തികച്ചും അസാധാരണമായ ഒരു ചെറുപുസ്തകം. വയല്‍, തെരുവ്, തീവണ്ടി എന്നാണ് പി.സുരേന്ദ്രന് ഇതിന് പേരു നല്‍കിയിട്ടുള്ളത്. നോവലിസ്റ്റ്, കലാവിമര്‍ശകന്‍, സഞ്ചാരി, അധ്യാപകന് എന്നിങ്ങനെ കേരള സമൂഹത്തിന് ഏറെ പരിചിതനാണ് പി. സുരേന്ദ്രന്.
അലഞ്ഞു നടക്കുന്നവന്റെ പുസ്തകം എന്നാണ് അദ്ദേഹം ഈ പുസ്തകത്തിന് നല്‍കിയിട്ടുള്ള വിശേഷണം. ഇന്ത്യയൊട്ടാകെയുള്ള പി.സുരേന്ദ്രന്റെ അലച്ചിലില്‍ രൂപപ്പെട്ടതാണ് മൂന്ന് അധ്യായങ്ങള്‍ മാത്രമുള്ള ഈ ചെറുപുസ്തകം.
പീച്ചുമരങ്ങളും കരിമ്പുപാടങ്ങളും എന്ന അധ്യായം ആരംഭിക്കുന്നത് മറയൂരില്‍ നിന്നാണ്. കരിമ്പും ചന്ദനവുമാണ് മറയൂരിന്റെ അടയാളം. കേരളത്തിലെ ഏറ്റവും വലിയ ചന്ദനമരം മറയൂരിലെ നാച്ചുവയലിലാണ്. ജലസമൃദ്ധി മറയൂരിനെ കരിമ്പുകൃഷിയുടെ നാടാക്കി. സമാനതയില്ലാത്ത രുചിയാണ് മറയൂര്‍ ശര്‍ക്കരയ്ക്ക്. ഒരുകാലത്ത് സമൃദ്ധമായി ഉണ്ടായിരുന്ന വെള്ളം ഇപ്പോള്‍ മറയൂരില്‍ കുറഞ്ഞു വരുന്നുണ്ട്. ഇനി എത്രനാള്‍ ഇവിടെ നിന്ന് കരിമ്പും ശര്‍ക്കരയും നമുക്ക് ലഭിക്കുമെന്ന് പറയാനാവാത്ത ദുഃഖമുണ്ട് എഴുത്തില്‍. മറയൂരില്‍ നിന്ന് കാന്തല്ലൂരിലെ പെരുമലയിലേക്ക് എഴുത്തുകാരന് നമ്മെ കൊണ്ടുപോകുന്നു. അവിടെയുമുണ്ട് വയല്‍ക്കാഴ്ചകള്‍. വിശ്രിതമായ നെല്‍വയലുകളുടെ ഭംഗി വിവരിക്കാന്‍ പാലക്കാട്ടിലെ വയലുകളെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. അവിടെയും കൃഷിയില്ലാതാവുന്നതിന്റെ ദുഃഖം ഒപ്പിയെടുക്കാം. കൃഷിയില്ലാതാവുമ്പോള്‍ ധാന്യങ്ങളും പച്ചക്കറികളും മാത്രമല്ല ഇല്ലാതാകുക; ഭാഷയില്‍ നിന്ന് ഒരുപാട് വാക്കുകളും ഇല്ലാതാവും. നെല്ലിനൊപ്പം വയലില്‍ വളരുന്ന നിരവധി സസ്യങ്ങളുണ്ട്. വയല്‍ച്ചുള്ളിയും ബ്രഹ്മിയും പോലുള്ള ഔഷധസസ്യങ്ങള്‍. കാക്കപ്പൂവും നെല്ലിപ്പൂവും അരിപ്പൂവുമുണ്ട്. നെല്‍ച്ചെടിയോട് ചേര്‍ന്നു വളരുന്ന ഇവ നെല്‍വയലുകള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി കൊടുക്കുന്നു. സസ്യപ്രകൃതി മാത്രമല്ല വയലുകളെ ആശ്രയിച്ചു വളരുന്ന ജലജീവികളും പഴഞ്ചൊല്ലുകളും കടങ്കഥകളും നാട്ടറിവുകളും ഒക്കെ അപ്രത്യക്ഷമായി. കൃഷിയില്ലാതായാല്‍ സംസ്കൃതിയുടെ അടയാളം ഇല്ലാത്ത ദേശങ്ങള്‍ മാത്രം ഉണ്ടാവും. അഗാധമായ ഓര്‍മ്മകളില്ലാത്ത മനുഷ്യന് അവിടെ പാര്‍ക്കും.
