രാജ്യം മുഴുവന്‍ കുത്തകകള്‍ക്കു തീറെഴുതുകയും ജനങ്ങളെ നിശബ്ദരാക്കുകയും നേതാക്കളെപ്പിടിച്ച് കുങ്കിയാനകളെപ്പോലാക്കുകയും ചെയ്യുന്നതിനെയാണോ ഇവിടെ ജനാധിപത്യം എന്നു വിളിക്കുന്നത്? വിമത ശബ്ദങ്ങള്‍ സഹിക്കാനാവാത്ത ഫാസിസ്റ്റ് ഭരണാധികാരികളുടെ കിരാത നടപടികളുടെ അവസാനത്തെ ഇരയായിരിക്കുന്നു രാഹുല്‍ഗാന്ധി. കവികളും എഴുത്തുകാരും നിരന്തരം ഇരയാക്കപ്പെടുന്നു. അങ്ങനെ ഇരുണ്ടതും നിശബ്ദവുമായ ഒരു സാമൂഹ്യ രൂപീകരണമാണോ ജനാധിപത്യം? രാഹുല്‍ഗാന്ധിയെ ഭയപ്പെടുന്നതെന്തിന്?
നിലവിലുള്ള ഭരണാധികാരിയെ വധിച്ച് മറ്റൊരാള്‍ അധികാരം കൈയ്യാളുന്നത് ഒരു ചരിത്രവസ്തുതയാണ്. ഒരു ഭരണാധികാരിക്കു ഭീഷണിയായി മറ്റൊരാള്‍ വളരുന്നതു കണ്ടാല്‍ അയാളെ ഇല്ലാതാക്കാന്‍ എന്തും ചെയ്തുകളയുമെന്നും ചരിത്രം നമ്മോടു പറയുന്നു. യേശുവിന്റെ ജനനത്തെത്തുടര്‍ന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടത് അതാണു സൂചിപ്പിക്കുന്നത്. രാഹുല്‍ഗാന്ധിയെ പുറത്താക്കുന്നത് ആ ചരിത്രവഴിയുടെ ഭാഗം തന്നെയാണ്. നിശ്ചയമായും ഭയത്തില്‍ നിന്നുള്ളതാണത്. മോദി-അദാനി ബന്ധം രാജ്യദ്രോഹപരമായുയരുന്നതിനെ രാഹുല്‍ ചോദ്യംചെയ്തു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കു ലഭിച്ച ഉയരം മോദിയെ ഭയപ്പെടുത്തുന്നുണ്ട് എന്നു വേണം കരുതാന്‍. തിന്മയുടെ ചരിത്രാവര്‍ത്തനമാണ്. ഭരണാധികാരികളുടെ ഭയത്തിന്മേല് എം.പി സ്ഥാനം തുലാസിലാകുന്നതു ക്രൂരമാണ്.
രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടു. ഒരു മാനനഷ്ടകേസിലെ വിധിയുടെ ഫലമാണ്. വിധിപ്രഖ്യാപനത്തിനു മുമ്പ് ജഡ്ജിയെ മാറ്റിയതെന്തിന്? ജുഡീഷ്യറിയെ വിലയ്ക്കെടുക്കുന്നു. ഇത്തരം നടപടികള്‍ ശ്രീ മോഹന്‍ ഗോപാല്‍ പറയുന്നതു പോലെ തിയോക്രാറ്റിക് ജുഡീഷ്യറിയെ സ്ഥാപിക്കാനുള്ള നീക്കമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിധിയും അങ്ങനെയൊരു നൈയാമിക സാധ്യതയുണ്ടെങ്കില്‍ അവയും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ഒരു പാര്‍ലമെന്റ് മെംബര്‍ സ്ഥാനം നഷ്ടപ്പെടാന്‍ മാത്രം രാഹുല്‍ എന്തു കുറ്റമാണ് ചെയ്തത്? ഇതൊരു തിരഞ്ഞെടുപ്പു സംബന്ധിച്ച കേസിന്റെ വിധിയല്ല. നിയമാനുസൃതം വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെയാണു പുറത്താക്കിയിരിക്കുന്നത്. അതിനു തക്കതായ കാരണം വേണ്ടേ? രാജ്യദ്രോഹമോ ഭരണഘടനാലംഘനമോ ചൂണ്ടികാണിക്കാന്‍ ഇപ്പോഴുള്ള നിയമവ്യവസ്ഥയില്‍ സാധ്യതയുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. ഒരു മാനനഷ്ടക്കേസിന്റെ സ്കോപ്പ് പരിശോധിക്കപ്പെടണം.
