1995 ലെ ദേശീയ യുവജന കണ്വെന്ഷന് എറണാകുളത്ത് വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്തിലാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ 160 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്ന ഏഴു ദിനങ്ങള്‍. കണ്വെന്ഷന് കഴിഞ്ഞു തിരികെ പോകുന്ന പ്രതിനിധികള്‍ക്ക് ഓര്‍മയില്‍ തങ്ങുന്ന ഒരു സുവനീര്‍ സമ്മാനിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു.
ഏഴു ദിവസത്തെ കണ്‍വെന്‍ഷനില്‍ പാടുന്ന പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ഒരു കസെറ്റ് പുറത്തിറക്കാമെന്നു ധാരണയായി.
കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയം വിപുലമായൊരു ഗായക സംഘം വേദിയിലുണ്ടായിരുന്നു. വരാപ്പുഴ, കൊച്ചി, എറണാകുളം, കോട്ടപ്പുറം, തിരുവല്ല എന്നീ രൂപതകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നൂറ് ഗായകരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ സംഘത്തിന്റെ മുഖ്യഗായകന്‍ കെസ്റ്റര്‍ ആയിരുന്നു. ജോണ്സണ് മങ്ങഴയായിരുന്നു ക്വയര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍. പ്രഫ. ഒഎന്‍വി കുറുപ്പ് ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ബേണി -ഇഗ്നേഷ്യസ്, ഇപ്പോഴത്തെ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, ഡോ. പ്രീമുസ് പെരിഞ്ചേരി, ഫ്രെഡി പള്ളന്‍, ഇപ്പോള്‍ ജില്ല ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന നിക്സണ് എം. ജോസഫ്, ഫ്രെഡി പള്ളന്‍, പ്രഫ. റെക്സ് കണ്ണങ്കേരി, എല്‍ഡ്രിഡ്ജ് ഐസക്സ്, എന്നിവരുടെ സൃഷ്ടികളാണ് ഗായക സംഘം ആലാപനത്തിനായി ഒരുക്കിയത്.
പുതിയ ഗാനങ്ങള്‍ എഴുതി തയ്യാറാക്കി സംഗീതം നല്കി മൂന്നു മാസത്തെ പരിശീലനം നേടിയാണ് ഗായക സംഘം ഒരുങ്ങിയത്. കണ്‍വെന്‍ഷന്റെ തീം സോങ്ങ് തയ്യാറാക്കിയത് പ്രശസ്ത സംഗീത സംവിധായകനായ ഫാ. ചാള്‍സ് വാസ് ആയിരുന്നു. ഹിന്ദിയില്‍ തയ്യാറാക്കിയ ഗാനം എഴുതിയത് മെല്വിന് മെന്ഡോന്ക ആയിരുന്നു. തീം സോങ്ങിന് ‘യുവജനം വരുന്നിതാ ഏകലക്ഷ്യം കാണുവാന്‍’ എന്ന വരികള്‍ നല്കി മലയാളീകരിച്ചത് ഫാ. തദേവൂസ് അരവിന്ദത്തായിരുന്നു.
യുവജന കണ്വെന്ഷന് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് എറണാകുളം സിഎസിയിലാണ് റെക്കോര്‍ഡിംഗ് നടന്നത്. കോറസ് പാടുന്നതിനായി 50 ഗായകരെ പ്രത്യേകം തിരഞ്ഞെടുത്തിരുന്നു. ജോണ്സണ് മങ്ങഴയുടെ സംഗീത സംവിധാനത്തിലെ ആറ് ഗാനങ്ങളാണ് അന്ന് റെക്കോര്‍ഡ് ചെയ്തത്. റെക്കോര്‍ഡിംഗ് ഓര്‍മകള്‍ ജോണ്സണ് മങ്ങഴ ഓര്‍ക്കുന്നു. ”ദേശീയ യുവജന സംഗമത്തിന്റെ ക്വയര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രതിനിധികളുടേയും വൈദികരുടേയും ബിഷപ്പുമാരുടേയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. ഇന്ത്യയിലെ എല്ലാ രൂപതകളിലേയും പ്രതിനിധികളുടെ മുന്നില്‍ കൃത്യതയോടെയും പ്രശംസപിടിച്ചുപറ്റുന്ന തരത്തിലും പാട്ടുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
അന്നത്തെ നാഷണല്‍ യൂത്ത് ഡയറക്ടര്‍ ആയിരുന്ന ഫാ. ജോയല്‍ ഡിക്കുഞ്ഞ പിന്നീട് പല തവണ വേദികളിലും പറഞ്ഞത് ‘ എറണാകുളത്ത് കേട്ടതു പോലൊരു ഗാനാലാപനം പിന്നീട് ഒരിക്കലും കേട്ടിട്ടില്ല” എന്നാണ്.
