ഈ അദ്ഭുതത്തില്‍ ഉള്ളംതുടിക്കാത്ത മനുഷ്യരുണ്ടാവില്ല. ഭൂമുഖത്തെ ഏറ്റവും വലിയ ഘോരവനത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് അമ്മയെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ മൂന്നു കുട്ടികളും 11 മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞും 40 ദിവസം ഒരു തുണയുമില്ലാതെ അതിഭയാനകമായ നനവാര്‍ന്ന ഇരുളിന്റെ വന്യതയിലെ അത്യാപത്തുകളെ നേരിട്ട് ജീവനോടെ രക്ഷകരുടെ കരങ്ങളില്‍ വന്നണയുന്ന മഹാകൃപാകടാക്ഷം. ആകുലതയോടെ ഒരു രാജ്യം മുഴുവന്‍ ആ കുരുന്നുകളുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്ഥിക്കുകയായിരുന്നു.
തെക്കേ അമേരിക്കയില്‍ കൊളംബിയയിലെ ആമസോണ്‍ മഴക്കാടുകളില്‍ കാകിത്ത, ഗ്വാവിയാരെ പ്രവിശ്യകളുടെ അതിര്‍ത്തിയിലെ സൊലാനോ യാരി വനാന്തരത്തില്‍ നിന്ന് ജൂണ്‍ ഒന്‍പതാം തീയതി വൈകീട്ട് ആര്‍മി റേഡിയോയിലൂടെയാണ് ആ സന്ദേശം രാജ്യതലസ്ഥാനമായ ബോഗൊട്ടയിലെത്തിയത്: ”മിലാഗ്രോ, മിലാഗ്രോ, മിലാഗ്രോ, മിലാഗ്രോ!” സ്പാനിഷ് ഭാഷയില്‍ ‘അദ്ഭുതം’ എന്ന് അര്‍ഥമുള്ള ആ വാക്ക് നാലുവട്ടം ആവര്‍ത്തിച്ചത് നാലു കുട്ടികളും രക്ഷപ്പെട്ടു എന്നു കൃത്യമായി സ്ഥിരീകരിക്കുന്ന മിലിറ്ററി കോഡ് ആയിരുന്നു. കൊളംബിയന്‍ സൈന്യത്തിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ജോയിന്റ് ടാസ്ക് ഫോഴ്സ് കമാന്‍ഡ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ പേദ്രോ സാഞ്ചെസിന്റെ നേതൃത്വത്തില്‍ 170 കമാന്‍ഡോകളും വനങ്ങളുമായി ആത്മബന്ധമുള്ള ഇരുന്നൂറോളം ഗോത്രവര്‍ഗ വോളന്റിയര്‍മാരും പത്ത് ബെല്‍ജിയന്‍ ഷെപേഡ് തിരച്ചില്‍ നായ്ക്കളും ചേര്‍ന്ന് നടത്തിയ ‘ഓപറേഷന് ഹോപ്’ രക്ഷാദൗത്യത്തിന്റെ വിജയം കൊളംബിയയ്ക്കൊപ്പം ലോകമാധ്യമങ്ങളും വന്‍ ആഘോഷമാക്കി. പ്രത്യാശ അദ്ഭുതമായി മാറിയതിന്റെ സാര്‍വലൗകിക ആനന്ദാതിരേകം.
