ലോകപ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു കെ.എം റോയി. 1939 ഏപ്രില്‍ രണ്ടിന് എറണാകുളത്ത് ജനിച്ച അദ്ദേഹം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് പത്രപ്രവര്‍ത്തകനായി. കേരളപ്രകാശം, ദേശബന്ധു, കേരള ഭൂഷണം എന്നിവയുടെ പത്രാധിപസമിതി അംഗമായും ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദേശീയ വാര്‍ത്ത ഏജന്‍സിയായ യുഎന്‍ഐ എന്നിവയുടെ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. പിന്നീട് മംഗളം ദിനപത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും ജനറല്‍ എഡിറ്ററായി. കേരളത്തിലെ പത്രപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതില്‍ ഉജ്ജ്വല നേതൃത്വമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റും ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ സെക്രട്ടറി ജനറലുമായിരുന്നു കെ.എം റോയ്. എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം ഏറെ പ്രശസ്തനായി. പത്രപ്രവര്‍ത്തനത്തിന് ഇന്ത്യയിലും വിദേശങ്ങളില്‍ നിന്നും നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കി.
നോവലുകള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ് ഇരുളും വെളിച്ചവും. 29 വര്‍ഷം മംഗളം വാരികയില്‍ അദ്ദേഹം എഴുതിയ കോളം അതേ പേരില്‍ തന്നെ പുസ്തകമാക്കി. ഈ പുസ്തകത്തെക്കുറിച്ച് കെ.എം റോയ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇരുപത്തിയൊമ്പത് വര്‍ഷമാകുന്നു മംഗളം വാരികയില്‍ ‘ഇരുളും വെളിച്ചവും’ എന്ന പംക്തി എഴുതാന്‍ തുടങ്ങിയിട്ട്. ഇതിനിടയില്‍ വായനക്കാരില്‍ നിന്ന് ആയിരക്കണക്കിന് കത്തുകള്‍ എനിക്കു കിട്ടുകയുണ്ടായിട്ടുണ്ട്. അതിലധികവും എന്റെ ലേഖനങ്ങളിലൂടെ അവരുടെ ജീവിതത്തില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ നൂറുങ്ങുവെട്ടത്തെക്കുറിച്ചുള്ളതായിരുന്നു. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മസംതൃപ്തി. എന്റെ ചില ലേഖനങ്ങളിലെ സാമൂഹ്യ വിമര്‍ശനത്തെ പരുഷവും ഹീനവുമായ ഭാഷയില്‍ വിമര്‍ശിച്ചും ആക്ഷേപിച്ചും കൊണ്ടുള്ള ചില കത്തുകളും എനിക്ക് ലഭിക്കാറുണ്ട്. അതും എനിക്ക് ആത്മസംതൃപ്തിയാണ് നല്‍കുന്നത്. വിമര്‍ശനം കൊള്ളേണ്ടയിടങ്ങളില്‍ കൊണ്ടുവെന്നുള്ള ആത്മസംതൃപ്തി. അതോടൊപ്പം എനിക്കാണ് തെറ്റ് സംഭവിച്ചതെങ്കില്‍ അത് തിരുത്താനുള്ള അവസരം കിട്ടുന്നു എന്നുള്ള ആത്മസംതൃപ്തിയും.
ലോക ചരിത്രത്തില്‍ തന്നെ അദ്ഭുതമായ ഒരു പുസ്തകമാണിത്. 2021 സെപ്റ്റംബര്‍ 18ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശാശ്വതമായ സ്മരണയാണ് ‘ഇരുളും വെളിച്ചവും’ എന്ന പുസ്തകം. പണ്ഡിതനും പാമരനും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്ന പുസ്തകം. ലോക കാര്യങ്ങളില്‍ അദ്ദേഹം കാണിച്ചിട്ടുള്ള താല്പര്യവും അദ്ദേഹം നേടിയെടുത്ത അറിവും ഈ പുസ്തകത്തില്‍ ഉയര്ന്നുനില്ക്കുന്നു. മംഗളം ആഴ്ചപ്പതിപ്പ് കിട്ടിയാല്‍ ‘ഇരുളും വെളിച്ചവും’ ആദ്യം വായിക്കുന്ന പ്രകൃതം കൗമാരകാലത്ത് ഇതെഴുതുന്നവന് പോലും ഉണ്ടായിരുന്നു.
