തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ സ്നേഹമാല്യം എന്ന ക്രിസ്തീയ ഭക്തിഗാന കസെറ്റിന്റെ റെക്കോര്‍ഡിംഗ് നടക്കുകയാണ്. ഫാ. ആബേല്‍ എഴുതിയ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ഇ മാനുവേലാണ്. ഉയിര്‍പ്പ് വിഷയമായി എഴുതിയ പൊന്നൊളിയില്‍ കല്ലറ മിന്നുന്നു എന്ന പാട്ടിന്റെ മിക്സിംഗ് കഴിഞ്ഞ് പാട്ടു കേട്ടയുടനെ എം.ഇ മാനുവേലിനെ ഒരാള്‍ കെട്ടിപ്പിടിച്ച് അനുമോദിച്ചു പറഞ്ഞു. ”അസ്സലായിട്ടുണ്ട്” മലയാളത്തിന്റെ പ്രഗത്ഭ സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്ററായിരുന്നു മാനുവലിന്റെ ഗാനം കേട്ട് അനുമോദിച്ചത്. ഈ സന്തോഷം പങ്കിടാന്‍ ഇന്നത്തെ ഭക്ഷണം എന്റെ വകയാണെന്ന് പറഞ്ഞ് എം.ഇ മാനുവലിനെ വിളിച്ചുകൊണ്ടുപോയി വിരുന്നും നല്കി രവീന്ദ്രന് മാസ്റ്റര്‍.
1985ല്‍ ഇറങ്ങിയ സ്നേഹമാല്യം കസെറ്റിലെ 10 ഗാനങ്ങളില്‍ ഒന്നാണത്. ഈ ഗാനം ഇറങ്ങിയതിനുശേഷമുള്ള എല്ലാ ഈസ്റ്റര്‍ കുര്‍ബാനകളിലും മലയാളികള്‍ ഈ പാട്ട് പതിവായി പാടിവരുന്നു. ഈ വര്‍ഷവും മിക്കവാറും പള്ളികളിലും ഈ ഗാനം പാടിയിട്ടുണ്ടാകും. ഒരു ഹര്‍മോണിയം മാത്രമുള്ള പള്ളിയില്‍പ്പോലും പാടാന്‍ പറ്റുന്ന തരത്തിലാണ് ഞാന്‍ ഈ പാട്ടിന് സംഗീതം നല്‍കിയിട്ടുള്ളതെന്ന് എം.ഇ മാനുവല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്നേഹമാല്യം ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും സ്വീകാര്യത ലഭിച്ചിട്ടുള്ളവയാണ്.
മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍,
കാല്‍വരി മലയുടെ ബലിപീഠത്തില്‍
ഞാനെന്‍ നാഥനെ വാഴ്ത്തുന്നു,
മാലാഖമാരുടെ ഭാഷയറിഞ്ഞാലും,
ആകാശത്തിന് വദനം,
ആരിതാരണ്യ ഭൂവില്‍ നിന്നാരോഹണം,
വേദനയാല്‍ പിടയുമെന്നാത്മാവിനെ
രാരിരോ പൊന്നുണ്ണി,
എന്നീ ഗാനങ്ങളാണ് സ്നേഹമാല്യം ആല്‍ബത്തില്‍ ഉള്ളത്.
ഈ ഈസ്റ്റര്‍ ദിനത്തില്‍ പൊന്നൊളിയില്‍ കല്ലറ മിന്നുന്നു എന്നു ഗാനം കേള്‍ക്കാന്‍ എം.ഇ മാനുവല്‍ ഉണ്ടായിരുന്നില്ല. 2023 ജനുവരി 12ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.