അരിസ്റ്റോട്ടിലാണ് പാശ്ചാത്യ ലോകത്തിലെ ആദ്യത്തെ പ്രഭാഷണ വിജ്ഞാനി (rhetorician). പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനുള്ള പരിശീലനം നേടുക വഴി ചിലര്‍ക്ക് സദസ്സുകളെയും ശ്രോതാക്കളെയും സ്വാധീനിക്കാന്‍ കഴിയും. ഇങ്ങനെ പ്രസംഗിക്കാന്‍ കഴിവാര്ന്നവരെ പ്രാചീന ഗ്രീസില്‍ rhector എന്നാണ് പറഞ്ഞിരുന്നത്. ഭാഷണകല മനുഷ്യന്റെ സാമൂഹ്യജീവിതം മുതല്‍ രൂപപ്പെട്ടിട്ടുണ്ടാകണം. നാക്കുള്ളവന് നാടിന്റെ പാതി നേടാന്‍ കഴിയുമെന്ന വിചാരം പഴഞ്ചൊല്ലിലൂടെ ഉണ്ടായത് അങ്ങനെയാകാം.
എന്തു പറയണമെന്നു മാത്രമല്ല എങ്ങനെ പറയണമെന്നും പ്രഭാഷകന്‍ മനസ്സിലാക്കിയിരിക്കണമെന്ന് പ്രഭാഷണവിജ്ഞാനത്തെ കുറിച്ചുള്ള പുസ്തകത്തില്‍ (Rhetorica) അരിസ്റ്റോട്ടില്‍ പറയുന്നു. ഭാഷണകലയുടെ ഏറ്റവും മനോഹരമായ പ്രകമ്പനം അറിയാന്‍ കഴിയുന്നത് റേഡിയോയിലാണ്. ശബ്ദം കൊണ്ടും ശൈലി കൊണ്ടും ജനഹൃദയങ്ങളില്‍ ജീവിച്ച ജീവിക്കുന്ന എത്രയോ റേഡിയോ കലാകാരന്മാര് നമുക്കുണ്ട്.
പ്രഭാഷണ കലയുടെ ശക്തിയും മര്‍മ്മവും അറിഞ്ഞ പുരോഹിതനാണ് ഫാ. സേവ്യര്‍ കുടിയാംശേരി. ചിന്തകനും എഴുത്തുകാരനും കോളമിസ്റ്റുമാണ്. ആലപ്പുഴയിലെ റേഡിയോ നെയ്തലില്‍ ഫാ. സേവ്യര്‍ കുടിയാശേരി നടത്തിയ 46 പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ ലഭ്യമാണ്. ‘ദ റിബല്‍’ എന്ന പേര് നല്‍കിയിട്ടുള്ള പുസ്തകത്തിന്റെ ഘടനയെകുറിച്ച്, സ്വഭാവത്തെക്കുറിച്ച് ഗ്രന്ഥകാരന് ഒന്നാം അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്.
‘വിശുദ്ധ കാര്യങ്ങളുടെ മനുഷ്യവിചാരങ്ങള്‍ അടങ്ങിയ ഒരു പുസ്തകമാണിത്; കലഹങ്ങളുടെയും! അതിനാല്‍ ‘ദ റിബല്‍’ എന്ന് ഈ ഗ്രന്ഥത്തിന് പേരിടുന്നു.
എനിക്കറിയാവുന്ന ഏക റിബല്‍ യേശുക്രിസ്തുവാണ്. കലഹങ്ങളുടെ വിശുദ്ധ ലിപികളാല്‍ കോറിയിടപ്പെട്ട ഒരു റിബല്‍ രേഖയാണ് ബൈബിള്‍. മനുഷ്യന് ജനിക്കുന്നതും തിരികെ പോകുന്നതും കലഹിച്ചു കൊണ്ടാണ്. ചുറ്റുപാടുകളോടു കലഹിക്കുന്നത് പാപമോ? അതോ വിശുദ്ധിയുടെ വിസ്മയമോ? കലഹിക്കുന്നവരുടെ പങ്കപ്പാടുകളാണ് പുതിയകാലത്തെ ഉണര്‍ത്തിയെടുക്കുന്നത്! കലഹിക്കുന്നവര്‍ പലപ്പോഴും കളത്തിനു പുറത്താണ്! കളത്തിന് പുറത്ത് സഞ്ചരിക്കുന്നവര്ക്കല്ലേ കളത്തിന് പുറത്തേക്ക് വഴി വെട്ടാനുമാവൂ?
മനുഷ്യനെ നിശബ്ദനാക്കുന്നതല്ല, ശബ്ദിക്കാന്‍ ധൈര്യം പകരുന്നതാണ് ബൈബിള്‍. ശബ്ദം ഇല്ലാതാക്കപ്പെട്ടവരുടെ ശബ്ദമാണ് ബൈബിള്‍. മനുഷ്യന്റെ ശബ്ദം ദൈവത്തോളം വളര്‍ന്ന കഥയാണ് ബൈബിള്‍ പറയുന്നത്. ബൈബിള്‍ പണ്ഡിതനല്ല ഞാന്‍. ബൈബിള്‍ എന്നോട് പറഞ്ഞതാണ് ഞാന്‍ പറയുന്നത്. വഴിമാറി ചിന്തിക്കാനും നടക്കാനും ഇത് സഹായിച്ചേക്കും. ഇതില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്റെ ബൈബിളാണ്. ഞാന്‍ വായിക്കുന്ന, ഞാന്‍ ജീവിക്കുന്ന, എന്റെ ബൈബിള്‍!
