ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പേയുള്ളതാണ്. സ്വതന്ത്രാനന്തര ഭാരതത്തില്‍ അതു കൂടുതല്‍ ശക്തമായി. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ഇന്ത്യ നടപ്പാക്കേണ്ട ഒരു നിര്ദ്ദേശകതത്വമാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ രണ്ടു ഗ്രൂപ്പായി നിന്ന് വളരെ ഗൗരവമായി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ഒരു അനുരഞ്ജന ഫോര്‍മുലയായി അംഗീകരിച്ചാണ് ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസിയില്‍ ഇടം നേടിയത്. അതിനാല്‍ ഭരണഘടന ആവശ്യപ്പെടുന്ന ഒന്നായി ഇതിനെ കണക്കാക്കാം. സുപ്രീം കോടതി പലതവണ ഇതു നടപ്പാക്കേണ്ട ബാധ്യതയെക്കുറിച്ച് ഭരണകര്‍ത്താക്കളെ ഓര്‍മ്മിപ്പിക്കുകയും അതു നടപ്പാക്കുന്നതിലേക്ക് എന്തു നടപടിയെടുത്തു എന്ന് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഒരു സര്‍ക്കാരും ഇതിനു തയ്യാറായിട്ടില്ല. തയ്യാറാകാത്തതു തിരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടു ലഭിക്കാതെ പോയേക്കും എന്നു ഭയന്നു തന്നെയാണ്.
അങ്ങനെയെങ്കില്‍ ബിജെപി ഇതൊരു യുദ്ധതന്ത്രമാക്കുമോ? ബിജെപിക്കു ദോഷം ചെയ്തേക്കാവുന്ന ഒരു കാര്യം തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ കൊണ്ടുവരുമോ? ഒരു തിരഞ്ഞെടുപ്പു വിജയത്തെക്കാളുപരി അവരുടെ മൗലികമായ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണിതുവഴി. മതേതരത്വം, ബഹുസ്വരത എന്നൊക്കെ പറയുന്നത് ബിജെപിക്കു കേട്ടുകൂടല്ലോ. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് ഏക മതം ഇന്ത്യയ്ക്ക് എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗം തന്നെയാണ്. അതു നിശ്ചയമായും വളരെ ശക്തമായ തോതില്‍ ഹിന്ദുകണ്സോളിഡേഷന് കാരണമാകും. അതു സാധിച്ചാല്‍ ചില പ്രീണിപ്പിക്കല്‍ നടപടികള്‍ കൊണ്ട് കുറെയേറെ നൂനപക്ഷ വോട്ടുകള്‍ നേടാമെന്നും കരുതുന്നു. ഒറ്റയടിക്ക് ഭരണവും ഇന്ത്യ ഒരു മതരാഷ്ട്രം എന്ന സങ്കല്പവും നടപ്പാക്കാനുള്ള സാധ്യതയും തെളിയും.
നമ്മുടെ നിയമവ്യവസ്ഥ ഒന്നു പരിശോധിച്ചാല്‍ ഏകീകരണത്തിലേക്കൊരു പ്രയാണമുണ്ട് എന്നു കാണാന്‍ കഴിയും. നമ്മുടെ ക്രിമിനല്‍ നിയമങ്ങള്‍ ഇപ്പോള്‍ കോഡിഫൈഡ് ആണ്. ഇങ്ങനെയാവുന്നതിനു മുമ്പ് ഓരോ മതസമൂഹങ്ങള്‍ക്കും ഓരോ ക്രിമിനല്‍ ലോയാണുണ്ടായിരുന്നത്. അതെല്ലാം ഏകീകരിച്ചാണ്് ഇപ്പോഴുള്ള ഐപിസിയും സിആര്പിസിയുമെല്ലാം ചിട്ടപ്പെടുത്തിയത്. ഹിന്ദുമാര്യേജ് ആക്ട് 1955 അതിന്റെ ഫലമാണ്. ഹൈന്ദവസമൂഹത്തിലെ അനേകം അവാന്തര വിഭാഗങ്ങളുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന വൈവിധ്യമാര്‍ന്ന വിവാഹആചാരങ്ങളും നിയമങ്ങളും ക്രോഡീകരിച്ചതാണ്. ഗോവയില്‍ ഇപ്പോള്‍ത്തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ഏകീകകൃത സിവില്‍കോഡുണ്ട്. ആ നിലയ്ക്ക് പേഴ്സണല്ലോയില് ഒരു പ്രാഥമിക ക്രോഡീകരണം നടന്നുവരുന്നുണ്ട്.
