ബിജെപി പക്ഷത്ത് എത്തിയതോടെ ഇത്തരം നേതാക്കളുടെ കേസുകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രതീകാത്മകമായി പ്രദര്‍ശിപ്പിച്ച മോദിയുടെ വാഷിങ്മെഷീനില്‍ ഒറ്റയടിക്ക് അലക്കിവെളുപ്പിച്ചു കൊടുക്കപ്പെടും!
മറാത്താ മണ്ണിലെ രണ്ടു പ്രബല കക്ഷികളെ, ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ് പവാറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും, ഒരു വര്‍ഷത്തെ ഇടവേളയില്‍ നെടുകെ പിളര്‍ത്തിയത് വലിയ രാഷ്ട്രീയ നേട്ടമായി കൊണ്ടാടുകയാണ് ബിജെപിയുടെ ‘ഓപറേഷന് താമര’ അട്ടിമറി തന്ത്രജ്ഞര്‍. ദേശീയതലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങിയ എന്‍സിപി നേതാവ് ശരദ് പവാറിന് സ്വന്തം തട്ടകത്തില്‍ തന്റെ പാര്‍ട്ടിയെ പോലും രക്ഷിക്കാനാകാത്ത ഗതികേടാണെന്ന് അവര്‍ക്കു പരിഹസിക്കാം.
മഹാരാഷ്ട്രയില്‍ ബിജെപിയുമായി കാല്‍നൂറ്റാണ്ടിലേറെ നിലനിന്ന ‘ഹിന്ദുത്വ രാഷ്ട്രീയ’ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടുന്ന മഹാവികാസ് ആഘാഡി കൂട്ടുകക്ഷി ഭരണത്തിനു നേതൃത്വം വഹിച്ച ശിവസേനാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ താഴെയിറക്കാന്‍ ശിവസേനാ മന്ത്രിയായിരുന്ന ഏകനാഥ് ഷിന്ദേയെയും 11 വിമത എംഎല്‍എമാരെയും ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലും അസമിലെ ഗുവാഹാട്ടിയിലും ഗോവയിലും 10 ദിവസം ആഡംബര ഹോട്ടലുകളില്‍ താമസിപ്പിച്ച് കൂറുമാറ്റത്തിന്റെ കരുക്കള്‍ തന്ത്രപൂര്‍വം നീക്കി അത്യന്തം നാടകീയമായാണ് 2022 ജൂണില്‍ ഷിന്ദേയെ മുഖ്യമന്ത്രിയായി അവരോധിച്ച് ബിജെപി ഭരണം തിരിച്ചുപിടിച്ചത്. ഇതിന് ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്ണവീസിന് ഷിന്ദേയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയാകേണ്ടിയും വന്നു. ശിവസേനയെ പിളര്‍ത്തിയുള്ള ആ ഭരണമാറ്റത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എന്‍സിപിയുടെ അജിത് പവാര്‍ രായ്ക്കുരാമാനം പാര്‍ട്ടിയിലെ എട്ട് എംഎല്‍എമാരെയും കൂടെകൂട്ടി ഷിന്ദേ-ഫട്ണവീസ് മന്ത്രിസഭയില്‍ രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത് തന്റെ വന്ദ്യവയോധികനായ ഇളയച്ഛന് ശരദ് പവാറിനോട് കൊടിയ വിശ്വാസവഞ്ചന കാട്ടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ച മുന്‍പ് ഭോപാലില്‍ ബിജെപി വിരുദ്ധരായ പ്രതിപക്ഷ പാര്‍ട്ടികളെ കുടുംബാധിപത്യത്തിന്റെയും അഴിമതിയുടെയും പേരില്‍ അടച്ചാക്ഷേപിച്ച കൂട്ടത്തില്‍, എന്‍സിപി 70,000 കോടി രൂപയുടെ കുംഭകോണം (‘ഘോട്ടാലാ’) നടത്തിയതിന്റെ വിശദമായ കണക്ക് അവതരിപ്പിക്കുകയുണ്ടായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, ആദായനികുതി വകുപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസ് വിഭാഗം, അഴിമതിവിരുദ്ധ ബ്യൂറോ തുടങ്ങി വിവിധ ഏജന്‍സികള്‍ പലവട്ടം റെയ്ഡ് നടത്തുകയും അന്വേഷണം തുടരുകയും ചെയ്തുവന്ന ചില കേസുകളില്‍പെട്ട പ്രമുഖ എന്‍സിപി നേതാക്കള്‍ ബിജെപി പക്ഷത്തേക്കു കൂറുമാറിയിട്ടുണ്ട്.
