വികസനം എപ്പോഴും ഏകപക്ഷീയമായേ മുന്നോട്ടുപോകൂ. കുറേപ്പേര്‍ക്ക് അതു ഗുണകരമാകുമെങ്കില്‍ അനേകരെ കണ്ണീര് കുടിപ്പിക്കും. തങ്ങളുടെ പൂര്‍വികര്‍ നൂറ്റാണ്ടുകളായി ജീവിച്ച് മണ്ണിനോടു ചേര്‍ന്ന സ്ഥലങ്ങള്‍ വികസനത്തിനായി വിട്ടുകൊടുത്ത അനേകം ജനതകളെ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റിസറക്ഷന് എന്ന സിനിമ ഓര്‍മിപ്പിക്കും.
പൂര്‍വികരുടെ കുഴിമാടങ്ങള്‍ക്കു മുകളിലൂടെ വികസനം പ്രളയമായൊഴുകുമ്പോള് ഒരു വൃദ്ധ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ലെമോഹാങ് ജെറമിയ മോസെസിന്റെ ദിസ് ഈസ് ഈസ് നോട്ട് എ ബറയല്, ഇറ്റ്സ് എ റീസര്ഷന് അസാധാരണമായ ഒരു സിനിമയാണെന്നു പറയാം. സംവിധായകന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമ. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള രാജ്യത്തെ ആദ്യത്തെ ഓസ്കര് എന്‍ട്രിയായി ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റിസറക്ഷന് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വതന്ത്ര രാജ്യമായ ലെസോത്തോയെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊളോണിയലിസത്തിന്റെ പുതിയ ഭാവങ്ങളാണ് സിനിമ കാണിച്ചുതരുന്നത്. ലോകത്തിലെവിടേയും സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റെ പരിണിതഫലങ്ങള്‍.
ലെസോത്തോ ഗ്രാമത്തിലെ വിധവയായ മാന്തോവ (മേരി ത്വാല മ്ലോംഗോ) ദക്ഷിണാഫ്രിക്കയിലെ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയായ തന്റെ മകന് മരിച്ചുവെന്ന് മനസ്സിലാക്കുന്നു. അവളുടെ ഭര്‍ത്താവും മകളും പേരക്കുട്ടിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. തന്റെ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട അവള് സ്വന്തം ശവസംസ്കാരം ആസൂത്രണം ചെയ്യാന്‍ തീരുമാനിക്കുന്നു. അവള്‍ക്ക് ലളിതമായ ശവപ്പെട്ടി വേണം. അതില്‍ സ്വര്ണപൂക്കളോ കൊത്തുപണികളോ വേണ്ട. അതേസമയത്ത് ലെസോത്തോ ഗവണ്മെന്റ് ആ കുഗ്രാമത്തില്‍ (നസ്രത്തില്‍) ഒരു അണക്കെട്ട് പണിയാന്‍ തീരുമാനിക്കുന്നു. അണക്കെട്ടുകള്‍ നല്ലതാണെന്നു പറയുന്നവരുണ്ടാകാം. പക്ഷേ, അണക്കെട്ടു പണിയുന്നതോടെ ആ ഗ്രാമം വെള്ളത്തിനടിയിലാകും.
തെറ്റായ പുരോഗതിയുടെ കുത്തൊഴുക്ക് ഒരു ഗ്രാമത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്ന ഭീഷണി വെളിപ്പെടുത്തുകയാണ് ഇവിടെ. ആസന്നമായ അത്തരം നാശം, ഒരു വിധവയെ അവള് മരിക്കാനും അന്ത്യവിശ്രമം കൊള്ളാനും ആഗ്രഹിക്കുന്ന നാട്ടില്‍ നിന്ന് പിഴുതെറിയാന്‍ ഗൂഢാലോചന നടത്തുന്നുവെന്നു പറയാം.
ലെസിബ എന്ന പ്രാദേശിക വാദ്യോപകരണം വായിക്കുന്ന ഒരു കഥാകാരനെ ( ജെറി മോഫോകെങ് ) സംവിധായകന് അവതരിപ്പിക്കുന്നു. ഒരു ഗ്രാമീണ ഭൂപ്രകൃതിയില്‍ അയാളെ കാണിക്കുന്നതിനുപകരം, ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന നഗര പശ്ചാത്തലത്തില്‍ നിന്ന് അയാള്‍ പ്രേക്ഷകനോടു സംസാരിക്കുന്നു. ക്യാമറ ഇരുട്ടിലൂടെ മനോഹരമായി കടന്നുപോകുന്നു, അത് ഒരു ഗായകനെയല്ല, മറിച്ച് ലെസിബ എന്ന വിചിത്രമായ വാദ്യോപകരണം വായിക്കുന്ന വൃദ്ധനെയാണ് കാണിക്കുന്നത്. വൃദ്ധന് പറയുന്നു, ഖനിത്തൊഴിലാളികളേ, കരയുന്ന ദേശങ്ങളെക്കുറിച്ചുള്ള ഒരു സങ്കടകരമായ കഥ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന്.
