സെന്‍ട്രല്‍ റെയില്‍വേയിലെ 28,650 തസ്തികകളില്‍ 14,203 ഒഴിവുകള്‍ സുരക്ഷാ വിഭാഗത്തിലാണ്.
ഒഡീഷയിലെ ബാലാസോറിനടുത്ത് ബാഹാനഗാ ബസാര്‍ സ്റ്റേഷനില്‍, 3,400 യാത്രക്കാരുള്ള രണ്ട് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉള്‍പ്പെട്ട വന്‍ അപകടത്തില്‍ 288 പേര് മരിക്കുകയും 1,116 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മഹാദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഈ നൂറ്റാണ്ടില്‍ ഇന്ത്യന്‍ റെയില്വേയിലുണ്ടാകുന്ന ഏറ്റവും വലിയ അത്യാഹിതം. ദുരന്തഭൂമിയില്‍ വയലോരത്തു നിരത്തിയ മൃതദേഹങ്ങള്‍ക്കിടയിലും ആശുപതികളിലും മോര്‍ച്ചറികളിലും വേവലാതിയോടെ ഉറ്റവരെ തിരഞ്ഞുനടക്കുന്നവരുടെ സങ്കടക്കാഴ്ചകളും കാലും കൈകളുമറ്റ്, കനത്ത ക്ഷതങ്ങളും ആഴമേറിയ മുറിവുകളുമായി ജീവനുവേണ്ടി പൊരുതുന്നവരുടെ ചങ്കുപിളര്‍ക്കുന്ന ദൈന്യവും ഭുവനേശ്വറിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മോര്‍ച്ചറിയില്‍ ഇനിയും തിരിച്ചറിയാനാകാതെ എംബാം ചെയ്ത് സൂക്ഷിക്കുന്ന 83 അനാഥപ്രേതങ്ങളുടെ അനന്തമായ ഏകാകിത്വവും നമ്മുടെ ഉറക്കംകെടുത്തുമ്പോഴും, ഈ ദേശീയ ദുരന്തത്തെയും രാഷ്ട്രീയവത്കരിക്കുന്ന ചില ആഖ്യാനങ്ങള്‍ കിടിലംകൊള്ളിക്കുന്നതാണ്.
കോല്‍ക്കത്ത ഹൗറയ്ക്കടുത്ത് ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ജൂണ്‍ രണ്ടിന് വൈകീട്ട് 6.52ന് ബാഹാനഗാ ബസാര്‍ സ്റ്റേഷനിലെ മെയിന്‍ ലൈനിലൂടെ തെക്കോട്ടു കടന്നുപോകുന്നതിനു പകരം 128 കിലോമീറ്റര്‍ വേഗത്തില്‍ ലൂപ്പ് ലൈനിലേക്കു കടന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നിലെ വാഗനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭാരമേറിയ ഇരുമ്പയിരു നിറച്ച ചരക്കുവണ്ടിയിലിടിച്ചതിന്റെ ആഘാതത്തില്‍ കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ എന്ജിന് ഗുഡ്സ് ട്രെയിനിന്റെ മുകളിലെത്തുകയും അഞ്ചു കോച്ചുകള്‍ കീഴ്മേല്‍ മറിയുകയും 21 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു. ഇതിനിടെ, എതിര്‍ദിശയില്‍ നിന്ന് ഡൗണ്‍ ലൈനിലൂടെ 126 കിലോമീറ്റര്‍ വേഗത്തില്‍ കടന്നുവന്ന എസ്എംവിടി ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ഒടുവിലത്തെ ബോഗികളിലേക്ക് തെന്നിത്തെറിച്ച കൊറമാണ്ഡലിന്റെ കോച്ചുകള്‍ ചെന്നിടിച്ച് അതിന്റെ ബ്രേക്ക് വാനും രണ്ടു ബോഗികളും കീഴ്മേല്‍ മറിയുകയും 14 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു. മൂന്നു മിനിറ്റിനിടെയാണ് ഇരു യാത്രാവണ്ടികളും ഭൂകമ്പത്തിലെന്നോണം തകിടംമറിഞ്ഞ് ഞെരിഞ്ഞുതകര്‍ന്ന് ചിതറിത്തെറിച്ചത്.
