ഖത്തറിലെ ബ്രിട്ടീഷ് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന കൊടുങ്ങല്ലൂര്‍ മതിലകംകാരന് അന്തപ്പന് മാസ്റ്റര്‍ക്ക് (ആര്‍ട്ടിസ്റ്റ് അന്തപ്പന്) ഫൊട്ടോഗ്രഫിയും ചിത്രരചനയും ഒരു ബലഹീനതയായിരുന്നു. വിദേശത്തേക്കു പോകുന്നതിനു മുമ്പും തിരിച്ചു വന്നതിനു ശേഷവും തന്റെ വീട് അദ്ദേഹമൊരു സ്റ്റുഡിയോയാക്കി മാറ്റി. ഏറ്റവും പുതിയ ക്യാമറകളും അനുബന്ധ സാമഗ്രികളും കൊണ്ടുവന്നു. പക്ഷേ സ്റ്റുഡിയോയുടെ നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രലോകം. അദ്ദേഹത്തിന്റെ ക്യാമറകള്‍ പ്രകൃതിയേയും മൃഗങ്ങളേയും പക്ഷികളേയും മനുഷ്യരേയും ഒപ്പിയെടുത്തു. നിരവധി പേരുടെ പോര്‍ട്രെയ്റ്റുകള്‍ ഓയില്പേസ്റ്റുകളുപയോഗിച്ച് വരച്ചു. ചടങ്ങുകള്‍ക്കിടയില്‍ നിന്ന് അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി….അപ്പച്ചനെ പോലെ വ്യത്യസ്തത ആഗ്രഹിച്ച പടംപിടുത്തക്കാരനായിരുന്നു ഡിസ്നിയും. പ്രദേശത്തെ ഏറ്റവും തിരക്കുളള ഫൊട്ടോഗ്രാഫറായിട്ടും പേഴ്സണല്‍ ഫൊട്ടോഗ്രാഫിക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നു. ആയിരക്കണക്കിനു മനോഹര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുമായി ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമെന്നല്ലാതെ മറ്റു പ്രദര്‍ശനങ്ങളോ മത്സരങ്ങളില്‍ പങ്കെടുക്കലോ ഇല്ല. സ്വന്തം ആത്മസംതൃപ്തിക്കു വേണ്ടി മാത്രമാണ് ഈ ചിത്രങ്ങള്‍ ഡിസ്നി പകര്‍ത്തുന്നത്. അനന്തമായ യാത്രകളിലാണ് ഇത്തരം ചിത്രങ്ങള്‍ ലഭിക്കുന്നത്. ഈ യാത്രകളാകട്ടെ പാദരക്ഷകളില്ലാതേയും. യാത്രകളുടെ മാസ്മരികതയും ഫൊട്ടോഗ്രാഫിയുടെ മാന്ത്രികതയും ഡിസ്നി പങ്കുവയ്ക്കുന്നു.
യാത്രയുടെ ലോകത്തേക്ക്
ഇപ്പോള്‍ 60 വയസ്സുണ്ട് ഡിസ്നിക്ക്. 1979ലാണ് എസ്എസ്എല്‍സി കഴിഞ്ഞത്. യാത്രയോടുള്ള താല്പര്യം നേരത്തേയുണ്ട്. എസ്എസ്എല്‍സി കഴിഞ്ഞ് വീട്ടില്‍ അല്പം സ്വതന്ത്ര്യം കിട്ടിതുടങ്ങിയതോടെ യാത്രകള്‍ ആരംഭിച്ചു. ആദ്യം ചുറ്റുപാടുമുള്ള സ്ഥലങ്ങളിലായിരുന്നു കറക്കം. സൈക്കിളിലായിരുന്നു അന്നു യാത്ര. പിന്നീട് കുറച്ചുകൂടെ ദൂരത്തേക്ക് ബസിലും മറ്റും പോയിത്തുടങ്ങി. ബൈക്ക് യാത്ര തുടങ്ങിയപ്പോള്‍ ദൂരം സുല്ലിട്ടു. എല്ലാവര്‍ഷവും കാലവര്‍ഷക്കാലത്ത് ബൈക്കില്‍ മഴയും കൊണ്ട് യാത്ര ചെയ്യുന്നത് ശീലം. ഗ്രാമത്തിന്റെയും ജില്ലയുടെയും അതിര്‍ത്തികള്‍ ഭേദിച്ച് ഡിസ്നിയുടെ വാഹനം കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. കാടുമുതല്‍ കടല്‍ വരെ നീളുന്ന യാത്രകള്‍. ഫൊട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ അപ്പച്ചനില്‍ നിന്നു സ്വായത്തമാക്കി. പടം പിടുത്തമാണോ യാത്രയാണോ കൂടുതല്‍ താല്പര്യം എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്പം ബുദ്ധിമുട്ടും. കാരണം, രണ്ടും ഹൃദയത്തിലലിഞ്ഞു ചേര്‍ന്ന വികാരങ്ങളാണ്. ഫൊട്ടോഗ്രഫി ഉപജീവനമാര്‍ഗം കൂടിയാണെങ്കിലും അതിനപ്പുറത്ത് ക്യാമറയുമായി ബന്ധമുണ്ട്. യാത്രകളില്‍ ക്യാമറ ഒഴിവാക്കാനാകാത്തത് അതുകൊണ്ടാണ്.
