മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കും താഴ് വാരത്തെ ഭൂരിപക്ഷ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളായി എരിഞ്ഞുനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമങ്ങളുടെ പ്രത്യാഘാതമാണ് വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മണിപ്പൂര്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആളിപ്പടര്‍ന്ന കലാപം.
നാഗാലാന്‍ഡ് ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കും അക്രമം പടരുമെന്ന ആശങ്ക നിലനില്ക്കുന്നു. ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
തലസ്ഥാന നഗരമായ ഇംഫാലിലും ഗോത്രവര്‍ഗ മേഖലകളിലും ഉള്‍പ്പെടെ വ്യാപകമായ അക്രമങ്ങളിലും കൊള്ളിവയ്പ്പിലും 54 പേര് കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിന്റെ പതിന്മടങ്ങുവരും.
ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ സംഘടിത ആക്രമണമുണ്ടായി; വീടുകള്‍ക്കു പരക്കെ തീവച്ചു. 26 ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് വിവിധ ക്രൈസ്തവ സംഘടനകള്‍ കണക്കാക്കുന്നത്.
പതിനായിരത്തിലേറെ പേര് രക്ഷാസങ്കേതങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും കേന്ദ്ര സായുധസേനയും ഫ്ളാഗ് മാര്‍ച്ച് നടത്തുകയും കമാന്‍ഡോകളും മറ്റു സുരക്ഷാവിഭാഗങ്ങളും വിപുലമായ തോതില്‍ വിന്യസിക്കപ്പെടുകയും വ്യോമസേന തുടര്‍ച്ചയായി നിരീക്ഷണപറക്കല്‍ നടത്തുകയും ചെയ്ത സംസ്ഥാനത്ത് അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവു നല്‍കിയിരുന്നു.
കര്‍ഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിക്കുകയും സെല്‍ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് അഞ്ചുദിവസത്തേക്ക് പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തില്‍ കെടുതികളുടെ വിശദവിവരങ്ങള്‍ ഇനിയും ലഭ്യമല്ല. സംസ്ഥാന ജനസംഖ്യയില്‍ 53% വരുന്ന മെയ്തെയ് (മൈതി) വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിച്ച് നാലാഴ്ചയ്ക്കകം ഇതു സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റിന് സംസ്ഥാനം ശുപാര്‍ശ നല്‍കണമെന്ന മണിപ്പൂര്‍ ഹൈക്കോടി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റെ മാര്‍ച്ച് 27-ലെ ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ച് ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് മണിപ്പൂര്‍ ആഹ്വാനം ചെയ്ത ഐക്യദാര്‍ഢ്യ റാലിയെ തുടര്‍ന്നാണ് മേയ് മൂന്നിന് സംസ്ഥാനത്ത് വ്യാപകമായ വര്‍ഗീയ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇംഫാല്‍ ഉള്‍പ്പെടുന്ന സമതലപ്രദേശത്ത് വസിക്കുന്ന മെയ്തെയ് സമൂഹത്തില്‍ ബഹുഭൂരിപക്ഷവും വൈഷ്ണവ ഹിന്ദുക്കളാണ്; ഇവരില്‍ ചെറിയൊരു വിഭാഗം മുസ്ലിംകളും ക്രൈസ്തവരും സാനാമാഹി എന്ന പുരാതന വിശ്വാസപാരമ്പര്യത്തില്‍ പെട്ടവരുമുണ്ട്. പട്ടികജാതി, ഒബിസി സംവരണത്തിന് അര്‍ഹരാണ് സംസ്ഥാനത്ത് രാഷ്ട്രീയ അധികാര മണ്ഡലത്തിലും സാമ്പത്തിക മേഖലയിലും മെച്ചപ്പെട്ട നിലയിലുള്ള മെയ്തെയ് വിഭാഗം.
സംസ്ഥാനത്തെ തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ആവാസമേഖലയായ മലകളും വനമേഖലയും മണിപ്പൂരിന്റെ ഭൂവിസ്തൃതിയുടെ 90 ശതമാനം വരും. മെയ്തെയ് സമൂഹം വസിക്കുന്നത് ഭൂവിസ്തൃതിയില്‍ കേവലം 10 ശതമാനം വരുന്ന സമതലപ്രദേശത്താണ്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ പകുതിയിലേറെ വരും മെയ്തെയ് ഭൂരിപക്ഷ മേഖല. ഈ താഴ് വാരത്ത് ഗോത്രവര്‍ഗക്കാര്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാമെങ്കിലും ഗോത്രവര്‍ഗ മേഖലയായ മലകളില്‍ മെയ്തെയ് വിഭാഗത്തിന് ഭൂമി കൈവശപ്പെടുത്താന്‍ അവകാശമില്ല. പട്ടികവര്‍ഗ പദവിയിലൂടെ ഈ സ്ഥിതിവിശേഷം മാറും.
