‘വീണത് വിദ്യ’ എന്നൊരു ചൊല്ലുണ്ട്. ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കെ. വിദ്യ എന്ന യുവതിയുടെ ‘വിദ്യയില്‍’ എസ്എഫ്ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനം ആണിപ്പോള്‍ ‘വീണി’രിക്കുന്നത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ വിദ്യക്കെതിരെ പൊലീസ് കേസെടുത്തുകഴിഞ്ഞു.
സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യേണ്ട, ത്യജിക്കേണ്ട മനോഹരവും തീക്ഷ്ണവുമായ ഒരു ഉജ്വല കാലത്തിനെയാണ് യുവത്വം എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം സോഷ്യലിസം സിന്ദാബാദ് എന്ന് വിളിച്ചു പഠിച്ച ഒരു വിദ്യാര്‍ഥി നേതാവ്, ഇമ്മാതിരി തോന്ന്യവാസം ചെയ്യുകയും രണ്ട് കോളജുകളില്‍ ഇതേ വ്യാജരേഖ കാട്ടി താല്‍ക്കാലിക ജോലി നേടി ശമ്പളം പറ്റുകയും ചെയ്തു എന്ന് വെളിപ്പെട്ടിരിക്കുന്നു.
വിളിച്ച മുദ്രാവാക്യവും പഠിച്ച പാഠങ്ങളും അല്ല, കള്ളത്തിന്മേല് കെട്ടിപ്പടുക്കാന്‍ പറ്റുന്ന ഒരു ജീവിത വിജയത്തെയാണ് ആ യുവതി ഉള്ളില്‍ കൊണ്ടു നടന്നത് എന്നുവേണം മനസ്സിലാക്കാന്‍. അത് മനസ്സിലാക്കിയതിനാല്‍ ആവണം, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ഡോ. ബിച്ചു. എക്സ്. മലയില്‍ പിന്മാറിയത്. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ. വിദ്യയുടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണിപ്പോള്‍. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അധ്യാപികയായ വിദ്യ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉത്തരകടലാസ് മുല്യനിര്‍ണ്ണയ ക്യാമ്പിലടക്കം പങ്കെടുത്തു എന്നും റിപ്പോര്‍ട്ടുണ്ട്.
നാണം കെട്ടും പണം നേടിയെന്നാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും എന്ന ലളിത യുക്തിയിലേക്ക് യുവത്വം കൂപ്പുകുത്തുന്നതിന്റെ തെളിവുകള്‍ നിത്യവൃത്താന്തങ്ങളില് നിറയുകയാണ്. വിദേശത്തുനിന്നു സ്വര്‍ണ്ണം അസ്ഥാനത്തുവരെ കുത്തിനിറച്ച് കൊണ്ടുവന്ന് വിമാനത്താവളങ്ങളില്‍ വച്ച് പിടിയിലാവുന്നവരില്‍ ഏറെയും ചെറുപ്പക്കാരാണ്. മയക്കുമരുന്ന് വ്യാപാരത്തിലെ കണ്ണികളും ഇവര്‍തന്നെ. എല്ലാ ചെറുപ്പക്കാരും അധാര്‍മികര്‍ എന്നല്ല, ഇതിന് മുന്‍പൊന്നും ഇത്തരം നുണുക്കു വിദ്യകളിലൂടെ പണവും അധികാരവും നേടിയവര്‍ ഉണ്ടായിട്ടില്ല എന്നുമല്ല -നാഴികയ്ക്ക് നാല്‍പ്പത് വട്ടം ജീവിതവിജയം, ജീവിതവിജയം നേടാന്‍ കുറുക്കുവഴികള്‍ പഠിപ്പിക്കുന്ന ‘ഇന്‍ഫ്ളുവന്‍സര്‍മാരും ‘ മോട്ടിവേഷന്‍ സ്പീക്കര്‍മാരും കൂടി ചേര്‍ന്നൊരുക്കുന്ന വാട്സ് ആപ് യൂണിവേഴ്സിറ്റി സാഹിത്യവും ഒക്കെയൊക്കെ തയ്യാറാക്കിവിടുന്ന ഒരു തലമുറയാണ് നമ്മുടെ കലാലയങ്ങളില്‍ നിന്നു പുറത്ത് വരുന്നത് എന്നാണ് പറഞ്ഞുവരുന്നത്.
ഒരു വിദ്യയുടെ സൂത്ര ‘വിദ്യ’ പുറത്തുവന്നു എന്നേ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യമുള്ളൂ. കാലങ്ങളായി ഇത്തരം സൂത്രങ്ങളിലൂടെ കസേരകളിയില്‍ വിജയിച്ചവര്‍ ഏറെയുണ്ട്. അത്തരക്കാര്‍ രാഷ്ട്രീയത്തിലുണ്ട്, അധ്യാപകരില്‍ ഉണ്ട്, ഉദ്യോഗസ്ഥരില്‍ ഉണ്ട്, മാധ്യമ പ്രവര്‍ത്തകരില്‍ ഉണ്ട്, പുരോഹിതരില്‍ വരെയുണ്ട് എന്ന് നമുക്കൊക്കെ അറിയാം.
മക്കളോട് ജീവിതത്തില്‍ വിജയിക്കണം എന്ന് മാത്രമല്ല, ജീവിതത്തില്‍ പരാജയപ്പെടും എന്നുവന്നാല്‍ പോലും നീതിയെ കൈവിടരുത് എന്ന് പറഞ്ഞുകൊടുക്കാന്‍ നമുക്ക് ആവുമോ എന്നതാണ് ചോദ്യം. മുന്‍ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്കില്‍ ‘എങ്കിലും എന്റെ വിദ്യേ..’എന്നൊരു ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘എങ്കിലും എന്റെ മക്കളേ’ എന്ന് ഞെട്ടേണ്ട ഗതികേട് വരാതിരിക്കാന്‍ നമുക്കും ഉണര്‍ന്നിരിക്കാം.