കാര്‍ല സൈമണ്‍ സംവിധാനം ചെയ്ത 2022 ലെ സ്പാനിഷ്-ഇറ്റാലിയന്‍ സിനിമയാണ് അല്‍കാറസ്. സ്പെയിനിലെ കാറ്റലോണിയയിലെ അല്‍കാറാസ് എന്ന ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുളള പുരസ്കാരം നേടി. കാര്‍ഷിക മേഖലയുടെ തിരോധനമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അമച്വര്‍ നടന്മാരെ ഉള്‍പ്പെടുത്തി പ്രാദേശിക കാറ്റാലന്‍ ഭാഷയില്‍ ചിത്രീകരിച്ച സിനിമ റീലിസിനു മുമ്പേ ശ്രദ്ധനേടി. ജീവിതകാലം മുഴുവന്‍ കൃഷിയെ ചുറ്റിപ്പറ്റിയുള്ള സമൂഹങ്ങള്‍ ലോകത്തില്‍ കുറഞ്ഞുവരികയാണ്.
കര്‍ഷകര്‍ പാരമ്പര്യമായി കൈമാറി വന്ന അറിവുകളും അവര്‍ പാടിയ പാട്ടുകള്‍ പോലും വിളവെടുപ്പ് പോലെ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുകയും ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്ന് വിത്തുകള്‍ മുളച്ചുപൊങ്ങുന്നതു പോലെ അവ നിലനില്ക്കുകയും ചെയ്തിരുന്നു. അതിന്റെ അവസാന കാഴ്ചകളിലൊന്നാണ് അല്കാറസില് കാര്‍ല സൈമണ്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനുശേഷം ആ കുടുംബം അധ്വാനിച്ച മണ്ണ് അവരുടേതല്ല, മറിച്ച് അവരില്‍ നിന്ന് ഒരിക്കലും എടുത്തുകളയില്ലെന്ന് വാക്ക് നല്കിയ സമ്പന്നരായ ഭൂവുടമകളുടേതാണ് എന്ന സന്ദേശമാണ് സിനിമയുടെ തുടക്കത്തില്‍ തന്നെ ലഭിക്കുന്നത്. കരാറില്ലാതെ വാക്കാല്‍ നല്‍കിയിരുന്ന വാഗ്ദാനം പിന്‍വലിച്ച് പീച്ച് കൃഷിത്തോട്ടം നശിപ്പിച്ച് അവിടെ പണം വാരുന്ന പുതിയ മാര്‍ഗമായ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് ഭൂവുടമകളുടെ തീരുമാനം. കൃഷി അവസാനിപ്പിച്ച് പുതിയ സാങ്കേതിക വിദ്യ പരിപാലിക്കുന്ന ജോലി ഏറ്റെടുക്കുക എന്നതാണ് ഭൂമിയില്‍ തുടരാനുള്ള കുടുംബത്തിന്റെ ഏക പോംവഴി. ആധുനികതയുടെയും ആഗ്രഹത്തിന്റെയും ലക്കില്ലാത്ത പോക്ക്് എങ്ങനെ പുരാതനമായ ഉപജീവനമാര്‍ഗങ്ങളെ തകര്‍ക്കുന്നുവെന്ന് ചിത്രം വ്യക്തമാക്കുന്നു. കുട്ടികള്‍ പീച്ച് തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കേയാണ് തകര്‍ക്കലിന്റെ ആദ്യരൂപം എത്തുന്നത്. 120 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ആരംഭിക്കുന്നത് ബഹിരാകാശ യാത്രയെ ചുറ്റിപ്പറ്റിയുള്ള കുട്ടികളുടെ കളിയിലൂടെയാണ്. ഐറിസിന്റെയും അവളുടെ കസിന്‍സിന്റെയും അമ്പരപ്പിലേക്ക് അതുവഴിമാറുന്നു.