1949 വരെ തങ്ങള്‍ക്ക് ഗോത്രവര്‍ഗം എന്ന അംഗീകാരം ഉണ്ടായിരുന്നുവെന്നും 1950-ലെ ഭരണഘടന (പട്ടികവര്‍ഗ) ഉത്തരവിലൂടെയാണ് തങ്ങള്‍ക്ക് അത് നഷ്ടമായതെന്നും മെയ്തെയ് ട്രൈബ് യൂണിയന് എന്ന ഒരു വിഭാഗം വാദിക്കുന്നു. 2013-ല്‍ കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം ഇവര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നും പത്തുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ചു എന്നതിന് ഹില്‍ ഏരിയ കമ്മിറ്റി അധ്യക്ഷനും ഗോത്രവര്‍ഗ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റിനുമെതിരെ കോടതി ഷോക്കോസ് നോട്ടീസ് നല്‍കിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
മെയ്തെയ് സമൂഹത്തിന് പട്ടികവര്‍ഗ പദവി ലഭിക്കുന്നതോടെ, സംസ്ഥാനത്ത് നിലവിലുള്ള 36 പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് – ജനസംഖ്യയില്‍ 35.4% വരും ഈ ഗോത്രവര്‍ഗക്കാര്‍ – ഇന്ത്യന്‍ ഭരണഘടനയുടെ 371സി അനുഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണവ്യവസ്ഥകള്‍ ഇല്ലാതാകുമെന്നും 1972-ലെ ഹില്‍ ഏരിയാസ് കമ്മിറ്റി ഉത്തരവ്, 1960-ലെ മണിപ്പൂര്‍ ഭൂപരിഷ്കരണ, റവന്യൂ നിയമം, 1956-ലെ മണിപ്പൂര്‍ ഹില്‍ ഏരിയാസ് വില്ലേജ് അതോറിറ്റീസ് ആക്ട്, 1971-ലെ മണിപ്പൂര്‍ ഹില്‍ ഏരിയാസ് ജില്ലാ കൗണ്‍സില്‍ നിയമം തുടങ്ങി തങ്ങളുടെ പരിരക്ഷയ്ക്കായുള്ള നിയമവ്യവസ്ഥകളെല്ലാം തന്നെ അസാധുവാകും എന്നാണ് ഗോത്രവര്‍ഗക്കാരുടെ ആശങ്ക.
കുകീ, നാഗാ വിഭാഗക്കാരാണ് ക്രൈസ്തവ ഗോത്രവര്‍ഗങ്ങളില്‍ അധികവും. ഗോത്രവര്‍ഗക്കാര്‍ സംരക്ഷിത വനഭൂമി കൈയേറുന്നു, വനമേഖലില്‍ വിഘടനവാദികളും മ്യാന്മാറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരും വന്‍തോതില്‍ പോപ്പികൃഷിയും ലഹരിമരുന്ന് ഇടപാടും നടത്തുന്നു എന്ന് സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ ആരോപണം ഉന്നയിക്കുന്നു. മ്യാന്മാറുമായി 398 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് അനധികൃത കുടിയേറ്റം തടയുന്നതിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം നിലവിലുള്ള സംസ്ഥാനത്ത് മുഖം തിരിച്ചറിയുന്ന എഫ്ആര്‍എസ് നിരീക്ഷണ യൂണിറ്റുകള്‍ ഏതാനും ദിവസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
ഗോത്രവര്‍ഗക്കാരുടെ സ്വയംഭരണ സംവിധാനമായ ഹില്‍ ഏരിയാസ് കമ്മിറ്റിയെയോ ഗ്രാമ മുഖ്യന്മാരെയോ അറിയിക്കാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സംരക്ഷിത വനഭൂമിയില്‍ നിന്ന് ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി. അനധികൃതമായി വനഭൂമിയില്‍ നിര്‍മിച്ചതാണെന്ന് ആരോപിച്ച് മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇടിച്ചുനിരത്തി. ക്രൈസ്തവ ഗ്രാമങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കവുമുണ്ടായി.