ഓര്‍മകള്‍ സൂക്ഷിക്കാന്‍ ഏറ്റവും പറ്റിയ ഇടം ചിത്രങ്ങള്‍ തന്നെയാണെന്ന് ഡിസ്നി പറയുന്നു.
ഓര്‍മകള്‍ തലച്ചോറില്‍ നിന്ന് മങ്ങുകയോ മറയുകയോ ചെയ്താലും ഫോട്ടോകള്‍ നല്ലവിധത്തില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം ആ ഫോട്ടോകള്‍ കാണുമ്പോള്‍ പല കാര്യങ്ങളും, പല വ്യക്തികളേയും, യാത്രകളേയും ഓര്‍മയില്‍ വരും. അതാണ് ഫൊട്ടോഗ്രാഫി കൊണ്ട് ഏറ്റവും വലിയ അനുഗ്രഹമായി തോന്നിയിട്ടുള്ളത്.
യാത്രാസംഘം
സ്വന്തം കാലില്‍ നില്ക്കാമെന്നായപ്പോഴാണ് വിപുലമായ രീതിയില്‍ യാത്രകള്‍ തുടങ്ങിയത്. സമാനഹൃദയരായ ചില സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ആരംഭിച്ചത് അങ്ങിനെയാണ്. നന്നായി പരിചയമുള്ളവരുമായി മാത്രമേ യാത്രകള്‍ ചെയ്യാവൂ. അല്ലെങ്കില്‍ യാത്രയുടെ എല്ലാ സുഖവും രസവും പോയിക്കിട്ടുമെന്നാണ് അനുഭവപാഠം. എല്ലാവരും ഫ്രീയാകുമ്പോള്‍ യാത്രപോകാറായിരുന്നു പതിവ്. പിന്നീട് യാത്ര നിശ്ചയിച്ച് എല്ലാവരും ഫ്രീയാകാന്‍ തുടങ്ങി. സുഹൃദ്ബന്ധത്തിന്റെ ഊഷ്മളത ഏറ്റവും കൂടുതല്‍ അനുഭവിച്ചറിയാന്‍ ഇടയാകുന്നത് ഇത്രയും യാത്രകളിലാണ്. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകും എന്നു പറയാറില്ലേ അതുപോലെ. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ എങ്ങിനെ നിങ്ങള്‍ക്കത് നേരിടാമെന്ന് ഈ കൂട്ടുകെട്ടിലൂടെയുള്ള യാത്രകളില്‍ ബോധ്യപ്പെടും. അതുകൊണ്ടു തന്നെ ഒറ്റയ്ക്കുള്ള യാത്രകള്‍ വളരെ കുറവാണ്. യാത്രകളില്‍ മദ്യപാനം ഉണ്ടാകില്ല.
എസ്എസ്കെ എന്ന ഒരു സംഘടനയുണ്ട്. സാഹസിക സംസ്കാരിക സംഘടന. അവരുടെ കൂടെ കുറേ യാത്രകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കാട്ടില്‍. ഗള്‍ഫില്‍ പോയത് ഒറ്റയ്ക്കാണ്. ഏകദേശം ഒരു മാസം യുഎഇ മുഴുവന്‍ കറങ്ങി.
