ഇന്ത്യന്‍ സംഗീത ലോകത്തിനു അഭിമാനമായി സംഗീത സംവിധായകന് കീരവാണി ഓസ്കര് നേടിയ നിമിഷം മുതല്‍ കാര്പന്റേഴ്സും ചര്‍ച്ചകളില്‍ നിറഞ്ഞു. ഓസ്കര് സ്വീകരിച്ച ശേഷം കീരവാണി പറഞ്ഞു ''കാര്പന്റേഴ്സിന്റെ താളം കേട്ടാണ് ഞാന്‍ വളര്‍ന്നത്'' കാര്പന്റേഴ്സിന്റെ 'ടോപ് ഓഫ് ദ വേള്‍ഡ്' എന്ന ആല്‍ബത്തെ ഓര്‍മിപ്പിച്ച് ആ വരികള്‍ പാടുകയും ചെയ്തു. കീരവാണിയെ പാട്ടു പഠിപ്പിച്ച കാര്‍പന്റര്‍മാരെ മലയാളികള്‍ അന്വേഷിക്കാന്‍ തുടങ്ങി.
കാര്‍പന്റേഴ്സ്
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സഹോദരങ്ങളായ റിച്ചാര്‍ഡ് കാര്‍പെന്റര്‍ (ജനനം 1946-), കാരെന് ആനി കാര്‍പന്റര്‍ (1950 – 1983) എന്നിവരുടെ ബാന്‍ഡാണ് കാര്പന്റേഴ്സ്്. 1969 മുതല്‍ 1983 വരെ ലോകത്തിലെ സംഗീതപ്രേമികളെ പോപ്പ്- സോഫ്റ്റ് റോക്ക് ഗാനങ്ങള്‍ക്കൊണ്ട് വിസ്മയിപ്പിച്ച സഖ്യം. ഈസി ലിസനിങ്ങ് ശൃംഖലയിലെ പ്രണയ ഗാനങ്ങള്‍ക്കൊണ്ട് യുവതയെ കയ്യിലെടുത്ത വിഖ്യാത സംഗീത ദ്വയമാണ് കാര്‍പന്റേഴ്സ്. പോപ്പ് – റോക്ക് ആല്‍ബത്തിലെ ഹിറ്റ് ചാര്‍ട്ടില്‍ ആദ്യ സ്ഥാനങ്ങളില്‍ ഏറെക്കാലം തുടരാനും വില്പനയില് ഒന്നാം സ്ഥാനത്തെത്താനും കഴിഞ്ഞിട്ടുള്ള സംഗീത സഖ്യം.
1964 ഒക്ടോബര്‍ നാലിന് റിച്ചാര്‍ഡ് ജനിച്ചു. 1950 മാര്‍ച്ച് 2ന് ആയിരുന്നു കാരെന്റെ ജനനം. കുട്ടിക്കാലത്തു തന്നെ ലോകക്ലാസിക് ആല്‍ബങ്ങള്‍ കേള്ക്കുന്നതിനായിരുന്നു റിച്ചാര്‍ഡ് തന്റെ സമയം മുഴുവന്‍ ചെലവഴിച്ചിരുന്നത്. സമപ്രായക്കാരെല്ലാം കളിക്കളത്തില്‍ ഉല്ലസിക്കുമ്പോള്‍ റാഷ്മാനിനോഫ്, തായ്ക്കോവ്സ്കി, റെഡ് നിക്കോള്‍സ് തുടങ്ങിയവരുടെ എല്‍പി റെക്കോര്‍ഡുകളും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും ആവര്‍ത്തിച്ചു കേള്‍ക്കുകയായിരുന്നു റിച്ചാര്‍ഡ്.
