ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭ (Constiuent Assembly of India) 1946 ഡിസംബര്‍ 9നാണ് ആദ്യയോഗം ചേരുന്നത്. ആ സമ്മേളനത്തില്‍ ഭാവി ഇന്ത്യയെ കുറിച്ചുള്ള ലക്ഷ്യ പ്രഖ്യാപനരേഖ (Objective Resolution) ജവഹര്‍ലാല്‍ നെഹ്റു അവതരിപ്പിച്ചു. പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ദൈവദാസി മദര്‍ ഏലീശ്വ സ്ഥാപിച്ച സി.ടി.സി സന്ന്യാസ സമൂഹം നടത്തുന്ന ചാത്യാത്ത് എല്‍എംസിസി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനി ദാക്ഷായണി വേലായുധന് സഭയിലെ 1946 ഡിസംബര്‍ 19ന് ആദ്യപ്രസംഗം നടത്തി. ഇന്ത്യയെക്കുറിച്ചും ജനാധിപത്യഭരണക്രമത്തെക്കുറിച്ചും സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ദാക്ഷായണിയുടെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്നതാണ് ആ പ്രസംഗം. 34 വയസ്സായിരുന്നു അന്ന് ദാക്ഷായണിയുടെ പ്രായം. ആഴമായ അറിവും ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും സ്വതന്ത്രഇന്ത്യയെ കുറിച്ച് ആ മഹിത വനിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് അത് വ്യക്തമാക്കുന്നു.
ജൂലൈ നാലിന് ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനം ആഘോഷിച്ച വാര്‍ത്തകള്‍ക്കിടയിലാണ് ഈ കുറിപ്പ്.
ദാക്ഷായണിയുടെ ജീവിതവും സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളും വിശദീകരിക്കുന്ന ഭാഷയിലെ ആദ്യ പുസ്തകമാണ് ‘കാല ശാസനകള്‍ക്കു കീഴടങ്ങാത്ത ദാക്ഷായണി’. ചെറായി രാമദാസ് തയ്യാറാക്കിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
തുടക്കത്തില്‍ സൂചിപ്പിച്ച ദാക്ഷായണിയുടെ പ്രസംഗം പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ഒരു ഭരണഘടന അസംബ്ലി, ഭരണഘടന രൂപപ്പെടുത്തുക മാത്രമല്ല അത് ജനങ്ങള്‍ക്ക് ഒരു പുതിയ ചട്ടക്കൂട് നല്‍കുകയാണ് ചെയ്യുന്നതെന്ന് ഞാന്‍ ബോധിപ്പിക്കുന്നു. ഒരു ഭരണഘടന രൂപപ്പെടുത്തുക എന്നത് എളുപ്പമുള്ള ജോലിയാണ്. കാരണം,? നമുക്ക് അനുകരിക്കാന്‍ ധാരാളം മാതൃകകള്‍ ഉണ്ട്. എന്നാല്‍ ഒരു ജനതയെ പുതിയ അടിത്തറയില്‍ നിര്‍മിക്കുന്നതിന് ആസൂത്രകന്റെ കൃത്യമായ ദര്‍ശനം ആവശ്യമാണ്. സ്വതന്ത്ര പരമാധികാര ഇന്ത്യന്‍ റിപ്പബ്ലിക് ആസൂത്രണം ചെയ്യുന്നത്, ഒരു സ്വതന്ത്ര സമൂഹത്തെയാണ്. നമ്മുടെ പഴയ വ്യവസ്ഥയില്‍, പ്രജാധിപത്യവും ഏകാധിപത്യവും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. അധികാര രാഷ്ട്രീയക്കാര്‍ പ്രജാധിപത്യത്തിന്റെ ആ ചെറിയ ജ്വാല അണച്ചുകളഞ്ഞു. നമ്മുടെ പൂര്‍വികരുടെ ജനാധിപത്യ പ്രതിഭയുടെ ഏറ്റവും മികച്ച പ്രകാശനം ആയിരുന്നു ലിച്ചവി റിപ്പബ്ലിക്. അവിടെ എല്ലാ പൗരന്മാരെയും ‘രാജാ’ എന്നാണ് വിളിച്ചിരുന്നത്. നാളത്തെ ഇന്ത്യന്‍ റിപ്പബ്ലിക്കില്‍, അധികാരം ജനങ്ങളില്‍ നിന്നു തുടങ്ങും.
കൊച്ചിക്കായലിലെ ദ്വീപുകളില്‍ ഒന്നായ മുളവുകാടാണ് ദാക്ഷായണി ജനിച്ചത്. ജീവിതത്തില്‍ ജാതികൊണ്ട് മുറിവേറ്റവളാണ് ദാക്ഷായണി. മാറു മറയ്ക്കാനുള്ള അവകാശവും പൊതു വഴികളിലൂടെയുള്ള സഞ്ചാരവും നിഷേധിക്കപ്പെട്ട സമുദായത്തില്‍ ജനിച്ച അവള് തന്റെ ഇച്ഛാശക്തികൊണ്ട് അതിനെതിരെ പൊരുതി.
ചെറുതോണിയില്‍ എറണാകുളത്ത് എത്തി സ്കൂള്‍ വിദ്യാഭ്യാസവും മഹാരാജാസ് കോളജില്‍ നിന്ന് ബിരുദവും നേടി. ബിരുദം നേടുന്ന ഇന്ത്യയിലെ ആദ്യ ദലിത് യുവതിയാണ് ദാക്ഷായണി. അധ്യാപികയായി ജോലി നോക്കുമ്പോഴാണ് കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അവര്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് മദ്രാസ് പ്രവിശ്യയില്‍ നിന്നാണ് ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് ദാക്ഷായണി തിരഞ്ഞെടുക്കപ്പെടുന്നത്. സംഭവ ബഹുലമായ അവരുടെ ജീവിതം അടുത്ത് അറിയാന്‍ ഈ പുസ്തകം ഉപകരിക്കും.