മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം പുറത്തെത്തിയപ്പോള്‍ ആദ്യഭാഗത്തെന്നപോലെ സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ഉണ്ടാകുന്നത്. ആദ്യഭാഗത്തില്‍ ഒരു ഡസനിലധികമുള്ള പ്രധാന കഥാപാത്രങ്ങളുടെ ബാഹുല്യം നിമിത്തമുണ്ടായ കണ്ഫ്യൂഷന് രണ്ടാം ഭാഗത്തില്‍ തെല്ല് കുറഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗം പെട്ടെന്നു തന്നെ പുറത്തിറക്കാന്‍ കഴിഞ്ഞതാണ് അതിനു പ്രധാനകാരണം.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വല്‍ ആണ് പൊന്നിയിന്‍ സെല്വന് 2. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയത്. 492 കോടി ആയിരുന്നു പൊന്നിയിന്‍ സെല്വന് 1 ന്റെ കളക്ഷന്‍. രണ്ടാം ഭാഗം ഇത് തകര്‍ക്കുമോ എന്നാണ് സിനിമാവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ.
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അഞ്ചു വാല്യങ്ങളുള്ള അതിബൃഹത്തായ നോവലിന്റെ ചെറുരൂപമാണ് മണിരത്നം രണ്ടു ഭാഗങ്ങളിലായി സിനിമയാക്കിയിരിക്കുന്നത്. 1500 വര്‍ഷം ദൈര്‍ഘ്യമുണ്ടായിരുന്ന തമിഴ്നാട് ആസ്ഥാനമാക്കിയുള്ള ചോഴ സാമ്രാജ്യത്തിലെ ഒരു പ്രത്യേക ഭാഗമാണ് കല്‍ക്കിയുടെ നോവലിനു ആധാരമായത്. ചോഴരാജ്യത്തിലെ രാജാവായിരുന്ന സുന്ദര ചോഴരുടെ കാലത്തെ സംഭവങ്ങളാണ് നോവലിനും സിനിമയ്ക്കും ആധാരം. അദ്ദേഹത്തിന് മൂന്നു മക്കളാണ്. മൂത്തമകന് ആദിത്യ കരികാലന് എന്ന കരികാല ചോഴര്‍ എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത് ചിയാന്‍ വിക്രമാണ്.
സുന്ദര ചോഴരുടെ രണ്ടാമത്തെ സന്താനമാണ് കുന്ദവൈ രാജകുമാരി. കുന്ദവൈയുടെ വേഷമണിയുന്നത് തൃഷയാണ്. സുന്ദര ചോഴരുടെ ഇളയ മകനാണ് അരുള്‍മൊഴി. രാജേന്ദ്രചോളനെന്നും ഇദ്ദേഹത്തിനു പേരുണ്ട്. അരുള്‍മൊഴിയാണ് ടൈറ്റില്‍ കഥാപാത്രമായ പൊന്നിയിന്‍ സെല്വന്. അരുള്മൊഴിയെന്ന പൊന്നിയിന്‍ സെല്‍വനെ സിനിമയില്‍ അവതരിപ്പിക്കുന്നത് ജയം രവിയാണ്. ആദിത്യ കരികാലന്റെ ഏറ്റവുമടുത്ത സുഹൃത്താണ് വല്ലവരയന്‍ വന്തിയതേവന്. ഈ വേഷം ധരിക്കുന്നത് കാര്‍ത്തിയാണ്. നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായ് എത്തുന്നു.
കാഴ്ചവിരുന്നാണ് രണ്ടാം ഭാഗത്തിന്റെ പ്രത്യേകത. ആദ്യഭാഗത്ത് കാഴ്ചക്കാരെ ഒരുപരിധിവരെ നിരാശപ്പെടുത്തിയത് ബാഹുബലിയെ പോലെ മികച്ച സാങ്കേതിക അനുഭവം നല്‍കിയില്ല എന്നായിരുന്നെങ്കില്‍ രണ്ടാം ഭാഗത്ത് അത് ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. ആദ്യഭാഗത്ത് കഥാപാത്രങ്ങളെ പരിചയപ്പെടുത്താന്‍ സമയമെടുത്തിനാല് സിനിമാറ്റിക് കാഴ്ചയ്ക്ക് പരിധിയുണ്ടായിരുന്നു. രണ്ടാം ഭാഗത്തിലും മമ്മൂട്ടിയുടെ ശബ്ദം തീയറ്ററില്‍ മുഴങ്ങുന്നുണ്ട്.
ഒന്നാം ഭാഗത്തിലെ അവ്യക്തതകളില്‍ കൂറേക്കൂടി വെളിച്ചം പകരുന്നുണ്ട് രണ്ടാം ഭാഗം. ആദ്യത്തേതെന്നതുപോലെ അടുത്ത ഭാഗത്തിലും വന്തിയതേവന് തന്നെയാണ് കഥയുടെ കേന്ദ്രബിന്ദു. ആദ്യഭാഗത്ത് തൃഷ അവതരിപ്പിച്ച കുന്ദവൈക്കായിരുന്നു നായികവേഷമെങ്കില് രണ്ടാം ഭാഗത്തത് ഐശ്വര്യാ റായിയുടെ നന്ദിനിയിലേക്കെത്തുന്നുണ്ട്. ഒന്നാം ഭാഗത്ത് കരികാല ചോഴരെ വധിക്കുമെന്ന് ഭീഷ്മപ്രതിജ്ഞയെടുത്ത നന്ദിനിയെ പ്രേക്ഷകര്‍ പ്രതിനായികയായാണ് കണ്ടിരുന്നതെങ്കില്‍ എന്തുകൊണ്ട് നന്ദിനി അത്തരമൊരു പ്രതിജ്ഞയെടുത്തുവെന്നതില് ന്യായീകരണം കണ്ടെത്തുന്നു.