സംരക്ഷിത വനഭൂമിയില്‍ നിന്ന് കുകി ഗോത്രവര്‍ഗക്കാരെ കുടിയിറക്കുന്നതില്‍ പ്രതിഷേധിച്ച് തദ്ദേശീയ ഗോത്രവര്‍ഗ മുഖ്യന്മാരുടെ ഫോറം ലംകയില്‍ (ചുരാചന്ദ്പുര്‍) ഏപ്രില്‍ 28ന് എട്ടു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. അത് സമാധാനപരമായി സമാപിച്ചപ്പോള്‍, വൈകീട്ട് പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും കമാന്‍ഡോകളും വന്‍സന്നാഹത്തോടെ ന്യൂ ലംകയില്‍ എത്തി പ്രകോപനം സൃഷ്ടിച്ചതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുറത്തുനിന്നുള്ള അക്രമിസംഘങ്ങള്‍ ചുരാചന്ദ്പുര്‍, ടോര്ബങ്ങ്, തെങ്നൗപാല്‍ മേഖലകളിലെ ക്രൈസ്തവകേന്ദ്രങ്ങളില് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊള്ളയും കൊള്ളിവയ്പും അക്രമവും നടത്തിയത്. മെയ്തെയ് ക്രൈസ്തവ വിശ്വാസികളുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്കായി ബിഷ്ണുപുരില്‍ മേയ് മൂന്നിന് മൊയിര്നാഗില് ഈശോസഭാംഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി.
സായുധസേന (വിശേഷ അധികാര) നിയമം നിലവിലുള്ള സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ അക്രമികളെ കണ്ടാല്‍ വെടിവയ്ക്കണം എന്ന സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഗോത്രവര്‍ഗക്കാരുടെ ബഹുജന റാലിക്ക് അനുമതി നല്കിയ പൊലീസ് സൂപ്രണ്ടിനെയും ഡപ്യൂട്ടി കമ്മിഷണറെയും അടിയന്തരമായി സ്ഥലംമാറ്റുകയുണ്ടായി.
കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന മണിപ്പൂരില്‍ 2016-ല്‍ മോദി സര്‍ക്കാര്‍ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട്, കുകീ നാഷണല്‍ ഓര്ഗനൈസേഷന് എന്നീ വിഘടനവാദി സംഘങ്ങളുമായി സമാധാന ചര്‍ച്ചകള്‍ക്കായി ത്രികക്ഷി ചര്‍ച്ച ആരംഭിച്ചത് 2017-ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പാക്കാന്‍ സഹായകമായി. അസമില്‍ ബോഡോ സമൂഹത്തിനു ലഭിച്ച സ്വയംഭരണാധികാരം മണിപ്പൂരില്‍ കുകീ-സോ ഗോത്രവര്‍ഗത്തിനു ലഭിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു ആ നീക്കം. എന്നാല്‍ ഏഴുവര്‍ഷമായി ഒന്നും സംഭവിച്ചില്ല. 2008 മുതല്‍ കുകീ-സോമി സായുധ വിഭാഗങ്ങള്‍ വെടിനിര്‍ത്തല്‍ പാലിച്ചുവരികയായിരുന്നു. വിഘടനവാദികള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് 2016-ല്‍ ഒപ്പുവച്ച ഉടമ്പടിയില്‍ നിന്നു പിന്മാറാന് കഴിഞ്ഞ മാര്‍ച്ച് 10ന് ബിരേന്‍ സിങ് സര്‍ക്കാര്‍ തീരുമാനിച്ചു.
ബിജെപി അധികാരത്തിലെത്തിയതു മുതല്‍ മണിപ്പൂരിലെ ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തെ ഹിന്ദുത്വ ദേശീയ പ്രത്യയശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. മ്യാന്മാറില് നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗോത്രവര്‍ഗക്കാര്‍ വനമേഖലയില്‍ അഭയം നല്‍കുന്നുവെന്നും മ്യാന്മാറില് നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മണിപ്പൂരില്‍ ലഹരിമരുന്ന് ഉത്പാദനത്തിനും പോപ്പികൃഷിക്കും നേതൃത്വം നല്‍കുന്നുവെന്നും മുഖ്യന്ത്രിതന്നെ ആരോപിക്കുന്നു. വിഘടനവാദികളുടെ സഹായത്തോടെ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.
ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിയുടെ വികസന നയങ്ങളെ പുല്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് പറയുന്നുണ്ട്. എന്നാല്‍ മണിപ്പൂരില്‍ 2017-ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ അവിടെ വിദ്വേഷത്തിന്റെയും സാമുദായിക വിഭജനത്തിന്റെയും നയമാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും, വികസന പദ്ധതികളെല്ലാം കേന്ദ്രീകരിച്ചത് ഭൂരിപക്ഷ ഹൈന്ദവ മേഖലയിലെ മെയ്തെയ് വിഭാഗങ്ങളുടെ മണ്ഡലങ്ങളിലാണെന്നും മലയോരമേഖലയിലെ ക്രൈസ്തവ സമൂഹങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.