വിശുദ്ധവാരത്തിലെ തിരുക്കര്‍മങ്ങളില്‍ ഭക്തിയും ചാരുതയും നല്കുന്ന സവിശേഷമായ കുറച്ച് ഗാനങ്ങള്‍ നാം ആലപിച്ചു വരുന്നുണ്ട്. ഓശാന ഞായറാഴ്ചയിലെ ഗാനങ്ങളില്‍ ദേവാലയ പ്രവേശനത്തിന്റെ സന്തോഷവും, പെസഹാവ്യാഴം, ദു:ഖവെള്ളി ദിനങ്ങളില്‍ പീഡാസഹനത്തിന്റെ വേദനയും ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍പ്പിന്റെ ആഹ്ലാദവും പങ്കുവയ്ക്കുന്ന തിരുക്കര്‍മ്മഗീതങ്ങള്‍. ഈ ഗാനങ്ങള്‍ നമുക്ക് പരിചിതമാണെങ്കിലും സ്രഷ്ടാക്കളെക്കുറിച്ച് കാര്യമായ അറിവുണ്ടാകണമെന്നില്ല. കാലാകാലങ്ങളായി നാം പാടിവരുന്ന ഈ ഗാനങ്ങളുടെ സ്രഷ്ടാക്കള്‍ക്കുള്ള കൃതഞ്ജതാ സമര്‍പ്പണമാണ് ഈ കുറിപ്പ്.
ഓശാന ഞായറാഴ്ചയിലെ ദേവാലയ പ്രവേശനത്തിന്റെ സന്തോഷം പങ്കിടുന്ന ഓര്‍മകള്‍ക്കായി നാം ആലപിക്കുന്ന പ്രവേശന പ്രഭണിതം:
ഹോസാന ഹോസാന
ദാവീദിന് സുതനോസാന
എഴുതിയത് ഫാ. ജോസഫ് മനക്കിലാണ്. സംഗീതം ജോബ് ആന്‍ഡ് ജോര്‍ജ.് പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ആലപിക്കുന്ന
വിശുദ്ധ നഗരോപാന്തത്തില്‍
എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്രഷ്ടാക്കളും ഈ മൂവര്‍ സഖ്യം തന്നെയാണ്.
ഒലിവും ശാഖയും വഹിച്ചെബ്രായ ബാലകര്‍
സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ,
മലരും തരുശിഖരങ്ങളുമായ്
എന്നീ ഗാനങ്ങള്‍ എഴുതിയത് വര്‍ഗീസ് ജെ. മാളിയേക്കലാണ്. ജോബ് ആന്‍ഡ് ജോര്‍ജ് തന്നെയാണ് സംഗീതം നല്‍കിയത്. മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തിയിരുന്ന ശീവൊള്ളി നാരായണന് നമ്പൂതിരി എഴുതിയ ഒരു ഗാനവും നാം പതിവായി ഓശാന ഞായറാഴ്ച പാടാറുണ്ട്.
ജയ ജയ രാജ ക്രിസ്തുവിഭോ
ജയ ജയ രക്ഷകനീശ സുതാ
എല്ലാ സ്തുതിയും ബഹുമതിയുമണ്ടങ്ങേക്കെന്നാളും (സംഗീതം: ജോബ് ആന്‍ഡ് ജോര്‍ജ്)
പെസഹാവ്യാഴാഴ്ചയിലെ തിരുകര്‍മങ്ങളില്‍ ഏറ്റവും ഹൃദ്യവും വികാരനിര്‍ഭരവുമായ ഭാഗമായ കാല് കഴുകല്‍ ശുശ്രൂഷയില്‍ നാം പാടുന്നത്:
അന്തിമ ഭോജന വേളയിലീശന്
പന്തിയില്‍ നിന്നുമെഴുന്നേറ്റു
ജലകുംഭങ്ങളില്‍ ഒന്നുമെടുത്താ
കരുണാ പൂരിതനാം ഭഗവാന്
എന്ന ഗാനമാണ്. ഈ ഗാനം രചിച്ചത് വര്‍ഗീസ് ജെ. മാളിയേക്കലും സംഗീതം നല്‍കിയത് ജോബ് ആര്‍ഡ് ജോര്‍ജുമാണ്.