തെരുവിലെ കുറിപ്പുകള്‍
വയല്‍ വിശേഷങ്ങള്‍ക്കുശേഷം തെരുവുകളില്‍ നിന്നുള്ള കുറിപ്പുകള്‍ ആണ് പുസ്തകത്തില്‍ ഉള്ളത്. ചിദംബരത്തെ കാഴ്ചകളാണ് അതില്‍ ആദ്യത്തെ കൗതുകം. എഴുത്തുകാരന് ഏറ്റവും ഇഷ്ടമുള്ള മൈസൂരില്‍ ദേവരാജ മാര്‍ക്കറ്റിനോട് തൊട്ടുള്ള തെരുവ് ‘ബോട്ടി ബസാര്‍’ കാഴ്ചകള്‍ വായനക്കാരനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കും. കാരണം അതില്‍ ജീവിതത്തിന്റെ നൊമ്പരമുണ്ട്; അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നിറങ്ങളുണ്ട്. തെരുവുകള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഒരു വര്ഗ്ഗരാഷ്ട്രീയമുണ്ട്. സമ്പന്നര്‍ക്കൊപ്പം ഓടിക്കയറാന്‍ വയ്യാതെ വീണുപോയവര്‍ പതുക്കെ പതുക്കെ ഒരു വര്‍ഗ്ഗമായി രൂപപ്പെടും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആ സമൂഹം തീരെ ചെറിയ മനുഷ്യര്‍ പാര്‍ക്കുന്ന താവളങ്ങളില്‍ അടിഞ്ഞുകൂടും. എല്ലാ തെരുവുകളുടെയും രാഷ്ട്രീയചരിത്രം സാമൂഹികമായ സന്തുലിതാവസ്ഥയുടെ ചരിത്രമാണ്.
തെരുവുകളെ കുറിച്ചുള്ള വിവരങ്ങളില്‍ അധികമാരും പറയാത്ത ഒന്നാണ് തെരുവ് പുസ്തകശാലാനുഭവം. മൈസൂരിലെയും കൊല്‍ക്കത്തയിലെയും പുസ്തകശാലകളെക്കുറിച്ച് മനോഹരമായ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയിലെ തെരുവ് പുസ്തകശാലകളുടെ ഏറ്റവും വലിയ കേന്ദ്രം ഉള്ളത് കൊല്‍ക്കത്തയില്‍ തന്നെയാണ്. അവിടത്തെ കോളജ് സ്ട്രീറ്റില്‍ രണ്ടായിരത്തിലേറെ പുസ്തകശാലകള്‍ ഉണ്ട്. കൊല്‍ക്കത്തയിലെ തന്നെ സോനാഗച്ചിയിലെ ജീര്‍ണ്ണ ഭവനങ്ങളുടെ ചുമരെഴുത്തുകളില്‍ നിന്ന് വിശപ്പിന്റെയും വിഷാദത്തിന്റെ ലിപികളേ വായിച്ചെടുക്കാനാകൂ. തെരുവിന്റെ മറ്റൊരു മുഖം.
നീണ്ടുനീണ്ടു കിടക്കുന്ന റെയില്‍പാളങ്ങള്‍
പുസ്തകത്തിലെ അവസാനത്തെ അധ്യായം രസകരമായ കുറിപ്പുകള്‍ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും നിരീക്ഷണങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ഗോഹട്ടി എക്സ്പ്രസ് അസം പണിക്കാരുടെയും ബംഗാള്‍ പണിക്കാരെയും തീവണ്ടിയാണിപ്പോള്. അസമിലേക്ക് കേരളത്തിലെ തൊഴിലാളികള്‍ തോട്ടം പണിക്ക് പോയിരുന്ന കാലത്തെ രചനയാണ് വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാര്.’ ഇപ്പോള്‍ ഒരുക്കിന്റെ ഗതി മാറി. ബ്രഹ്മപുത്രാ തടത്തില്‍ നിന്ന് നീളാത്തടത്തിലേക്കും പെരിയാര്‍ തടത്തിലേക്കും അസം തൊഴിലാളിയുടെ ദേശാടനങ്ങള്‍!
