ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേയോ സമുദായത്തിന്റെയോ ഭാഗമായി മാത്രം കെഎല്സിഎയെ കാണേണ്ടതില്ല. ലത്തീന്‍ കത്തോലിക്കര്‍ കൂടി ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായാണ് കെഎല്‍സിഎ ആരംഭ കാലം മുതല്‍ നില കൊണ്ടിട്ടുള്ളത്. അത് ഭാവിയിലും തുടരും. തിരസ്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കെഎല്‍സിഎയുടെ പോരാട്ടങ്ങള്‍ തുടരും.
തീരദേശ പാതയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ നിയമപരമായ എല്ലാ പരിരക്ഷയും തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കണം. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥലവിലയുടെ ഇരട്ടി തുക നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇത് ആരുടേയും ഔദാര്യമല്ല. നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യമാണ്. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അറുന്നൂറ് സ്ക്വയര്‍ഫീറ്റുള്ള ഫ്ളാറ്റല്ല നല്‍കേണ്ടത്. ഭവനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഭവന നിര്‍മാണം ഉറപ്പാക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. സ്ഥലം ഏറ്റെടുക്കുന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ചില യോഗങ്ങള്‍ വിളിച്ചു ചേര്ത്തുകൊണ്ടിരിക്കുന്നുണ്ട്. നിയമം ലംഘിച്ച് നഷ്ടപരിഹാരം നല്‍കിയിട്ട് ന്യായമായ നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരം പല യോഗങ്ങളും ചേരുന്നത്. ഇക്കാര്യങ്ങള്‍ തീരദേശവാസികളെ ബോധ്യപ്പെടുത്താന്‍ കെഎല്‍സിഎ തയ്യാറെടുക്കുകയാണ്.
സഹായിച്ചവരെ തിരിച്ചും സഹായിക്കും
– ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
രാഷ്ട്രീയത്തില്‍ പ്രവേശിച്ച് രാഷ്ട്രീയരംഗം സംശുദ്ധമാക്കി മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് കെഎല്‍സിഎ പ്രവര്‍ത്തകര്‍. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിനു ലഭിച്ചില്ല. നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദര്‍ശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം. ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം. നമുക്ക് അര്‍ഹമായ അവകാശങ്ങള്‍ വേണം. കോട്ടയത്തു ചേര്‍ന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സമുദായത്തോട് അനുഭാവപൂര്‍വമായ സമീപനമാണുള്ളതെന്നു മന്ത്രി സജി ചെറിയാന് പറഞ്ഞു. അങ്ങനെയെങ്കില്‍ വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികര്‍ക്കും അല്മായര്ക്കുമെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം. അങ്ങനെ ലത്തീന്‍ സമുദായവുമായി ഊഷ്മളമായ ബന്ധമാണ് സര്ക്കാരിനുള്ളതെന്നു തെളിയിക്കണം.
അമ്പതാണ്ടിന്റെ ജനശക്തിയാണ് കെഎല്‍സിഎ. സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കു വേണ്ടി കെഎല്‍സിഎ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്തവവിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കെഎല്‍സിഎ ബാധ്യസ്ഥരാണ്. ഇനിയും ഒരുപാട് ദൂരം സംഘടനയ്ക്ക് സഞ്ചരിക്കാനുണ്ട്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനുളള ആ യാത്രയുടെ തുടക്കമാണ് ഇവിടെ നടക്കുന്ന മഹാസമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.
