2007ല്‍ കേരള ലത്തീന്‍ സഭയുടെ മതബോധന പാഠ പുസ്തകങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഒന്നു മുതല്‍ ആറാം ക്ലാസ് വരെയുള്ള പാഠ പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതി പരിശോധിക്കാന്‍ അധികാരികള്‍ ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിനെ സമീപിച്ചു. പരിശോധനയ്ക്കു ശേഷം സിപ്പി സാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.
”ഇതില്‍ കുട്ടികളുടെ ഭാഷയില്ല. കുട്ടികളുടെ ഭാഷയിലൂടെ മാത്രമേ അവരോട് സംവദിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.” അങ്ങനെ പാഠപുസ്തകങ്ങള്‍ക്കു കൂടുതല്‍ കുട്ടിത്തം നല്കാന് സിപ്പി സാര്‍ സ്വയം തയ്യാറായി.
കൊച്ചു കുട്ടികള്‍ക്കായി പുതിയ മതബോധന ഗ്രന്ഥങ്ങള്‍ തയ്യാറാക്കാന്‍ തന്റെ സഭാധികാരികള്‍ സമീപിച്ചതിനെ സിപ്പി സാര്‍ ധന്യനിയോഗമായിട്ടാണ് കണ്ടത്. ആദ്യമായി കേരള സഭ എല്ലാ റീത്തിലേയും കുട്ടികള്‍ക്കായി പൊതു മതബോധന പുസ്തകങ്ങള്‍ തയ്യാറാക്കിയപ്പോഴും സിപ്പി സാറിന് ഇതേ നിയോഗമുണ്ടായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു അന്ന് മതബോധന കമ്മീഷന്റെ ചുമതലയുള്ള വൈദികന്. പിന്നീട് ഓരോ റീത്തിനും വെവ്വേറെ മതബോധന പുസ്തകങ്ങള്‍ വന്നപ്പോള്‍ തിരുവല്ല രൂപതയടക്കം നിരവധി രൂപതകളുടെയും ഓര്‍ത്തഡോക്സ് സഭയുടെയും പുസ്തകങ്ങള്‍ തയ്യാറാക്കിയത് സിപ്പി പള്ളിപ്പുറമായിരുന്നു.
ലത്തീന്‍ സഭയുടെ മതബോധന പാഠപുസ്തകങ്ങള്‍ നവീകരിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ഒന്നാം ക്ലാസ്സിലെ പുസ്തകം മുഴുവന്‍ എഴുതണമെന്നും ആദ്യ മുന്നു ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് പാട്ടുകളും എഴുതണമെന്നായിരുന്നു. എന്നാല്‍ അവര്‍ കൊണ്ടുവന്ന രണ്ടിലെയും മുന്നിലെയും പാഠഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതേണ്ടിവന്നു. കുട്ടികകളുടെ മനസിലേക്ക് ആശയങ്ങള്‍ ചെല്ലണമെങ്കില്‍ കഥാരൂപത്തില്‍ അവതരിപ്പിക്കണം. പാട്ടുകളെക്കുറിച്ച് സിപ്പി സാര്‍ പറയുന്നതിങ്ങനെ ”ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു മനസിലാവാനും എന്നും കേള്‍ക്കാനും പാടാനും തോന്നുന്ന രീതിയിലാണ് ഞാന്‍ ഈ പാട്ടുകള്‍ എഴുതിയത്. മുത്തശ്ശിപാട്ടുകളുടെ ശൈലിയും ഈണവുമാണ് വരികള്‍ക്ക് ഞാന്‍ തന്നെ നല്‍കിയത്. കുട്ടികളുടെ ലോകത്തിലൂടെ അവരെ നയിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പ്രകൃതി, ആകാശം, നിറങ്ങള്‍, പൂക്കള്‍, ജീവജാലങ്ങള്‍ എല്ലാം പാട്ടുകളില്‍ ഞാന്‍ കോര്‍ത്തിണക്കിയത്.”
വീടുകളെക്കുറിച്ചുള്ള പാട്ടിന്റെ വരികള്‍ ഇങ്ങനെ…
” എന്തു നല്ല വീട്
ഞാന്‍ പിറന്ന വീട്
അച്ഛനുണ്ട് വീട്ടില്‍
സ്വര്‍ഗമാണ് വീട്
അമ്മയുണ്ട് വീട്ടില്‍
ചേച്ചിയുണ്ട് വീട്ടില്‍
ചേട്ടനുണ്ട് വീട്ടില്‍
സ്വര്‍ഗമാണ് വീട്”
മറ്റൊരു ഗാനം
ഒരുമയുള്ള മക്കള്‍ നാം
കരുണയുള്ള മക്കള്‍ നാം
അരുമയായ മക്കള്‍ നാം
ദൈവമക്കളാണു നാം
എളിമയുള്ള മക്കള്‍ നാം
തെളിമയുള്ള മക്കള്‍ നാം
സ്നേഹമുള്ള മക്കള്‍ നാം
ദൈവമക്കളാണു നാം
മാലാഖയെക്കുറിച്ചുള്ള ഒരു ഗാനവും ഒന്നാം ക്ലാസിലെ പുസ്തകത്തിലുണ്ട്.
കൂട്ടിനുണ്ടൊരു മാലാഖ
കൂടെ നടക്കും മാലാഖ
നമ്മുടെ കാലടി തെന്നുമ്പോള്
കാവലിനുണ്ടൊരു മാലാഖ
രണ്ടാം ക്ലാസിലെ പുസ്തകത്തില്‍ വിലക്കപ്പെട്ട കനി എന്ന പാഠ ഭാഗത്തിനു വേണ്ടി തയ്യാറാക്കിയ പാട്ട് അനുസരണയെക്കുറിച്ചാണ്.
” അനുസരിച്ചു വളരണം
അരുമയായി വളരണം
നാടിതിന്നു നന്മ ചെയ്ത്
നല്ല മക്കളായ് മാറണം”
ഒന്നു മുതല്‍ ആറാം ക്ലാസു വരെയുള്ള പാട്ടുകള്‍ എല്ലാം സംഗീതം ചെയ്ത് റെക്കോര്‍ഡ് ചെയ്ത് രൂപതകള്‍ക്കു നല്‍കാനുള്ള വിപുലമായ പദ്ധതിയും ഇതോടൊപ്പം നടന്നു. സംഗീത സംവിധായകനും അന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താനിക്കാപ്പറമ്പില് ആയിരുന്നു എണ്‍പതോളം ഗാനങ്ങള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയത്. ഇതിന്റെ റെക്കോര്‍ഡിംഗില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പാട്ടുകാരും വൈദികരും കുഞ്ഞു പ്രതിഭകളും എല്ലാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറെ ക്ലേശങ്ങള്‍ സഹിച്ച് തയ്യാറാക്കിയ ഈ ഗാനങ്ങള്‍ കേരള ലത്തീന്‍ സഭ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്.