ആമസോണ്‍ വനമേഖലയിലെ കാകിത്ത നദിക്കരയിലെ അരാരക്കുവാര പട്ടണത്തില്‍ നിന്ന് മേയ് ഒന്നിന് രാവിലെ സാന്‍ ഹോസെ ദെല്‍ ഗ്വാവിയാരെയിലേക്കു പുറപ്പെട്ട സെസ്ന 206 വിമാനം നിബിഡ വനത്തിനു മീതെ പറന്ന് അപപോറിസ് നദി പാതി പിന്നിടുമ്പോള്‍ എന്ജിന് തകരാറിലായതായി പൈലറ്റ് കണ്ട്രോള് ടവറിലേക്ക് മെയ്ഡേ ആപല്സന്ദേശം അയച്ചു. മുന്‍ ടാക്സി ഡ്രൈവറായ പൈലറ്റ് ഹെര്‍നന്‍ മുര്‍സിയ വിമാനം നദിയിലിറക്കാന്‍ ശ്രമിച്ചുവെങ്കിലും നിയന്ത്രണം വിട്ട് കൂറ്റന്‍ മരത്തലപ്പുകളിലിടിച്ച് അത് നിലംപൊത്തുകയായിരുന്നു. അരാരക്കുവാരയിലെ ഗോത്രവര്‍ഗ സങ്കേതത്തിലെ ഗവര്‍ണറായിരുന്ന മാനുവല്‍ റണോക്കിന്റെ ഭാര്യ മഗ്ദലേന മ്യുകുതുയി വലെന്സയും നാലു മക്കളും ഒരു ബന്ധുവുമാണ് വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മുതിര്‍ന്നവര്‍ മൂന്നുപേരും മരിച്ചു. പതിമൂന്നുകാരി ലെസ് ലി യാക്കോബോംബെയര്, ഒന്‍പതുവയസുള്ള അനുജ സൊലേനി, നാലുവയസുള്ള അനിയന് ടിയെന്‍ റണോക്, കുഞ്ഞനിയത്തി ക്രിസ്റ്റീന്‍ എന്നിവര്‍ കാര്യമായ പരിക്കൊന്നും കൂടാതെ അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ടു.
രാജ്യത്തെ കൊടുംകുറ്റവാളികളെ 1930കളില്‍ നാടുകടത്തിയിരുന്ന തുറന്ന ജയിലായിരുന്നു അരാരക്കുവാര. ചുറ്റും കൊടുങ്കാടാണ്. അവിടെ നിന്നു രക്ഷപ്പെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് മരണവാറന്റ് കൈപ്പറ്റുംപോലെയായിരുന്നു; കാട് അവരെ വിഴുങ്ങിക്കളയും. പഴയ തടവുപുള്ളികളുടെ സന്തതിപരമ്പരയില്‍ പെട്ടവരും ആദിമ വനവാസികളും ഉള്‍പ്പെടുന്ന ഇന്നത്തെ ജനവാസമേഖലയിലെ ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധപ്പെട്ട സായുധസംഘങ്ങളില്‍ നിന്ന് ജീവനു ഭീഷണി നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് ബോഗൊട്ടയിലേക്ക് താമസം മാറ്റിയ മാനുവല്‍ റണോക്കിന്റെ പക്കലേക്ക് മക്കളെയും കൂട്ടി പോകുമ്പോഴാണ് മഗ്ദലേന വിമാന അപകടത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മഗ്ദലേന തകര്‍ന്ന വിമാനത്തില്‍ നാലു ദിവസം ജീവനോടെ കിടന്നുവെന്നാണ് മക്കള്‍ പറയുന്നത്.
”നിങ്ങള്‍ ഇനിയും ഇവിടെ നില്‍ക്കേണ്ട. അപ്പന്റെ അടുക്കലേക്ക് പൊയ്ക്കൊള്ളൂ. എന്നെക്കാള്‍ നന്നായി അപ്പന് നിങ്ങളെ നോക്കും” എന്ന് അമ്മ അവസാനമായി പറഞ്ഞതായി മൂത്തമക്കള്‍ ഓര്‍ക്കുന്നു.
