അറബിക്കടലോരത്തെ തീരദേശ ജനപദങ്ങളെ അവരുടെ പരമ്പരാഗത കുടികിടപ്പുകളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ചിതറിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുമ്പോള്‍ കേരള സര്‍ക്കാര്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ”ഏറ്റവും ആകര്‍ഷകമായ” പുതിയ സമഗ്ര നഷ്ടപരിഹാര, പുനരധിവാസ പാക്കേജാണ് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് അല്ലെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ 13 ലക്ഷം രൂപ. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലായി 629 കിലോമീറ്റര്‍ നീളം വരുന്ന തീരദേശ ഹൈവേ പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പിന് പല ഖണ്ഡങ്ങളിലായി പിങ്ക് നിറമുള്ള അതിരടയാളക്കല്ലുകള്‍ നാട്ടിതുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇക്കഴിഞ്ഞ പത്താം തീയതിയാണ് റവന്യൂ വകുപ്പ് കുടിയിറക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിന്റെ ഉത്തരവിറക്കിയത്.
ദേശീയപാത 66-ല്‍ ആറുവരിപ്പാത വികസനത്തിനായുള്ള സ്ഥലമെടുപ്പിനും തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കും വിപണിവിലയുടെ രണ്ടര ഇരട്ടിവരെ – ഹെക്ടറിന് (2.47 ഏക്കറിന്) ശരാശരി 20 കോടി മുതല്‍ ചിലയിടങ്ങളില്‍ പരമാവധി നൂറു കോടി വരെ – ഉദാരമായ സൊലേഷ്യം എന്ന നഷ്ടപരിഹാരതുകയുടെ പാക്കേജ് അനുവദിക്കുമ്പോള്‍, ഏറ്റവും ജനസാന്ദ്രതയേറിയ തീരമേഖലയില്‍ മത്സ്യത്തൊഴിലാളികളടക്കം താഴ്ന്നവരുമാനക്കാരായ ദുര്‍ബല ജനവിഭാഗങ്ങളുടെ വാസസ്ഥലങ്ങളും ജീവസന്ധാരണത്തിനായുള്ള പരമ്പരാഗത തൊഴില്‍ സാഹചര്യങ്ങളും ഒന്നടങ്കം തീരദേശ ഹൈവേയ്ക്കായി നഷ്ടപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര, പുനരധിവാസ വിഹിതത്തില്‍ ഇത്രമാത്രം വിവേചനം കാണിക്കുന്നത് തികഞ്ഞ അനീതിയാണ്.
തീരദേശ ഹൈവേ പദ്ധതി നടപ്പാക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡുമായി കൂടിയാലോചിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) നിര്‍ദേശിച്ച പ്രത്യേക പാക്കേജിനെകുറിച്ച് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാണുന്നു. തീരദേശ ജനസമൂഹങ്ങളെ ബാധിക്കുന്ന 6,500 കോടി രൂപയുടെ ഈ ”വികസന” പദ്ധതിയില്‍ ഇതുപോലുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്നും ഏതു തലത്തിലാണെന്നും അറിഞ്ഞ് അദ്ഭുതം കൂറുക.
കോസ്റ്റല്‍ ഹൈവേയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) അടക്കം പദ്ധതി സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ഇതേവരെ പദ്ധതിയുമായി നേരിട്ട് ബന്ധമുള്ള ജനവിഭാഗങ്ങളെ അറിയിക്കുകയോ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയോ ചെയ്തതായി സൂചനയൊന്നുമില്ല. ചില മന്ത്രിമാരും മുഖ്യമായും ഭരണകക്ഷി എംഎല്‍എമാരും തങ്ങളുടെ മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ നിശ്ചിത റീച്ചുകള്‍ക്കായി അനുവദിക്കപ്പെട്ട ഫണ്ടിനെക്കുറിച്ച് ഒറ്റതിരിഞ്ഞ് വിളംബരങ്ങള് നടത്തിക്കൊണ്ടിരിക്കുന്നതൊഴിച്ചാല് നിലവിലുള്ള തീരദേശപാതയുമായി ബന്ധപ്പെട്ടതും അല്ലാതെയുമുള്ള യഥാര്‍ഥ അലൈന്മെന്റ്, സ്ഥലമെടുപ്പിന്റെ വ്യാപ്തി, കുടിയിറക്കപ്പെടുന്നവരുടെ എണ്ണം, നഷ്ടപരിഹാരത്തിനുള്ള കൃത്യമായ മാനദണ്ഡം, പുനരധിവാസത്തിനായുള്ള നടപടിക്രമം തുടങ്ങി ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിന് ആവശ്യമായ ജനാധിപത്യ രീതിയിലുള്ള സുതാര്യമായ ആശയവിനിമയമോ പൊതുസംവാദങ്ങളോ ഭരണതലത്തില്‍ നിന്നുണ്ടാകുന്നില്ല.
കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്‍പറേഷനാണ് ഫ്ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പാക്കേണ്ടത്. വിവാദത്തിലകപ്പെട്ട കിഫ്ബിയുടെ ഫണ്ടിനെ ആശ്രയിച്ചാണ് തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് തലപ്പാടിക്കടുത്ത് കുഞ്ഞത്തൂര്‍ വരെ 52 റീച്ചുകളിലായി 629 കിലോമീറ്റര്‍ വരുന്ന ഹൈവേയില്‍ 44 റീച്ചുകള്‍ (486 കി.മീ) കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്റ്റ് മാനേജ്മെന്റ് നിര്‍മിക്കുന്നത്. 24 സ്ട്രെച്ചുകളിലായി 425 കി.മീ ഭൂമി ഏറ്റെടുക്കുന്നതിന് സാമ്പത്തിക അനുമതി നല്കിക്കഴിഞ്ഞുവത്രേ. വിഴിഞ്ഞം, കൊല്ലം, വല്ലാര്‍പാടം തുടങ്ങിയ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ ഭാരത് മാലാ പരിയോജനയുടെ ഭാഗമായി ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കും. ശരാശരി അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താലേ നിലവിലുള്ള തീരദേശ റോഡ് ഹൈവേ നിലവാരത്തിലെത്തൂ. രണ്ടു വശത്തും സൈക്കിള്‍ ട്രാക്കുള്ള റീച്ചുകളില്‍ 16.5 മീറ്റര്‍ വീതിയും ഒരു ഭാഗത്ത് മാത്രം സൈക്കിള്‍ ട്രാക്കുള്ളിടത്ത് 14 മീറ്ററുമാണ് നിര്‍ദിഷ്ട തീരദേശപാതയുടെ വീതി. ഇതിന് ഏതാണ്ട് 420 കി.മീ നീളത്തില്‍ ഭൂമി അക്വയര്‍ ചെയ്യണമെന്ന് റവന്യൂ വകുപ്പ് ഉത്തരവില്‍ പറയുന്നുണ്ട്.
തീരദേശത്ത് സ്ഥലമെടുപ്പിന് മഞ്ഞക്കുറ്റിയാണ് ചട്ടപ്രകാരം അതിരടയാളപ്പെടുത്താന് നാട്ടേണ്ടതെങ്കിലും, കെ-റെയില്‍ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിക്കായി സ്വകാര്യവസ്തുക്കളില്‍ അതിക്രമിച്ചുകയറി പൊലീസിന്റെ അതിരുവിട്ട ബലപ്രയോഗത്തിലൂടെ ഉറപ്പിച്ച മഞ്ഞക്കുറ്റികള്‍ ഇപ്പോഴും പലയിടത്തും ചിതറികിടക്കുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി പിങ്ക് കുറ്റികളാണ് തീരദേശ ഹൈവേയ്ക്കുവേണ്ടി സ്ഥാപിക്കുന്നത്. ആധാരമുള്ള ഭൂമിക്കും ആധാരം ഇല്ലാത്തവയ്ക്കും വ്യത്യസ്തമായ നഷ്ടപരിഹാര വ്യവസ്ഥയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നടപടികളിലെ സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട 2013ലെ നിയമത്തെ ആധാരമാക്കി പ്രഖ്യാപിക്കുന്ന പ്രത്യേക നഷ്ടപരിഹാര പാക്കേജില്‍, പൊതുമരാമത്ത് വകുപ്പ് ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നതു പ്രകാരം കാലപ്പഴക്കവും തേയ്മാനമൂല്യവും മൂല്യശോഷണവും മറ്റും കണക്കാക്കിയാണ് കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവേഡ് കമ്മിറ്റിയില്‍ കലക്ടര്‍ മുഖേന പരാതി നല്‍കണം. തീരദേശവാസികളില്‍ എത്രപേര്‍ക്ക് നീതി തേടി ഇങ്ങനെ എംപവേഡ് കമ്മിറ്റിയെ സമീപിക്കാനാകും!