രാജസ്ഥാനും ലഡാക്കും കശ്മീരും
ലഡാക്ക് നല്ലൊരു സ്ഥലമാണ്. വ്യത്യസ്തമായിട്ടുള്ള അത്തരമൊരു ഭൂപ്രകൃതി വേറെ എവിടേയും കണ്ടിട്ടില്ല. ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ലഡാക്ക് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമായാണ് തോന്നിയിട്ടുള്ളത്. ചുരങ്ങളുടെ നാട് എന്നാണ് ലഡാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലയപര്‍വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് കാരുടെ ഇഷ്ടസ്ഥലമാണ്. ബുദ്ധമതക്കാരെ ഇവിടം ധാരാളം കാണാം. ബുദ്ധരുടെ മൊണാസ്ട്രികള്‍, നദികള്‍, താഴ് വരകള്‍, തടാകങ്ങള്‍, ഗ്രാമങ്ങള്‍, മ്യൂസിയങ്ങള്‍ എല്ലാം മനോഹരമാണ്. ലേയാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. സമുദ്രനിരപ്പിന് 3500 മീറ്റര്‍ ഉയരത്തിലാണ് ലേ ടൗണ്‍ സ്ഥിതി ചെയ്യുന്നത്. ലേയില്‍ എത്തിയാല്‍ സഞ്ചാരികള്‍ക്ക് അവരവര്‍ക്ക് സഞ്ചരിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാം. മലയാടുകള്‍, ടിബറ്റന്‍ കാട്ടുകഴുതകള്‍, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീവികളെ ലഡാക്കില്‍ കാണാനാകും. ചിലപ്പോള്‍ ഹിമപുലികളെയും കാണാം. നമ്മള് പശുക്കളേയും എരുമകളേയും മറ്റും വളര്‍ത്തുന്നതു പോലെ ലഡാക്കുകാര്‍ വളര്‍ത്തുന്ന മൃഗമാണ് യാക്ക്. ലഡാക്കുകാരുടെ വസ്ത്രധാരണരീതിയും വ്യത്യസ്തമാണ്. മലനിരകളില്‍ എവിടേയും മനോഹരമായി നിര്‍മിച്ചിട്ടുള്ള ബുദ്ധവിഹാരങ്ങള്‍ കാണാം. കുളുമണാലിയില്‍ നിന്നു റോഡ് മാര്‍ഗമാണ് ഞങ്ങള്‍ ലഡാക്കിലേയ്ക്ക് പോയത്. വിമാനത്തിലും പോകാം. പക്ഷേ റോഡുമാര്‍ഗം പോകുമ്പോള്‍ നമുക്ക് ഭൂപ്രകൃതി നന്നായി ആസ്വദിക്കാന്‍ കഴിയും. അവിടെയുള്ള മലകള്‍ വളരെ വ്യത്യസ്തമായി തോന്നി. നമ്മുടെ നാട്ടിലെ മലകള്‍ ഏകദേശമെല്ലാം ഒരുപോലെയിരിക്കുമല്ലോ. ഗ്രിനിഷ്, ബ്രൗണിഷ്, വൈലറ്റ് അങ്ങനെ കുറെ തരം മലകളാണ് ലഡാക്കില്‍. ഇപ്പോള്‍ ഇന്നു കണ്ട രൂപമാവില്ല നാളെ കാണുമ്പോള്‍. മണ്ണിനും അവിടത്തെ പാറകള്‍ക്കും ബലക്കുറവായതുകൊണ്ട് രൂപം എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്നാണ് അറിഞ്ഞത്. മലകളുടെ പല ഭാഗങ്ങളും ഇടിഞ്ഞു വീണുകൊണ്ടിരിക്കും, അങ്ങിനെ രൂപം മാറിക്കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ ഭീമാകാരനായ ഒരു മനുഷ്യനെ പോലെയൊക്കെയാവും. കുറച്ചു കഴിയുമ്പോള്‍ രൂപം മാറും. ലോകത്തിലെ തന്നെ ജനവാസമുള്ള പ്രദേശങ്ങളില്‍ തണുപ്പുകൂടിയ രണ്ടാമത്തെ പ്രദേശമായ ദ്രാസ് ഇവിടെയാണ്. ചില സമയങ്ങളില്‍ പത്തടി കനത്തില്‍ വരെ മഞ്ഞുവീഴും. കുറെ കീലോമീറ്ററുകള്‍ യാത്ര ചെയ്താലേ ജനവാസമുള്ള സ്ഥലത്തെത്താന്‍ സാധിക്കുകയുള്ളൂ.
ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള മനോഹര മലയോര പട്ടണമാണ് കാര്‍ഗില്‍. ഇന്ത്യാ-പാക് യുദ്ധം നടന്ന ഈ സ്ഥലത്തുപോകാന്‍ കഴിഞ്ഞു. പാക്കിസ്ഥാന്‍കാര്‍ മലമുകളിലും നമ്മള് താഴെയാണ് നിന്നിരുന്നത് (സാധാരണ തണുപ്പു കൂടുമ്പോള്‍ രണ്ടു രാജ്യക്കാരും പിന്മാറാറുണ്ട്) പക്ഷേ പാക്കിസ്ഥാന്‍കാര്‍ പിന്മാറിയില്ല. അവര്‍ മുകളില്‍ തന്നെ നിന്നു. നമ്മള് താഴെയുമായിരുന്നു. അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍പ്പോലും നമ്മള് അവരെ തോല്‍പ്പിച്ചു. അന്ന് ഉപയോഗിച്ചിരുന്ന യുദ്ധസാമഗ്രികളെല്ലാം അവിടെ സൂക്ഷിച്ചിരിക്കുന്നു. അവിടെ വീരമൃത്യുവരിച്ച പട്ടാളക്കാരുടെ സ്മരണയ്ക്കായുള്ള ജ്യോതി അണയാതെ കത്തിക്കൊണ്ടിരിക്കും.
ഇന്ത്യയില്‍ മിക്കവാറും യാത്ര പൂര്‍ത്തിയാക്കി കഴിഞ്ഞു. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ലഡാക്കും കശ്മീരുമാണ്. രാജസ്ഥാന് മരുഭൂമിയിലെ യാത്രയും ഇഷ്ടമായി. ഗള്‍ഫില്‍ മരുഭൂമിയില്‍ പോയിട്ടുണ്ട്. പക്ഷേ അവിടെ നല്ല വാഹനങ്ങളുണ്ടായിരുന്നതു കൊണ്ട് മരുഭൂമിയുടെ കഠിന്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. രാജസ്ഥാനിലെ യാത്ര വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു. ചുട്ടുപൊള്ളുന്ന മണലിലൂടെ കിലോമീറ്ററുകള്‍ നടന്നിട്ടുണ്ട്. ഒട്ടകപ്പുറത്തായാലും കത്തുന്ന വെയിലിന് മറയൊന്നുമില്ല. രാജസ്ഥാന്‍കാരുടെ വേഷവും ആഭരണങ്ങളും വ്യത്യസ്തമാണ്. അവരുടെ കൊട്ടാരങ്ങള്‍, കോട്ടകളെല്ലാം ചരിത്രസ്മരണകളുണര്ത്തുന്നതാണ.് ഔറംഗാാബാദിലുള്ള അജന്ത, എല്ലോറ ഗുഹകളില്‍ ബിസി രണ്ട്, നാലിനുമിടയില്‍ ചെയ്ത വര്‍ക്കുകളാണ് എല്ലാം. നമ്മളെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കൊത്തുപണികളാണ് ഇവിടെ. വലിയ മലകളാണത്. അജന്തയില്‍ ആ മലകള്‍ തുരന്ന് കുറെ മുറികളാക്കിയിരിക്കുകയാണ്. ചുവരിലൊക്കെ കൊത്തുപണികളാണ്. എല്ലോറയില്‍ മലയുടെ മുകള്‍ ഭാഗത്തു നിന്നും തുരന്നിരിക്കുകയാണ്. കൊത്തുപണികളും വിഗ്രഹങ്ങളുമൊക്കെ കാണാം. അതിന്റെ ഇടയിലൂടെ നമുക്ക് പോകാം. വലിയൊരു ബുദ്ധന്റെ പ്രതിമയുമുണ്ട്. പുരാതനമായ പെയിന്റിംഗ് ഉണ്ട്. അവര്‍ ഉപയോഗിച്ചിരുന്നത് പ്രകൃതിയില്‍ നിന്നുള്ള പല വസ്തുക്കളും അരച്ചുണ്ടാക്കിയുള്ള നിറങ്ങളാണ്.
കശ്മീരാണ് മറ്റൊരു മനോഹരസ്ഥലം. ഞാന്‍ അവിടെ അഞ്ചു തവണ പോയിട്ടുണ്ട്. ഓരോ സീസണിലും പ്രകൃതിക്ക് പല കാഴ്ചകളായിരിക്കുമവിടെ. ഒരു സീസണില്‍ ഇലകള്‍ പച്ചയായിരിക്കും. അപ്പോള്‍ നമ്മുടെ കേരളത്തിലെ പോലെയായിരിക്കും. മറ്റൊരു സീസണില്‍ ഇലകള്‍ പഴുക്കുന്നു. അപ്പോള്‍ വ്യത്യസ്തമായിട്ടുള്ള നിറങ്ങളിലായിരിക്കും. നല്ല ഭംഗിയായിരിക്കും. മറ്റൊരു സീസണില്‍ ഇലകള്‍ കൊഴിയുന്നു. അപ്പോള്‍ താഴ് വര മുഴുവന്‍ മഞ്ഞുമൂടിക്കിടക്കും. അതും ഭംഗിയുള്ള കാഴ്ച തന്നെ. ചില വിദേശരാജ്യങ്ങളിലൊക്കെ ക്രിസ്മസ് സീസണില്‍ മഞ്ഞുവീഴുന്നതു ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ അതുപോലെരിക്കും. പിന്നെ പഴയപോലെയാവും.