ചില ഗോത്രവര്‍ഗക്കാരാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും രണ്ടാഴ്ച കഴിഞ്ഞ്, മേയ് 16ന് കണ്ടെത്തിയത്. അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെടാനിടയില്ലെന്ന ധാരണയിലായിരുന്നു സിവില്‍ എയറോനോട്ടിക്സ് അതോറിറ്റി. കുട്ടികള്‍ക്ക് എന്തുപറ്റി എന്നതിനെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. എന്നാല്‍ തിരച്ചിലിനെത്തിയ കമാന്‍ഡോ സംഘം അപകടസ്ഥലത്തു നിന്ന് കുറച്ചു മാറി ഒരു പാല്കുപ്പിയും കത്രികയും മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയ ഹെയര്‍ ബാന്‍ഡും ഡയപറും കുഞ്ഞുപല്ലുകളുടെ പാടുള്ള പാതിതിന്ന ബക്കാബ മില്പെസോസ് കായും കണ്ടെത്തിയതോടെ കുട്ടികള്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷ ഉയര്‍ന്നു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റം കരുത്തരായ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഗറില ഗ്രൂപ്പായ ഫാര്‍ക് (റവല്യൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ – പീപ്പിള്‍സ് ആര്‍മി) ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായും രാജ്യത്തെ വന്‍കിട ലഹരിമരുന്ന് കാര്‍ട്ടലായ ക്ലാന് ദെല്‍ ഗോള്‍ഫോ തലവന്‍ ഓട്ടോനീലിന്റേതുപോലുള്ള സായുധവലയവുമായും ഏറ്റുമുട്ടാറുള്ള കൊളംബോ സ്പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകള്‍ ആമസോണ്‍ വനത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ഉയിടോട്ടോ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ലെസ് ലിയും സൊലേനിയും കാടിന്റെ രഹസ്യങ്ങളെല്ലാം അറിയാവുന്ന പെണ്‍കുട്ടികളാണ്. മുത്തശ്ശിയില്‍ നിന്നു പകര്‍ന്നുകിട്ടിയ പാരമ്പര്യജ്ഞാന സ്രോതസുകളില്‍ നിന്ന്, സൂര്യവെളിച്ചം നോക്കി ദിശ മനസിലാക്കാനും കാട്ടുപാതകള്‍ തിരിച്ചറിയാനും ഭക്ഷ്യയോഗ്യമായ കായ്കനികള്‍ കണ്ടെത്താനും വേട്ടയാടാനും മീന്‍പിടിക്കാനുമൊക്കെ അവര്‍ക്കറിയാം. തൊട്ടാല്‍ മാരകവിഷം തീണ്ടുന്ന ചെടികളും കൊടിയ വിഷമുള്ള അമ്പു തവളകളും ജഗ്വാര്‍ കടുവയും പത്തു മീറ്റര്‍ വരെ നീളമുള്ള അനക്കോണ്ടയും പലയിനം വിഷസര്‍പ്പങ്ങളും കുഞ്ഞന്‍ സിംഹക്കുരങ്ങും പേവിഷം പരത്തുന്ന വാമ്പയര്‍ വവ്വാലുകളും അപകടകാരികളായ പ്രാണികളും ഉറുമ്പുകളും കൊതുകുമെല്ലാം നിറഞ്ഞ കാട്ടില്‍ പട്ടാപ്പകലും കൂരിരുട്ടും വീര്‍പ്പുമുട്ടിക്കുന്ന ഈര്‍പ്പവുമാണ്. തോരാമഴയത്ത് സുരക്ഷിതമായി ഉറങ്ങാന്‍ ഒരിടം കണ്ടെത്തുക ദുഷ്കരം.
ഈ വെല്ലുവിളികളെയെല്ലാം നേരിട്ട് ഒരുവയസു തികയാത്ത കുഞ്ഞിനെയും മറ്റു രണ്ട് ഉടപിറപ്പുകളെയും ചേര്‍ത്തുപിടിച്ച് രക്ഷ തേടി ആമസോണ്‍ കാട്ടിലൂടെ അലഞ്ഞ പതിമൂന്നുവയസുള്ള ലെസ് ലി എന്ന പെണ്‍കുട്ടി കൊളംബിയയ്ക്കും ലോകത്തിനു തന്നെയും അതിജീവനത്തിന്റെ ഒരു ഐതിഹാസിക നായികയായി മാറിയത് അവള് അറിയുന്നുണ്ടാവില്ല.
