ഗ്യാസ് ചേംബറില്‍ അടയ്ക്കപ്പെട്ട പ്രതീതിയെന്നാണ് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ബ്രഹ്മപുരം മാലിന്യസംസ്കരണ സമുച്ചയത്തിലെ ദുരൂഹമായ അഗ്നിബാധയുടെ ഫലമായുണ്ടായ കൊച്ചി നഗരത്തിലെ ഭയാനകമായ അന്തരീക്ഷ മലിനീകരണത്തെ വിശേഷിപ്പിച്ചത്. മന്ദഗതിയിലുള്ള അണുബോംബ് വിസ്ഫോടനം എന്ന ഉപമാനമാണ് മാലിന്യക്കൂമ്പാരത്തിലെ അണയ്ക്കാനാകാത്ത തീപ്പിടിത്തത്തിന്റെ ദീര്‍ഘകാല ആഘാതങ്ങള്‍ വിശദീകരിക്കാന്‍ ഒരു പ്രമുഖ എന്വൈറന്മെന്റല് കെമിസ്ട്രി പ്രഫസര്‍ ഉപയോഗിക്കുന്നത്. പത്തോ ഇരുപതോ അടി ഘനത്തിലുറച്ച മാലിന്യ അടരുകളുടെ അടിയില്‍ ഓക്സിജന്റെ അഭാവത്തില്‍ നടക്കുന്ന അനറോബിക് ഡികംപോസിഷനില് നിന്നു ബഹിര്‍ഗമിക്കുന്ന ജ്വലനസ്വഭാവമുള്ള മീഥേന്‍ വാതകങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാവുന്ന ഉയര്‍ന്ന താപത്തില്‍ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തില്‍ ബാധിക്കാനിടയുള്ള അനേകം മാരക രാസസംയുക്തങ്ങള്‍ കൂടിയുണ്ടാകും. ജൈവമാലിന്യങ്ങള്‍ പിവിസി പോലുള്ള ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി ചേര്‍ന്ന് ഭാഗികമായി കത്തുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും മാരകമായ വിഷമാണ് ഡയോക്സിനുകള്‍.
കാട്ടുതീയുണ്ടായാല്‍ പുകയും കരിയും അന്തരീക്ഷത്തില്‍ പടരുമെങ്കില്‍, ഏക്കര്‍കണക്കിനുള്ള മാലിന്യത്തിട്ടകള് കത്തുമ്പോള്‍ ഡയോക്സിനുകള്‍, ഫ്യൂറാന്‍, മെര്‍ക്കുറി, പോളി ക്ലോറിനേറ്റഡ് ബൈഫീനൈല്‍സ് തുടങ്ങിയ വിഷപദാര്‍ഥങ്ങളുടെ രാസസംയുക്തങ്ങള്‍ കലര്‍ന്ന വിഷപ്പുകയാണ് മൂടല്‍മഞ്ഞുപോലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പരക്കുന്നത്. എന്‍95 മാസ്ക് വച്ചാലും ജനലും വാതിലുമെല്ലാം അടച്ചിട്ട് അകത്തിരുന്നാലും ഈ വിഷപ്പുക ദുരന്തത്തില്‍ നിന്നു രക്ഷപ്പെടാനാവുകയില്ല. മാലിന്യമലയിലെ തീയണച്ചാലും വായുവിലും വെള്ളത്തിലും മണ്ണിലും ലയിച്ചുചേരുന്ന കടുത്ത വിഷാംശങ്ങളുടെ അദൃശ്യസാന്നിധ്യം ഏറെക്കാലം ഭക്ഷ്യശൃംഖലയിലൂടെയും മറ്റും മനുഷ്യരെയും പക്ഷിമൃഗാദികളെയും പരിസ്ഥിതിയെയും ആവാസവ്യവസ്ഥകളെയും രോഗാതുരമാക്കും. കാറ്റിന്റെ ഗതിമാറ്റവും അന്തരീക്ഷമര്‍ദത്തിലെ വ്യതിയാനവും അനുസരിച്ച് രാവും പകലും വിഷപ്പുക പരക്കുമ്പോള്‍ ശുദ്ധവായു കിട്ടാത്ത വിമ്മിഷ്ടവും ശ്വാസംമുട്ടലും കണ്ണെരിച്ചിലും തൊണ്ടവേദനയും