പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇറ്റലിക്കാരനായ കാര്‍ലോ കൊളോഡി, ദി അഡ്വഞ്ചേഴ്സ് ഓഫ് പെനോക്കിയോ എന്ന നോവല്‍ എഴുതുന്നത്. കാലഘട്ടത്തിന്റെ കാര്യം പ്രത്യേകം പറയാന്‍ കാരണം, നോവലിലെ പെനോക്കിയോ എന്ന നായകന് ഒരു മരപ്പാവ കുട്ടിയാണെന്നതാണ്. ആ കാലത്ത് അത്തരമൊരു കഥാപാത്രം അപൂര്‍വങ്ങളില്‍ അപൂര്‍വം. പല ഐതിഹാസിക സാങ്കല്പിക കഥാപാത്രങ്ങളേയും പോലെ പെനോക്കിയോയും കഥാകൃത്ത് സങ്കല്പിച്ചതിനേക്കാള് ഉയരത്തില്‍ വളര്‍ന്നു. പൈന്‍ മരത്തില്‍ നിന്ന് കൊത്തിയെടുത്തുവെന്ന് കാര്‍ലോ കൊളോഡി എഴുതി വച്ച പാവ ഒരു സാംസ്കാരിക ഐക്കണായും ബാലസാഹിത്യത്തിലെ ഏറ്റവുമധികം പുനര്‍രൂപകല്‍പ്പന ചെയ്യപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായും മാറി. ലോകത്തിലെ മിക്കവാറും ഭാഷകളില്‍ അനേകം പേര് പെനോക്കിയോയെ നായകനാക്കി കഥകളെഴുതി. സിനിമകളും സീരിയലുകളുമുണ്ടായി. വ്യാഖ്യാനങ്ങളിലുടനീളം പെനോക്കിയോയുടെ കഥകള്‍ വ്യത്യസ്തമാണെന്നു പറയുമ്പോഴും എല്ലാ പുനര്രൂപകല്പനകളിലും അവന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ സ്ഥിരതയുള്ളതുമാണ്.
ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത 2022ലെ പെനോക്കിയോ ഒരു ആനിമേഷന്‍ ചിത്രമാണ്. 2008ല്‍ തുടങ്ങിയ ചിത്രം നിര്‍മാതാക്കള്‍ പല തവണ ഉപേക്ഷിച്ചതിനാല്‍ വീണ്ടും ഷൂട്ട് ചെയ്തു തുടങ്ങിയത് 2017ല്‍ നെറ്റ് ഫ്ള്കിസ് ഏറ്റെടുത്തതിനു ശേഷമാണ്. വീണ്ടും വര്‍ഷങ്ങളെടുത്തു റിലീസിന്. 2011ല്‍ ഡിസ്നി സ്റ്റുഡിയോയില്‍ നിന്നുള്‍പ്പെടെ രണ്ടു പെനോക്കിയോ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. രണ്ടും കാണികളെ നിരാശപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പെനോക്കിയോ എത്തിയത്.
2022ലെ ഏറ്റവും മികച്ച എന്റര്‍ടെയ്നറായി അറിയപ്പെട്ട പെനോക്കിയോ പിന്നീട് ഓസ്കര് അടക്കം നിരവധി പുരസ്കാരങ്ങളില് മുത്തമിടുകയും ചെയ്തു.
ഗില്ലെര്‍മോ ഡെല്‍ ടോറോയുടെയും സ്റ്റോപ്പ്-മോഷന്‍ പ്രതിഭയായ (ഒരു വസ്തുവിനെ ചിത്രീകരിച്ച് ഓരോ ഫ്രെയിമിനുമിടയില്‍ ചെറുതായി ചലിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍) മാര്‍ക്ക് ഗുസ്താഫ്സണിന്റെയും കൈകളില്‍ കാര്‍ലോ കൊളോഡിയുടെ ദി അഡ്വഞ്ചേഴ്സ് ഓഫ് പെനോക്കിയോക്ക് പുതിയ ജീവിതമാണ് ലഭിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ജീവിതത്തിന്റെ ക്ലേശങ്ങളും മരണത്തിന്റെ ആകസ്മികതയും അതിനിടയിലുള്ള കാര്യങ്ങളും പരിശോധിക്കപ്പെടുന്നു. 1000-ലധികം ദിവസങ്ങള്‍ എടുത്ത് 40 ആനിമേറ്റര്‍മാരെ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പല ഹോളിവുഡ് ചിത്രങ്ങളിലും സാങ്കേതികത സിനിമയുടെ ആത്മാവിനെ കീഴ്പെടുത്തുന്നതു പോലെ ഇവിടെ സംഭവിക്കുന്നില്ല. സംവിധായകന് തന്നെയാണ് ഇവിടെ രാജാവ്. പെനോക്കിയോ (ഗ്രിഗറി മാന്‍), കൗണ്ട് വോള്‍പ്പ് (ക്രിസ്റ്റോഫ് വാള്‍ട്ട്സ്). ഗെപ്പെറ്റോ (ഡേവിഡ് ബ്രാഡ്ലി), പെനോക്കിയോയുടെ മനസാക്ഷിയായി കൂടെ നില്ക്കുന്ന ചീവിട് (ഇവാന് മക്ഗ്രെഗര്‍), ഏകാധിപതിയുടെ ആരാധകനായ പോഡെസ്റ്റ (റോണ്‍ പെര്‍ല്‍മാന്‍) എന്നിവര്‍ തങ്ങളുടെ ശബ്ദത്തിലൂടെ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു.
