2018 ൽ ഞാൻ കാഞ്ഞൂരാണ്. പ്രളയാനുഭവങ്ങളിൽ കുളിച്ചു നിന്ന നാട്. പാമ്പ് പടർന്നു നിന്ന മതിലിൽ കൈകുത്തി നീന്തിയതും, കടന്നു തിരിച്ചു നോക്കുമ്പോൾ റോഡുൾപ്പെടെ പാലം തകർന്നു നീങ്ങിയതും, ടിപ്പറിൽ ആളെ ഓടി നടന്നു കേറ്റി 6000 പേരുടെ ക്യാമ്പിൽ എത്തിച്ചതും, ജാതിമതം നോക്കാതെ ആറു ദിവസം മനുഷ്യർ ഒത്തു വാണതും.. ഭീതി മൂടി നിൽക്കുന്ന മണ്ണിൽ ഓരോ അടി പെരിയാർ ഉയരുന്നത് അടയാളം വച്ചു നോക്കി രാത്രി ഉറങ്ങാതിരുന്നതും, എന്റെ ജനം വീടുകളിൽ പെട്ടുപോയി അലറി വിളിക്കുമ്പോ പകച്ചു പോയതും ദുസ്വപ്നം പോലെ ഞെട്ടി തരിപ്പിക്കുന്ന ഓർമകളാണ് അന്നുമിന്നും. ‘പ്രളയം ബാക്കി വച്ചത് പ്രണയമാണെന്ന്’ പറഞ്ഞു ഒടുക്കം ഉള്ളിൽ തട്ടി ഞങ്ങൾ ചെയ്ത നാടകത്തിന്റെ പേര് “ജലം കൊണ്ട് പൊള്ളലേറ്റവർ”.
2019 ൽ ഇതുപോലെ ഒരായിരം അനുഭവങ്ങൾ ചോർന്നു പോകാതെ അത് പടമാകുന്നു എന്ന് കേട്ടതും ആ പടത്തിന്റെ ഫസ്റ്റ് ഷെഡ്യുൾ സെറ്റ് ഇട്ടതും ഷൂട്ട് ആരംഭിച്ചതും കാഞ്ഞൂരിൽ. അത് നോക്കി നിന്നതും ജൂഡിനെ കൊണ്ട് എടുത്താ പൊങ്ങാത്ത പണിയാണിതെന്ന് ഉള്ളിൽ പറഞ്ഞതും ഓർമ്മയുണ്ട്. ഇന്നലെ പടം കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയും ഞങ്ങൾ കടന്നു പോന്ന ഓരോ അനുഭവങ്ങളെയും അതുപോലെ relate ചെയ്യാൻ പറ്റി. ചിലയിടങ്ങളിൽ ആ ഭീതി, ചില വാർത്തകളിലെയും കാഴ്ചകളിലെയും രോമാഞ്ചം, കണ്ണു നനയിക്കുന്ന മനുഷ്യ ഗാഥകൾ ഒക്കെയും അതുപോലെ ഒരു തരി ക്രിഞ്ചടിക്കാതെ ഉൾപ്പുളകത്തോടെ കണ്ടെടുക്കാൻ പറ്റി. ചില സീനിലൊക്കെ അറിയാതെ കയ്യടിച്ചു.. കണ്ണു തുടച്ചു… മനുഷ്യൻ എന്ന കാഴ്ചയും മനുഷ്യത്വം എന്ന ആശയവും മരിക്കുകില്ല ഭൂമിയിൽ എന്ന പ്രത്യാശ വരികൾ പിന്നെയും ഒന്നുകൂടി പ്രളയ ജലം പോലെ ഇടിച്ചു കുത്തി വന്നു.