ഒരു അണക്കെട്ട് പണിയാന്‍ വേണ്ടി സര്‍ക്കാര്‍ വെള്ളപ്പൊക്കമുണ്ടാക്കാനുദ്ദേശിക്കുന്ന, വംശനാശഭീഷണി നേരിടുന്ന പട്ടണം നസ്രത്താണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അവിടെ സ്ഥിരതാമസമാക്കിയ യൂറോപ്യന്‍ മിഷനറിമാര്‍ നല്കിയ പേരാണെങ്കിലും പ്രദേശവാസികള്‍ ഇതിനെ കരച്ചിലിന്റെ സമതലം എന്നാണ് ഇപ്പോഴും വിളിക്കുന്നത്.
വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, കോപത്തോടെ ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തുകയും ശക്തമായ ധിക്കാരത്തോടെ മാന്തോവ തിരിച്ചടിക്കുകയും ചെയ്യുന്നു. അവളുടെ പൂര്‍വികരുടെ ശവകുടീരങ്ങള്‍ പ്രളയത്തില്‍ നനഞ്ഞൊഴുകുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്ന അതേ വെറുപ്പ് ചുറ്റുമുള്ളവരിലും കുത്തിവയ്ക്കാന്‍ അവള് ശ്രമിക്കുന്നു. അവള് ആദ്യം നിയമപരമായ വഴിക്കു നീങ്ങുന്നു. വികസനത്തിന് വഴിയൊരുക്കാന്‍ ജന്മനാട് വിട്ടുപോകേണ്ടിവരുമെന്ന അവളുടെ തുറന്നുപറച്ചിലുകള്‍ ഒടുവില്‍ മറ്റുള്ളവരെയും ബാധിക്കുന്നു. സാംസ്കാരിക സമ്പ്രദായങ്ങളും ചടങ്ങുകളും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തേയും കഥപറച്ചിലിനെയും മിഥ്യയെയും ശക്തമായി സംയോജിപ്പിക്കുന്നു. നഷ്ടപ്പെടുന്നതിന്റെ ദുഃഖത്തില്‍ നിന്നുയിരായ നിരാശയും നിന്ദയും മനുഷ്യന്റെ സഹജസ്വഭാവമാണെന്ന് വെളിപ്പെടുത്തുന്നു.
ഒരു ജനതയുടെ ആത്മസ്നേഹത്തിന്റെയും അവരുടെ ഭൂതകാലത്തോടുള്ള ബഹുമാനത്തിന്റെയും പുനര്‍ജന്മത്തെ പ്രതീകപ്പെടുത്തുന്നു സിനിമ. അത് പുറമേ നിന്നുള്ളവരുടെ വിപരീത മൂല്യങ്ങളാല്‍ മലിനമാകുന്നതിന് മുമ്പ് വീണ്ടും ജ്വലിപ്പിക്കാനാണ് മാന്തോവ ശ്രമിക്കുന്നത്.
ഇത്രയും കാലം തങ്ങളെ വരുതിയില്‍ നിര്‍ത്തിയ അധികാര സ്ഥാപനങ്ങളോടുള്ള ഭയമോ ബഹുമാനമോ അവള് കുഴിച്ചിടുന്നു, കാരണം അങ്ങനെ മാത്രമേ അവരുടെ അഭിമാനം ഉയിര്ത്തെഴുന്നേല്ക്കൂ. അതാണ് സിനിമയുടെ ടൈറ്റില്‍ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റിസറക്ഷന് വെളിപ്പെടുത്തുന്നത്. അവളുടെ ആളുകള്‍ അവളുടെ കണ്ണിലൂടെ തങ്ങളുടെ കണ്ണുകള്‍ തുറക്കുകയാണ്.
അപ്പോള്‍ ഇതൊരു ശ്മശാനമല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. അതില്‍ ഒരു ഭാഗത്തില്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനമുണ്ട്. മറുഭാഗത്ത് വിലാപവും. മരണം ഒരു സങ്കീര്‍ണ്ണതയാണെന്ന് സംവിധായകന് ചൂണ്ടിക്കാണിക്കുന്നു. വിടപറയുന്നത് വേദനിപ്പിക്കും. പ്രത്യേകിച്ചും മാന്തോവയെപ്പോലെ നിങ്ങള്‍ മാത്രമായി ശേഷിക്കുമ്പോള്‍. എന്നാല്‍ ഇത് കുഴിമാടമല്ല, പുനരുത്ഥാനമാണ്. മരണത്തിന്റെ അടയാളപ്പെടുത്തലിലൂടെ ജീവിതം ആഘോഷിക്കാനുള്ള ഇടമാണ് കണ്ടെത്തേണ്ടത് എന്ന സന്ദേശമാണ് സിനിമ പകര്‍ന്നു തരുന്നത്.
സിനിമയുടെ ആദ്യപ്രദര്‍ശനത്തിനു ശേഷം നായികയായ ദക്ഷിണാഫ്രിക്കന്‍ നടി മേരി ത്വാല അന്തരിച്ചു. അവരുടെ ശരീരത്തില്‍ മാന്തോവയെന്ന നായിക സ്ക്രീനില്‍ പുനര്‍ജ്ജനിക്കുകയാണ്. മികച്ച ഛായാഗ്രഹണ ചാരുതയും നല്ലൊരു സന്ദേശവും നല്‍കുന്നുണ്ടെങ്കിലും എല്ലാവരേയും ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റിസറക്ഷന് ഒരുപോലെ രസിപ്പിക്കണമെന്നില്ല.