കേരളത്തിലെ ആദ്യ ആതുരശുശ്രൂഷാ സ്ഥാപനം കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ‘കാസ ദി മിസരിക്കോര്ദിയ’ ആണ്. പോര്‍ച്ചുഗലിലെ ലിസ്ബണിലുണ്ടായിരുന്ന സാന്ത കാസ ദി മിസെരിക്കോര്‍ദിയ മാതൃകയില്‍ കൊച്ചിയിലും ഗോവയിലും പോര്‍ട്ടുഗീസുകാര്‍ 1513ല്‍ ‘കാരുണ്യത്തിന്റെ വിശുദ്ധ ഭവനങ്ങള്‍’ എന്ന പേരില്‍ ആതുര ശുശ്രൂഷാ ഭവനങ്ങള്‍ ആരംഭിച്ചു. 1522 ആയപ്പോഴേക്കും കൊച്ചിയിലെ ‘കാരുണ്യത്തിന്റെ വിശുദ്ധ ഭവന’ത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കെട്ടിടം പണികഴിപ്പിച്ചു. 1527ല്‍ അതിനെ ക്രൂസ് ദെ കൊച്ചിന് എന്ന പേരില്‍ ഒരു ആശുപത്രിയായുയര്ത്തി. ഭാരത്തിലെ ആദ്യ ക്രിസ്ത്യന്‍ ആശുപത്രിയായിരുന്നു ഇത്.
ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക്
കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയും അതുവഴി വ്യാപാര വ്യവസായ മേഖലകളിലുണ്ടായ കുതിപ്പും ലത്തീന്‍ പൂര്‍വികരെ കര്‍മോത്സുകരാക്കി. ചെറുകിട കച്ചവടക്കാരെയും വ്യവസായികളെയും സഹായിക്കാന്‍ അവര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് ആരംഭിച്ചു. വിദേശ പഠനം കഴിഞ്ഞെത്തിയ പ്രഫ. ജോര്‍ജ് എഫ. പാപ്പാളിയായിരുന്നു പ്രധാന ബുദ്ധി കേന്ദ്രം. കളപ്പുരയ്ക്കല്‍ അന്തേ ആദ്യമാനേജിങ് ഡയറക്ടറായി.
എറണാകുളം ബ്രോഡ് വേയിലെ ജനസഹായം കമ്പനി കെട്ടിടത്തിലായിരുന്നു ബാങ്കിന്റെ ഹെഡ് ഓഫീസ്. പള്ളുരുത്തി, വരാപ്പുഴ, കോട്ടപ്പുറം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളും ഉണ്ടായിരുന്നു. അന്നത്തെ കൊച്ചി ദിവാന് റാവു ബഹദൂര്‍ ടി.എസ് നാരായണ അയ്യരാണ് ബാങ്കിന്റെ ഉദ്ഘാടനം നടത്തിയത്. വരാപ്പുഴ ആര്‍ച്ച്ബിഷപ്പായിരുന്ന ഏഞ്ചല്‍ മേരി (1918 – 1934) ഹെഡ് ഓഫീസ് ആശീര്‍വദിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ രൂപവത്കരിച്ച ട്രാവന്‍കൂര്‍ ബാങ്കാണ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറായി മാറിയത് (എസ്ബിടി). 1960 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തില്‍ 9 ബാങ്കുകളെ റിസര്‍വ് ബാങ്ക് എസ്ബിടിയില്‍ ലയിപ്പിച്ചു. കോട്ടയം ഓറിയന്റ് ബാങ്ക്, ചമ്പക്കുളം സിറിയന്‍ ബാങ്ക്, കൊച്ചിന് നായര്‍ ബാങ്ക്, ചാല്‍ഡിയന്‍ സിറിയന്‍ ബാങ്ക്, വാസുദേവവിലാസം ബാങ്ക്, ബാങ്ക് ഓഫ് ആലുവ, ബാങ്ക് ഓഫ് ന്യൂ ഇന്ത്യാ ലിമിറ്റഡ്, ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് എന്നിവയായിരുന്നു അവ.