കശ്മീരിലേയും ലഡാക്കിലേയും ജനങ്ങള്‍ പെരുമാറാന്‍ വളരെ നല്ലവരാണ്. കാണാനും സുന്ദരന്മാരും സുന്ദരികളുമാണ്. പ്രസിദ്ധമായ ദാല്‍ തടാകം കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്നതാണ്. ചില ഡിസംബര്‍ മാസങ്ങളില്‍ അവിടെ മഞ്ഞ് കട്ടയാകും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു കാണാന്‍ കഴിഞ്ഞിട്ടില്ല.
നാഗലാന്‍ഡ്
വ്യത്യസ്തമായി തോന്നിയ മറ്റൊരു സ്ഥലം നാഗാലാന്‍ഡാണ്. അവിടെ ഡിസംബറില്‍ ഗോത്രവര്‍ഗക്കാരുടെ ഒരു പ്രദര്‍ശനമുണ്ട്- വേഴാമ്പലിന്റെ ഉത്സവമെന്നണ് പേര്. അവരുടെ കലാരൂപങ്ങളും മറ്റും ഉണ്ടാകും. അവര്‍ മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നവരാണ്. വലിയ കാട്ടുപോത്തിന്റെയും ആനകളുടേയുമൊക്കെ കൊമ്പുകളുടെയൊക്കെ പ്രദര്‍ശനമുണ്ടാകും. അവര്‍ വേട്ടയാടാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധങ്ങളും മൃഗങ്ങളുടേയും മറ്റും തലയോട്ടികളും പ്രദര്‍ശിപ്പിക്കും. ചൈനക്കാരുടേതു പോലുള്ള ഭക്ഷണസാധനങ്ങളാണ് പലതും അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ ഞവുണിക്കപോലെയുള്ള ഒന്ന് പുഴുങ്ങിതരും. അതിനുള്ളില്‍ നിന്നു ഇറച്ചി മാത്രം എടുത്തു കഴിക്കണം. പട്ടി ഇറച്ചി ഉണ്ട്. പലര്‍ക്കും തീരെ ഇഷ്ടമാവില്ല. ഇറച്ചി ഉപ്പില്‍ പുഴുങ്ങിയാണ് അവര്‍ ഉപയോഗിക്കുന്നത്. മസാലകളൊന്നും ചേര്‍ക്കില്ല. ചെറിയ തവളകളെ വില്ക്കുന്നുണ്ടാവും. അത് ബജി ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കും. പട്ടുനൂല്‍പ്പുഴുക്കളും അവരുടെ മെനുവിലുണ്ട്. നാഗലാന്ഡുകാരില് നല്ല വിദ്യാഭ്യാസമുള്ളവര്‍ ധാരാളമുണ്ട്. കൂടുതലും ക്രൈസ്തവരാണ്. മേഘാലയവും അസമും ഗോവയും ബംഗാളുമെല്ലാം പോയ സ്ഥലങ്ങളില്‍ ഇഷ്ടപ്പെട്ടവയാണ്.
മധുര മനോഹര ചൈന
ഇന്ത്യയ്ക്കു പുറത്തു നേപ്പാളില്‍ രണ്ടു തവണ പോയി. വിദേശത്ത് പോയതില്‍ നഗരമെന്ന നിലയില്‍ എനിക്കു ഇഷ്ടമായ സ്ഥലം ചൈനയാണ്. നിയമം കര്ശനമായതുകൊണ്ടാകാം, എല്ലാവരും എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്ന സ്ഥലമാണ്. ട്രാഫിക്ക് ബ്ലോക്കില്ല. എല്ലാ റോഡുകള്‍ക്കും മുകളിലായി മറ്റൊരു വഴി കൂടി ഉണ്ട്. വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരു ലൈന്‍ വരച്ചിട്ടുണ്ടെങ്കില്‍ അതിനുള്ളില്‍ തന്നെയായിരിക്കും പാര്‍ക്കിംഗ്. 77 നിലയുള്ള ഒരു ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്. ലിഫ്റ്റിനൊക്കെ വലിയ വേഗതയാണ്. കണ്ണടച്ചു തുടക്കും മുമ്പ് ഏറ്റവും മുകളില്‍ എത്തിയിരിക്കും. സ്ഥലങ്ങളെല്ലാം നല്ല വൃത്തിയില്‍ സൂക്ഷിച്ചിരിക്കുന്നു. വെള്ളത്തിനും വൈദ്യുതിക്കും ക്ഷാമമില്ല. പക്ഷേ ഭക്ഷണ വിഭവങ്ങളൊന്നും പലര്‍ക്കും പിടിച്ചെന്നു വരില്ല. ചില ഹോട്ടലുകളില്‍ പോയാല്‍ പാമ്പ്, ഈയ്യാമ്പാറ്റ, കടലിലെ കുറെ കക്കകളുടെ വര്‍ഗത്തില്‍പ്പെട്ടവ, പൊടി മീനുകള്‍, ഞണ്ട് വര്‍ഗത്തില്‍പ്പെട്ടവ, ശംഖുകള്‍ ഇവയൊക്കെ ഓഡര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ പിടിച്ച് പാകം ചെയ്തു തരും.