കരകൗശല വിദ്ഗദനാണ് വൃദ്ധനായ ഗെപ്പെറ്റോ. ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ പ്രധാനമന്ത്രി ബെനിറ്റോ മുസോളിനിയുടെ ഭരണത്തിന് കീഴില്‍ ഇറ്റലി ഫാസിസത്തിലേക്ക് പ്രവേശിക്കുന്നു. ഒരു പള്ളി ബോംബാക്രമണത്തില്‍ ഗെപ്പെറ്റോയുടെ മകന് കാര്‍ലോ കൊല്ലപ്പെടുന്നു. കാര്‍ലോയുടെ മരണം ഏതൊരു രാജ്യത്തേയും ഏകാധിപത്യ പ്രവണതകളുടെ ഫലമായി കണക്കാക്കാം.
കാര്‍ലോയുടെ മരണം ഗെപ്പെറ്റോയ്ക്ക് കനത്ത ആഘാതമാണ് ഏല്പിക്കുന്നത്. അതയാളെ മദ്യപാനിയാക്കുന്നു. തന്റെ മരിച്ചുപോയ മകന് കാര്‍ലോ മടങ്ങിവരണമെന്ന് ഭ്രാന്തമായി അയാള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കാര്‍ലോയുടെ ഓര്‍മ്മയ്ക്കായി നട്ട പൈന്മരം മദ്യലഹരിയില്‍ ഗെപ്പെറ്റോ വെട്ടിക്കളയുന്നുമുണ്ട്. പിന്നീട് ഗെപ്പെറ്റോ ആ പൈന്‍ മരക്കൊമ്പില്‍ നിന്ന് മകന്റെ ഓര്‍മയ്ക്കായി ഒരു മരപ്പാവയെ നിര്‍മിക്കുന്നു. അതിന് ജീവനുണ്ടാകുകയും അവനെ പെനോക്കിയോ എന്നു പേരുചൊല്ലി വിളിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ സ്വന്തം സൃഷ്ടിയെക്കുറിച്ച് ഗെപ്പെറ്റോ ഭയപ്പെട്ടിരുന്നു, എന്നാല്‍ താമസിയാതെ പെനോക്കിയോയുമായി സൗഹൃദത്തിലാകുകയും അവര്‍ പിതാവും പുത്രനുമായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
സ്കൂളിലേക്കുള്ള യാത്രാമധ്യേ പെനോക്കിയോ കണ്ടുമുട്ടുന്ന സര്‍ക്കസ് ഷോമാന്, കൗണ്ട് വോള്‍പ്പും അദ്ദേഹത്തിന്റെ സഹായിയായ കുരങ്ങന്, സ്പാസാതുറയും തങ്ങളുടെ സര്‍ക്കസിലേക്ക് പെനോക്കിയോയെ ഉപയോഗിക്കാനാകുമെന്ന് കണക്കുകൂട്ടുന്നു. പെനോക്കിയോയാകട്ടെ സാഹസികതയ്ക്കുള്ള അവസരമായി അതിനെ കാണുന്നു. മുസോളിനിയെ പിന്തുണയ്ക്കുന്ന പോഡെസ്റ്റയുടെ ദൃഷ്ടിയില് പെനോക്കിയോ ഇറ്റലിക്ക് അനുകൂലമായി ഏത് യുദ്ധവും മാറ്റാന്‍ കഴിവുള്ള ഉഗ്രന്‍ യോദ്ധാവാണ്. മരണമില്ലാത്ത, അല്ലെങ്കില്‍ മരണത്തില്‍ നിന്ന് ഉയിര്ത്തെഴുന്നേല്ക്കാന് കഴിയുന്ന പാവക്കുട്ടിയെക്കുറിച്ചുള്ള പോഡെസ്റ്റയുടെ കാഴ്ചപ്പാട്, മുസോളിനിയെ പോലുള്ള ഏകാധിപതികളുടെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും പാഠമാണ്; ഏതു കാലത്തും, ഏതു രാജ്യത്തും: ഇന്ത്യയില്‍ പോലും.
പെനോക്കിയോയുടെ പെരുമാറ്റം പലപ്പോഴും മോശമാണ്. അവന് ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുകയും നുണ പറയാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് കള്ളം പറയുമ്പോള്‍ അവന്റെ മൂക്ക് പെട്ടെന്ന് വളര്‍ന്നുവരും. സ്വഭാവസവിശേഷതകള്‍ നിമിത്തം, അവന് പലപ്പോഴും കുഴപ്പത്തിലാകുന്നു.