ഫാ. ജോസഫ് മനക്കില് എഴുതി ഫാ. വിജയന് ചോഴപ്പറമ്പില് സംഗീതം നല്കിയ
സ്നേഹമെവിടെ ഉപവിയെവിടെ
ദൈവമുണ്ടവിടെ
ക്രിസ്തുവിന് തിരുസ്നേഹമൊന്നായ്
ചേര്‍ന്നിതാ നമ്മെ
എന്നു തുടങ്ങുന്ന ഗാനം പെസഹാവ്യാഴാഴ്ച കാഴ്ചവയ്പ് സമയത്ത് പാടിവരുന്നു.
ദിവ്യകാരുണ്യ പ്രദക്ഷിണ ഗാനമായ,
പാടുക നാവേ നീ
ക്രിസ്തുവിന് ദിവ്യമാം
സ്നേഹസമ്പൂര്ണമാം മെയ്യിന്റേയും
നിത്യമമൂല്യമാം താവക നിര്‍മല
രക്തത്തിന്റെയും രഹസ്യമൊന്നായ്
എന്ന ഗാനത്തിന്റെ സ്രഷ്ടാക്കള്‍ വര്‍ഗീസ് ജെ. മാളിയേക്കല്‍, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരാണ്.
ദുഃഖവെള്ളിയാഴ്ചയിലെ കുരിശാരാധനയ്ക്ക് നാം ആലപിക്കുന്ന
ഇതാ ഇതാ കുരിശുമരം
ഇതിലാണു ലോകൈക രക്ഷകന്
മരണം വരിച്ചതീ മന്നിനായ്
എന്ന മഹോന്നത വരികള്‍ രചിച്ചത് ഫാ. ജോസഫ് മനക്കിലാണ്. കെ.കെ ഗോപാലന്റേതാണ് സംഗീതം.
കുരിശു ചുംബനത്തിന്റെ സമയത്ത് നാം പതിവായി പാടുന്നത്,
നിന് തിരുകുരിശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയര്പ്പിനെ വാഴ്ത്തിടാം എന്ന ഗാനവും വര്‍ഗീസ് ജെ. മാളിയേക്കല്‍, ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യത്തിന്റേതാണ്. എന്‍ ജനമേ ചൊല്ക ചൊല്ക എന്ന വിലാപ ഗീതം എഴുതിയത് ഫാ. ജേക്കബ് കല്ലറക്കലാണ്. സംഗീതം: ജോബ് ആന്‍ഡ് ജോര്‍ജ്. കെ.കെ ഗോപാലന് സംഗീതം നല്കിയ
കാണുക ക്രുശുമരം
പരിപാവനമേ വരദം (രചന: ഫാ. ജോസഫ് മനക്കില്) എന്ന ഗാനവും ദുഃഖവെള്ളിയിലെ തിരുക്കര്മങ്ങളെ ഭക്തിസാന്ദ്രമാക്കും.
ദുഃഖവെള്ളിയാഴ്ചയില്‍ പാടുന്ന മറ്റൊരു ഗാനമായ
ലോകം സൃഷ്ടിച്ച് ശക്തനാം ദൈവം കാലം പൂര്‍ത്തിയാം നേരത്തിലന്നാള് എന്ന ഗാനത്തിന്റെ സ്രഷ്ടാക്കള്‍ വര്‍ഗീസ് ജെ. മാളിയേക്കല്‍, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരാണ്.
ഈസ്റ്റര്‍ പാതിരാകുര്‍ബാനയില്‍ പെസഹാപ്രഘോഷണ ഗാനമായ,
ദൈവദൂതരാര്‍ത്തുല്ലസിക്കട്ടെ
ആനന്ദത്തിരയങ്ങുയരട്ടെ
(സംഗീതം: ജോബ് ആന്‍ഡ് ജോര്‍ജ്) എന്നത് എഴുതിയത് വര്‍ഗീസ് ജെ. മാളിയേക്കലാണ്.
ഈസ്റ്റര്‍ പ്രദക്ഷിണത്തിന് പാടുന്ന ഹല്ലേലൂയ ഹല്ലേലൂയ എന്നതിന്റെ സംഗീതം കൈക്കൊണ്ടിട്ടുള്ളത് പരമ്പരാഗത ഗ്രിഗോറിയന്‍ ചാന്റില്‍ നിന്നുമാണ്.
വിശുദ്ധവാരത്തില്‍ ഈ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ ഇവയുടെ സ്രഷ്ടാക്കളെ ഓര്‍ക്കാം നമുക്ക്.