വിമാനത്തിലുണ്ടായിരുന്ന ഫരീന കപ്പപ്പൊടിയും പാഷന്ഫ്രൂട്ടിനു സമാനമായ അവിക്യൂരേയുടെ ച്യൂവിങ് ഗം പോലെ ചവയ്ക്കാവുന്ന കുരുവും മില്പെസോസ് കായും മറ്റു കഴിച്ചാണ് അവര്‍ വിശപ്പടക്കിയത്. കുട്ടികള്‍ക്കായി നൂറോളം ഭക്ഷ്യകിറ്റുകളും സുരക്ഷിതരായി കഴിയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഉയിടോട്ടോ ഭാഷയില്‍ പതിനായിരം ലഘുലേഖകളും കാട്ടില്‍ വിവിധ ഭാഗങ്ങളിലായി ഹെലികോപ്റ്ററുകളില്‍ നിന്ന് സൈന്യം വിതറി. രക്ഷിക്കാന്‍ ദൗത്യസംഘം ഇറങ്ങിയിട്ടുണ്ടെന്ന് കുട്ടികളെ അറിയക്കാനും അവര്‍ക്ക് ധൈര്യം പകരാനുമായി മുത്തശ്ശി മരിയാ ഫാത്തിമ വലെന്സയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് വനത്തിനു മീതെ ലൗഡ് സ്പീക്കറിലൂടെ കേള്‍പ്പിച്ചുകൊണ്ടിരുന്നു. ദൂരേയ്ക്കു പോകാതെ ഒരിടത്ത് സുരക്ഷിതരായി തങ്ങാനായിരുന്നു നിര്‍ദേശം.
പത്തുപേര്‍ വീതമുള്ള കമാന്‍ഡോ യൂണിറ്റിനൊപ്പം എട്ട് തദ്ദേശീയ ആദിവാസികളും ഒരു തിരച്ചില്‍ നായയും എന്ന ക്രമത്തില്‍ വിമാന അപകടസ്ഥലത്തു നിന്ന് 323 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കാട് അരിച്ചുപെറുക്കിയാണ് ജനറല്‍ സാഞ്ചെസിന്റെ ദൗത്യസംഘം നീങ്ങിയത്. അന്‍പതു മീറ്റര്‍ വരെ ഉയരമുള്ള മരങ്ങളും അടിക്കാടും തിങ്ങിനിറഞ്ഞ വനാന്തരത്തിലെ ഇരുളില്‍ പത്തു മീറ്റര്‍ ഇടവിട്ടായിരുന്നു കമാന്‍ഡോ വിന്യാസം. അതിനപ്പുറത്തേക്ക് ഒന്നും കാണാന്‍ പറ്റുമായിരുന്നില്ല. 20 – 30 മീറ്ററിനകത്ത് ഒരാള്‍ കൈവിട്ടുപോകാം. ഒറ്റപ്പെട്ടു പോയാല്‍ തിരിച്ചെത്താന്‍ കഴിഞ്ഞെന്നുവരില്ല. കാട് അവരെ വിഴുങ്ങും. രാത്രി ഹെലികോപ്റ്ററുകള്‍ അടയാള വെളിച്ചമായി ഫ്ളെയറുകള്‍ തെളിച്ചു. ഓരോ യൂണിറ്റും 250-300 കിലോമീറ്റര്‍ നടന്നുതീര്‍ത്തു. ദൗത്യസംഘം ഏതാണ്ട് 2,600 കിലോമീറ്റര്‍ തിരച്ചില്‍ നടത്തി. ഒടുവില്‍, വിമാനം തകര്‍ന്നിടത്തുനിന്ന് കേവലം അഞ്ചു കിലോമീറ്റര്‍ അകലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇതിന്റെ 20 – 50 മീറ്റര്‍ അടുത്തുകൂടെ രക്ഷാസംഘം പലവട്ടം കടന്നുപോയിരുന്നു. അപ്പോഴൊക്കെ കുട്ടികള്‍ പേടിച്ച് ഒളിച്ചിരിക്കാമെന്നാണ് അനുമാനം. വനത്തില്‍ വിമത ഒളിപ്പോരാളികളുടെ ഉപേക്ഷിക്കപ്പെട്ട പഴയ ടെന്റുകള്‍ കുട്ടികളെ ഭയപ്പെടുത്തിയിരിക്കാം.