കൊറമാണ്ഡല്‍ എക്സ്പ്രസ് റൂട്ട് മാറിയതാണോ പാളംതെറ്റി ലൂപ് ലൈനില്‍ കയറിയതാണോ എന്ന ചോദ്യം നിലനില്‍ക്കേ, ട്രാക്കു മാറി അപകടത്തില്‍ പെട്ടത് സിഗ്നലിങ് തകരാറുകൊണ്ടാണെന്ന് റെയില്‍വേയുടെ അഞ്ചംഗ വിദഗ്ധ സമിതി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്നും ‘ക്രിമിനല്‍കുറ്റത്തിന്റെ’ ഉത്തരവാദികളെ തിരിച്ചറിഞ്ഞുവെന്നും കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് പിറ്റേന്നുതന്നെ വെളിപ്പെടുത്തി. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് മാറ്റമാകാം അപകടകാരണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ‘ബോധപൂര്‍വമായ ഇടപെടല്‍’ ഉണ്ടായി എന്ന നിഗമനം അട്ടിമറി സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സൗത്ത് ഈസ്റ്റേണ്‍ സര്‍ക്കിളിലെ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ സ്റ്റാറ്റിയൂട്ടറി തെളിവെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരം മന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.
ലക്കില്ലാതെയും അശ്രദ്ധമായും മനുഷ്യജീവന് അപകടത്തിലാക്കുകയും ഗുരുതരമായ രീതിയില്‍ ക്ഷതമേല്‍പ്പിക്കുകയും സംഘംചേര്‍ന്ന് കുറ്റകൃത്യത്തിലേര്‍പ്പെടുകയും ചെയ്തു എന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 337, 338, 304എ, 34 വകുപ്പുകളും സുരക്ഷ അപകടത്തിലാക്കിയതിന് റെയില്‍വേ നിയമത്തിലെ 153, 154, 175 വകുപ്പുകളും വച്ചുകൊണ്ട് ബാലാസോര്‍ ഗവണ്മെന്റ് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ കൈയോടെ ഏറ്റെടുത്തു.
”കുറ്റകരമായ അശ്രദ്ധ” കാട്ടിയ പ്രതികള്‍ ആരെന്ന് എഫ്ഐആറില്‍ സൂചനയൊന്നുമില്ല. റെയില്‍യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ട്രെയിന്‍ അപകടങ്ങളുടെ കാരണവും മറ്റും അന്വേഷിക്കേണ്ട കമ്മിഷന് ഓഫ് റെയില്‍വേ സേഫ്റ്റി, സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലായിരിക്കുന്നത് അതിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ്. അതിസങ്കീര്‍ണമായ കൊലപാതകങ്ങളും സാമ്പത്തിക തട്ടിപ്പുകളും മറ്റും അന്വേഷിക്കുന്ന സിബിഐക്ക് റെയില്‍ സുരക്ഷയും സിഗ്നലിങ്ങുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ കാര്യങ്ങള്‍ പരിശോധിക്കാനുള്ള വൈദഗ്ധ്യമോ വ്യവസ്ഥാപിത സംവിധാനങ്ങളുടെയും രാഷ്ട്രീയപരവുമായ വീഴ്ചകളുടെ ഉത്തരവാദികളെ നിര്‍ണയിക്കാനുള്ള സ്വതന്ത്ര മാന്‍ഡേറ്റോ ഇല്ല എന്നിരിക്കേ, റെയില്‍വേ ആക്ട് ചട്ടപ്രകാരമുള്ള നിയമാനുസൃത അന്വേഷണങ്ങള്‍ക്ക് ഒരുകാതം മുന്നേ സിബിഐയെ ഇറക്കുന്നത് മറ്റെന്തോ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും കുറ്റപ്പെടുത്തുന്നുണ്ട്.