തലവേദനയും രൂക്ഷഗന്ധത്തിന്റെയും പുകയുടെയും ചൂടിന്റെയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ മിക്കവരും വേവലാതിപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ ആപല്‍ക്കരമായ ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ എന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. കാന്‍സര്‍, ത്വക്കിനെയും ഞരമ്പുകളെയും തലച്ചോറിനെയും ശ്വാസകോശങ്ങളെയും വൃക്കയെയും ഗുരുതരമായി ബാധിക്കുന്ന രോഗങ്ങള്‍, ജനിതകവൈകല്യങ്ങള്‍, വന്ധ്യത, തൈറോയ്ഡ്, എന്‍ഡോക്രൈന്‍ സിസ്റ്റവും ഹോര്‍മോണുകളും ശാരീരിക വളര്‍ച്ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ തുടങ്ങി വരുംതലമുറയെയും ബാധിക്കാവുന്ന വന്‍ വിപത്തുകളെക്കുറിച്ചാണ് യഥാര്‍ഥത്തില്‍ ഏറെ ഉല്‍ക്കണ്ഠപ്പെടേണ്ടത്.
കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. എല്ലാം നിയന്ത്രണവിധേയമാണെന്നാണ് ജില്ലാ ഭരണകൂടവും നഗരത്തിലൂടെ കടന്നുപോയ ചില മന്ത്രിമാരും പറഞ്ഞുകൊണ്ടിരുന്നത്. വിഷപ്പുക ദുരന്തത്തിന് ഇരകളായവര്‍ക്ക്, വിശേഷിച്ച് ഏറ്റവും വ്രണിതരും ദുര്‍ബലരുമായ ജനങ്ങള്‍ക്ക്, അത്യാവശ്യ ചികിത്സാസൗകര്യവും സുരക്ഷിതമായി മാറിതാമസിക്കാന്‍ പറ്റിയ ദുരിതാശ്വാസകേന്ദ്രങ്ങളും ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളോ വിശേഷിച്ചൊന്നും ചെയ്തില്ല. നഷ്ടപരിഹാരത്തിന്റെ കാര്യം പോകട്ടെ, ഇതുമായി ബന്ധപ്പെട്ട ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതല്ലേ? തീപ്പിടിത്തത്തിന്റെ നാലാം നാളില്‍, ആളുകള്‍ കഴിവതും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും പ്രാദേശിക ലോക്ഡൗണ്‍ ഓപ്ഷന് കലക്ടര്‍ നിര്‍ദേശിച്ചു. ചുറ്റുവട്ടത്തെ വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസുവരെയുള്ളവര്‍ക്ക് രണ്ടുനാള്‍ അവധി പ്രഖ്യാപിച്ചത് അഞ്ചാംനാളിലാണ്. കുറ്റം പറയരുതല്ലോ, അത്യാഹിതമേഖലയില് രണ്ടു ഓക്സിജന്‍ പാര്‍ലറുകളും കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ‘സ്മോക്ക്’ കാഷ്വാലിറ്റിയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ കൊടുക്കാന്‍ സൗകര്യമുള്ള കുറെ കിടക്കകളും ഏര്‍പ്പാടാക്കിയതായി ആരോഗ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. പക്ഷേ വലിയ തോതില്‍ ‘അത്യാഹിതക്കേസുകള്’ വന്നില്ലത്രേ!
സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷി നേതൃത്വത്തിനും കൊച്ചിയിലെ പരിസ്ഥിതി ദുരന്തത്തെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ വേറെയുണ്ടായിരുന്നു. നിയമസഭയില്‍ ”ഔചിത്യമില്ലാതെ എന്തും വിളിച്ചുപറയുന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളം” പൊളിച്ചടുക്കാനും സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യാനും സഭാനാഥന് എന്ന നിലയില്‍ പതിവില്‍ കവിഞ്ഞ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്ക്, ”നേരോടെ, നിര്‍ഭയം, നിരന്തരം” കുറച്ചുകാലമായി ചിലരെയൊക്കെ അലോസരപ്പെടുത്തിവരുന്ന പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലിനെയും, കൂട്ടത്തില്‍ പരോക്ഷമായി മുഖ്യധാരാ മാധ്യമങ്ങളിലെ മറ്റു ചില പൊല്ലാപ്പുകാരെയും, ”മാധ്യമധര്‍മ്മം” പഠിപ്പിക്കാന്‍ എസ്എഫ്ഐ ചുണക്കുട്ടികളെയും പൊലീസ് റെയ്ഡ് പാര്‍ട്ടിയെയും നിയോഗിച്ചതിനെ ന്യായീകരിക്കേണ്ട സാഹചര്യവുമുണ്ടായി. കരിപ്പുകയില്‍ കൊടികള്‍ കറുക്കാനിടയുള്ള കൊച്ചിയിലേക്ക് ഈ ഘട്ടത്തില്‍ ചെന്ന് വിഷപ്പുക ശ്വസിക്കുന്നത് അത്രയ്ക്ക് ആരോഗ്യകരമല്ല എന്ന തിരിച്ചറിവും കൊണ്ടാകണം, കേരള ഹൈക്കോടതി ഇടപെട്ടതിനാല്‍ മാത്രം ഒരു ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുകൂട്ടാമെന്നു തീരുമാനിച്ചത്. ”തീയും പുകയും ശമിച്ചെങ്കിലും” എറണാകുളത്ത് പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുറച്ചുവൈകിയാണെങ്കിലും രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാനുള്ള വീണ്ടുവിചാരം ആരുടേതാണാവോ!
കൊച്ചിയിലെ മാലിന്യസംസ്കരണ പദ്ധതിയിലെ പാളിച്ചകള്‍ക്കു പരിഹാരം കാണാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ രണ്ടു വര്‍ഷം മുന്‍പ് നിര്‍ദേശിച്ച എംപവേഡ് കമ്മിറ്റി രൂപീകരിക്കും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ ഇനി അനുവദിക്കില്ല, ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കും, ജൈവമാലിന്യ സംസ്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും എന്നിങ്ങനെ ചില പ്രമേയങ്ങളും ഉന്നതതല യോഗത്തില്‍ അംഗീകരിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യമലയില്‍ നിന്നു വമിക്കുന്ന വിഷപ്പുക ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് എഴുതിയ കത്തിനെ ആധാരമാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അടിയന്തരമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന്, ജില്ലാ കലക്ടര്‍, തദ്ദേശഭരണ സെക്രട്ടറി, കൊച്ചി കോര്പറേഷന് കമ്മിഷണര്‍ തുടങ്ങിയവരില്‍ നിന്ന് വിശദീകരണം തേടുകയും അമിക്കസ് ക്യൂറിയെ നിയോഗിച്ച് പ്രശ്നത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭരണകൂടം ഈ വിഷയത്തില്‍ മാന്ദ്യം വെടിയുന്നത്.