ഒരു നായ ഏതാനും ദിവസങ്ങള്‍ കുട്ടികളോടൊപ്പം കാട്ടില്‍ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ചെളിനിലത്ത് പതിഞ്ഞ ഈ നായയുടെയും കുട്ടികളുടെയും കാല്പാടുകളാണ് ദൗത്യസംഘത്തെ ശരിയായ ദിശയിലേക്കു നയിച്ചത്. സ്പെഷല്‍ ഫോഴ്സസിലെ വില്സന് എന്ന നായ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിരുന്നു. ഈ നായയാകാം കുട്ടികള്‍ക്കു തുണയായി അവരോട് ചങ്ങാത്തത്തിലായത്. എന്നാല്‍ ഒരുനാള്‍ അവന് എവിടെയോ പോയ്മറഞ്ഞു. ഏതെ വന്യശക്തിയുമായുള്ള ആകസ്മിക സമാഗമം അവന്റെ താളംതെറ്റിച്ചിരിക്കാമെന്നാണ് ആശങ്ക. കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഗിള്‍ കമാന്‍ഡോകള്‍ ഇപ്പോഴും ആമസോണില്‍ വില്‍സനെ തിരയുകയാണ്! ആരെയും ഉപേക്ഷിച്ചുപോവുകയില്ലെന്നത് സ്പെഷല്‍ ഫോഴ്സസിന്റെ ദൃഢപ്രതിജ്ഞയാണ്.
വനവാസത്തിനിടെ ഇളയ ഓമനകളുടെ പിറന്നാള്‍ കടന്നുപോയി. ക്രിസ്റ്റീന്‍ ഒരു വയസു തികഞ്ഞു, ടിയെന്‍ അഞ്ചുവയസും. കാട്ടില്‍ സമയമാപിനികള്ക്കൊന്നും അര്‍ഥമില്ല. രക്ഷാസംഘം എത്തിയപ്പോള്‍, ക്രിസ്റ്റീനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ലെസ് ലി ആദ്യം പറഞ്ഞത്, എനിക്കു വിശക്കുന്നുണ്ട് എന്നാണ്. ടിയെന്‍ അവരോട് പറഞ്ഞു: ഞങ്ങളുടെ അമ്മ മരിച്ചുപോയി.
നനഞ്ഞ നിലത്ത് ക്ഷീണിതരായി ഇരുന്ന കുട്ടികളുടെ പാദങ്ങളില്‍ പാദരക്ഷയ്ക്കു പകരം പഴന്തുണി ചുറ്റിയിരുന്നു. കുട്ടികളുടെ പക്കല്‍ കണ്ടെത്തിയ രണ്ടു ചെറിയ ബാഗുകളില്‍ ഏതാനും ഉടുപ്പുകളും ഒരു ടവലും ഒരു ടോര്‍ച്ചും രണ്ടു സെല്‍ഫോണും ഒരു മ്യൂസിക് ബോക്സും ഒരു സോഡാകുപ്പിയും ഉണ്ടായിരുന്നു. ആ കുപ്പിയിലാണ് ലെസ് ലി കുടിനീര് ശേഖരിച്ചിരുന്നത്.
തെര്‍മല്‍ ബ്ലാങ്കറ്റ് പുതപ്പിച്ച് കുട്ടികളുടെ വീഡിയോ എടുത്ത് നിമിഷങ്ങള്‍ക്കകം അവരെ ബോഗൊട്ടയിലെ സൈനിക ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശമുണ്ടായി. പാരാമെഡിക്കല്‍ സ്റ്റാഫുമായെത്തിയ ബ്ലാക്ഹോക്ക് ഹെലികോപ്റ്റര്‍ കാട്ടിനകത്ത് നിലത്തിറക്കാന്‍ കഴിയാത്തതിനാല്‍ വയര്റോപ് വിഞ്ച് ഉപയോഗിച്ച് അവരെ മരങ്ങള്‍ക്കു മീതെ ഉയര്‍ത്തി ഹെലികോപ്റ്ററില്‍ കയറ്റുകയായിരുന്നു. നിമിഷങ്ങള്‍ക്കകം അതിശക്തമായ ഇടിവെട്ടും മിന്നലും പേമാരിയുമുണ്ടായി.
