്. അവിടെ നിന്ന് കാടിനുള്ളിലേക്കാണ് ആനന്ദ് പോകുന്നത്. എന്തു തോന്നുന്നു?
കാടിനോട് വലിയ സ്നേഹവും താല്പര്യവും പണ്ടേ തോന്നിയിരുന്നു. വനവും കടലുമെല്ലാം പ്രകൃതിയുടെ ഭാഗമാണല്ലോ. പ്രകൃതിയുമായി വളരെ അടുത്ത് ഇടപെടാനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളെ കാണാനും അതില്‍ മനുഷ്യന്റെ പ്രാധാന്യം മനസിലാക്കാനും പ്രകൃതിയിലുണ്ടാവുന്ന പ്രശ്നങ്ങളെ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്. വനത്തിലേക്ക് ലിമിറ്റഡായിട്ടുള്ള ചില യാത്രകള്‍ നടത്തുവാനും സാധിച്ചു. കുറച്ച് എക്സ്പീരിയന്‍സേ ഇക്കാര്യത്തില്‍ ഉള്ളൂ എന്നു പറയുവാന്‍ എനിക്ക് യാതൊരു മടിയുമില്ല. മറ്റുള്ളവര്‍ കരുതുന്നതിനു വിപരീതമായി ഫോറസ്റ്റ് സര്‍വീസ് എന്നു പറഞ്ഞാല്‍ മരങ്ങള്‍ തിങ്ങി നില്ക്കുന്ന മേഖലകള്‍ മാത്രമല്ല. സമുദ്രവുമായി ബന്ധപ്പെട്ട ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതും ഫോറസ്റ്റ് ഓഫീസറുടെ ചുമതലാണ്.
ഇടത്തരം കുടുംബത്തില്‍ നിന്നാണല്ലോ ആനന്ദ് ഈ പടവുകള്‍ കയറിയത്? സാമ്പത്തിക പ്രശ്നങ്ങള്‍ പഠനത്തെ ബാധിച്ചിരുന്നോ?
വീട്ടില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു. ഞാന്‍ ഹൈസ്ക്കൂല്ലൊക്കെ ആകുന്നതു വരെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അച്ഛന് പെയിന്റിംഗ് ജോലിയായിരുന്നു. അമ്മ ചെറിയ പണികളൊക്കെ ചെയ്തുവന്നു. അച്ഛന് വിദേശത്തൊക്കെ പോയി ജോലി ചെയ്തിട്ടും കാര്യമായ മെച്ചമുണ്ടായില്ല. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ അമ്മ ഇസാഫ് എന്ന ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലിക്കു ചേരുന്നത്. അതോടെ അല്പം ആശ്വാസം കിട്ടി. പിന്നെ സിവില്‍ സര്‍വീസ് പ്രിപ്പറേഷന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ജോലിക്കു പോയിത്തുടങ്ങി. അതോടെയാണ് സാമ്പത്തിക അടിത്തറ കുറച്ചു മെച്ചപ്പെട്ടത്. ചാലഞ്ചിംഗ് ആയ ഇതു പോലുള്ള പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നു.
ഐഎഫ്ഒഎസില് ചേരാനാഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും ഉപദേശങ്ങള്‍ നല്കാനുണ്ടോ?
ഐഎഫ്ഒഎസില് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ചില കരിയര്‍ ഡിസിഷന്‍സ് എടുക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന്, പ്ലസ്ടുവില്‍ സയന്‍സ് വിഷയമാണ് അവര്‍ എടുക്കേണ്ടത്. സയന്‍സ് വിഷയത്തിലെ ഗ്രാജുവേഷന് വളരെ പ്രാധാന്യമുള്ളതാണ്. മെഡിക്കല്‍ ഡിഗ്രികള്‍ നിലവില്‍ സ്വീകാര്യമല്ല. സിവില്‍ സര്‍വീസിനുവേണ്ടി പരിശീലനം നേടണം. പ്രിലിമിനറി പരീക്ഷ പാസാകുക എന്നതാണ് ഫോറസ്റ്റ് സര്‍വീസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കടമ്പ. അതിനുശേഷം റിലേറ്റീവ്ലി ടെക്നിക്കലാണ്. സമയവും താല്പര്യവും ഉണ്ടെങ്കില്‍ അത്യാവശ്യം നന്നായി തന്നെ പ്രിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
ആനന്ദ് ജസ്റ്റിന്റെ വീട്ടില്‍ അമ്മ, അച്ഛന്, സഹോദരി, അമ്മാമ്മ (അമ്മയുടെ അമ്മ) എന്നിവരുണ്ട്. അച്ഛന് ജസ്റ്റിന് ബഞ്ചമിന് വാള്പയിന്റര് ആണ്. അമ്മ മോളി ജസ്റ്റിന്. ഇസാഫ് എന്ന ബാങ്കിംഗ് സ്ഥാപനത്തില്‍ സ്മോള്‍ ഫിനാന്‍സില്‍ ഫീല്‍ഡ് വര്‍ക്കര്‍ ആയിരുന്നു. അമ്മാമ്മ സ്റ്റെല്ല ജയിംസ്. അമ്മാമ്മ മത്സ്യത്തൊഴിലാളിയാണ്. കണവ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ വാങ്ങി കമ്പനികള്‍ക്കു കൊടുക്കുന്ന ജോലിയാണ്. കുടുംബത്തില്‍ കുറെപ്പേര് മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അപ്പാപ്പന് ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അനുജത്തി ആര്യ ജസ്റ്റിന് സ്പെഷല്‍ ചൈല്‍ഡ് ആണ്. തിരുവനന്തപുരത്ത് കല്യാണ്‍ ട്രിനിറ്റി എന്ന സ്പെഷല്‍ സ്കൂളില്‍ സ്പെഷല്‍ വിങ്ങില്‍ പ്ലസ്ടുവിന് പഠിക്കുന്നു.