അന്ധവിശ്വാസ അധിഷ്ഠിതവും ദൂരാചാരപരവുമായ ഒട്ടേറെ നടപടികള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കുമെതിരെ ഉദയംപേരൂര്‍ സൂനഹദോസ് നിയമങ്ങള്‍ കൊണ്ടുവന്നു. അന്ന് നിലനിന്നിരുന്ന ചില ദൂരാചാരങ്ങള് ഇതെല്ലാമാണ്:
ദേഹശുദ്ധി എന്നതിലുപരി ദുരാചാരപരമായ ക്ഷാളനങ്ങള്‍ സൂനഹദോസ് നിരാകരിച്ചു. ഉദാ. പെലകുളി (ഒരാള്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ കുളിക്കാതിരിക്കുന്നത് ദോഷം എന്നു പറഞ്ഞുള്ള കുളി), കല്യാണത്തിനും മറ്റു ചില വിശേഷാവസരങ്ങളിലും നെലോണ വീഴ്ത്തല് (അരിമണികൊണ്ടു വലയങ്ങളുണ്ടാക്കി അതിനകത്ത് ദമ്പതികളെ ഇരുത്തുന്നത്), പൊടകമുറിക്കുമ്പോള് ഒരു നൂല് വിലങ്ങനെ വരുത്തുന്നത്, നെല്ല് അളക്കുമ്പോള്‍ രണ്ടു മണിനെല്ല് നുള്ളി എടുക്കുന്നത്, നോമ്പിലെ കുളി, കെട്ടുകഴിഞ്ഞ് നാലാം നാള് കുളികഴിഞ്ഞേ പള്ളിയില്‍ പോകാവൂ എന്നത്, പുളികുടി കല്യാണം, അയിത്താചരണം, തീണ്ടാര്‍ന്ന കുളി തുടങ്ങിയവ.’ കുളികൊണ്ട് ഒന്നിനും ആത്മീയഗുണം ഉണ്ടാകുന്നില്ല. എന്നാല്‍ മിശിഹാകര്ത്താവിന്റെ കൃപയാല്‍ മാമോദീസായെന്ന കുളിക്ക് ആത്മീയ ഗുണമുണ്ട്- സൂനഹദോസ് വ്യക്തമാക്കുന്നു.
തമ്പുരാന്റെ തിരുമുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണ്. കീഴാളര്‍ ഉപയോഗിച്ചു എന്നതിനാല്‍ കുളങ്ങളും കിണറുകളും അശുദ്ധമാകുമെന്നത് തെറ്റായ ചിന്തയാണ്.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഹിംസാത്മകമായ അമ്പെയ്ത്ത്, ഓണത്തല്ല് തുടങ്ങിയവയില്‍ പങ്കെടുക്കുന്നതും മറ്റും ശരിയല്ല എന്ന് സൂനഹദോസ് ചൂണ്ടിക്കാട്ടി. ആണ്പൈതങ്ങളെ പ്രസവിക്കുന്നവര്‍ 40 ദിവസവും പെണ്‍പൈതങ്ങളെ പ്രസവിക്കുന്നവര്‍ 80 ദിവസവും വരത്ത ഇരിക്കണമെന്നും ആ ദിവസങ്ങളില്‍ ആ അമ്മമാര്‍ അശുദ്ധരാകയാല്‍ പള്ളിയില്‍ പോകരുതെന്നും പൂര്വക്രിസ്ത്യാനികള്ക്കിടയില് ആചാരമുണ്ടായിരുന്നത് സൂനഹദോസ് നിറുത്തല്‍ ചെയ്തു. അശുദ്ധിമാറ്റല് എന്നതിലുപരി, കിടാങ്ങളെ പള്ളിക്കല്‍ കാഴ്ചയായിട്ട് കൊണ്ടുചെല്ലുന്നത് നല്ല പ്രവൃത്തിയെന്നു പറഞ്ഞു സൂനഹദോസ് ശ്ലാഘിക്കുന്നു. പ്രസവത്തിന്റെ അരിഷ്ടതകള് തീര്‍ന്നാല്‍ എത്രയും വേഗം പള്ളിയില്‍ പോയി അമ്മമാര്‍ കുര്‍ബാനയില്‍ സംബന്ധിക്കണമെന്ന് സൂനഹദോസ് നിഷ്കര്‍ഷിച്ചു.
ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ നിവാരണാര്‍ഥം മറ്റു മതസ്ഥരെ അനുകരിച്ച് കൂടോത്രക്കാരെയും മന്ത്രവാദികളെയും മലങ്കരയിലെ നസ്രാണികള്‍ സമീപിക്കുന്നതിനെ സൂനഹദോസ് വിലക്കുകയുണ്ടായി. അതുപോലെ, രോഗസൗഖ്യാര്ഥം ചിലര്‍ മന്ത്രവാദികളെ വരുത്തി തുള്ളിക്കുകയും പാടിക്കുകയും കോഴിയെ അറുത്ത് ബലി അര്‍പ്പിക്കുകയും മന്ത്രം എഴുതിയ ഏലസ് അരയിലോ കഴുത്തിലോ കെട്ടിത്തൂക്കുകയും മറ്റും ചെയ്തിരുന്ന പതിവുകളും സൂനഹദോസ് കര്‍ശനമായി നിരോധിച്ചു. സന്താനസൗഭാഗ്യം, കളവുമുതല്‍ കണ്ടെത്തല്‍, ധനസമ്പാദനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചിലര്‍ സ്വീകരിച്ചുവന്ന ക്ഷുദ്രപ്രവൃത്തികളും സൂനഹദോസ് നിരോധിച്ചു. മറ്റു മതസ്ഥരുടെ ആരാധനാ വേളകളില്‍ അവരോടൊപ്പം ചേര്‍ന്നു അവരുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ ആടാനും തുള്ളാനും പാടാനും ഉത്സാഹം കാട്ടിയിരുന്ന നസ്രാണി പാരമ്പര്യത്തെയും സൂനഹദോസ് വിലക്കി.
മലങ്കരയില്‍ നിലവിലിരുന്ന കൊള്ളപ്പലിശക്കാര്ക്കെതിരേയും സൂനഹദോസ് നടപടികള്‍ സ്വീകരിച്ചു. പലിശ പന്ത്രണ്ടു ശതമാനത്തില്‍ കവിയരുതെന്ന് സൂനഹദോസ് നിഷ്കര്‍ഷിച്ചു.
ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് കേരളത്തില്‍ ഏകഭാര്യാ സമ്പ്രദായം ഉണ്ടായിരുന്നില്ല.
ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, വെപ്പാട്ടി വ്യവസ്ഥിതി തുടങ്ങിയവ ക്രൈസ്തവര്‍ക്കിടയിലും നടപ്പായിരുന്നു. മറ്റു മതസ്ഥരുടെ എന്നപോലെ ക്രൈസ്തവരുടെ വിവാഹങ്ങളും വീടുകളില്‍ വച്ചായിരുന്നു നടത്തിവന്നിരുന്നത്. വധുവിന്റെ കഴുത്തില്‍ താലിയോ ചരടോ ചാര്ത്തുകയെന്നതായിരുന്നു അംഗീകൃത ചടങ്ങ്. സൂനഹദോസ് ഏകഭാര്യാനിയമം കര്‍ശനമാക്കി. വിവാഹം ഒരു കൂദാശയാണെന്നും അത് പള്ളിയില്‍ വച്ച് പുരോഹിതന്റെ സാന്നിധ്യത്തില്‍ നടത്തണമെന്നും സൂനഹദോസ് കര്‍ശനമായി കല്പിച്ചു.
ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് പുരോഹിതര്‍ക്കു മലങ്കരയില്‍ ബ്രഹ്മചര്യം നിര്‍ബന്ധമായിരുന്നില്ല. 17,18,20 വയസില്‍ യുവാക്കള്‍ വൈദിക പട്ടം സ്വീകരിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയും ചെയ്യുകയായിരുന്നു പതിവ്. സൂനഹദോസ് ഈ പതിവുകളെല്ലാം റദ്ദാക്കുകയും വൈദികര്‍ക്കു ബ്രഹ്മചര്യം കര്ശനനിയമമാക്കുകയുമുണ്ടായി.
അടിമക്കച്ചവടവും, തീ, വെള്ളം, മുതല, സര്‍പ്പം, നെയ്യ് എന്നിവ കൊണ്ടുള്ള സത്യപരീക്ഷകളും ശിശുവാണിഭം, ചാവേറ്റുപട എന്നിവയും സൂനഹദോസ് നിരോധിച്ചു. വിവാഹസമയത്ത് സ്ത്രീധനത്തിന്റെ പത്തിലൊന്ന് പതവാരമായി പള്ളിക്കു നല്‍കണമെന്ന് സൂനഹദോസ് നിര്‍ദേശിച്ചു.
അരയ്ക്കുമുകളില്‍ ശരീരം പൂര്‍ണമായും നഗ്നമായ രീതിയിലായിരുന്നു അക്കാലത്തെ സാധാരണ വസ്ത്രധാരണരീതി. അരമുതല്‍ മുട്ടുവരെ എത്തുന്ന ഒരു വസ്ത്രം മാത്രമാണ് ആകെ ഉണ്ടായിരുന്നത്. വസ്ത്രധാരണത്തിലും വേഷഭൂഷാദികളിലും സൂനഹദോസ് ചില പരിഷ്കാരങ്ങള്‍ വരുത്തി. ആണുങ്ങള് ആരും ഇനി മുതല്‍ കാതു കുത്തരുത്, മുടി വളര്‍ത്തി കുടുമ കെട്ടരുത് എന്നും മറ്റും സൂനഹദോസ് പ്രമാണിച്ചു.