കൊളംബോയിലെ നാഷണല്‍ ലിബറേഷന്‍ ആര്‍മി വിമത ഗ്രൂപ്പുകളുമായി ഹവാനയില്‍ വച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആമസോണിലെ അദ്ഭുതകരമായ രക്ഷാദൗത്യത്തിന്റെ വാര്‍ത്ത സ്ഥിരീകരിച്ചത്. ”അതിജീവനത്തിന്റെ അദ്വിതീയ വീരഗാഥ രചിച്ച നമ്മുടെ കാടിന്റെ മക്കള്‍ ചരിത്രത്തില്‍ ഇടംപിടിക്കും. അവര്‍ കൊളംബിയയുടെ മക്കളാണ്. ഗോത്രവര്‍ഗക്കാരുടെ നാട്ടറിവും സൈന്യത്തിന്റെ സാങ്കേതിക മികവും ഒത്തുചേര്‍ന്നാണ് ഈ ഐതിഹാസിക സംഭവം സാക്ഷാത്കരിച്ചത്. ഇത് രാജ്യത്തിന് വ്യത്യസ്തമായൊരു പാത തുറക്കുന്നു. ഇതാണ് സമാധാനത്തിന്റെ പാത,” പ്രസിഡന്റ് പറഞ്ഞു. രാജ്യത്ത് വിവിധ ഗോത്രസമൂഹങ്ങളും സൈന്യവുമായി നിലനില്‍ക്കുന്ന ശത്രുതയ്ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതിവരുത്താന്‍ ആമസോണ്‍ രക്ഷാദൗത്യം സഹായകമാകുമെന്നാണ് പലരുടെയും പ്രതീക്ഷ.
”ലെസ് ലിയുടെയും സൊലേനിയുടെയും ടിയെന്റെയും ക്രിസ്റ്റിന്റെയും യാതനകളും അവരുടെ ജീവന്റെ അദ്ഭുതവും നമുക്ക് ഐക്യത്തിന്റെയും പുനരുജ്ജീവനത്തിന്റെയും മഹത്തായ ദൃഷ്ടാന്തമാണ്,” കൊളംബിയന്‍ പോപ് ഗായിക ഷക്കീര ട്വീറ്റ് ചെയ്തു.
കുട്ടികളെ കണ്ടെത്തിയെന്നറിഞ്ഞ് അവരുടെ മുത്തശ്ശി ഫാത്തിമ വലെന്‍സിയ പറഞ്ഞു: ”ഭൂമി മാതാവിനോട് നന്ദിയുണ്ട്, അവരെ വിട്ടുതന്നതിന്.”
കാട് വന്യമായ പച്ചപ്പു മാത്രമല്ല, ആദിമ ശക്തിചൈതന്യം കുടികൊള്ളുന്ന ദിവ്യസ്ഥലി കൂടിയാണ് ആദിവാസികള്‍ക്ക്. പ്രകൃതിയും പഞ്ചഭൂതങ്ങളുമായി അവര്‍ക്ക് ആത്മീയബന്ധമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രികതയോളം പോന്ന കാടും കടലും 44 നദികളും നമുക്കുണ്ട്. എന്നാല്‍ കാട്ടറിവിലും കടലറിവിലും നാട്ടറിവിലും നമ്മുടെ കൈമുതല്‍ എത്ര പരിതാപകരമാണ്? പശ്ചിമഘട്ടത്തില്‍ ഏതെങ്കിലും ഉള്‍ക്കാട്ടില്‍ അകപ്പെട്ടാല്‍ ആനത്താരയും ചോലയും അരുവിയും പിന്തുടര്ന്ന് മനുഷ്യവാസസ്ഥലത്ത് എത്തിച്ചേരാന്‍ എത്രപേര്‍ക്കാകും? പ്രളയജലത്തില്‍ ഒലിച്ചുപോകാനുള്ള സാധ്യത നില്ക്കട്ടെ, സാധാരണ പുഴക്കടവില്‍ മുങ്ങിമരിക്കാതിരിക്കാന്‍ എന്താണ് ഉപാധി? കടലോരത്ത്, കടല്‍ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും ആഘാതങ്ങളെ അതിജീവിക്കാനുള്ള പോംവഴികള്‍ പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍, രക്ഷയുടെ യാനമിറക്കാന് എത്ര തലതൊട്ടപ്പന്മാര് നമുക്കിടയിലുണ്ട്?