പറ്റിക്കരുത്;വികസനം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം
-ബിഷപ് ഡോ. ജോസഫ് കരിയില്‍
ലത്തീന്‍കാരും ഈ നാട്ടിലെ പൗരന്മാരാണല്ലോ. അതുകൊണ്ട് നമുക്കും പ്രാതിനിത്യം വേണം. മറ്റാരുടേയും അവകാശങ്ങള്‍ നമുക്ക് വേണ്ട. പിഎഎ സി പോലുള്ള നിയമന സംവിധാനങ്ങള്‍ കൗശലപൂര്‍വ്വം അട്ടിമറിച്ച് നമ്മളെ പുറത്തുനിറുത്തുന്നതുവഴി നമുക്കുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിക്കാനായുള്ള നടപടികളും ഉണ്ടാകണം. സദാ തുറന്നിരിക്കുന്ന കണ്ണുകളും കാതുകളുമാണ് ആവശ്യമായിരിക്കുന്നത്. പ്രധാനമായും തീരമേഖലയിലും പിന്നെ മലയോരങ്ങളിലുമായി നമ്മുടെ സാന്നിധ്യം ജനകീയമായിട്ടുണ്ടാകണം. ഈ രണ്ടിടങ്ങളിലും കുത്തകകള്‍ കയറിപ്പറ്റി ജനത്തെ തുരത്തുന്ന കോര്‍പ്പറേറ്റ് നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തീരദേശത്ത് കുടിവെള്ളമില്ല. പക്ഷേ നമ്മുടെ ഗവണ്മെന്റ് സായിപ്പുമാര്‍ക്ക് കളിവള്ളം ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ തിരക്കിലാണ്. അത് അങ്ങിനെ അനുവദിച്ചുകൊടുക്കാനായിട്ട് പാടില്ല. തീരദേശം അവിടെ വസിക്കുന്നവര്ക്കുള്ളതാണ്. വികസനം വേണം. വികസനത്തിനുവേണ്ടി ഏറ്റവും അധികം ത്യാഗം സഹിച്ചവരാണ് ഞങ്ങള്‍. എല്ലായിടത്തു നിന്നും ഞങ്ങളെ ആട്ടിപ്പായിച്ചിട്ടേയുള്ളൂ. ഇനി അങ്ങനെ പായിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. വിഴിഞ്ഞം പദ്ധതിയുടെ അതിന്റെ തുടക്കം മുതലേ ഞാന്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു വിഴിഞ്ഞം പദ്ധതി നമുക്ക് വേണം, അതിനെ എതിര്‍ക്കാന്‍ പാടില്ല എന്ന്. അത് നാടിന് ഉപകാരപ്രദമായി നന്നായി നടത്തിയെടുക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണ്. പക്ഷേ അവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തീരശോഷണമുണ്ടാകുന്നതിന്റെ പരിഹാരം നടപ്പിലാക്കാന്‍ മനസുണ്ടാവണമെന്ന് സ്ഥിരമായി ഞാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഏതു പദ്ധതിക്കും വികസനത്തിനും ഞങ്ങള്‍ കൂടെയുണ്ട.് പക്ഷേ ആരാണ് നടത്തുന്നത്, എന്താണ് ചെലവാക്കുന്നത്, എന്തു നേട്ടമാണ് ഉണ്ടാകുക, ഏതു വ്യവസ്ഥയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നതൊക്കെ അറിഞ്ഞിട്ട് അതൊക്കെ മൂടിവച്ചിട്ട് മുന്നോട്ട് പോകാന്‍ പാടില്ല. മൂന്നു പാര്‍ട്ടിയുടേയും നേതാക്കന്മാരുണ്ട.് നിങ്ങള്‍ വെറുതെ അങ്ങനെ ഞങ്ങളെ പറ്റിക്കരുത്. വികസനം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം.
