‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം, അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം’
ഈ ഈരടി ഏതു മലയാളിയുടെ മനസ്സിലാണ് ഇടം പിടിച്ചിട്ടില്ലാത്തത്? ഗാനത്തിലെ ഗന്ധര്‍വ്വശബ്ദം എല്ലാവരും ഓര്‍ക്കും. പി. ഭാസ്കരന്റെ ലളിത സുഭഗമായ വരികളും. എന്നാല്‍ ആ ഗാനത്തിന് ആത്മാവു പകര്‍ന്ന സംഗീതജ്ഞനെയോ?
ചോദ്യം ഫാ. വില്യം നെല്ലിക്കലിന്റേതാണ്. ഒരൊറ്റ ഗാനം കൊണ്ട് മലയാള സംഗീത ലോകത്ത് സ്ഥിര പ്രതിഷ്ഠ നേടിയ സംഗീതസംവിധായകന് ജോബ് മാസ്റ്റര്‍ വിടവാങ്ങിയിട്ട് 2023 ഒക്ടോബറില്‍ രണ്ടു പതിറ്റാണ്ടുകള്‍ കഴിയും. സംഗീത സംവിധായകന് കെ.വി. ജോബിന്റെ ജീവചരിത്രകാരനാണ് ഫാ. വില്യം നെല്ലിക്കല്‍. പുസ്തകത്തിന്റെ പേര് ‘അല്ലിയാമ്പല്‍ക്കടവില്‍.’
26 അധ്യായങ്ങളിലൂടെ ഈ പുസ്തകം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുകയും ജോബ് മാഷ് എന്ന മിതഭാഷിയും നിഷ്കളങ്കനുമായ സംഗീത പ്രതിഭയുടെ പാദങ്ങളില്‍ നമസ്കരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും.
1965ല്‍ പി.എന്‍. മേനോന് സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ ‘അല്ലിയാമ്പല്‍ക്കടവില്‍’ ഗാനം ഉദയഭാനുവിന് വേണ്ടിയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പലവട്ടം ശ്രമിച്ചിട്ടും മദ്രാസിലെ അരുണാചലം സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗിന് എത്താന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു. അങ്ങനെയാണ് 21 വയസ്സുകാരനായ പുതുമുഖം കെ.ജെ. യേശുദാസ് ആ ഗാനം പാടിയത്. അതിനുമുമ്പ് മറ്റു പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനത്തോടെ യേശുദാസ് ഏറെ പ്രശസ്തനായി. മലയാളി തലമുറകളിലേക്ക് കൈമാറുന്ന ആര്‍ദ്രമായ പ്രണയഗാനമായി അത് മാറി.
10 സിനിമകള്‍ക്കു മാത്രം സംഗീതം നിര്‍വഹിക്കുകയും എന്നാല്‍ നൂറുകണക്കിന് ക്രൈസ്തവ ആരാധന ഗീതികള്ക്കും ഭക്തിഗാനങ്ങള്‍ക്കും ജീവനേകുകയും ചെയ്ത ജോബ് മാസ്റ്റര്‍ 1929 ജൂണ്‍ പതിനാറാം തീയതി കിണറ്റിങ്കല്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകനായി എറണാകുളത്ത് ജനിച്ചു. ചെറുപ്പത്തിലേ പിതാവില്‍ നിന്ന് സംഗീതത്തിന്റെ അഭിരുചി ജോബ് ഏറ്റുവാങ്ങി. പതിമൂന്നാം വയസില്‍ എസ്.എം. രാജഗോപാല ഭാഗവതരില്‍ നിന്നും ചിട്ടയായ കര്‍ണാടക സംഗീതാഭ്യസനം തുടങ്ങി. തൃപ്പൂണിത്തുറ രാഘവമേനോന്‍, സംഗീതഭൂഷന് ശിവരാമന് നായര്‍, എന്നിവരായി പിന്നീട് ഗുരുക്കള്‍. സംഗീതം അഭ്യസിക്കാന്‍ എറണാകുളം നോര്‍ത്തില്‍ നിന്ന് നടന്നാണ് തൃപ്പൂണിത്തറയില്‍ ജോബ് എത്തിയിരുന്നത്. സ്കൂള്‍ വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ നിര്‍ത്തിയ ജോബ് കുടുംബത്തെ സഹായിക്കാന്‍ 1942ല്‍ എറണാകുളം അതിരൂപതയുടെ മലബാര്‍ മെയില്‍ പ്രസ്സില്‍ ജോലി തേടി. എറണാകുളം മാര്‍ക്കറ്റിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ആസാദ് ക്ലബ്ബില്‍ ഹാര്‍മോണിയം വായനക്കാരനുമായി. ഗാനമേളകളും നാടക സംഗീതവും രാഷ്ട്രീയ സംഗീതവും ഇടകലര്‍ന്ന ആസാദിലെ സദസ്സുകള്‍ ജോബിന് ആവേശമായി.
എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ ഉണ്ണി മിശിഹാ പള്ളിയോട് ചേര്‍ന്ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ആരംഭിച്ച ഡോണ്‍ബോസ്കോ കലാസമിതിയില്‍ എത്തിയതോടെ ജോബ് മാഷിന്റെ ജീവിതത്തിന്റെ പുതിയ തുടക്കമായി. ഇവിടെ വച്ചാണ് തന്റെ സംഗീത പങ്കാളിയായ ജോര്‍ജ് പള്ളത്താനത്തെ അദ്ദേഹം കണ്ടെത്തുന്നത്. ജോബ് ആന്‍ഡ് ജോര്‍ജ് കൂട്ടുകെട്ട് അവിടെ ആരംഭിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജോര്‍ജ് മാഷ് കടവന്ത്ര സ്വദേശിയാണ്. കേരളത്തിലെ പ്രഥമ സംഗീത ജോഡിയാണ് ജോബ് ആന്‍ഡ് ജോര്‍ജ്.
ഫാ. മൈക്കിള്‍ പനക്കല്‍, ജെറി അമല്‍ദേവ്, ജോസഫ് മനക്കല് എന്നിവരോടുത്തുള്ള സംഗീതയാത്ര അവിടെ നിന്നാണ് ആരംഭിക്കുന്നത്. പി.ജെ.ആന്റണി, സി.ജെ തോമസ് എന്നിവരുടെ നാടകങ്ങളിലൂടെ ജോബ് ആന്‍ഡ് ജോര്‍ജ് മാഷിന്റെ സംഗീതം കേരളക്കരയില്‍ അലയടിച്ചു. പ്രഫഷണല്‍ നാടകത്തെ ജനകീയമാക്കുന്നതില്‍ അവര്‍ വലിയ പങ്ക് വഹിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ആരാധനക്രമത്തിന്റെ തദ്ദേശവല്‍ക്കരണം ഉണ്ടായി. ലത്തീന്‍ ഭാഷയില്‍ നിന്നു മലയാളത്തിലേക്ക് ആരാധനാക്രമം മാറിയപ്പോള്‍ ജോബ് ആന്‍ഡ് ജോര്‍ജിന്റെ സംഗീതം സഭയ്ക്ക് സഹായമായി.
കര്‍ത്താവേ കനിയണമേ (Kyrie), അത്യുന്നതങ്ങളില്‍ (Gloria). പരിശുദ്ധന് (Sanctus) ലോകത്തില്‍ പാപങ്ങള്‍ (Agnus Dei) സ്വര്‍ഗ്ഗത്തില്‍ വാഴും (Pater Noster) എന്നിങ്ങനെയുള്ള ഗീതങ്ങള്‍ അവര്‍ തയ്യാറാക്കിയതാണ്.
കര്‍ത്താവേ ആഴത്തില്‍ നിന്നും, വരുവിന്‍ ധന്യവിശുദ്ധന്മാരെ എന്നീ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ മരണവീടുകളില്‍ ഉണ്ടാകുന്ന നിശബ്ദത ഈ മഹത്തുക്കളുടെ സംഭാവന തന്നെയാണ്. അത്രമാത്രം ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സൃഷ്ടികളാണ് അവര്‍ നിര്‍വഹിച്ചത്.
ജോബ് മാഷിന്റെ ജീവിതത്തിലെ നിരവധി ദുഃഖകഥകളും പുസ്തകത്തിലുണ്ട്.
1958 ലെ സംഭവം ഒരു ഉദാഹരണമാണ്. പി.ജെ ആന്റണി എറണാകുളം പ്രതിഭാ തീയേറ്റേഴ്സിന് വേണ്ടി സംവിധാനം ചെയ്ത ‘ഭാരതം വിളിക്കുന്നു’ എന്ന നാടകത്തിലെ ഗാനങ്ങള്‍ ജോബ് മാസ്റ്ററാണ് ഈണം പകര്‍ന്നത്. വിമോചന സമരത്തിന്റെ ചൂട് നിലനില്‍ക്കുന്ന കാലം. കമ്മ്യൂണിസ്റ്റുകാരോട് സഹകരിച്ചു എന്ന പേരില്‍ മലബാര്‍ മെയില്‍ പ്രസ്സില്‍ ജോലി ചെയ്തിരുന്ന ജോബ് മാഷിനെ അവിടെ നിന്നു പിരിച്ചുവിട്ടു. അതാകട്ടെ അദ്ദേഹത്തിന് ഗുണകരമായി ഭവിക്കുകയും ചെയ്തു. മദ്രാസിലേക്കുള്ള കൂടുമാറ്റത്തിന് കാരണമാവുകയും പ്രഗത്ഭരോടൊത്ത് പ്രവര്‍ത്തിക്കാനാവുകയും ചെയ്തു.
26 അധ്യായങ്ങളിലൂടെ ഈ പുസ്തകം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുകയും ജോബ് മാഷ് എന്ന മിതഭാഷിയും നിഷ്കളങ്കനുമായ സംഗീത പ്രതിഭയുടെ പാദങ്ങളില്‍ നമസ്കരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹവചസ്സുകളും ഗാനഗന്ധര്വ്വന് യേശുദാസിന്റെ അവതാരികയും ജെറി അമല്‍ദേവിന്റെ അനുസ്മരണവും ഹൃദയത്തെ ആര്‍ദ്രമാക്കുന്നതാണ്.
പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് ആലപ്പുഴ തിയോ ബുക്സാണ്.