1982ല്‍ കൊച്ചിന് കോറസ് എന്ന ഗാനമേള സംഘം അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പുറപ്പെട്ടു. ഗാനമേളകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘം അമേരിക്കയില്‍ ഒരു ക്രിസ്തീയ ഭക്തിഗാന സമാഹാരം റെക്കോര്‍ഡ് ചെയ്തു പുറത്തിറക്കി. അമേരിക്കയിലെ സ്റ്റുഡിയോയുടെ വാടകയെല്ലാം അന്ന് അവര്‍ക്ക് താങ്ങാവുന്നതിന് അപ്പുറത്തായിരുന്നു. പക്ഷേ അവരുടെ ഇച്ഛാശക്തിക്കു മുന്നില്‍ തടസങ്ങളെല്ലാം നീങ്ങി എല്‍പി റെക്കോര്‍ഡ് പുറത്തിറങ്ങി.
‘ഡിവൈന്‍ മെലഡീസ്’ കോറസ് ഇന്‍ അമേരിക്ക എന്ന പേരിലാണ് റെക്കോര്‍ഡ് റിലീസ് ചെയ്തത്.
അന്നത്തെ ഓര്‍മകള്‍ സംഗീതസംവിധായകനായ ബേണി പങ്കുവയ്ക്കുന്നു.’ തുടര്‍ച്ചയായ 12 ഗാനമേളകള്‍ക്കു ശേഷം ഞങ്ങള്‍ വി.ജെ ജോര്‍ജ് വാര്യംപറമ്പിലിന്റെ വീട്ടിലെത്തി. രണ്ടു ദിവസം മുഴുവന്‍ കറങ്ങാന്‍ പോകാം എന്നു പറഞ്ഞു പിരിയുമ്പോള്‍, ജോര്‍ജ് വാര്യംപറമ്പില് ചോദിച്ചു, നമുക്കൊരു ഭക്തിഗാന സമാഹാരം പുറത്തിറക്കിയാലോ? ചോദ്യം കേട്ട കോറസ് പീറ്റര്‍ ഉടനെ ഗൗരവതരമായ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു. ഞാന്‍ നേരത്തെ സംഗീതം ചെയ്തിരുന്ന ചില പാട്ടുകളെ കുറിച്ച് അറിയാമായിരുന്ന പീറ്റര്‍ ആ പാട്ടുകള്‍ പാടാന്‍ പറഞ്ഞു. തുടര്‍ന്ന് എന്റെ ജ്യേഷ്ഠന് ഇഗ്നേഷ്യസ്, ലൂയീസ്, എം.റ്റി, ബേബി, ടോമി എന്നിവരുടെ ഗാനങ്ങളും ചേര്‍ത്ത് റെക്കോര്‍ഡ് ചെയ്യാന്‍ ധാരണയായി. സ്റ്റുഡിയോ വാടകയ്ക്ക് എടുക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അപ്പോഴാണ് കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട് എന്‍ജിനീയറാണ് നമ്മുടെ കൂട്ടത്തിലുള്ള രാമു എന്നത് ഞങ്ങള്‍ സന്തോഷത്തോടെ ഓര്‍ത്തത്. ഞങ്ങള്‍ക്ക് താമസിക്കാനായി നല്കിയ രണ്ട് മുറികള്‍ രാമു ഒരു സ്റ്റുഡിയോ ആക്കി മാറ്റി. സ്വയം നിര്‍മിച്ച മിക്സറും മറ്റ് ഉപകരണങ്ങളും കൊണ്ട് സ്പൂള്‍ ടേപ്പിലേക്ക് ഗാനങ്ങള്‍ ആലേഖനം ചെയ്യാന്‍ രാമുവിന് കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ. ഞാന്‍ സംഗീതം നല്കിയ ആരാധന ആരാധന എന്ന ഗാനം ജെന്‍സിയാണ് പാടിയത്. റെക്കോര്‍ഡിഗ് നടക്കുമ്പോഴായിരുന്നു ചില പാട്ടുകള്‍ക്ക് അടുത്ത മുറിയില്‍ ഇരുന്ന് സംഗീതം നല്‍കിയത്. ഓര്ക്കസ്ട്രേഷന് ചെയ്യാന്‍ പ്രഗത്ഭരായ ഉപകരണ വിദഗ്ദര്‍ കൂടെയുണ്ടായിരുന്നതും വലിയ അനുഗ്രഹമായി. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടന്നതായി ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. ഈ പാട്ടുകള്‍ കേട്ടിട്ട് കോറസ് പീറ്റര്‍ രഞ്ജിനി കാസറ്റ്സിന്റെ സ്ഥിരം സംഗീത സംവിധായകരായി ഞങ്ങളെ ക്ഷണിച്ചിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്കും മറ്റു വലിയ വേദികളിലേക്കും ഞങ്ങള്‍ ചരിച്ചത്. ഈ ആല്‍ബം അതിനെല്ലാം വഴിയൊരുക്കി. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം പുതിയൊരു ലോകത്തായതു പോലെ തോന്നി. പറഞ്ഞറിയിക്കാനാകാത്ത ഒരു തലത്തിലേക്ക് ഞങ്ങള്‍ എത്തി. പുറത്തിറങ്ങാനോ ചുറ്റിക്കറങ്ങാനോ ഞങ്ങള്‍ക്കു മനസ്സുവന്നില്ല. കുറേ ദിവസം ഈ പാട്ടുകളുടേയും റെക്കോര്ഡിംങ്ങിന്റേയും ഓര്‍മകളില്‍ ഞങ്ങള്‍ മുഴുകിനടന്നു”.
സംഘത്തിലെ പ്രധാനഗായികയായിരുന്നു ജെന്‍സി. അപ്പച്ചനോടൊപ്പമാണ് ജെന്‍സി സംഘത്തോടൊപ്പം യാത്ര ചെയ്തത്.
അന്നത്തെ ഓര്‍മകള്‍ ജെന്‍സി വിവരിക്കുന്നു.
” ഗാനമേളകള്‍ തീര്‍ന്നു വിശ്രമിക്കാന്‍ തീരുമാനിച്ച ദിവസത്തിലാണ് പുതിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാമെന്ന ചര്‍ച്ച നടന്നത്. പാചകത്തില്‍ വലിയ നൈപുണ്യമില്ലാതിരുന്ന എന്റെ വിഭവങ്ങള്‍ അതിരുചികരമായ രീതിയില്‍ ആസ്വദിച്ചു കഴിച്ച് മുറിയില്‍ കഴിയുമ്പോഴാണ് റെക്കോര്‍ഡിംഗ് തുടങ്ങിയത്. സ്റ്റുഡിയോയില്‍ പോകാതെ തന്നെ മികച്ച ഗുണമേന്മയില് രാമു റെക്കോര്‍ഡ് ചെയ്യുന്നത് ഞങ്ങള്‍ വിസ്മയത്തോടെയാണ് നോക്കിനിന്നത്. ഓരോ പാട്ടു കഴിന്തോറും ഞങ്ങള്‍ അതിയായ സന്തോഷത്തോടെ പരസ്പരം അഭിനന്ദിച്ചു. ഇടവേളകളില്‍ ഞാനും താമസിച്ചിരുന്ന വീട്ടിലെ ചേച്ചിയും ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കിയിരുന്നു. കോറസ് പീറ്റര്‍, വില്യംസ്, ബേബി, ലൂയീസ്, ടോമി, ബേണി-ഇഗ്നേഷ്യസ്, രാമു എന്നിവരുടെ കഠിനാധ്വാനം പാട്ടുകളെ മനോഹരമാക്കി.
പാദുവാ താരമേ, ആരാധന, സ്വര്ഗീയയാനം, പ്രഭാത താരമേ, ധനുമാസ മഞ്ഞ്, അന്നൊരു നീലരാത്രി, ജീവനാഥാ തിരുമുറിപ്പാടുകളെ, മിഥ്യയായ സുഖം, ഓര്‍ശ്ലെമിന്‍ ഓമല്കുമാരാ എന്നിവയായിരുന്നു പാട്ടുകള്‍”. അമേരിക്കയില്‍ റിലീസ് ചെയ്ത റെക്കോര്‍ഡിന്റെ അപൂര്‍വം കോപ്പികള്‍ ചില സംഗീത പ്രേമികളുടെ ശേഖരത്തിലുണ്ട്.