ഉള്ളി, പരുത്തി, തക്കാളി തുടങ്ങിയ വിളകള്‍ക്ക് മിനിമം താങ്ങുവില, കടാശ്വാസം, വനാവകാശനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കല്‍ തുടങ്ങി 17 ഇന ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ഹൈവേയിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരകണക്കിന് കര്‍ഷകരും ആദിവാസികളും അസംഘടിത തൊഴിലാളികളും നടത്തിയ ലോങ് മാര്‍ച്ച് മഹാനഗരത്തിലെത്തും മുന്‍പേ, ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ശിവസേനാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും മന്ത്രിമാരും പ്രക്ഷോഭകരുമായി അനുരഞ്ജന ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങളെല്ലാംതന്നെ അംഗീകരിക്കുന്നതായി നിയമസഭയില്‍ പ്രഖ്യാപിച്ചത് ഏതാനും ദിവസം മുന്‍പാണ്. സവാളയ്ക്ക് ക്വിന്റലിന് 300 രൂപയുടെ സമാശ്വാസധനമാണ് ഷിന്‍ഡേ നല്‍കുന്നത്.
ഇതിനിടെ, ‘കിസാന്‍ ബച്ചാവോ, ദേശ് ബച്ചാവോ, കോര്‍പറേറ്റ് ഭഗാവോ’ (കര്‍ഷകനെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ, കോര്‍പറേറ്റുകളെ ഓടിക്കൂ) എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ പതിനായിരകണക്കിന് കര്‍ഷകര്‍ പങ്കെടുത്ത ‘കിസാന്‍ മഹാപഞ്ചായത്ത്’ 2020-2021 കാലത്ത് ഡല്‍ഹി അതിര്‍ത്തിയില്‍ നാനൂറോളം ദിവസം നീണ്ട കര്‍ഷക പ്രക്ഷോഭത്തെക്കാള്‍ വലിയ ആന്ദോളന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വരുന്നുവെന്ന മുന്നറിയിപ്പാണു നല്‍കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയും വില്പനയും സംഭരണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ പരിഷ്കരിക്കാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന ആ പ്രക്ഷോഭത്തില്‍ അതിശൈത്യത്തിലും കൊടുംചൂടിലും എഴുന്നൂറോളം കര്‍ഷകരാണ് മരിച്ചുവീണത്. ആഗോളതലത്തില്‍ ഐതിഹാസികമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ബിജെപി ഭരണകൂടം നല്കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല എന്ന് കര്‍ഷകരുടെ ദേശീയ ഏകോപന സമിതി ആരോപിക്കുന്നു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന നാണ്യവിളകളുടെ വിലത്തകര്‍ച്ചയും കാര്‍ഷിക മേഖല നേരിടുന്ന അതിജീവന പ്രതിസന്ധികളും പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭയിലോ ഏതെങ്കിലും വിധത്തില്‍ ഉന്നയിക്കാനോ ചര്‍ച്ച ചെയ്യാനോ പറ്റാത്തവണ്ണം ലെജിസ്ലേറ്റീവ് സംവിധാനം അപ്പാടെ കലുഷിതമായിരിക്കേ, കണ്ണൂരിലെ ആലക്കോട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ കര്‍ഷക റാലിയില്‍ സീറോ മലബാര്‍ സഭയുടെ തലശേരി ആര്ച്ച്എപാര്ക്കി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി മലയോര കര്‍ഷകരെയും നാടിന്റെ സുസ്ഥിതിയെയും അലട്ടുന്ന ജീവല്‍പ്രശ്നങ്ങള്‍ അക്കമിട്ടുനിരത്തിക്കൊണ്ട് അവതരിപ്പിച്ച വസ്തുതകള്‍ ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ്, താങ്ങാനാവാത്ത ഉത്പാദനച്ചെലവ്, കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭവും മറ്റും മൂലം താളംതെറ്റുന്ന വിളവെടുപ്പ്, വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള ജീവഹാനിയും വിളനാശവും, സംരക്ഷിതവനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിലെ കുടിയിറക്കുഭീഷണി, പെരുകുന്ന കടബാധ്യതയും ജപ്തി നോട്ടീസുകളും, സര്‍ക്കാര്‍ ഇടപെടലുകളിലെ വീഴ്ചകളും അപര്യാപ്തതയും – കുടിയേറ്റ മേഖലയിലെ എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കുന്ന പങ്കപ്പാടും ദുരിതങ്ങളും അനിശ്ചിതത്വവും തിരിച്ചടിയും അരക്ഷിതാവസ്ഥയും ആശങ്കകളുമാണിവ.