എന്‍സിപിയിലെ പിളര്‍പ്പില്‍ ഇഡി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ശിവസേന താക്കറെ വിഭാഗത്തിലെ സഞ്ജയ് റാവുത്ത് പറയുന്നത് തമാശയായല്ല.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തതിനു പിന്നാലെ 2021 നവംബറില്‍ ആദായനികുതി വകുപ്പ് അജിത് പവാറിന്റെയും ഭാര്യ സുനേത്രയുടെയും കുടുംബത്തിന്റെയും 1,400 കോടി രൂപയുടെ സ്വത്തും പഞ്ചസാര മില്ലും വസ്തുവകകളും കണ്ടുകെട്ടിയിരുന്നു. കേസിന്റെ കുറ്റപത്രം വന്നപ്പോള്‍ ഇരുവരുടെയും പേര് എങ്ങനെയോ ഒഴിവാക്കപ്പെട്ടു. വിദര്ഭ് ജലസേചന വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. രാജ്യത്തെ ബീഡി രാജാവ് എന്ന് അറിയപ്പെടുന്ന പുകയില വ്യവസായി കൂടിയായ പ്രഫുല്‍ പട്ടേലിന്റെ വക മുംബൈ വര്‍ളിയിലെ സീജെ ഹൗസ് എന്ന മിലെനിയം ഡവലപ്പേഴ്സ് ഭവനസമുച്ചയത്തിലെ നാലു നിലകള്‍ ഇഡി കണ്ടുകെട്ടിയത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ കള്ളപ്പണകേസുകളുമായി ബന്ധപ്പെട്ടാണ്. മിര്‍ച്ചി കുടുംബത്തിന്റെ വക രണ്ടു നിലകള്‍ നേരത്തെ അറ്റാച്ച് ചെയ്തിരുന്നു. കേന്ദ്രത്തിലെ യുപിഎ മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ കാലത്ത് 68 ബോയിങ് വിമാനങ്ങള്‍ വാങ്ങിയതും ചില വിദേശ എയര്‍ലൈന്‍സിന് കൂടുതല്‍ ലാഭകരമായ റൂട്ട് അനുവദിച്ചതും സംബന്ധിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുകയുണ്ടായി.
ബാരാമതിയിലെ പവാര്‍ തറവാട്ടില്‍ നിന്നുള്ള അനന്തരാവകാശി എന്ന നിലയില്‍ എന്‍സിപി അധ്യക്ഷ പദവി പ്രതീക്ഷിച്ചിരുന്ന അജിത് പവാറിനെ തഴഞ്ഞുകൊണ്ട് ശരദ് പവാര്‍ തന്റെ പുത്രി സുപ്രിയ സുളെയ്ക്കൊപ്പം പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി അടുത്തിടെ നിയമിച്ച പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനെതിരെയുള്ള പടപുറപ്പാടില്‍ വഹിച്ച പങ്ക് എത്ര വലുതാണെന്ന് കേന്ദ്രത്തില്‍ മോദി മന്ത്രിസഭാ വികസനത്തില്‍ അദ്ദേഹത്തിനായി നീക്കിവയ്ക്കുന്ന വകുപ്പിന്റെ മഹിമ വിളിച്ചോതിയേക്കും.
അജിത് പവാറിനൊപ്പം ഷിന്ദേ മന്ത്രിസഭയില്‍ അംഗമായ ഛഗന്‍ ഭുജ്ബലിനെ 2015-ല്‍ ഇഡി അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന് നിര്‍മാണത്തിലെ അഴിമതിയും മുംബൈയിലെ മലബാര്‍ ഹില്ലിലും അന്ധേരിയിലും ഭൂമി അനധികൃതമായി അലോട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസുകളും ഭുജ്ബലിന്റെ പേരിലുണ്ടായിരുന്നു. കോല്ഹാപുറിലെ ഒരു പഞ്ചസാര മില്ലിന്റെ ഓഹരികള്‍ വിറ്റതു സംബന്ധിച്ച അഴിമതിക്കേസില്‍ ഹസന് മുശ്റിഫ് പ്രതിയാണ്. ദിലീപ് വല്‍സെ പാട്ടീലിന്റെ വസതിയില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. മഹാരാഷ്ട്ര മന്ത്രിസഭയിലെ ഏക പുതുമുഖ വനിത അദിതി തട്കരെയുടെ പിതാവും എന്‍സിപി എംപിയുമായ സുനില്‍ തട്കരെയ്ക്കെതിരെ കൊണ്ടാണെ അണക്കെട്ടുമായി ബന്ധപ്പെട്ട ജലസേചന പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. മറ്റൊരു എന്‍സിപി മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ലൈംഗിക അതിക്രമകേസ് നിലവിലുണ്ട്.