കാന്‍പുരില്‍ 2016 നവംബറില്‍ ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റി 150 പേര് കൊല്ലപ്പെട്ട ട്രെയിന്‍ അപകടത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന നിഗമനത്തില്‍ പ്രധാനമന്ത്രി മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചു. എന്നാല്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ എന്‍ഐഎ ആ കേസ് എഴുതിത്തള്ളിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചൂണ്ടിക്കാട്ടുന്നു. യുപിഎ ഭരണത്തില്‍ റെയില്‍ മന്ത്രിയായിരുന്നു അദ്ദേഹം. വാജ്പേയിയുടെ എന്‍ഡിഎ മന്ത്രിസഭയിലും മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ മന്ത്രിസഭയിലും റെയില്‍വേയുടെ ചുമതല വഹിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും സിബിഐ അന്വേഷണം സത്യം മറച്ചുവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രഹസനമാണെന്ന് ആരോപിക്കുന്നു.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴി തൊട്ട്, ”75 ആഴ്ചയില്‍ 75 വന്ദേഭാരത് ഹൈസ്പീഡ് ട്രെയിനുകള്‍” വരെ അത്യാധുനിക ലക്ഷ്വറി ട്രെയിനുകളുടെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തം പേരില്‍ എഴുതിചേര്ക്കാന് ആഗ്രഹിക്കുന്ന പ്രധാനമന്ത്രി, ബ്രിട്ടീഷ് ഭരണകാലത്ത് 1853-ല്‍ ആരംഭിച്ച ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് അടിമുടി മാറുന്നത് 2014നുശേഷമാണെന്നും അവകാശപ്പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യന്‍ റെയില്‍വേയുടെ 68,000 കിലോമീറ്റര്‍ വരുന്ന റെയില്‍പാതയില്‍ പ്രതിദിനം രണ്ടുകോടിയിലേറെ യാത്രക്കാര്‍ സഞ്ചരിക്കുന്നു. 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 2.4 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായുള്ള പദ്ധതിച്ചെലവു വിഹിതം. ധനസ്രോതസിനു കുറവൊന്നുമില്ലെന്ന് വ്യക്തം. എന്നാല്‍ ഹൈസ്പീഡ് ഗ്ലാമറിന്റെ പുറമ്പൂച്ചിനപ്പുറം, ട്രാക്കുകളുടെയും കോച്ചുകളുടെയും (റോളിങ് സ്റ്റോക്ക്) അറ്റകുറ്റപ്പണിക്കും സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടത്ര തുക നീക്കിവയ്ക്കുന്നില്ല. ഇത്തവണ കേന്ദ്ര ബജറ്റില്‍ ട്രാക്ക് നവീകരണ തുക 14% വെട്ടിക്കുറച്ചിരിക്കയാണ്.
ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നതു തടയാനുള്ള ‘കവച്’ എന്ന നാഷണല്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം, വന്ദേഭാരത് പോലെ മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഏറെ ഘോഷിക്കപ്പെടുന്ന സംവിധാനമാണ്. യൂറോപ്യന്‍ ട്രെയിന്‍ കണ്ട്രോള് സിസ്റ്റത്തെ വെല്ലുന്ന സുരക്ഷാ സംവിധാനമായാണ് അശ്വിനി വൈഷ്ണവ് ഇതിനെ വാഴ്ത്തുന്നത്. മമതാ ബാനര്‍ജി റെയില്മന്ത്രിയായിരിക്കേ ആരംഭിച്ച ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഒഡീഷയില്‍ ദുരന്തത്തിലകപ്പെട്ട ട്രെയിനുകളിലോ ആ റൂട്ടിലോ കവച് പരിരക്ഷ എത്തിയിട്ടില്ല. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണില്‍ 65 ലോക്കോമോട്ടീവിലും 1,445 കിലോമീറ്റര്‍ റൂട്ടിലും 134 സ്റ്റേഷനുകളിലുമാണ് ഇത് വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ സെക്ഷനില്‍ 2,951 കിലോമീറ്ററില്‍ 2024-ല്‍ കവച് കമ്മിഷന് ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ നാലു ശതമാനം റൂട്ടില്‍ മാത്രമേ കവച് സംരക്ഷണമുള്ളൂ! എന്തായാലും, ബാലാസോറിലേതു പോലുള്ള അപകടം തടയാന്‍ കവച് സംവിധാനത്തിനു കഴിയുകയില്ല. ഒരേ ട്രാക്കില്‍ വരുന്ന ട്രെയിനുകള്‍ എമര്‍ജന്‍സി ബ്രേക്കിട്ടു പിടിച്ചുനിര്‍ത്താന്‍ അവ തമ്മില്‍ ഏറ്റവും ചുരുങ്ങിയത് 600 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ അകലം വേണം.