രാഹുല്‍ഗാന്ധി പുറത്താക്കപ്പെട്ടു.
നീ മിണ്ടരുത് എന്നവര്‍ ആക്രോശിക്കുന്നു
നീ ഇനി ജനപ്രതിനിധിസഭയില്‍ കയറിപ്പോകരുത്.
നീ പുറത്തിറങ്ങി നടക്കുകയും വേണ്ട.
പൊതുനിരത്തുകള്‍ നിന്റേതല്ല.
അവയൊക്കെയും മറ്റു പൗരന്മാരുടേയുമല്ല.
അവയെല്ലാം ഞങ്ങള്‍ക്കു പ്രിയപ്പെട്ട ബഹുമാന്യരായ ചില കൂടിയ പൗരന്മാര്ക്കു തീറെഴുതി.
നീ ഈ രാജ്യത്ത് കിഴക്കുപടിഞ്ഞാറ്, തെക്കുവടക്ക് കുറെ നടന്നില്ലേ
ഇനി മതി.
നീ ഞങ്ങള്ക്കരോചകമാണ്.
നീ സത്യസന്ധനാണെന്നു നിന്നെക്കുറിച്ച് നീ തന്നെ പറയുന്നു.
ഞങ്ങളങ്ങനെ അല്ലായെന്നു നീ പറയാതെ പറയുന്നു.
അതിനാല്‍ നിന്റെ കാര്യത്തില്‍ ഞങ്ങളുടെ പ്രീതി നഷ്ടപ്പെട്ടിരിക്കുന്നു.
അതിനാല്‍ നീ ഇനി പുറത്തിറങ്ങണ്ട.
അഴിയെണ്ണി അഴിയെണ്ണി തുറങ്കലില്‍ കഴിയൂ.
നീ അവിടെയായിരിക്കുമ്പോള്‍ ഓര്‍ക്കാന്‍ ഒരു കവിത
അവരെന്റെ മഷിയും പേനയും കവര്‍ന്നാലും
എനിക്കു പരാതിയില്ല
എന്തെന്നാല്‍ എന്റെ ഹൃദയത്തിലല്ലോ
ഞാന്‍ വിരല്മുക്കിയിട്ടുള്ളത്.
എന്റെ നാവ് അവര്‍ മുദ്രവച്ചാലും
എനിക്കു പരാതിയില്ല
എന്തെന്നാല്‍ എന്റെ ഈ ചങ്ങലയിലെ ഓരോ കണ്ണിയും
പറയാന്‍ തയ്യാറെടുത്ത നാവാണ്.
സംസാരിക്കുക നിന്റെ ചുണ്ടുകള്‍ സ്വതന്ത്രമാണ്.
സംസാരിക്കുക ഇതു നിന്റെ സ്വന്തം നാവാണ്.
സംസാരിക്കുക ഇതു നിന്റെ സ്വന്തം ശരീരമാണ്.
സംസാരിക്കുക നിന്റെ ജീവിതം നിന്റേതു തന്നെയാണ്.
സംസാരിക്കുക സത്യം ഇപ്പോഴും ജീവിച്ചിരിക്കുന്നു
സംസാരിക്കുക, നീ പറയേണ്ടത്
നീ തന്നെ പറയണം.