ജൂഡ് നിങ്ങൾ എങ്ങനൊക്കെ മുൻപ് വെറുപ്പിച്ചെന്നാലും ഓരോ മലയാളിയും മറക്കാത്ത കാലം അതുപോലെ വെള്ളിത്തിരയിൽ കൊണ്ടെത്തിച്ചതിൽ, ഡോക്യൂമെന്ററിയിലേക്ക് പോകാനുള്ള പ്രലോഭനങ്ങളെ ചിതറിയ കഥകൾ പോലെ കോർത്തതിന്, താരങ്ങളെ ആരെയും കാണാതെ കേരളത്തിലെ അന്നാളിലെ ഓരോ മനുഷ്യരെയും അനുഭവത്തെയും മാത്രം ജ്വലിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്.
ഇനീം ഉണ്ടല്ലോ കാണിക്കാൻ…വള്ളത്തിൽ കേറാൻ കുനിഞ്ഞു നിന്ന് കൊടുത്ത ചേട്ടനെന്ത്യേ? എവിടെ കടമുറി തുറന്നു തുണികൊടുത്ത നൗഷാദിക്ക, മുഖ്യമന്ത്രീടെ റോൾ കുറച്ചൂടി പൊലിപ്പിക്കണ്ടേ? പോലീസിനെ മറന്നതാണോ? വള്ളമിറക്കിയത് പളളിലച്ചൻ പറഞ്ഞിട്ട് മാത്രമാണോ? നേരാണ് നമ്മൾ കണ്ടത് എത്രയെത്ര കാര്യങ്ങളാണ്. എന്നിട്ടും എല്ലാം കൂടി വാരിവലിച്ചു നിരത്തി വച്ചു കാണിക്കാഞ്ഞതിനും ചിലതൊക്കെ രാഷ്ട്രീയമായി കാണിക്കാതെ നോക്കിയതും ജൂഡിന്റെ രാഷ്ട്രീയമാകാം. മേക്കിങ് കൊണ്ട് അയാളും ആർട്ട് ഡിയറക്ട്ടരും ക്യാമറയും എല്ലാം അടങ്ങുന്ന ടെക്നിക്കൽ സൈഡ് പക്ഷെ അതിനെയെല്ലാം ചികഞ്ഞു നോക്കാൻ ഇടമില്ലാത്ത വിധം എൻകേജിങ് ആക്കിയിട്ടുണ്ട്. VFX ഉണ്ടെന്നേ തോന്നിപ്പിക്കാത്ത വിധം blend ചെയ്തതും, ഒർജിനൽ പ്രളയം തന്നെ സെറ്റിട്ടതും അതുരണ്ടും വിദഗ്ദമായി എഡിറ്റ് ചെയ്തതുമെല്ലാം പിടിച്ചിരുത്തുന്നുണ്ട് റിയലെന്ന പോലെ തന്നെ. ടെക്നിക്കൽ ട്രാക്കും ഇമോഷണൽ ട്രാക്കും കൃത്യമായ അളവിൽ എറിച്ചു നിൽക്കാതെ ഇണങ്ങി ചേർന്നതിന്റെ സൗന്ദര്യം ആസ്വാദകന് കിട്ടുന്നുമുണ്ട്.
ഇനിയും പറയാത്ത ഒരുപാട് ഗാഥകൾ ഉണ്ടെന്നിരിക്കലും ഈ സിനിമ ഒരു കേരള സ്റ്റോറി ആകുന്നുണ്ട്. വെറുപ്പ് പടർത്താൻ മാത്രമുറച്ച Kerala Story കൾക്ക് മുകളിൽ മനുഷ്യനെ മതിലുകളില്ലാത്ത മനുഷ്യരാക്കുന്ന The Real Kerala Story കൊണ്ട് ഉചിതമായ സമയത്ത് മറുപടി കൊടുത്തതിനു ഈ ജനതയോടും പിന്നെ ഈ സിനിമയുടെ ടീമിനോടും ഞാൻ കടപ്പെട്ടവനാണ്…”നല്ലതൊന്നും എന്റെ കണ്മണീ ഭൂവിൽ നിന്നും അങ്ങനങ്ങു മായുകില്ലെടീ…”
തീയറ്ററിൽ തന്നെ കാണുക.. അപ്പോളൊക്കെയും നമ്മൾ ഒന്നായിരുന്നെന്ന് മറക്കാതിരിക്കാൻ എങ്കിലും