സിനിമ കയ്പേറിയ പിതൃ-പുത്ര ബന്ധത്തെ മനോഹരമായി ചിത്രീകരിക്കുന്നു. സിനിമയില്‍ അവിസ്മരണീയമായ നിരവധി നിമിഷങ്ങളുണ്ട്. പെനോക്കിയോയുടെയും പിതാവ് ഗെപ്പെറ്റോയുടേയും ബന്ധം ചിത്രീകരിച്ചിരിക്കുന്ന രീതി വളരെ യഥാര്‍ത്ഥമായിരിക്കുന്നു. ഒരു രംഗത്തില്‍, ഗെപ്പെറ്റോ തന്നെ അനുസരിക്കാത്തതിനാല്‍ പെനോക്കിയോയോട് ദേഷ്യപ്പെടുകയും അവന് തനിക്കൊരു ‘ഭാരമായിരിക്കുന്നു’ എന്ന് പറയുകയും ചെയ്യുന്നു (നാടന്‍ ഭാഷയില്‍, ആ നേരത്ത് വാഴ വയ്ക്കാമായിരുന്നു എന്നു പറയാം). അച്ഛന്റെ വാക്കുകള്‍ കേട്ട് പെനോക്കിയോ തകര്‍ന്നു. അവന്റെ കാവല്‍ മാലാഖയായ ചീവിടുമായുള്ള സംഭാഷണത്തില്‍ ”നിനക്കറിയാമോ, എല്ലാ അച്ഛന്മാരും അവരുടെ മക്കളെ സ്നേഹിക്കുന്നു, എന്നാല്‍ ചിലപ്പോള്‍ എല്ലാവരെയും പോലെ അച്ഛന്മാര്ക്കും നിരാശ തോന്നും.
അവര്‍ മക്കളെ ഭാരമോ ഭീരുവോ പോലുള്ള പദങ്ങള്‍ പോലും വിളിച്ചേക്കാം, പക്ഷേ ഉള്ളില്‍ അവര്‍ നിങ്ങളെ സ്നേഹിക്കുന്നു. അവര്‍ വിളിക്കുന്ന പദങ്ങള്‍ ഒരിക്കലും അവരുടെ ഹൃദയത്തില്‍ നിന്നു വരുന്നവയല്ല.
പിന്നീടവരതില്‍ വേദനിക്കുന്നുമുണ്ട്”. അച്ഛനും മകനും തമ്മിലുള്ള കയ്പും മധുരമേറിയതുമായ ബന്ധത്തെ മനോഹരമായി ഈ രംഗം ചിത്രീകരിക്കുന്നു.
ഗില്ലെര്‍മോയുടെ പെനോക്കിയോ ഒരു സാധാരണ ആനിമേഷന്‍ ചിത്രമല്ലാതാകുന്നത് അതില്‍ യുദ്ധം, ഫാസിസം, അസഹിഷ്ണുത, മതം എന്നിവയുള്‍പ്പെടെ ഒരു സാധാരണ ആനിമേഷന്‍ സിനിമയില്‍ അവഗണിക്കപ്പെടുമായിരുന്ന നിരവധി വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതു കൊണ്ടാണ്. ജീവിതം, പ്രണയം, മരണം, ഉയിര്‍പ്പ്, ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങളിലേക്കും ഈ സിനിമ പ്രേക്ഷകന്റെ കണ്ണുകള്‍ തുറപ്പിക്കും. ചിലപ്പോഴത് ഡാര്‍ക്ക് ഫാന്റസിയായി തോന്നാം. ജീവിതം എല്ലാ ഘട്ടങ്ങളിലും മനോഹരവുമാകുന്നില്ലല്ലോ. പലരേയും വിമര്‍ശിക്കുന്നുണ്ടെങ്കിലും അതൊരു സദാചാര നാടകമായി ബോറടിപ്പിക്കുന്നില്ല.
പെനോക്കിയോയുടെ യഥാര്‍ത്ഥ കഥ കുട്ടികള്‍ക്ക് അനുസരണക്കേടിനെതിരെയുള്ള ഒരു മുന്നറിയിപ്പ് കഥയായിരിക്കാം.
ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ സിനിമ കാര്‍ലോ കൊളോഡിയുടെ കഥയില്‍ തന്നെയാണ് അടിസ്ഥാനമിടുന്നത്. പക്ഷേ, ആഖ്യാനത്തില്‍ തന്റേതായ ചിന്തകള്‍ക്കാണ് പ്രാധാന്യം. മൂലകഥയോട് സത്യസന്ധത പുലര്‍ത്തി എന്നു പറയുമ്പോള്‍ തന്നെ പുതിയൊരു പെനോക്കിയോയെ സൃഷ്ടിക്കാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യതിരിക്തമായ ശരീരഭാഷ നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്. സങ്കേതികമായ മികവുകള്‍ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ചെറിയ കുട്ടികള്‍ക്കുള്ള സിനിമയല്ലിത്. മുതിര്‍ന്ന കുട്ടികളേയും മാതാപിതാക്കളേയുമായിരിക്കാം അതു ലക്ഷ്യമിടുന്നത്.