എന്താണ് ഏകീകൃത സിവില്‍കോഡ്? നമ്മുടെ രാജ്യത്ത് വിവാഹം, വിവാഹമോചനം, അഡോപ്ഷന്‍, സക്സഷന്‍ എന്നീ കാര്യങ്ങള്‍ വ്യക്തി നിയമപ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. അതായത് ഹിന്ദുക്കള്‍ വിവാഹം കഴിക്കുന്നത് ഹിന്ദു നിയമപ്രകാരമാണ്. മുസ് ലീം സമൂഹം ശരിയത്ത് ലോ പ്രകാരമാണ്. ക്രിസ്ത്യാനികള്‍ കല്യാണം കഴിക്കുന്നത് കാനോന്‍ നിയമപ്രകാരമാണ്. നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് അങ്ങനെ പല നിയമം വേണ്ട. ഇത്തരം കാര്യങ്ങള്‍ക്കു ഒരു നിയമം മതി എന്നാണ്. അതു സാധിക്കില്ല എന്നതാണു വസ്തുത. കല്യാണം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ മതക്കാര്‍ക്കും കൂടി ഒരു നിയമം ഉണ്ടാക്കാന്‍ പോയാല്‍ അത് അസാധ്യമായിരിക്കും. ആചാരങ്ങളില്‍ മാറ്റം വരുത്താനോ നിയമങ്ങള്‍ മാറ്റിമറിക്കാനോ ആരും സമ്മതിക്കില്ല. ഏറ്റവും പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്. നമ്മുടെ രാജ്യത്തിന് ഒരു ഏകീകൃത സിവില്‍കോഡ് വേണ്ടേ? വേണം എന്നു തന്നെയാണുത്തരം. ഇപ്പോള്‍ത്തന്നെ അഡോപ്ഷന്റെ കാര്യത്തില്‍ ഏതാണ്ടൊരു ഏകീകരണസ്വഭാവം വരുന്നുണ്ട്. അതുപോലെ മറ്റു വിഷയങ്ങളിലും ഒരു ഏകീകൃതസ്വഭാവം സാധ്യമാണോ എന്നു പരിശോധിക്കാവുന്നതാണ്. ഒരു പക്ഷേ യൂണിഫോം സിവില്കോഡിനപ്പുറം ഒരു യൂണിഫൈഡ് സിവില്‍കോഡിന്റെ സാധ്യതയുണ്ട്. അതായത് മുകളില്‍ സൂചിപ്പിച്ച നിയമങ്ങളിലെ കാതലായ കാര്യങ്ങളില്‍ ഒരു മാറ്റവുമില്ലാതെ ക്രോഡീകരിക്കാം. നിയമങ്ങളുടെ ആന്തരിക ഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ചില കാര്യങ്ങളില്‍ ഏകഭാവം കൊണ്ടുവരാവുന്നതാണ്. ഉദാഹരണമായി കല്യാണത്തിന് ഫ്രീസ്റ്റാറ്റസ്് ഡിക്ലറേഷന്‍ വേണം. അതുവേണമെന്നു നിര്‍ബന്ധിക്കുകയും അതു മാര്യേജു രജിസ്ട്രാറെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുകയും ചെയ്യാം. അതുപോലെ കല്യാണശേഷമോ അതിനു മുമ്പോ കല്യണം രജിസ്റ്റാറുടെയടുത്ത് രജിസ്റ്റര്‍ ചെയ്യണം എന്നു നിര്‍ബന്ധം പിടിക്കാം. ഇങ്ങനെ കുറെ കാര്യങ്ങള്‍ ക്രമീകരിച്ചിട്ട് വ്യക്തിനിയമങ്ങളുടെ അന്തസത്ത ചോര്‍ന്നുപോകാതെ ഒരു കോഡിഫൈഡ് സിവില്‍കോഡിനെക്കുറിച്ചു ചിന്തിക്കാവുന്നതാണ്.
അല്ലാതെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് മറ്റുള്ളവരേയും ചേര്‍ത്തുകൊണ്ട് യൂണിഫോമാക്കാന്‍ ശ്രമിച്ചാല്‍ അതു പരാജയപ്പെടും. യൂണിഫോം കോഡ് രാജ്യത്തു കലാപം വിളിച്ചു വരുത്തുമെങ്കില്‍ കോഡിഫൈഡ്കോഡ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഇവിടെയുള്ള പ്രശ്നം യൂണിഫോം സിവില്‍കോഡ് നടപ്പാക്കാന്‍ പോകുന്നതെങ്ങനെ എന്നു പറയാന്‍, ഒന്നും അവതരിപ്പിക്കാന്‍ ബിജെപിക്കാവുന്നില്ല. ആര്‍ക്കും അതേക്കുറിച്ച് ഒരു ധാരണയുമില്ല. ഇത് മുസ് ലിം സ്ത്രീകളെ വിമോചിപ്പിക്കാനെന്നു നരേന്ദ്ര മോദി പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാകുമെന്നു തോന്നുന്നു. മുസ് ലിം സ്ത്രീകളെ മുത്തലാക്കിന്റെ പേരിലാണ് സഹായിക്കാന്‍ പോകുന്നത്. അതിന്റെയര്‍ത്ഥം ആ മതത്തിന്റെ അന്തസത്തയിലും ആചാരാനുഷ്ടാനങ്ങളിലും നിയമങ്ങളിലും ഇടപെടാന്‍ പോകുന്നുവെന്നാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ കലാപഭൂമിയാകുമെങ്കില് ഒരു ഭരണഘടനാ നിര്‍ദ്ദേശം വേണ്ടെന്നു വയ്ക്കുന്നതാകും നല്ലത്.