മുപ്പതു വര്‍ഷത്തെ തീവണ്ടി യാത്രകളില്‍ ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിനില്‍ എഴുത്തുകാരന് കണ്ട രണ്ടു വ്യക്തികളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഗ്രന്ഥകര്‍ത്താവ് പറയുന്നു: ഇരിട്ടിക്കാരിയായ സിസ്റ്റര്‍ ആനി മാത്യുവിനെ ഞാന്‍ പരിചയപ്പെടുന്നത് തീവണ്ടിയാത്രയിലാണ്. ഫ്രാന്‍സിസ്കന്‍ മിഷനറി ഓഫ് മേരി (എഫ്എംഎം) എന്ന സന്ന്യാസിനി സഭയില്‍ അംഗമാണ് അവര്‍. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ദോസ്ത് പുരിയിലെ സെന്റ് ജെബി കോണ്‍വെന്റിലെ അംഗം. സന്ന്യാസിനിയുടെ ജീവിതം അവര്‍ സ്വയം തിരഞ്ഞെടുത്തതാണ്. അത്രമേല്‍ അവര്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ട്. അവര്‍ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമായ സ്ഥലത്തല്ല. ഹിന്ദുത്വവാദികള്‍ ക്രിസ്തീയ പുരോഹിതരെ വേട്ടയാടുന്നുണ്ട്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ എഴുന്നേല്ക്കാന് കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. സന്ന്യാസിനിയുടെ ജീവിതമായതുകൊണ്ടാണ് മരണഭയം ഇല്ലാത്തതെന്നും സിസ്റ്റര്‍ പറഞ്ഞു. സ്വന്തം ജീവിതത്തെക്കുറിച്ച് ഒന്നും ആലോചിക്കാന്‍ ഇല്ലാത്ത സന്ന്യാസിനി ജീവിതം പാവങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചില യാത്രികരെ നമ്മള് ഒരിക്കലേ കണ്ടുമുട്ടുകയുള്ളൂ എന്ന് പറയാറില്ലേ? സിസ്റ്റര്‍ ആനി മാത്യുവിനേയും പിന്നെ ഞാന്‍ കണ്ടിട്ടില്ല.
അതേ തീവണ്ടിയിലെ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ഒരു ക്രിസ്തീയ പുരോഹിതന് ഉണ്ടായിരുന്നു. നിറഞ്ഞു ചിരിച്ചു കൊണ്ടേയിരിക്കുന്ന ഒരു വൃദ്ധന്. പക്ഷേ, അദ്ദേഹം പച്ചവെള്ളവും ചെറുപഴവും മാത്രം കഴിച്ചാണ് യാത്ര ചെയ്യുന്നത്. അദ്ദേഹവും ഉത്തര്‍പ്രദേശിലെവിടെയോ ആണ് സേവനം ചെയ്യുന്നത്. തീവണ്ടിയില്‍ ആഹാരത്തിന് വലിയ ചെലവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് മാത്രമാണ് പച്ചവെള്ളവും പഴവും കഴിച്ച് അദ്ദേഹം യാത്ര ചെയ്യുന്നത്. അല്ലാതെ ആഹാരം ഉപേക്ഷിച്ച സന്ന്യാസി ആയതുകൊണ്ട് അല്ല. തീവണ്ടിയില്‍ ആഹാരം കഴിക്കുന്ന പണംകൊണ്ട് താന്‍ സേവനം ചെയ്യുന്ന ഗ്രാമത്തിലെ മൂന്നോ നാലോ പാവപ്പെട്ടവര്‍ക്ക് മൂന്നുനാള്‍ ആഹാരം കൊടുക്കാന്‍ കഴിയും എന്നാണ് അദ്ദേഹത്തിന്റെ ചിന്ത.