അവകാശപത്രികയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം
-ഫിഷറീസ് മന്ത്രി സജി ചെറിയാന്
കേരളത്തിലെ ഏതാണ്ട് 600 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുളള തീരമേഖലയില്‍ ജീവിക്കുന്ന ഒരു ജനതയുടെ സങ്കടങ്ങളും പ്രയാസങ്ങളും രണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ പ്രസംഗത്തിലൂടെ വളരെ നന്നായി ഇവിടെ അവതരിപ്പിച്ചു. പറഞ്ഞതിനോട് ചെറിയ പ്രതികരണങ്ങള്‍ മാത്രം നടത്താന്‍ ആഗ്രഹിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന രണ്ടാമത്തെ ഗവണ്മെന്റാണ് ഇന്ന് അധികാരത്തില്‍ ഉള്ളത്. കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖലയില്‍ ആറര വര്‍ഷം സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ കണക്കുകൂടി എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എത്ര കോടി രൂപ കേരളത്തിന്റെ തീരമേഖലയ്ക്കുവേണ്ടി ചെലവഴിച്ചു. തീരത്തെ ചേര്‍ത്തുപിടിച്ചതാണ് ആറര വര്‍ഷങ്ങള്‍. ചെല്ലാനം വിഷയം മാക്സി എംഎല്‍എ ഉയര്‍ത്തിക്കൊണ്ടുവന്നു. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി നിന്നു. മുന്നൂറ്റി മുപ്പത്തിയാറ് കോടി രൂപ സമയബന്ധിതമായി അനുവദിച്ചു. എന്നു മാത്രമല്ല, പത്തുകിലോ മീറ്റര്‍ നിര്‍മാണം പൂര്‍ത്തികരിച്ചുകൊണ്ട് ബാക്കി പൂര്‍ത്തികരിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണ്.
തീരദേശത്തിന്റെ പ്രശ്നങ്ങള്‍ ഓരോന്നായി അഡ്രസ് ചെയ്തു, ഇല്ല എന്നു പറയരുത്. ഏറ്റവും പ്രധാനമാണ് തീരസംരക്ഷണം. കേരളത്തിന്റെ തീരപ്രദേശത്ത് ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ സംരക്ഷണവും ഉറപ്പാക്കുന്നില്ല. എന്നാല്‍ എല്ലാം ഉറപ്പാക്കണം എന്നതാണ് ഗവണ്മെന്റിന്റെ നിലപാട്. രണ്ടാമത്തെ കാര്യം കടലില്‍ മത്സ്യബന്ധനം നടത്തുന്ന ജനവിഭാഗമാണ്. അവരുടെ സംരക്ഷണവും മറ്റും ഉറപ്പുവരുത്തുന്ന ഗവണ്മെന്റാണിത്. 159 പേര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കിയത് 20 ലക്ഷം രൂപയാണ്. മത്സ്യത്തൊഴിലാളി മരിച്ചാല്‍ ബന്ധുക്കള്‍ക്ക് ഉടനടി 5 ലക്ഷം രൂപ കൊടുക്കുന്ന ഗവണ്മെന്റാണ് ഇത്. കേരളത്തിലെ മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്ന സംവരണത്തിനു ഒരിഞ്ചുപോലും കുറവു വരില്ല എന്നകാര്യം ഞാന്‍ ഈ അവസരത്തില്‍ ഉറപ്പു തരാന്‍ ആഗ്രഹിക്കുകയാണ്.
സര്‍ക്കാരും വിഴിഞ്ഞം സമരസമിതിയുമായിട്ടുള്ള ഏതു എഗ്രിമെന്റുകളും സമയബന്ധിതമായി പുര്‍ത്തിയാക്കും എന്നു ഞാന്‍ ഉറപ്പുതരാന്‍ ആഗ്രഹിക്കുകയാണ്. കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഇതുമാത്രമല്ല കെഎല്‍സിഎയുടെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് അവകാശപത്രിക ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവകാശ പത്രികയില്‍ സംസ്ഥാന ഗവണ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലത്തീന്‍ സഭയുമായി ചര്‍ച്ച ചെയ്യും. മാതൃകാപരമായി ഇടപെടാന്‍ ഞാന്‍ ശ്രമിക്കുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കണ്ണിരൊപ്പാന് നമുക്ക് കൂട്ടായി പരിശ്രമിക്കാം. രാഷ്ട്രീയമായി നിങ്ങളെ തള്ളിക്കളയുമെന്ന ഒരാശങ്കയും നിങ്ങള്‍ക്കുവേണ്ട. നിങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും അത് ചര്‍ച്ചചെയ്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംസ്ഥാന ഗവണ്മെന്റി അധികാരപരിധിയില്‍ നിന്നുകൊണ്ട് നടപ്പാക്കാന്‍ കഴിയും.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്ക്കും
-വി.ഡി സതീശന്, പ്രതിപക്ഷ നേതാവ്
കെഎല്‍സിഎയുടെ അവകാശ പത്രികയില്‍ പറഞ്ഞിരിക്കുന്ന 25 ശതമാനം കാര്യങ്ങള്‍ കേരളത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. അതിന്റെ പേരില്‍ ഞങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നുവെന്നും വിശ്വസിക്കുന്നില്ല. അത് നേടിയെടുക്കുന്നത് വരെ ഈ ജനസമൂഹത്തിന്റെ കൂടെ ഉണ്ടാവും. ബന്ധു ആരാണ് ശത്രു ആരാണ് എന്ന് തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാനുള്ള നേതൃത്വം ഈ സമുദായത്തിലുള്ളതാണ് ഞങ്ങളുടെ ആത്മവിശ്വാസം. അത് തീര്‍ച്ചയായും കഴിയട്ടെ. ഈ സുവര്‍ണ ജൂബിലി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഉജ്വലമായ ചുവടുവയ്പായി മാറട്ടെ, അതിനുവേണ്ടിയുള്ള പോരാട്ടമായി മാറട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.