2019-20ലെ റെയില്‍ സുരക്ഷാ റിപ്പോര്‍ട്ടില്‍ 70% അപകടങ്ങളും പാളംതെറ്റല്‍ മൂലമാണെന്ന് എടുത്തുകാട്ടിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 422 പാളംതെറ്റലുണ്ടായതായി 2022-ലെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ അധിക ജോലിഭാരം റെയില്‍ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്. 2023 ജനുവരിയിലെ കണക്കുപ്രകാരം റെയില്‍വേയില്‍ സുരക്ഷ, മെയ്ന്റനന്‍സ്, എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 3.12 ലക്ഷം നോണ്‍-ഗസറ്റഡ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേയിലെ 28,650 തസ്തികകളില്‍ 14,203 ഒഴിവുകള്‍ സുരക്ഷാ വിഭാഗത്തിലാണ്.
മൈസൂര്‍ റെയില്‍വേ ഡിവിഷനിലെ ബിരൂര്‍-ചിക്ജാജുര് സെക്ഷനിലെ ഹോസ്ദുര്‍ഗ് റോഡ് സ്റ്റേഷനില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് തകരാര്‍ കാരണം രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒരു ലോക്കോപൈലറ്റിന്റെ ജാഗ്രതയും ട്രെയിനിന്റെ വേഗക്കുറവും കൊണ്ടുമാത്രം ഒഴിവായതിനെക്കുറിച്ച് റെയില്‍വേ സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വിവരിക്കുകയുണ്ടായി.
ട്രെയിന്‍ അപകടങ്ങളുടെ പേരില്‍ രാജിവച്ചൊഴിഞ്ഞിട്ടുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി, മാധവ്റാവു സിന്ധ്യ, നിതീഷ് കുമാര്‍ തുടങ്ങിയ റെയില്‍വേ മന്ത്രിമാരുടെ മാതൃകയില്‍ ഒഡീഷ ദുരന്തത്തിന്റെ ധാര്‍മിക ബാധ്യത ഏറ്റെടുത്ത് റെയില്‍മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അശ്വിനി വൈഷ്ണവ് തള്ളിയത്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രാഷ്ട്രീയ വിവാദത്തിന് നേരമില്ല എന്ന പ്രഖ്യാപനത്തോടെയാണ്. ഐഎഎസ് ഒഡീഷ കേഡറില്‍ ബാലാസോറിലും കട്ടക്കിലും ജില്ലാ കലക്ടറായി സേവനം ചെയ്തിട്ടുള്ള മികച്ച ടെക്നോക്രാറ്റ് പരിവേഷമുള്ള ഈ മന്ത്രി അപകടസ്ഥലത്ത് തകര്‍ന്ന ബോഗികള്‍ക്കടിയില്‍ നൂണും പാതയോരത്തെ അരമതിലില്‍ പരവശനായിരുന്നും 36 മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും, ട്രാക്കില്‍ നിന്ന് തകര്‍ന്ന ബോഗികളും മറ്റ് അവശിഷ്ടങ്ങളും നീക്കി 51 മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിക്കാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തതിന്റെ ട്വീറ്റുകളും വീഡിയോകളും ഷെയര്‍ ചെയ്ത് ബിജെപി പ്രചാരണ ടൂള്‍കിറ്റുകളില്‍ ആവേശം നിറച്ചു.