കേരളത്തിലെ മൊത്തം കൃഷിയിടത്തിന്റെ കണക്കില്‍ ഏറ്റവും മുന്നില്‍ (30%) തെങ്ങാണെങ്കില്‍, രണ്ടാം സ്ഥാനം റബറിനാണ്: 21.8%.
ഇന്ത്യയില്‍ സ്വാഭാവിക റബര്‍ ഉത്പാദനത്തിന്റെ 74% കേരളത്തിലാണെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്.
റബര്‍കൃഷിയുടെ വിസ്തീര്‍ണം 2017-18ല്‍ 5.51 ലക്ഷം ഹെക്ടറായിരുന്നത് 2021-22ല്‍ 5.50 ലക്ഷം ഹെക്ടറായി ചുരുങ്ങിയെങ്കിലും റബര്‍ ഉത്പാദനം 5.4 ലക്ഷം ടണ്ണില്‍ നിന്ന് 5.57 ലക്ഷം ടണ്ണായി ഉയര്‍ന്നു. വന്‍കിട പ്ലാന്റേഷനുകള്‍ക്കു പുറമേ, ചെറുകിട-ഇടത്തരം കര്‍ഷകരോടൊപ്പം ടാപ്പിങ് പണിക്കാരും മറ്റുമായി മൂന്നു ലക്ഷത്തോളം തൊഴിലാളികളെയും കൂട്ടിയാല്‍, സംസ്ഥാനത്ത് 14.5 ലക്ഷം കുടുംബങ്ങള്‍ റബര്‍കൃഷിയുമായി ബന്ധപ്പെട്ടു കഴിയുന്നു. റബര്‍ ടാപ്പിങ് കണക്കു നോക്കിയാല്‍ 2021-22ല്‍ സംസ്ഥാനത്ത് ഉത്പാദനം ഹെക്ടറിന് 1,442 കിലോയില്‍ നിന്ന് 1,472 കിലോയായി (7.14%) വര്‍ധിച്ചതായി നിയമസഭയില്‍ ബജറ്റിനു മുന്നോടിയായി വച്ച സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.
എന്നാല്‍, ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ 220 രൂപ ചെലവാക്കുന്ന കര്ഷകന് വിലയായി കിട്ടുന്നത് 120 രൂപയാണ്. ആര്‍എസ്എസ്-4 ഗ്രേഡ് റബറിന് കോട്ടയത്ത് റബര്‍ ബോര്‍ഡിന്റെ സൂചിതവില 145 രൂപയും ലാറ്റക്സിന് 99.35 രൂപയുമാണ്. യുക്രെയ്നില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇവിടെ റബര്‍ ഷീറ്റിന് വില 180 രൂപയില്‍ നിന്ന് 150 രൂപയായി ഇടിഞ്ഞു. വിലസ്ഥിരതാ പദ്ധതിയില്‍ കിലോയ്ക്ക് 150 രൂപ തറവില നിശ്ചയിച്ച്, അഞ്ചു ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് തറവിലയും റബര്‍ ബോര്‍ഡിന്റെ നിരക്കും തമ്മിലുള്ള വ്യത്യാസം നേരിട്ട് ബാങ്കിലേക്ക് എത്തിക്കാനുള്ള ഉത്പാദന ഇന്‍സന്റീവ് സ്കീം 2015-ല്‍ സംസ്ഥാനത്ത് ആരംഭിച്ചതാണ്. തറവില പിന്നീട് 170 രൂപയായി. എട്ടാം ഘട്ടത്തില്‍, ഇന്‍സന്റീവ് സ്കീം വരുന്ന ജൂണ്‍ 30 വരെ തുടരേണ്ടതാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത 1.47 ലക്ഷം കര്‍ഷകരില്‍ 56,000 പേര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചത്. ആറുമാസമായി തുക മുടങ്ങിയിരിക്കയാണ്. റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കും എന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. സംസ്ഥാന ബജറ്റില്‍ ഇക്കുറി റബര്‍ സബ്സിഡിക്ക് 600 കോടി വകയിരുത്തിയിട്ടുമുണ്ട്!