(ഫെയ്സ് അഹമ്മദ് ഫെയ്സിന്റെ കവിത. ദേശമംഗലം രാമകൃഷ്ണന് വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് (2023 മാര്‍ച്ച് 27) പ്രസിദ്ധീകരിച്ചത്)
ഇന്നസെന്റ് ഒരു മരുന്നാകുന്നു
കേരളത്തെ ചിരിപ്പിച്ച ഇന്നസെന്റ് കടന്നുപോയി. അഭിനയ ചക്രവര്‍ത്തി എന്നെല്ലാവരും പറയുന്നു. അതേക്കാളുപരി അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. ജിവിതത്തെ ഇത്രയേറെ സ്നേഹിച്ച ഒരാള്‍, ജീവിതത്തില്‍ ഇത്രയേറെ പ്രതീക്ഷ നിറച്ച ഒരാള്‍, ജീവിതത്തിന്റെ തത്ത്വചിന്ത ഇതുപോലെ മലയാളിയെ പഠിപ്പിച്ച മറ്റൊരു തത്ത്വചിന്തകനുണ്ടാവില്ല. ഇന്നസെന്റ് ദൈവത്തോടു പറഞ്ഞുവത്രേ, രോഗം തന്നു പേടിപ്പിക്കേണ്ട; ഞാനങ്ങു വന്നാല്‍ നിനക്കവിടെ ഇരിപ്പിടമുണ്ടാവില്ല. ആ സ്വാതന്ത്ര്യം ദൈവത്തിനിഷ്ടപ്പെട്ടുകാണും. ഹാസ്യദേവത ഇന്നസെന്റിന്റെ ശരീരത്തില്‍ ആവസിച്ചിരുന്നു എന്നു വേണം കരുതാന്‍. അദ്ദേഹത്തിന്റെ തമാശകളെല്ലാം ശരീരം മുഴുവനും ഇടപെടുന്നതായിരുന്നു. അല്ലാതെയുള്ള വെറും വാക്കുകള്‍ തമാശകളാകുമായിരുന്നില്ല. ഇന്നസെന്റെ് ജനകീയനായിരുന്നു. ജീവിതത്തിന്റെ ഭാരം എത്ര ലഘുവാക്കാമെന്ന് ഇന്നസെന്റ് പറഞ്ഞു തരും. ‘കാബൂളിവാല’ എന്ന സിനിമയുടെ ഷൂട്ട് എറണാകുളത്തു നടക്കുന്നതിനിടയില്‍ സമയം കണ്ടെത്തി എറണാകുളം ലോ കോളജിലെത്തി ഞങ്ങളുമായി തമാശപറഞ്ഞിട്ടുണ്ട്. ”ഇവന് കന്നാസ്, ഞാന്‍ കടലാസ്. ദുഷ്ടനെ ദൈവം പന പോലെ വളര്ത്തുമെന്നാണു പറയുക. എന്നെപ്പോലൊരു ദുഷ്ടനെ അത്ര വേഗം കൊണ്ടുപോവില്ല.”
ഒരു ചിരികൊണ്ട് ഏതു പ്രശ്നത്തേയും അതിജീവിക്കാമെന്ന് അദ്ദേഹം മലയാളിയെ പഠിപ്പിച്ചു.
നാടിനെ സ്നേഹിച്ചു. അമ്മയെന്ന സംഘടനയെ കൊണ്ടുനടന്നു. കാന്‍സര്‍ എന്ന രോഗത്തെ എത്ര മാതൃകാപരമായിട്ടാണ് അദ്ദേഹം അതിജീവിച്ചത്! അദ്ദേഹം എഴുതിയ അതിജീവനഗ്രന്ഥം ഏറെപ്പേര്‍ക്ക് ഉപകാരമായി. ഈ അനുഗൃഹീത കലാകാരന് അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ജീവിതത്തില്‍ ഇതുപോലെ ഇന്നസെന്റായി ജീവിക്കാന്‍ ഒരേയൊരാളേയുള്ളൂ – അതാണ് ഇന്നസെന്റ്. അതെ, പ്രസാദാത്മകമായി ജീവിക്കനുള്ള മരുന്നാണ് ഇന്നസെന്റ്.