നാഷണല്‍ യൂത്ത് കണ്‍വെന്‍ഷനില്‍ ഏറ്റവുമധികം അഭിനന്ദനം ഏറ്റുവാങ്ങിയത് ക്വയര്‍ കമ്മിറ്റിയായിരുന്നു. ഓരോ ക്ലാസുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ഇടയ്ക്ക് ഗായക സംഘം അതിമനോഹരമായി ആലപിച്ചിരുന്ന ഗാനങ്ങള്‍ മൂവായിരത്തോളം വരുന്ന പ്രതിനിധികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എല്ഡ്രിഡിജ് ഐസക്സ് ആയിരുന്നു ക്വയര്‍ കണ്ടക്ട് ചെയ്തത്. ഓരോ ഗാനം പാടുമ്പോഴും പ്രതിനിധികള്‍ കയ്യടിച്ചും നൃത്തം ചെയ്തുമാണ് ആസ്വദിച്ചിരുന്നത്. കണ്‍വെന്‍ഷന്റെ ആദ്യദിനം തന്നെ ഈ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കുമോ എന്ന അന്വേഷണങ്ങള്‍ തുടങ്ങിയിരുന്നു. അവസാന ദിനങ്ങളില്‍ കസെറ്റിന്റെ പ്രകാശനം നടന്നു’.
മുക്തിധാര എന്നാണ് കസെറ്റിനു പേര് നല്‍കിയത്. വിന്‍സ് പെരിഞ്ചേരിയാണ് കസെറ്റിന്റെ കവര്‍ രൂപകല്പന ചെയ്തത്. പത്ത് പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. കെസ്റ്റര്‍, സംഗീത, ജ്യോതി എന്നിവരായിരുന്നു പ്രധാന ഗായകര്‍. അന്‍പത് അംഗങ്ങളുള്ള യൂത്ത് ക്വയര്‍ കൂടെ ചേര്‍ന്നു.
യുവജനം വരുന്നിതാ,
പ്രേഷിത സോദരരാം നമ്മള്,
നിന്കരസ്പര്ശനം മതി,
ഭാരതഹൃദയ വിപഞ്ചിയിലുണരും,
ജനനീ ജന്മഭൂമി, നിന്നീല് നിന്നകന്ന്,
ചങ്ങലക്കെട്ടിന്റെ പിടിയില്‍ നിന്നീ ലോകം,
വരുന്നു ഞങ്ങളിതാ,
യേശു നായകാ ഏക രക്ഷകാ,
ഒന്നെന്ന ചിന്തയാല്‍.
എന്നീ ഗാനങ്ങളായിരുന്നു കസെറ്റില്‍ ചേര്‍ത്തിരുന്നത്. യുവജന സംഗമത്തില്‍ പങ്കെടുത്ത എല്ല പ്രതിനിധികളും കസെറ്റിന്റെ കോപ്പിയുമായാണ് എറണാകുളത്തുനിന്നും തിരിച്ചു പോയത്. ഇന്നും ഈ കസെറ്റിലെ ഗാനങ്ങള്‍ യുവജന സംഗമങ്ങള്‍ക്കും ദിവ്യബലിയിലും ഉപയോഗിക്കപ്പെടുന്നു.