വിമാനത്തിലിരുന്ന് നോക്കിയാല്‍ പല രാജ്യങ്ങളുടേയും പ്രധാന നഗരങ്ങളിലെല്ലാം ചിതറി കിടക്കുന്ന പോലുള്ള കെട്ടിടങ്ങളാണ് കാണുക. അതേ സമയം സിങ്കപ്പൂരിലായാലും ചൈനയിലായാലും പ്ലാന്‍ ചെയ്തു ഉണ്ടാക്കിയിട്ടുള്ള ബില്‍ഡിംഗുകളാണ്. വലിയ ഉയരമുള്ള കെട്ടിടങ്ങളും വളരെ ഭംഗിയോടും വൃത്തിയോടും കൂടി ചെയ്തിട്ടുണ്ട്. ഹോംങ്കോങ്ങും, മക്കാവ് ദ്വീപും ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്. അവിടങ്ങളില്‍ ചൂതുകളിയാണ് പ്രധാനമെങ്കിലും വളരെ ആധുനിക സംവിധാനങ്ങള്‍ കൂടുതലുണ്ട്. കസിനോവകളാണ് കൂടുതലും. ലോകത്തിലെ ഏറ്റവും വലിയ കസിനോവകളാണ് അവ. അതില്‍ കയറിയാല്‍ രാത്രിയും പകലും തിരിച്ചറിയില്ല.
വനയാത്രകള്‍
യാത്രകളില്‍ ഏറ്റവും കൂടുതല്‍ നടത്തിയിട്ടുള്ളത് കാടുകളിലൂടെയുള്ള സഞ്ചാരമാണ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ വളരെ ഇഷ്ടമാണ്. ഫൊട്ടോഗ്രാഫിക്കും സാധ്യതകള്‍ കൂടുതലാണ്. കേരളത്തിലും ഇന്ത്യയില്‍ പലയിടങ്ങളിലും കുറെ കാടുകളില്‍ ട്രക്കിങ്ങും ആനപ്പുറത്തുള്ള യാത്രകളും എല്ലാം ചെയ്തിട്ടുണ്ട്. നേപ്പാളിലെ കാട്ടില്‍ പോയത് പ്രത്യേക അനുഭവമായിരുന്നു. സുഹൃത്തുക്കളുമായി അടുത്തിടെ പോയത് കുറുക്കുമല, ചതുരംഗപാറ, കുറിങ്ങിമല എന്നിവിടങ്ങളിലാണ്. ഇതൊക്കെ കേരളത്തില്‍ തന്നെയുള്ളതാണ്. പിന്നെ കേരളത്തില്‍ പലരും കാണാത്ത നല്ല സ്ഥലങ്ങളുണ്ട്. എല്ലപ്പെട്ടി എന്ന ഒരു മലയുണ്ട്. അവിടെ ചില സീസണുകളില്‍ നട്ടുച്ചയ്ക്ക് മഞ്ഞുപെയ്തിട്ടു മരത്തില്‍ നിന്നു വെള്ളം വീഴുന്നത് കാണാം. പത്തു പതിനഞ്ച് അടി അകലെ നില്ക്കുന്ന ആളുകളെയൊന്നും കാണാന്‍ പറ്റില്ല. അത്രയ്ക്ക് കോടയാണ്. ഞങ്ങള്‍ വഴിയില്ലാത്ത സ്ഥലത്തുകൂടിയൊക്കെ സഞ്ചരിച്ചിട്ടുണ്ട്. ആനയും വിഷപാമ്പുകളുമടക്കമുള്ള പല ആക്രമണകാരികളായ മൃഗങ്ങളേയും ഇഴജന്തുക്കളേയുമൊക്കെ കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടിരിക്കുന്നത്.
നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ നാലു ദിവസം കാട്ടില്‍ താമസിച്ചു. അവിടെ കുറെയേറെ മൃഗങ്ങളെ കണ്ടു. പുലി, കണ്ടാമൃഗം, കാട്ടുപോത്തുകള്‍, മാനുകള്‍ അവയെയൊക്കെ കാണാം. കഴിക്കാനുള്ള ആഹാരസാധനങ്ങള്‍ യാത്രയില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരും. ഊരുകളിലോ സര്‍ക്കാര്‍വക സ്ഥലങ്ങളിലോ ഒക്കെയാണ് തങ്ങുക. രാത്രിയിലെ കാഴ്ചകള്‍ കാണാന്‍ പോകുന്നത് വളരെ രസകരമാണ്. രാത്രി കാടിന് മറ്റൊരു മുഖമാണ്. പകല്‍ നമ്മള് കേള്‍ക്കാത്തതും ശ്രദ്ധിക്കാത്തതുമായ പലതരം ശബ്ദങ്ങള്‍ കേള്‍ക്കാം. രാത്രി ഇറങ്ങിനടക്കുന്ന മൃഗങ്ങളെ കാണാം. ആനകള്‍ വെള്ളം കുടിക്കാന്‍ വരുന്നതും കാട്ടുപോത്തുകളെയും മാനുകളേയുമൊക്കെ കുറേ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു കരടി ഒരാളുടെ മുഖത്ത് അടിച്ചതിന് സാക്ഷ്യം വഹിച്ചു. അയാള്‍ക്ക് കുറെയേറെ പരിക്കുകള്‍ പറ്റി. പിന്നൊരിക്കല്‍ കൊടേക്കനാലില്‍ ചിന്നാറില്‍ പോപ്പോള്‍ ഒരു ഊരില്‍ ഒരു പെണ്‍കുട്ടിയെ കരടി വയറൊക്കെ കീറി കൊന്നിട്ടിട്ടുണ്ടായിരുന്നു. അങ്ങിനെ യാത്രക്കിടയില്‍ കുറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഗസ്റ്റ്യാര്കൂടത്തില് പോയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവുമധികം ഔഷധസസ്യങ്ങളുള്ള കാടാണ് അത്. ഒരു പ്രത്യേക അനുഭവമാണ്. പെട്ടെന്ന് മുകളിലേക്കു കയറാനൊന്നും പറ്റില്ല. ആദ്യത്തെ തവണ ഞങ്ങള്‍ പെട്ടുപോയി. ഒരു പൊതിച്ചോറ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ നിന്നു താഴെയെത്തിയപ്പോള്‍ അവശരായി. ഞാന്‍ ചെരുപ്പുപയോഗിക്കാത്തതുകൊണ്ട് കാലിന്റെ ഇടയില്‍ കല്ല് കയറി പരുക്ക് പറ്റി. ഒരു കണക്കിനാണ് താഴെ ഇറങ്ങിയെത്തിയത്. അഗസ്റ്റ്യാര്കൂടത്തിന്റെ ഏറ്റവും അറ്റത്ത് എത്തുമ്പോള്‍ വലിയ പാറയുണ്ട്. ആ പാറ കയറുന്നത് വളരെ ബുദ്ധിമുട്ടാണ്. കയറുമ്പോഴും ഇറങ്ങുമ്പോഴും കൈപിടിച്ചു സഹായിക്കാനൊന്നും പറ്റില്ല. ഇപ്പോഴവിടെ റോപ്പ് ഇട്ടിട്ടുണ്ട്. അതില്‍ പിടിച്ചു കയറാം. അവിടുന്ന് വീണാല്‍ മൂവായിരത്തോളം അടിതാഴ്ചയിലേക്കു പോകും. മുകളില്‍ ചെല്ലുമ്പോള്‍ മഞ്ഞാണ്. അവിടെ മരത്തില്‍ നിന്നൊക്കെ മഴപോലെ മഞ്ഞുവീഴും.