എന്തുകൊണ്ടാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യാത്തത്?
കെ. സുരേന്ദ്രന്,ബിജെപി സംസ്ഥാന പ്രസിഡന്റ്
ഇന്ത്യയിലേയും കേരളത്തിലെയും ക്രൈസ്തവസമൂഹത്തിന്റെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ആഗോള ദേശീയ സാഹചര്യങ്ങള്‍ ഇതിനായി വിലയിരുത്തണം. 2040-50 ആകുമ്പോഴേക്കും ഇപ്പോഴുള്ള പല ക്രൈസ്വരാജ്യങ്ങളും ഇസ്ലാമികസ്റ്റേറ്റുകളായി മാറുമെന്നതിന് ഒരു സംശയവും വേണ്ട. അത് സംഘപരിവാറിന്റെ മുളവടി ഭീഷണി കൊണ്ടൊന്നുമായിരിക്കില്ല. വിഴിഞ്ഞത്തെ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം വിശ്വസിക്കേണ്ട. ഒരു കേസും പിന്‍വലിക്കാന്‍ പോകുന്നില്ല. കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ ന്യൂനപക്ഷങ്ങളിലെ രണ്ടു വിഭാഗങ്ങളോട് സമദൂരസിദ്ധാന്തമാണോ സ്വീകരിച്ചിരിക്കുന്നത്. സംവരണം 80-20 ആക്കിയപ്പോള്‍ പ്രതികരിക്കാനുണ്ടായത് നിങ്ങളിതു വരെ വോട്ടു ചെയ്തിട്ടില്ലാത്ത മുന്നണിയായിരുന്നു. ഒരു കാലത്ത് നിങ്ങള്‍ക്കുണ്ടായിരുന്ന സമ്മര്‍ദ്ദശക്തി എങ്ങനെ ഇല്ലാതായി? കേന്ദ്രത്തില്‍ ഒരു ഫിഷറീസ് വകുപ്പ് കൊണ്ടുവരാന്‍ ബിജെപിക്കേ കഴിഞ്ഞുള്ളൂ.
രാഷ്ട്രീയം നിങ്ങള്‍ മറന്നേക്കു. നിങ്ങള്‍ ആര്‍ക്കും വോട്ടു ചെയ്തോളൂ. എന്തുകൊണ്ട് നമുക്കിടയില്‍ ഒരുപാലം ഉണ്ടാവുന്നില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ പാലങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാത്തത്? ഇനി 25 കൊല്ലം കഴിഞ്ഞാലും ഈ പാര്‍ട്ടി തന്നെ ആയിരിക്കും രാജ്യം ഭരിക്കുക. ഹിന്ദുവായാലും ക്രിസ്ത്യാനിയയാലും കരയുന്ന കുട്ടിക്കുമാത്രമേ പാലുള്ളൂ. കരയേണ്ടിടത്ത് കരയണം. ബധിര കര്‍ണങ്ങളില്‍ കരഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. നാം വസ്തുതകളുടെ പിന്‍ബലത്തില്‍ സംസാരിക്കണം. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി സംസാരിക്കണം എന്ന വിനയപൂര്വമായ അഭ്യര്ഥനമാത്രമേയുള്ളൂ. ലത്തീന്‍ കത്തോലിക്ക സഭ കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന സാധാരണ ജനങ്ങളുടെ പിന്തുണയുള്ള ഒരു സഭയാണ്. വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കിയെടുക്കാമെന്നുള്ള ഉറച്ച വിശ്വാസമുണ്ട്. നിങ്ങളുടെ ഏതു ദൈനദിന പ്രശ്നങ്ങളിലും പരിഹാരം കാണാന്‍ ഒരു ബിജെപി അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ ഉറപ്പു തരുന്നു.