റബറിന് കിലോയ്ക്ക് 300 രൂപ വില ഉറപ്പാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ മലയോര കര്‍ഷകരുടെ വോട്ടു പ്രതീക്ഷിക്കാം, ഇക്കാര്യത്തില്‍ ബിജെപിയോട് ഒരു അസ്പൃശ്യതയുമില്ല എന്ന ആര്‍ച്ച്ബിഷപ് പാംപ്ലാനിയുടെ പ്രഖ്യാപനത്തില്‍ റബര്‍ കര്‍ഷകരുടെ വികാരമാണ് പ്രതിഫലിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വിശദീകരിക്കുന്നുണ്ട്. റബറിനെ കാര്‍ഷികവിളയായി നിര്‍വചിച്ച് രാജ്യാന്തര വാണിജ്യകരാറുകള്‍ പുനരവലോകനം ചെയ്യാനും മിനിമം താങ്ങുവില പദ്ധതിയില്‍ ഉള്‍പ്പെടുത്താനും സ്വാഭാവിക റബറിന്റെയും കോമ്പൗണ്ടഡ് ഇനങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കാനും ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും കേന്ദ്രത്തിലെ ഭരണകക്ഷിക്കു കഴിയും എന്നതിനാല്‍ ഇതില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ടത് ബിജെപിയാണ്. 20 ലോക്സഭാ സീറ്റുള്ള കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപിയെ കിട്ടാനുള്ള ഉപാധിയായി മുന്നോട്ടുവച്ച ഈ നിര്‍ദേശത്തിന്റെ രാഷ്ട്രീയ പ്രേരണ കേരളത്തിലെ മതന്യൂനപക്ഷത്തെ ചില പ്രധാനികളുമായി ‘ബാന്ധവം’ സ്ഥാപിക്കാനുള്ള സംഘപരിവാറിന്റേതാണെന്ന് കേരള മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് ആരോപിക്കുന്നു.
കേവലം അഞ്ച് ലോക്സഭാ സീറ്റുള്ള മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യങ്ങളിലൂടെ അധികാരം നിലനിര്‍ത്താനായ ബിജെപിയുടെ വിജയം ആഘോഷിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് മേഘാലയ, നാഗാലാന്‍ഡ്, ഗോവ എന്നിവിടങ്ങളിലെ ക്രൈസ്തവരുടെ ഭീതി അകറ്റിയതുപോലെ ഇനി കേരളത്തിലേക്കും തങ്ങള്‍ വരുന്നുവെന്നാണ്.
ജനസംഖ്യയില്‍ 80% ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാന്‍ഡിലെ കൊഹിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് നെയ്ഫ്യു റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ പ്രാര്‍ഥന നയിക്കുകയും പ്രാദേശിക ക്വയര്‍ ഹലേലൂയാ സ്തുതിഗീതം ആലപിക്കുകയും ചെയ്തത് സംഘപരിവാര്‍ സഹിഷ്ണുതയുടെ ദൃഷ്ടാന്തമാകാം, എന്നാല്‍ മതനിരപേക്ഷ ഭരണഘടനയുടെ ലംഘനം തന്നെയാണത്. ജനസംഖ്യയില്‍ 75% ക്രൈസ്തവരുള്ള മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കൊണ്‍റാഡ് സാങ്മ ഷില്ലോങ്ങില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് കത്തോലിക്കാ ആര്‍ച്ച്ബിഷപ് അദ്ദേഹത്തെയും നിയുക്ത മന്ത്രിമാരെയും ആശീര്‍വദിച്ചു പ്രാര്‍ഥിച്ചതും വാഴ്ത്തിപ്പാടാന് ആളുണ്ടായി. അതേസമയം, ബിജെപി ഭരിക്കുന്ന അരുണാചല്‍പ്രദേശില്‍ രോഗശാന്തി ശുശ്രൂഷയും ധ്യാനപരിപാടികളും മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിരോധിക്കാന്‍ സംഘ്പരിവാര്‍ കളമൊരുക്കുകയായിരുന്നു.