ദുരന്തത്തില്‍ പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ ചിലര്‍ ദുരന്തഭൂമിയുടെ പശ്ചാത്തലത്തില്‍ ഒരു മോസ്കിന്റെ ചിത്രം എന്ന പേരില്‍ പ്രദേശത്തെ ഇസ്കോണ്‍ ക്ഷേത്രത്തിന്റെ വിദൂരദൃശ്യം കാണിക്കുകയും, അപകടം നടന്നിടത്തെ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ മുസ്ലിം ആണെന്ന വ്യാജപ്രചരണത്തിനായി, തീവ്രഹൈന്ദവനായ റെയില്‍വേ ഉദ്യോഗസ്ഥന്റെ ഫോട്ടോ തന്നെ ഉപയോഗിക്കുകയും ചെയ്ത് രംഗം കൊഴുപ്പിച്ചു.
അതേസമയം, മനുഷ്യരായ സോദരങ്ങളുടെ ആര്‍ത്തനാദം കേട്ട് പാഞ്ഞെത്തിയ സാധാരണക്കാരായ നാട്ടുകാര്‍, പൊലീസും ദുരന്തനിവാരണസേനയും വന്നെത്തുംമുമ്പേ രാത്രിയിലുടനീളം കീഴ്മേല്‍ മറിഞ്ഞ ബോഗികള്‍ വെട്ടിപ്പൊളിച്ചും മറ്റും യാത്രക്കാരെ ജീവനോടെ രക്ഷിക്കാന്‍ കഴിയുന്നതൊക്കെ ചെയ്തു.
രക്തദാനത്തിനായി ആരും പറയാതെതന്നെ വലിയ ജനക്കൂട്ടം ആശുപത്രി പരിസരങ്ങളില്‍ കാത്തുനിന്നു. അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും ഭക്ഷണവും വെള്ളവും പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നും ഉപകരണങ്ങളും മരിച്ചവരെ പുതപ്പിക്കാനുള്ള ഷീറ്റുമൊക്കെയായി ബാലാസോര്‍ ക്രൈസ്റ്റ് ദ് കിങ് കത്തീഡ്രല്‍ ഇടവകയില്‍ നിന്ന് യുവജനങ്ങളും ബാലാസോര്‍ രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സന്നദ്ധസേവകരും ജ്യോതി ഹോസ്പിറ്റലിലെ സന്ന്യാസിനിമാരും നഴ്സുമാരും നഴ്സിങ് വിദ്യാര്‍ഥികളുമൊക്കെ ദുരന്തസ്ഥലത്ത് എത്തിയിരുന്നു. ഒഡീഷ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ കട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് ജോണ്‍ ബര്‍വ എസ് വിഡി ബാലാസോര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനെത്തി.
ആയിരത്തിലേറെ ജീവന് രക്ഷിക്കാന്‍ സഹായിച്ചവരെ – ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും പൊതുജനവും – സംസ്ഥാനം അഭിമാനത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പരസ്യപ്രസ്താവന നടത്തി. അശ്വിനി വൈഷ്ണവിന്റെ വീഡിയോയിലൊന്നും മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇത്തരം പ്രതീകങ്ങള്‍ക്ക് ഇടമുണ്ടായില്ല.
ഒടുവില്‍, ബാഹാനഗാ ബസാര്‍ യാര്‍ഡിലെ ചോരപ്പുഴ താണ്ടി ആദ്യ ട്രെയിന്‍ കടന്നുപോകുമ്പോള്‍ കൈകള്‍ കൂപ്പി മോദി ശൈലിയുടെ വാഴ് വില്‍ അശ്വിനി വൈഷ്ണവ് വണങ്ങിയതും കൈയിലെ മെഗാഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് ‘ഭാരത് മാതാ കീ’, ‘വന്ദേ മാതരം’ മുദ്രാവാക്യങ്ങള്‍ വിളിച്ചതും അവിടെ പിടഞ്ഞുവീണ മനുഷ്യരുടെ ആത്മാക്കള്‍ക്ക് ധന്യസ്മൃതിപൂജയാകുമോ?