ബിജെപി പക്ഷത്ത് എത്തിയതോടെ ഇത്തരം നേതാക്കളുടെ കേസുകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രതീകാത്മകമായി പ്രദര്‍ശിപ്പിച്ച മോദിയുടെ വാഷിങ്മെഷീനില്‍ ഒറ്റയടിക്ക് അലക്കിവെളുപ്പിച്ചുകൊടുക്കപ്പെടും!
ഇനി മേഹുല്‍ ചോക്സിയും നീരവ് മോദിയും വിജയ് മല്യയും മാത്രമേ ബിജെപിയില്‍ ചേരാന്‍ ബാക്കിയുള്ളൂ എന്ന് താക്കറെ ശിവസേനയുടെ മുഖപത്രം സാമനയുടെ കൊള്ളിവാക്ക്. ”ഇവരില്‍ ഒരാളെ പാര്‍ട്ടിയുടെ ദേശീയ ഖജാന്‍ജിയും മറ്റൊരാളെ നിതി ആയോഗും മൂന്നാമനെ റിസര്‍വ് ബാങ്ക് ഗവര്ണറുമാക്കും!”
ശിവസേന ഷിന്ദെ പക്ഷത്തെ 40 വിമത എംഎല്‍എമാരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി വീണ്ടും ഭരണത്തിലേറുകയും ശിവസേന പാര്‍ട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും ഷിന്ദെയുടെ ബാലാസാഹേബഞ്ചി ശിവസേനയ്ക്ക് ഇലക്ഷന് കമ്മിഷന് പിന്നീട് പതിച്ചുനല്‍കുകയും ചെയ്തത് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായെങ്കിലും, കഴിഞ്ഞ മേയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2022 ജൂണിലെ ഭരണമാറ്റം സംബന്ധിച്ച് നടത്തിയ വിധിതീര്‍പ്പ് ഉദ്ധവ് താക്കറെയ്ക്ക് ധാര്‍മിക വിജയം സമ്മാനിക്കുന്നതായിരുന്നു. താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നു സംശയിക്കാന്‍ വസ്തുനിഷ്ഠമായ കാരണമൊന്നുമില്ലാതെ ബാഹ്യഘടകങ്ങള്‍ വച്ചാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സഭയില്‍ വിശ്വാസവോട്ടെടുപ്പിനു ക്ഷണിച്ചതെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഷിന്ദെയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതും വിപ്പിനെ നിയമിച്ചതും നിയമവിരുദ്ധമായാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമാണ്, നിയമസഭാകക്ഷിയുടേതല്ല ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നില്‍ക്കാതെ താക്കറെ സ്വയംരാജിവച്ചതിനാല് ആ സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കാന്‍ കോടതിക്കു കഴിയുകയില്ല. അതേസമയം, കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം മുഖ്യമന്ത്രി ഷിന്ദെ ഉള്‍പ്പെടെ 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന താക്കറെയുടെ ആവശ്യത്തിന്മേല് നിയമസഭാ സ്പീക്കര്‍ നിശ്ചിതസമയത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അടുത്തമാസമെങ്കിലും ഇതു സംബന്ധിച്ച് സ്പീക്കര്‍ രാഹുല്‍ നാര്‍വേകര്‍ ഉത്തരവിറക്കിയില്ലെങ്കില്‍ വീണ്ടും സുപ്രീം കോടതി ഇടപെടേണ്ടിവരും. ഷിന്ദെയെയും കൂട്ടരെയും അയോഗ്യരായി പ്രഖ്യാപിച്ചാലും ഭരണകക്ഷിക്ക് മതിയായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ എന്‍സിപിയുടെ സാന്നിധ്യം സഹായകമാകും എന്നാണ് കണക്കുകൂട്ടല്‍. ഷിന്ദെയെ തഴഞ്ഞ് ബിജെപി അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനിടയുണ്ട് എന്ന ആഖ്യാനം ഇതിനിടെ കൂടുതല്‍ അസ്വാരസ്യങ്ങള്‍ക്കും അമര്‍ഷത്തിനും ഇടവരുത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പില്‍ 288 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 105 സീറ്റു നേടിയ ബിജെപിയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ശിവസേന തെറ്റിപ്പിരിഞ്ഞപ്പോള്‍, അജിത് പവാര്‍ ഏകപക്ഷീയമായി ഫട്ണവീസിനു പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ്. 