കേരളത്തിലെ ക്രൈസ്തവ സമൂഹം ആര്‍എസ്എസിനെ ഭയക്കുന്നില്ല എന്ന് ആര്‍എസ്എസ് സംസ്ഥാന പ്രാന്ത കാര്യവാഹക് പി.എന്‍. ഈശ്വരന്, പ്രാന്ത സംഘ് ചാലക് കെ.കെ. ബല്‍റാം എന്നിവര്‍ പറയുന്നത് ബിജെപി ന്യൂനപക്ഷ മോര്‍ച്ച കുറച്ചുനാളായി ഇവിടെ നടത്തിവരുന്ന ചില കൂടിക്കാഴ്ചകളുടെയും സംവാദങ്ങളുടെയും വെളിച്ചത്തിലാകണം. മുന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള 10% ഇഡബ്ല്യുഎസ് സംവരണം, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫ് ഇരട്ടത്താപ്പു കളിച്ചപ്പോള്‍ സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ അജണ്ടയില്‍ കരുവാക്കപ്പെട്ട ക്രിസംഘികള്‍ എന്ന പ്രത്യേക വിഭാഗം കളം നിറഞ്ഞാടുന്നുണ്ടായിരുന്നു.
പ്രശ്നാധിഷ്ഠിതമായും മൂല്യാധിഷ്ഠിതമായും രാഷ്ട്രീയ സമീപനത്തില്‍ മാറ്റം വരുത്തണം. എന്നാല്‍ ഏതാണ്ട് പത്തുവര്‍ഷമായി രാജ്യത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ട ഘട്ടംഘട്ടമായി നടപ്പാക്കിവരുന്ന ബിജെപി ഭരണകൂടം, സുവിശേഷമൂല്യങ്ങള്‍ക്കു സദൃശമായ ഭരണഘടനാ വ്യവസ്ഥകളെയും ജനാധിപത്യത്തിന്റെ മൗലിക ഘടനകളെയും ഇളക്കിമറിച്ചും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചും, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ കൊണ്ടാടുന്ന മതസംരക്ഷണ നിയമങ്ങളുടെയും ഗോരക്ഷയുടെയും മറവില്‍ ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കുമെതിരെ വ്യാപകമായി കള്ളക്കേസുകളെടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചും, ആദിവാസി ഗ്രാമങ്ങളെ ക്രൈസ്തവമുക്തമാക്കാന് ആസൂത്രിത കലാപങ്ങളും അതിക്രമങ്ങളും ഘര്‍വാപസി മഹായജ്ഞവും സംഘടിപ്പിച്ചും നടത്തിവരുന്ന കൊള്ളരുതായ്മകളോട് സന്ധി ചെയ്യാന്‍ ആത്മാവില്‍ സ്ഥൈര്യമുള്ള ക്രൈസ്തവ സമൂഹത്തിന് ധാര്‍മിക വിപ്രതിപത്തി ഉണ്ടാകും.
കര്‍ണാടകയില്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും വൈദികരും സന്ന്യസ്തരും വിശ്വാസികളും കിരാത നടപടികള്‍ക്ക് ഇരകളായി ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നതിന്റെ കണക്കുകള്‍ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ദലിത് ക്രൈസ്തവ സംവരണം, ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ-ഇന്ത്യരുടെ പ്രാതിനിധ്യം ഒറ്റരാവുകൊണ്ട് ഇല്ലാതാക്കല്‍, മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സേവനശുശ്രൂഷകള്‍ തടയാനുള്ള പ്രഖ്യാപിത ശ്രമങ്ങള്‍, മാവോയിസ്റ്റ് തീവ്രവാദിയും രാജ്യദ്രോഹിയുമെന്നു കുറ്റംചാര്‍ത്തി ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ദാരുണമായ കസ്റ്റഡി മരണം - ഇതൊക്കെ റബര്‍ വിലസ്ഥിരതയോളം നീളാവുന്ന രാഷ്ട്രീയ മായാമരീചികയ്ക്കു മുമ്പില്‍ അത്രവേഗം മറന്നുകളയാനാകില്ലല്ലോ!