വിഴിഞ്ഞത്തെ കുടുംബങ്ങള്‍ ഇപ്പോഴും ഗോഡൗണില്‍ തന്നെ
-ജോസഫ് ജൂഡ്കെ, ആര്‍എല്‍സിസി വൈസ്പ്രസിഡന്റ്
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കെഎല്‍സിഎ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ വസ്തുത വിരുദ്ധമായ പ്രസ്താവനകള്‍ കൊണ്ട് അവയെ ന്യായീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. ബഹുമാന്യനായ മന്ത്രി സൂചിപ്പിക്കുകയുണ്ടായി, തീരത്തു നിന്നും 50 മീറ്റര്‍ വരെയുള്ള കുടുംബങ്ങളില്‍ പുനര്‍ഗേഹം, ലൈഫ് മിഷന് പദ്ധതികളുടെ ഭാഗമായി ഒന്‍പതിനായിരം കുടുംബങ്ങളാണ് പുനരധിവസിക്കപ്പെട്ടതെന്ന്. അത് അവിശ്വസനീയമായി തോന്നി. ഫിഷറീസ് വകുപ്പിന്റെ വെബ് സൈറ്റ് പരിശോധിച്ചപ്പോള്‍ അവിടെ പുനര്‍ഗേഹം പദ്ധതി പ്രകാരം പണിതീര്‍ത്ത വീടുകള്‍ 1682 എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
വിഴിഞ്ഞം സമരത്തിലെ ആവശ്യങ്ങള്‍ ഒന്നൊഴികെ ബാക്കിയെല്ലാം അംഗീകരിച്ചു എന്നാണ് പറയുന്നത്. സമരത്തിലെ പ്രധാന ആവശ്യം ഗോഡൗണുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു. സര്‍ക്കാര്‍ 5000 രൂപയില്‍ അധികം തരില്ലെന്ന് വാശി പിടിച്ചു. ആ കുടുംബങ്ങള്‍ ഇപ്പോഴും ഗോഡൗണുകളില്‍ തന്നെയാണ് താമസിക്കുന്നതെന്ന് സര്‍ക്കാരിനറിയാമോ?
ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള 17 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമായി. സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദനങ്ങള്‍ നേരുകയുമാണ്. ആദ്യഘട്ടത്തില്‍ ചെല്ലാനം മുതല്‍ കണ്ണമാലി വരെ 10 കിലോമീറ്ററാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനായി 344 കോടി രൂപയും അനുവദിച്ചു. എന്നാല്‍ പണി തുടങ്ങി പുത്തന്‍തോട് എത്തിയപ്പോള്‍ അനുവദിച്ച പണം തീര്‍ന്നു. ഇനിയും 320 കോടി രൂപ അനുവദിക്കണം. മാത്രമല്ല കണ്ണമാലിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി വരെയുള്ള ഏഴു കിലോമീറ്റര്‍ സങ്കേതിക അനുമതിയും ഭരണാനുമതിയും വേണ്ടിയിരിക്കുന്നു. ഇതിനായി ബഹുമാനപ്പെട്ട മന്ത്രിമാരുടെയും എംഎല്‍എ കെ.ജെ മാക്സിയുടെയും സവിശേഷമായ ഇടപെടല്‍ ആവശ്യമാണ്.