പാദരക്ഷകള്‍ ഉപയോഗിക്കാത്തതിന്റെ രഹസ്യം
1987 മുതലാണ് ചെരുപ്പിടാതായത്. തനിക്കാസമയത്ത് ശക്തമായ നടുവേദനയുണ്ടായിരുന്നു. പലപ്പോഴും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. ജോലി ചെയ്യാനൊക്കെ ബുദ്ധിമുട്ട്. യാദ്യശ്ചികമായി ഒരു പുസ്തകം (ഹെല്‍ത്ത് ഇന്‍ യുവര്‍ ഹാന്‍ഡ്സ്) വായിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ കൈകളുടേയും കാലുകളുടേയും അടിയില്‍ ശരീരത്തിന്റെ പ്രധാനപ്പെട്ട മര്‍മ്മങ്ങളുണ്ട്. ആ മര്‍മ്മങ്ങള്‍ നമ്മുടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തിനു സഹായിക്കുമെന്ന്. ചെരുപ്പ് ഉപയോഗിക്കാതിരുന്നാല്‍ ഈ മര്‍മ്മങ്ങള്‍ കൂടുതല്‍ സജീവമാകുമെന്ന്. ഞാനൊരു പരീക്ഷണമെന്ന നിലയ്ക്കു ചെരുപ്പ് ഉപയോഗിക്കാതെ കുറച്ചുനാള്‍ നോക്കി. എനിക്കു വലിയ വ്യത്യാസം തോന്നി. നടുവേദന മാറി. ആദ്യമൊക്കെ നടക്കുമ്പോഴും വാഹനങ്ങള്‍ ഓടിക്കുമ്പോഴും ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീടത് ശീലമായി. ചെരുപ്പ് ഇടണമെന്നു തോന്നാറില്ല. യാത്രക്കിടയില്‍ മുള്ളുകളുള്ള സ്ഥലത്തു മാത്രമേ ചെരുപ്പ് ഉപയോഗിക്കാറുള്ളു. വെള്ളത്തിലൊക്കെ ചവിട്ടുമ്പോഴൊക്കെ ഇപ്പോള്‍ വളരെ നല്ലതായി തോന്നുന്നു. എന്റെ കുടുംബ പാരമ്പര്യത്തില്‍ എല്ലാവര്ക്കും ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, കണ്ണിനു കാഴ്ചക്കുറവ് അങ്ങനെയുള്ള കാര്യങ്ങളൊക്കെയുണ്ട്.
പക്ഷേ എനിക്കീ രോഗങ്ങളൊന്നും ഇല്ല. കണ്ണട ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ചെറിയ അക്ഷരങ്ങളായാലും വായിക്കാന്‍ പറ്റും.
മാഗ്നറ്റിക് ഇലക്ട്രിക് പവര്‍ നമുക്ക് ലഭിക്കണമെങ്കില്‍ ഭൂമിയില്‍ ചവിട്ടി നടക്കുമ്പോഴേ കിട്ടുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്.
എവിടെ പോയാലും തണുത്ത വെള്ളത്തിലാണ് കുളി. കശ്മീരിലെ കൊടുംതണുപ്പത്തും തണുത്ത വെള്ളത്തില്‍ തന്നെ കുളിച്ചു. സ്വെറ്ററൊന്നും ഉപയോഗിക്കാറില്ല. അസുഖങ്ങള്‍ വന്നാല്‍ അലോപ്പതി മരുന്നു കഴിക്കാറില്ല. കൊറോണ വാക്സിനോ മറ്റേതെങ്കിലും പ്രതിരോധ കുത്തിവെയ്പോ എടുത്തിട്ടില്ല. ശരീരത്തില്‍ സൂചി കയറ്റിയിരിക്കുന്നത് ബ്ലഡ് ടെസ്റ്റ് ചെയ്യാനും ബ്ലഡ് കൊടുക്കാനുമാണ്. ഒരിക്കല്‍ ചുക്കന്‍ ഗുനിയ വന്നപ്പോഴും ഒരു മരുന്നും കഴിച്ചില്ല. ഒരു പ്രകൃതി ചികിത്സകന് പറഞ്ഞതനുസരിച്ച് രാവിലെയും വൈകിട്ടും നന്നായി വെയില് കൊള്ളുകയും വെള്ളം കുടിക്കുകയും ചെയ്തു. ഒന്‍പതു ദിവസത്തിനു ശേഷം വയറിളക്കി. അതിനു ശേഷം പനി കുറയുകയും സുഖമാകുകയും ചെയ്തു. ഇതെല്ലാം എല്ലാവരുടെ കാര്യത്തിലും ശരിയാകണമെന്നില്ല. ഓരോരുത്തരുടേയും ശാരീരിക സ്ഥിതിയും ജീവിതശൈലിയുമൊക്കെ അനുസരിച്ചിരിക്കുമിത്. പക്ഷേ ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്റെ ശരീരത്തിന് നല്ലതാണെന്നാണ് എനിക്ക് അനുഭവമായിട്ടുള്ളത്.