1360 പേജുകളുള്ള ഈ പുസ്തകം ഒരു മഹാഅദ്ഭുതം തന്നെയാണ്. ഓരോ ആഴ്ചയിലും എഴുതിയ കുറിപ്പുകള്‍ സാധാരണക്കാരുടെ കണ്ണുനീര് അകറ്റി എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല.
15 ലക്ഷം വരെ മംഗളം ആഴ്ചപ്പതിപ്പിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കാന്‍ കെ.എം റോയിയുടെ പംക്തിയും കാരണമായിരുന്നു.
2005ല്‍ ‘സന്തോഷത്തിന്റെ ചിത്രശലഭങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം എഴുതിയ ഒരു കുറിപ്പ് പുസ്തക വായനയെ പ്രചോദിപ്പിക്കാന്‍ അനുബന്ധമായി ചേര്‍ക്കുന്നു.
പണമുണ്ടെങ്കില്‍ കിട്ടാത്ത സന്തോഷമുണ്ടോ? എന്തൊരു ബോറന് ചോദ്യമാണെന്നായിരിക്കും ആര്‍ക്കും തോന്നുക? പക്ഷേ, ഈ ചോദ്യത്തിനു പുതിയ ഉത്തരങ്ങള്‍ തേടുകയാണിന്നു ലോകം. സാധാരണ മനുഷ്യരല്ല. സാമ്പത്തിക വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ പ്രമുഖര്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, എഴുത്തുകാര്‍ അങ്ങനെ പോകുന്നു ആ അന്വേഷകരുടെ വലിയ പട്ടിക. സന്തോഷത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ പുതിയ ചില നിഗമനങ്ങളിലെത്തിയ ലോകത്തെമ്പാടുമുള്ള ഇത്തരം നാനൂറോളം വിദഗ്ദ്ധരുടെ ഒരു അന്തര്‍ദേശീയ സമ്മേളനം തന്നെ അടുത്തകാലത്ത് ഉത്തര നൊവാസ്കോഷ്യായില് നടക്കുകയുണ്ടായി. എന്താണ് യഥാര്‍ത്ഥ സന്തോഷവും സമൃദ്ധിയുമെന്ന് കണ്ടെത്താനായിരുന്നു ആ സമ്മേളനം. സമ്മേളനം പൊതുവെ ഒരു കാഴ്ചപ്പാടിലാണ് ചെന്നെത്തിയത്. ജീവിതത്തിന്റെ സന്തോഷം എന്താണെന്നറിയണമെങ്കില്‍ ഭൂട്ടാനിലേക്ക് പോകണം എന്ന നിഗമനത്തില്‍.
ധനികരായവര്‍ സന്തോഷവാന്മാരായിരിക്കണമെന്നില്ല. അതാണ് സൗന്ദര്യവും കഴിവുമുള്ള പലരുടേയും കാര്യം. മറിച്ച് സന്തോഷമനുഭവിക്കുന്നവര്‍ ബാഹ്യമായ വലിയ കാര്യങ്ങളില്‍ നിന്നല്ല അത് നേടിയെടുക്കുന്നത്. കൊച്ചുകൊച്ചു കാര്യങ്ങളില്‍ അവര്‍ വലിയ സന്തോഷം കണ്ടെത്തുന്നു. വാസ്തവത്തില്‍ സന്തോഷം എന്നുപറയുന്നത് ഒരു ചിത്രശലഭംപോലെയല്ലേ ?
ചിത്രശലഭത്തെ പിടിക്കാന്‍ നാം പിറകെ നടന്നാല്‍ അത് പറന്നകന്നു പോയിക്കളയും. പക്ഷേ, ഒടുവില്‍ നിങ്ങള്‍ എവിടെയെങ്കിലും ചെന്നിരിക്കുമ്പോള്‍ ആ ചിത്രശലഭം വന്ന് നിങ്ങളുടെ ചുമലില്‍ ഇരിക്കും. അങ്ങനെ പിറകെ നടക്കാതിരുന്നിട്ടും ചുമലില്‍ വന്നിരിക്കുന്ന സന്തോഷത്തിന്റെ ചിത്രശലഭങ്ങളുമായി ജീവിക്കുന്നവരാണ് ഭൂട്ടാനിലെ മനുഷ്യര്‍!
വ്യത്യസ്തങ്ങളായ ആശയങ്ങളും വൈവിധ്യമാര്‍ന്ന വിഷയങ്ങളും അടക്കം ചെയ്ത ‘ഇരുളും വെളിച്ചവും’ വായിച്ചിട്ടിലെങ്കില്‍ മലയാള ഭാഷ പഠിച്ചത് വെറുതായിപ്പോകും.