തീരമേഖലയില്‍ ഒരു കുടുംബത്തിന്റെ ശരാശരി ഭൂവിസ്തീര്‍ണം മൂന്നു സെന്റാണ്. റോഡിന്റെ അലൈന്മെന്റില് പെടുന്ന വസ്തു ഭാഗികമായി ഏറ്റെടുക്കുകയാണെങ്കില്‍ അവശേഷിക്കുന്നിടത്ത് ഒരു വീടുവയ്ക്കാനാകാത്ത സ്ഥിതിയുണ്ടായെന്നു വരും. ഇത്തരം വസ്തു മുഴുവനായും അക്വയര്‍ ചെയ്യണം. അഞ്ചുകൊല്ലം മുന്‍പ് നാറ്റ്പാക് തയാറാക്കിയ അലൈന്മെന്റ് പലഭാഗത്തും പലരുടെയും സമ്മര്‍ദത്തിന്റെ ഫലമായി ദിശമാറുന്നുണ്ടത്രേ.
ദേശീയപാത 66 ആറുവരിയാക്കി കേരളത്തിലെ ഗതാഗതസംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പ്രധാന പദ്ധതി 2025-ല്‍ പൂര്‍ത്തിയാകും. ഇതിനു സമാന്തരമായാണ് പല ഭാഗത്തും തീരദേശ ഹൈവേ കടന്നുപോകുന്നത്.
നിലവിലുള്ള തീരദേശ റോഡ് ഏതു കാലാവസ്ഥയ്ക്കും പറ്റിയ രീതിയില്‍ നന്നായി പരിരക്ഷിച്ച് ദേശീയപാത 66-ലേക്കുള്ള അനുബന്ധ റോഡുകള്‍ മെച്ചപ്പെടുത്തിയാല്‍ 2026-ല്‍ പണിതീരുമെന്നു പറയുന്ന പുതിയ തീരദേശ ഹൈവേയുടെ ആവശ്യംതന്നെയുണ്ടാവില്ല എന്ന നിരീക്ഷണം വെറുതെ അവഗണിക്കേണ്ടതല്ല.
ടൂറിസം, ചരക്കുനീക്കം എന്നിവയുമായി ബന്ധപ്പെട്ട വന്‍ വികസന പദ്ധതി എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരദേശ ഹൈവേ പദ്ധതി അവതരിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ തീരദേശജനതയുടെ അസ്തിത്വപ്രശ്നങ്ങളെക്കുറിച്ച് ഇതില്‍ ഒരിടത്തും പ്രതിപാദിക്കുന്നില്ല. കോസ്റ്റല്‍ ഹൈവേയില്‍ 50 കിലോമീറ്റര്‍ ഇടവിട്ട് 12 സ്പെഷല്‍ ടൂറിസം സെന്ററുകള്‍ വികസിപ്പിക്കും. അത്യാധുനിക ചാര്‍ജിങ് സ്റ്റേഷന്, കംഫര്‍ട്ട് സ്റ്റേഷന്, ഭക്ഷണശാലകള്‍ എന്നിവയുടെ ശൃംഖലകളുണ്ടാകും. ബീച്ച് ടൂറിസത്തില്‍ വന്‍കുതിപ്പായിരിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിക്കുന്ന ഏഴു പുതിയ തീമാറ്റിക് ടൂറിസം സര്‍ക്കിട്ടുകളില്‍ തീരവും തീരദേശ ഹൈവേയും കനാലുകളും ജലപാതകളുമാണല്ലോ എടുത്തുകാട്ടുന്നത്. നാമമാത്ര ഭൂസ്വത്തുള്ള തീരദേശവാസികളെ വ്യാപകമായി കുടിയൊഴിപ്പിച്ച് കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും തീരമേഖലയില്‍ നവീന വാണിജ്യസംരംഭങ്ങള്‍ തുടങ്ങാനും തീരപരിപാലനത്തിനുള്ള സോണല്‍ നിയന്ത്രണ ചട്ടങ്ങള്‍ മറികടന്ന് പോര്‍ട്ട് ഏരിയ ഡവലപ്മെന്റ് സ്കീം, സമുദ്രവിഭവങ്ങള്ക്കായുള്ള കോള്‍ഡ് സ്റ്റോറേജ് ചെയിന്‍, ലോജിസ്റ്റിക്സ് ശൃംഖല, വാണിജ്യ ഇടനാഴി, റിസോര്‍ട്ട്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍, റിയല്‍ എസ്റ്റേറ്റ്, മത്സ്യസംസ്കരണ വാണിജ്യസമുച്ചയങ്ങള്‍ തുടങ്ങി പലതരം പദ്ധതികളുമായി തീരം വെട്ടിപ്പിടിക്കാനും അവസരമൊരുങ്ങുകയാണ്.