കായിക വിനോദത്തില്‍ തല്പരയായിരുന്നു കാരെന്. കൂട്ടുകാരോടൊത്ത് കളിച്ചു നടക്കുമ്പോഴും നൃത്തവും ബാലയും കാരെന് ഇഷ്ടപ്പെട്ടിരുന്നു. മുഴുവന്‍ സമയവും സംഗീതം കേട്ടിരുന്ന സഹോദരനോടൊപ്പം കാരെനും പലപ്പോഴും ചേര്‍ന്നിരുന്നു. ഒന്നിച്ചു പാട്ടുകള്‍ കേട്ടിരുന്ന സഹോദരങ്ങള്‍ ഒന്നിച്ചു പാടി നോക്കാന്‍ തുടങ്ങി. എട്ടാം വയസില്‍ റിച്ചാര്‍ഡ് പിയാനോ പഠിക്കാന്‍ ചേര്‍ന്നു. പതിനൊന്നാം വയസില്‍ തന്റെ പ്രാഗത്ഭ്യം കൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ചു. പതിനാലാം വയസില്‍ തന്നെ വലിയ വേദികളില്‍ പിയാനോ വായിക്കാന്‍ തുടങ്ങി. കാരെന് ആകട്ടെ സോംങ് പഠിക്കുന്നതിലാണ് താല്പര്യം പ്രകടിപ്പിച്ചത്.
1963ല്‍ കാര്‍പന്റര്‍ കുടുംബം ലോസ് ആഞ്ചല്സിലേക്കു താമസം മാറ്റിയത് ഇവരുടെ സംഗീത ജീവിതത്തില്‍ വലിയ വേദികള്‍ തുറന്നു നല്കി. സമ്പന്ന കുടുംബങ്ങളിലെ വിവാഹസത്കാരങ്ങളിലും പള്ളികളിലെ ആരാധനാക്രമങ്ങള്‍ക്കും ഓര്‍ക്കസ്ട്ര ഒരുക്കാന്‍ റിച്ചാര്‍ഡിനു അവസരം ലഭിച്ചു. 1965ല്‍ ഇരുവരും ഒരുമിച്ച് അരങ്ങേറ്റം നടത്തി. ഡ്രംസ് വായിക്കുന്നതോടൊപ്പം കാരെന് പാടാനും തുടങ്ങി. വെസ് ജേക്കബ് എന്ന സുഹൃത്ത് ട്യൂബ എന്ന സംഗീതോപകരണം വായിച്ച് കൂടെ ചേര്‍ന്നതും ഇക്കാലത്താണ്. പാടുന്നതില്‍ കൂടുതല്‍ പരിശീലനം നേടിയ കാരന് ക്ലാസിക്കല്‍ – പോപ്പ് സംഗീത ശാഖകളെ സമന്വയിപ്പിച്ച് പാട്ടുകളുമായി ആസ്വാദകരെ കയ്യിലെടുത്തു.
1966ല്‍ ഹോളിവുഡ് ബൗള്‍ സംഘടിപ്പിച്ച ബാന്‍ഡുകള്‍ക്കായുള്ള മത്സരത്തില്‍ കാര്‍പന്റേഴ്സ് ജേതാക്കളായി. മത്സരഫലം അറിഞ്ഞ ജൂണ്‍ 24നു തന്നെ പ്രശസ്തമായ ആര്.സി.എ (റേഡിയോ കമ്പനി ഓഫ് അമേരിക്ക) ഇവരുമായി ആല്‍ബങ്ങള്‍ നിര്‍മിക്കാന്‍ കരാറിലേര്‍പ്പെട്ടു.