കുടുംബത്തിലെ ഇളയ മകളായ ഐറിസ് (ഐനെറ്റ് ജൗനൂ), ഒരു കേടായ പഴയ കാറിനുള്ളില്‍ തന്റെ ഇരട്ടകളായ ബന്ധുക്കളുമായി കളിക്കുന്നു. അതവരുടെ പ്രിയപ്പെട്ട കളിസ്ഥലമാണ്. ഒരു എക്സ്കവേറ്ററിന്റെ ഇരുമ്പു നഖങ്ങള്‍ വയലില്‍ നിന്ന് വാഹനം നീക്കം ചെയ്യുന്നതു കാണുമ്പോള്‍ അവരുടെ ഫാന്റസികളുടെ മാന്ത്രികത തകരുന്നു. അതൊരു ബോംബ് സ്ഫോടനം പോലെ കുടുംബത്തിലെ വ്യക്തികളുടെ ചിന്തകളെ തകര്‍ക്കുന്നു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നു. പഴയ ഉടമ്പടി തനിക്ക് കടലാസില്‍ പകര്‍ത്തി തന്നിട്ടുണ്ടെന്ന് കാരണവര്‍ റൊജെലിയോ (ജോസപ്പ് അബാദ്) വെറുതേ കിനാവ് കാണുകയും അതിനായി വ്യര്‍ത്ഥമായി തിരയുകയും ചെയ്യുന്നു. ഭാവിയെ എങ്ങനെ മികച്ച രീതിയില്‍ അഭിമുഖീകരിക്കാമെന്നാണ് അടുത്ത തലമുറ ചിന്തിക്കുന്നത്.
റൊജെലിയോ അതീവദുഃഖത്തോടെ തന്റേതാണെന്നു കരുതിയിരുന്ന തോട്ടത്തില്‍ ചുറ്റി സഞ്ചരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മകന് ക്വിമെറ്റ് (ജോര്‍ഡി പുജോള്‍ ഡോള്സെറ്റ്) പീച്ചുകള്‍ വിളവെടുക്കാന്‍ കഠിനമായി അധ്വാനിക്കുന്നു. ഇത് അവസാനത്തെ വിളവെടുപ്പായിരിക്കുമെന്ന് സമ്മതിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. ക്വിമെറ്റിന്റെ മകന് റോജര്‍ (ആല്‍ബര്‍ട്ട് ബോഷ്) ഫാമില്‍ പിതാവിനെ സഹായിക്കുന്നതിനിടയില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്.
ഭയാനകമായ സമയങ്ങളില്‍ പോലും അടുത്ത കുടുംബങ്ങള്‍ അനുഭവിക്കുന്ന ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റേയും നിമിഷങ്ങള്‍ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു; മദ്യപാന മത്സരം പോലും. കാട്ടുമുയലുകള്ക്കൊപ്പമുള്ള ഓട്ടം, വിവിധ കളികള്‍ എല്ലാം മിന്നിമറയുന്നു. ഓരോ കഥാപാത്രത്തിനും സ്ക്രിപ്റ്റില്‍ അര്‍ത്ഥവത്തായ ഇടം അനുവദിച്ചിരിക്കുന്നു. കുടുംബത്തിലെ ഓരോ അംഗവും കാര്യങ്ങള്‍ നേരിട്ട് അനുഭവിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നുണ്ട്. ഇത് അവസാനത്തെ പീച്ച് വിളവെടുപ്പ് ആണെന്ന് ആരെങ്കിലും ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. കൂട്ടുകുടുബത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള അടുപ്പത്തേയും സിനിമ കാണാതിരിക്കുന്നില്ല. ആഖ്യാനത്തില്‍ പരീക്ഷണങ്ങളൊന്നും കാര്‍ല സൈമണ്‍ കൊണ്ടുവരുന്നില്ല. പക്ഷേ, ഓരോ കഥാപാത്രത്തിന്റേയും വ്യത്യസ്ത വീക്ഷണകോണുകളിലും പ്രതികരണങ്ങളിലും ചുറ്റി സഞ്ചരിക്കുന്ന രീതി പ്രേക്ഷകന്റെ രണ്ടു മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തില്ല.
ഛായാഗ്രാഹക ഡാനിയേല കാജിയാസ്, എഡിറ്റര്‍ അന പിഫാഫ് എന്നിവര്‍ ചേര്‍ന്നപ്പോള്‍ ഉജ്വലമായ ഒരു സിനിമ പിറന്നു. സാധാരണ സന്തോഷങ്ങളില്‍ നിന്ന് നിരാശയിലേക്കുള്ള കഥാപാത്രങ്ങളുടെ ഗമനം ഹൃദയത്തെ സ്പര്‍ശിക്കും.