തീരമേഖലയില്‍ തലമുറകളായി കഴിഞ്ഞുവരുന്ന സാധാരണക്കാര്‍ക്ക് വീടു പുതുക്കിപ്പണിയാനോ വലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള ഷെഡ് കെട്ടാനോ സിആര്‍സെഡ് വിജ്ഞാപന വ്യവസ്ഥകളും നിരവധി സാങ്കേതിക നൂലാമാലകളും തടസം നില്ക്കുമ്പോള്, വന്കിടക്കാര്ക്കുവേണ്ടി സിആര്‍സെഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി സോണ്‍ തന്നെ പുതുക്കിനിശ്ചയിക്കാന്‍ അധികാരികള്‍ക്ക് എന്ത് ഉത്സാഹമാണ്! 2019ലെ തീരപരിപാലന നിയന്ത്രണ വിജ്ഞാപനത്തിലെ ഇളവുകള്‍ കേരളത്തിലെ തീരദേശവാസികള്‍ക്ക് അടുത്തകാലത്തൊന്നും ലഭ്യമാവുകയില്ല. തീരനിയന്ത്രണ മാനേജ്മെന്റ് മാപ്പും പ്ലാനും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ച കാലാവധി കഴിഞ്ഞിട്ട് കാലമേറെയായി. കൊവിഡ് സാഹചര്യത്തെ ഇനിയും എത്രകാലം പഴിക്കും? 2011ലെ വിജ്ഞാപനപ്രകാരം നിയമാനുസൃതം അനുവദിക്കേണ്ട കെട്ടിടനിര്‍മാണ അനുമതിക്കായി ഒന്‍പതു ജില്ലകളില്‍ നിന്നുള്ള 2,500ലേറെ അപേക്ഷകള്‍ മാസങ്ങളായി തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. കാരണം, കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും അതു പുനഃസംഘടിപ്പിക്കുന്നതില്‍ ഭരണകൂടം അമാന്തം കാണിച്ചു എന്നതുതന്നെ.
സാഗര്‍മാല, ഭാരത് മാല തുടങ്ങിയ ബൃഹദ് പദ്ധതികള്‍ പോരാഞ്ഞ് സമുദ്രവിഭവങ്ങളുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കോണമിയുടെ പുതിയ ചക്രവാളങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്കായി തുറന്നുകൊടുക്കുന്ന മോദി ഗവണ്മെന്റ് തീരക്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരുന്ന സംസ്ഥാനത്തിന്റെ അധികാരപരിധിയിലും പുറംകടലിലും ആഴക്കടലിലും മത്സ്യബന്ധനത്തിനും സമുദ്രവിഭവപരിപാലനത്തിനുമുള്ള അവകാശങ്ങള്‍ പരമാവധി ചൂഷണം ചെയ്യാനുള്ള പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. കടലിലെ ധാതുക്കളുടെ വികസനവും നിയന്ത്രണവുമായി ബന്ധപ്പെട്ട 2002ലെ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നീക്കങ്ങള്‍, കടല്‍ സ്ലാബു തിരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് തീറുനല്കാന് ലക്ഷ്യമാക്കിയിട്ടുള്ളതാണ്. ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റ് എന്ന പേരില്‍ കടല്‍ ഭാഗിച്ച് കുത്തകകളുടെ നിയന്ത്രണത്തിലാക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വള്ളമിറക്കുന്നതില് പോലും നിയന്ത്രണങ്ങളുണ്ടാകും. കേരളത്തിന്റെ തീരവും തീരക്കടലും അന്യാധീനപ്പെടുകയാണ്. അതിനു വേഗം കൂട്ടാന്‍ കെ-റെയില്‍ ഇല്ലെങ്കില്‍ ഇതാ ഇടതുസര്‍ക്കാര്‍ വികസനത്തിന്റെ ഖണ്ഡംഖണ്ഡമായ തീരദേശ ഹൈവേയും!