അരുള്‍മൊഴി വര്‍മ്മനും വന്തിയത്തേവനും സഞ്ചരിച്ച കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിത്താഴുമ്പോള്‍ ജലകന്യക പോലൊരു രൂപം വെള്ളത്തിലൂടെ അരുള്‍മൊഴി വര്മ്മനടുത്തേക്ക് നീന്തിപ്പോകുന്നിടത്താണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. കപ്പലപകടത്തില്‍ രണ്ടു പേരും മരിച്ചുവെന്ന പ്രതീതിയും ഒന്നാം ഭാഗത്തിന്റെ അവസാനമുണ്ട്. രണ്ടാംഭാഗത്തില്‍ സ്വാഭാവികമായും അതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ചെത്തുന്നവരെ മണിരത്നം മറ്റൊരു സംഭവത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. അതൊരു ഫ്ളാഷ് ബാക്കാണെന്നു പറയാം. നന്ദിനിയും കരികാലനുമായുള്ള പ്രണയത്തിന്റെ വിത്തുകള്‍ മുളക്കുന്നതാണ് ഈ ഭാഗം. കരികാല രാജകുമാരന്റെ ജീവിതത്തിലേക്ക് പ്രവേശിക്കാനുളള നന്ദിനിയുടെ അഭിലാഷത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. അതവളെ പ്രതികാരദാഹിയാക്കി.
കല്‍ക്കിയുടെ ചെന്തമിഴ് രചനയെ തമിഴിലും മലയാള പരിഭാഷയിലും മനോഹരമാക്കാന്‍ അണിയറക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. രാജാക്കന്മാര് പറയുന്ന കളവുകളാണ് രാഷ്ട്രീയമെന്ന നന്ദിനിയുടെ നിരീക്ഷണം സമകാലിക ജീവിതത്തിലും പ്രസക്തമാണല്ലോ. സ്വന്തം ജനത്തെ വിശ്വസിക്കാത്തവര്‍ ഭരിക്കാന്‍ അര്‍ഹരല്ലെന്ന പൊന്നിയന്‍ സെല്‍വന്റെ വാക്കുകളും ശ്രദ്ധേയം.
രവിവര്‍മന്റെ ഛായാഗ്രഹണവും എ.ആര് റഹ്മാന്റെ സംഗീതവും മലയാളത്തില്‍ റഫീഖ് അഹമ്മദിന്റെ ഗാനങ്ങളും ചിത്രത്തോട് ഇഴുകി ചേര്‍ന്നിരിക്കുന്നു.
പ്രമുഖ രാജകഥാപാത്രങ്ങളെ പിന്നിലാക്കി കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്തിയതേവന് രണ്ടാം ഭാഗത്തില്‍ ഉന്നതിയിലെത്തുന്നു. ഐശ്വര്യ റായിയുടെ നന്ദിനിയും തൃഷയുടെ കുന്ദവൈയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. പ്രമുഖ താരങ്ങളോടൊപ്പം ഒന്നോ രണ്ടോ രംഗങ്ങളില്‍ മിന്നിമറയുന്ന നിരവധി കഥാപാത്രങ്ങളും സിനിമയിലുണ്ട്. കല്‍ക്കിയുടെ അതിബ്രഹത്തായ പ്രപഞ്ചത്തില്‍ നിന്നും അവരെ കണ്ടെത്തിയതു തന്നെ വലിയ കാര്യം.
ചരിത്രവും സങ്കല്പങ്ങളും കൂട്ടിക്കലര്‍ത്തിയ കഥയില്‍ കാലഘട്ടത്തെ മറികടക്കുന്ന രീതിയില്‍ സംഭവങ്ങള്‍ അവതരിപ്പിച്ചിടത്താണ് മണിരത്നത്തിന്റെ ബ്രില്യന്‍സ് നമുക്ക് കണ്ടെത്താനാകുക. മുഴച്ചുനില്ക്കാത്ത സാങ്കേതികത അതിനു മാറ്റുപകരുന്നു. അധികാരം മാത്രം ലക്ഷ്യമിട്ടിരുന്ന രാജഭരണകാലത്തെ ചതിയും കളവും പൊന്നിയന്‍ സെല്‍വനിലും അനേകം കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതിനിടയില്‍ സ്നേഹവും കരുണയും പാശ്ചാത്തപവുമുണ്ടെന്നു കൂടിയാണ് കല്‍ക്കിയുടെ രചന ബോധ്യപ്പെടുത്തുന്നതെന്ന് മണിരത്നം സാക്ഷ്യപ്പെടുത്തുന്നു.