80 മണിക്കൂര്‍ മാത്രമേ ഫട്ണവീസ്-അജിത് പവാര്‍ സഖ്യകക്ഷി ഭരണത്തിന് ആയുസുണ്ടായിരുന്നുള്ളൂ. പിന്നീട് രണ്ടര വര്‍ഷം താക്കറെയുടെ മഹാവികാസ് ആഘാഡി മന്ത്രിസഭയിലും അജിത് ഉപമുഖ്യമന്ത്രിയായി തുടര്‍ന്നു. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 29 പേരെ ബിജെപി പാളയത്തില്‍ അണിനിരത്തിയാണ് ഫട്ണവീസിനൊപ്പം ഇപ്പോള്‍ അജിത് ഉപമുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നത്. പാര്‍ട്ടിയുടെ 36 എംഎല്‍എമാര്‍ കൂടെയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ അജിത് പവാറിനാകും. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് എന്‍സിപിയുടെ ഒന്‍പത് മന്ത്രിമാരെ ബിജെപി വാഴിച്ചതെന്ന് ഷിന്ദെ പക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയും ചിഹ്നവും പിടിച്ചെടുത്തും ശരദ് പവാറിന്റെ ചിത്രം ചില്ലിട്ടുവച്ചും അജിത് പവാറും കൂട്ടരും ഫട്ണവീസിനും മോദിക്കും കീഴ് വഴങ്ങി അധികാരത്തില്‍ കുറച്ചുകാലം കൂടി പങ്കുപറ്റിയാലും കാലവും വോട്ടര്‍മാരും അവര്‍ക്കു മാപ്പുനല്കുകയില്ല. എട്ടുമാസത്തിനപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പും തുടര്‍ന്ന് 2024 ഒക്ടോബറില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ട്. ജനങ്ങളുടെ തിരിച്ചടി പ്രവചനാതീതമായിരിക്കും. ശരദ് പവാറിനെ അത്ര എളുപ്പത്തില്‍ എഴുതിതള്ളാന്‍ ആര്‍ക്കുമാവില്ല. കര്‍ണാടകത്തിലെന്നപോലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കാന്‍ കഴിയുന്ന സാഹചര്യം ഉരുത്തിരിയുകയാണെന്ന് കരുതുന്നവരുണ്ട്. മഹാവികാസ് ആഘാഡി സഖ്യത്തില്‍ ഏറ്റവും വലിയ കക്ഷിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ശരദ് പവാറിന്റെ എന്‍സിപിയുടെ അംഗസംഖ്യ ഇപ്പോള്‍ എത്രയാണെന്ന് നിശ്ചയമില്ല. വിപ്പു നല്‍കിയിട്ടും 17 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചുകൂട്ടിയ യോഗത്തിന് എത്തിയത്. ഉദ്ധവ് താക്കറെയുടെ ശിവസേനാ പക്ഷത്ത് 17 എംഎല്‍എമാരാണ് അവശേഷിക്കുന്നത്. കോണ്‍ഗ്രസിന് നിയമസഭയില്‍ 45 അംഗങ്ങളുണ്ട് – പുനെയിലെ കസ്ബാ പേട്ടില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നു പിടിച്ചെടുത്തതാണ് ഇതില്‍ ഒരു സീറ്റ്. സംസ്ഥാനവ്യാപകമായി വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ഒറ്റവോട്ടുകൊണ്ട് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നാലു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരെയും നാല് ഉപമുഖ്യമന്ത്രിമാരെയും കാണാനായത് ചില രാഷ്ട്രീയ കങ്കാണിമാരുടെ തിണ്ണമിടുക്കുകൊണ്ടാണ്.
ജനാധിപത്യത്തിന്റെ അപചയമാണത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള (48) സംസ്ഥാനം എന്ന നിലയില്‍, രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ സാധ്യത മുന്നില്‍ കണ്ട് മഹാരാഷ്ട്രയിലെ വോട്ടുവിഹിതം കൂട്ടാന്‍ എല്ലാ അടവുനയങ്ങളും ബിജെപി പുറത്തിറക്കും. ബിഹാറിലും രാജസ്ഥാനിലും യുപിയിലുമൊക്കെയായി ഇനിയും കുറെ ‘അലക്കുയന്ത്രങ്ങള്‍’ വിന്യസിക്കപ്പെട്ടേക്കും. 2024-ല്‍ എങ്ങനെയെങ്കിലും ജയിച്ചിട്ടുവേണം മോദിക്ക് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നുവട്ടം തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ തുടര്‍ന്ന പ്രധാനമന്ത്രി എന്ന ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ റക്കോര്‍ഡിന് ഒപ്പമെത്താന്‍. ആ വ്യാമോഹം മഹാരാഷ്ട്രയിലെ നാഗ്പുര്‍ ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സിനെ പോലും പ്രസാദിപ്പിക്കാനിടയില്ല.