അതിനാല്‍ വ്യാഖ്യാനവും എഴുത്തും എന്റേതാകുമല്ലോ?’
പുതുവഴികളെ കുറിച്ചുള്ള ദര്‍ശനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മറ്റൊരര്‍ത്ഥത്തില്‍ വഴിമാറി നടപ്പിന്റെ കുറിമാനങ്ങള്‍. അതുകൊണ്ടുതന്നെ എല്ലാവര്ക്കും അത്ര സുഖകരമായി തോന്നില്ല പുസ്തകത്തിലെ ലേഖനങ്ങള്‍. ചൂണ്ടുവിരല്‍ നമുക്ക് നേരെയുമുണ്ട്.
ഇവന് ആരാണ്?
യേശു കാലത്തെയും നിയമത്തെയും ചോദ്യം ചെയ്തപ്പോള്‍ യഹൂദര്‍ പലപ്പോഴും ചോദിച്ച ചോദ്യം. ശിഷ്യന്മാരും അതുതന്നെ ചോദിച്ചു. ഇപ്പോള്‍ നമ്മളും ചോദിക്കുന്നു ഇവന് ആരാണ് ?
ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ശ്രദ്ധേയമായ കവിതകളും ഫാ. കുടിയാംശേരി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹം എഴുതിയ കവിതകളുമുണ്ട്. സഖി നീ വളരൂ എന്ന അധ്യായത്തില്‍ സ്നാപക യോഹന്നാനാണ് പ്രധാന കഥാപാത്രം. യോഹന്നാന്റെ കൂടെയുള്ള ശിഷ്യന്മാര് യേശുവിന്റെ കൂടെ പോകുകയാണ്. യോഹന്നാന് നില്ക്കാന് സമയമായി. യേശുവിന് നടക്കാനും. യോഹന്നാന്റെ ശിഷ്യന്മാരെ യേശുവിന്റെ കൂടെ പോകാന്‍ വിടുന്നു. യോഹന്നാന് ചെറുതാകുന്നു. യേശു വലുതാകുന്നു. ബാറ്റണ്‍ കൈമാറപ്പെടുന്നു. ഗ്രന്ഥകാരന്റെ ‘തച്ചന്റെ മകന്’ എന്ന കവിതയിലൂടെയാണ് പിന്നെ വായനക്കാരനോട് സംസാരിക്കുന്നത്.
മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം
തച്ചനെവിടെ
ഞാന്‍ പച്ചമരമാകാം.
മൂത്തമരവുമാകാം.
എന്റെ കൈകളും കാലുകളും നിനക്ക്
എന്റെ അച്ഛനെവിടെ
കാലം കരുതിയ നന്മകളുടെ ഉറവകളെവിടെ
നേരിന്റെ കാവലാളാകാം ഞാന്‍
ഉയിരിന്റെ ഉണര്‍വുമാകാം. എന്റെ കണ്ണും കരളും വാങ്ങൂ.
സ്വപ്നങ്ങളും സങ്കടങ്ങളും വാങ്ങൂ.
തടവറയില്‍ ഞാന്‍ തളര്‍ന്നു വീഴുമ്പോള്‍
വാക്കുകള്‍ മുറിയാതിരിക്കാന്‍
മറിയമേ നിന്റെ മകനെവിടെ കാലപ്രവാഹത്തില്‍
വാക്കിന്റെ കടലിരമ്പമുയരുമ്പോള് പണിതീരുന്ന പീഠത്തില്‍
നുറുങ്ങപ്പെടുന്ന കുഞ്ഞാടും
മുറിക്കപ്പെടുന്ന അപ്പവും വാര്‍ന്നൊഴുകുന്ന രക്തവും
ഭൂമിയുടെ മോചനമാകുന്ന നേരത്ത്
ബലിനിലത്തിന്റെ മുറിവില്‍ നിന്ന്
ജീവന് പിടഞ്ഞുയരുന്ന നേരത്ത്
എന്റെ അച്ചാ,
ഈ ബലിക്കല്ലില്‍ ഒന്നു ചേര്‍ന്നു നില്ക്കൂ.
സുവിശേഷത്തിലെ നൊമ്പരപ്പെടുത്തുന്ന ചോദ്യങ്ങളും ചിന്തകളും നമ്മെ ആകുലപ്പെടുത്തും.
അതിനെ അകറ്റാന്‍ ഗ്രന്ഥകാരന് പറയുന്ന മൊഴികള്‍ ഓര്‍മ്മപ്പെടുത്തികൊണ്ട് കുറിപ്പ് ചുരുക്കട്ടെ.
‘തീരുന്ന രാത്രിയുടെ പേരാണ് പ്രഭാതം!
വിടരുന്ന പ്രഭാതത്തെ നാം വിളിക്കുന്നു. പുലരി!
ഒരാകാശവും അതിരല്ല.
വഴികളൊന്നും അവസാനിക്കുന്നുമില്ല.