1969ല്‍ കാര്‍പന്റേഴ്സ് അവരുടെ ആദ്യ ആല്‍ബം ‘ഓഫറിംഗ്സ്’ എന്ന പേരില്‍ നിര്‍മിച്ചു. അതൊരു പരാജയമായിരുന്നു. അവരുടെ ആദ്യ സിംഗിള്‍ ‘ടിക്കറ്റ് ടു റൈഡ്’ ആണ്. അത് ബീറ്റില്‍സ് ഗാനത്തിന്റെ പതിപ്പായിരുന്നു. 1970-ല്‍ കാര്‍പന്റേഴ്സ് അവരുടെ രണ്ടാമത്തെ ആല്‍ബം ‘ക്ലോസ് ടു യു’ എന്ന പേരില്‍ നിര്‍മിച്ചു. ഈ ആല്‍ബം വലിയ ഹിറ്റായി. ‘ക്ലോസ് ടു യു’, ‘വി ഹാവ് ഓണ്‍ലി ജസ്റ്റ് ബിഗണ്‍’ എന്നീ രണ്ട് സിംഗിളുകള്‍ കാര്‍പന്റേഴ്സിനെ സൂപ്പര്സ്റ്റാറുകളാക്കി. ഈ ഗാനങ്ങള്‍ അവര്‍ക്ക് 2 ഗ്രാമി അവാര്‍ഡുകള്‍ നേടിക്കൊടുക്കുകയും അവരെ കോടീശ്വരന്മാരാക്കുകയും ചെയ്തു. എഴുപതുകളുടെ തുടക്കത്തില്‍ മയക്കുമരുന്നും റോക്ക് ആന്‍ഡ് റോളും സംഗീതത്തോട് ഇഴചേര്‍ന്നു നിന്നിരുന്ന സമയത്ത് ഇവയോട് യോജിക്കാത്തതിനാല്‍ പലപ്പോഴും അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അവരുടെ സംഗീതം എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ഇഷ്ടമായിരുന്നു. കാര്പന്റേഴ്സിന്റെ ശക്തി, മധുരമായ ഈ സംഗീതമായിരുന്നു.
പിന്നീട് കാര്‍പന്റേഴ്സ് ബാന്‍ഡ് ലോകത്തെ ചെറുപ്പക്കാരുടെ ഹരമായി മാറി. ഡ്രം വായിച്ചും പാടിയും ആസ്വാദകരെ സൃഷ്ടിച്ച കാരെന്, തന്റെ സംഗീത സംവിധാനം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച റിച്ചാര്‍ഡ് – കാര്‍പന്റേഴ്സ് ‘ടോപ്പ് ഓഫ് ദി വേള്ഡിലായി’. രണ്ടു തവണ അമേരിക്കല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ ക്ഷണവും ഇവരെ തേടിയെത്തി. പ്രസിഡന്റിനായി സംഗീത സദ്യയും ഒരുക്കി.
1971 മുതല്‍ 1975 വരെ മാത്രം ആയിരത്തിലധികം വേദികളില്‍ ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ലോകത്തിലെ പ്രധാനപ്പെട്ട വേദികളിലെല്ലാം ക്ഷണിക്കപ്പെട്ടു. ഇരുപതിലേറെ അതിപ്രശസ്തമായ ആല്‍ബങ്ങള്‍ പുറത്തിറക്കി. നിര്‍ഭാഗ്യമെന്നു പറയട്ടെ തന്റെ 32-ാം വയസില്‍ ഹൃദ്രോഗം ബാധിച്ച് കാരെന് വിട പറയുമ്പോള്‍ കാര്‍പന്റേഴ്സ് എന്ന സഖ്യത്തിന് വിരാമമായിരുന്നു. പിന്നീട് റിച്ചാര്‍ഡ് തനിച്ചും ചില ആല്‍ബങ്ങള്‍ പുറത്തിറക്കി.
കാര്പന്റേഴ്സിന്റെ പ്രശസ്തമായ ചില ഗാനങ്ങള്‍
1. എ സോങ് ഫോര്‍ യു
2. ഹൊറൈസണ്‍
3. ക്ലോസ് ടു യു
4. കാര്‍പന്റേഴ്സ്
5. എംഎസ് ആന്‍ഡ് ദെന്‍
6. പാസ്സേജ്
7. ദേര്‍ ഈസ് എ കൈന്‍ഡ് ഓഫ് ഹഷ്
8. ക്രിസ്മസ് പോര്‍ട്രെയിറ്റ്
9. മെയ്ഡ് ഇന്‍ അമേരിക്ക
10. ടോപ് ഓഫ് ദി വേള്‍ഡ്