ഒരാഴ്ചയ്ക്കിടെ 31 ഫയര്‍ യൂണിറ്റുകള്‍, 320 അഗ്നിശമനസേനാംഗങ്ങള്‍, ഇന്ത്യന്‍ നാവികസേനയുടെയും വ്യോമസേനയുടെയും നാല് ഹെലികോപ്റ്ററുകള്‍, 36 ഹിറ്റാച്ചി ജെസിബി, മിനിറ്റില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പുചെയ്യാന്‍ ശേഷിയുള്ളവ ഉള്‍പ്പെടെ അതിതീവ്ര മര്ദശേഷിയുള്ള 14 ജലവാഹക പമ്പുകള്‍ എന്നിങ്ങനെ അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയാണ് മാലിന്യമലയിലെ തീയും വിഷപ്പുകയും നിയന്ത്രിക്കാനുള്ള യജ്ഞം തുടര്‍ന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം പ്രാഥമികമായി വീഴ്ച വരുത്തിയെന്ന വിമര്‍ശനം കോടതിയില്‍ നിന്നുതന്നെ ഉയര്‍ന്നു. തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്നാണ് കോടതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടു ചോദിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ആന്റണി ഡോമനിക് സ്വമേധയാ കേസെടുത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബ്രഹ്മപുരം തീപ്പിടിത്തം സ്വാഭാവികമോ മനുഷ്യനിര്‍മിതമോ എന്ന മര്‍മ്മപ്രധാനമായ ഒരു ചോദ്യം ഹൈക്കോടതിയില്‍ നിന്ന് ഉയര്‍ന്നു. കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നടക്കുന്ന രാസവിഘടനപ്രക്രിയയിലൂടെ ബഹിര്‍ഗമിക്കുന്ന ചൂടു മൂലമുള്ള സ്മോള്‍ഡറിങ് ആണ് അഗ്നിബാധയ്ക്കു കാരണമെന്ന് ജില്ലാ കലക്ടര്‍ വിശദീകരിക്കുന്നുണ്ട്. കൊച്ചി കോര്‍പറേഷനില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് 110 ഏക്കര്‍ വരുന്ന മാലിന്യ ഡംപിങ് യാര്‍ഡില്‍, 40.23 ഏക്കറില്‍ വര്‍ഷങ്ങളായി തള്ളിയ 5.59 ഘനമീറ്റര്‍ വരുന്ന മാലിന്യകൂമ്പാരത്തില്‍ നിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ നീക്കി ജൈവമാലിന്യം മാത്രം മണ്ണില്‍ ബാക്കിയാക്കുന്ന ബയോമൈനിങ് പ്രക്രിയയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് 55 കോടി രൂപയുടെ കരാറെടുത്ത ബെംഗളൂരുവിലെ കമ്പനിയുടെ കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസമാണ്, മാര്‍ച്ച് രണ്ടിന് വൈകീട്ട് 4.30ന് തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെയോ കൊച്ചി നഗരസഭയുടെയോ ഒരു ഫയര്‍ ഹൈഡ്രന്റും ഉപയോഗിക്കപ്പെട്ടില്ല. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയൊന്നുമില്ല. ഒരേസമയം നാലു ഭാഗത്തുനിന്നും തീപടര്‍ന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
മാലിന്യകൂമ്പാരത്തിനിടയിലൂടെ ഫയര്‍ എന്ജിന് കടക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.
സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ സംസ്ഥാന കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് ഉയര്‍ന്ന തുകയ്ക്ക് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ടെന്‍ഡര്‍ നല്‍കിയതില്‍ വലിയ ക്രമക്കേടും സ്വജനപക്ഷപാതവും അഴിമതിയുണ്ടെന്നാണ് ഇടതുമുന്നണിയിലെതന്നെ ചില ഘടകകക്ഷി നേതാക്കള്‍ ആരോപിക്കുന്നത്. ഏറ്റെടുത്ത പണിയുടെ 20 ശതമാനം പോലും നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാത്ത കമ്പനിക്ക് 11 കോടി രൂപ സര്‍ക്കാര്‍ അഡ്വാന്‍സായി നല്‍കിയെന്നും, 55 കോടി രൂപയ്ക്ക് കരാറെടുത്ത കമ്പനി വാസ്തവത്തില്‍ 17 കോടി രൂപയ്ക്ക് ഉപകരാറുകാരനെ കൊണ്ടുവന്നാണ് പരിചയമില്ലാത്ത പണി ഏല്പിച്ചതെന്നും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയിലെ ഒരു സിപിഐ കൗണ്‍സിലര്‍ ആരോപിക്കുന്നുണ്ട്.
കൊച്ചി നഗരസഭയ്ക്കു പുറമെ അഞ്ച് മുനിസിപ്പാലിറ്റികളില്‍ നിന്നും മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യം സംസ്കരിക്കാന്‍ ബ്രഹ്മപുരത്ത് 2008 ജൂണില്‍ ഉദ്ഘാടനം ചെയ്ത പ്ലാന്റില്‍ ഭാഗികമായേ സംസ്കരണം നടക്കുന്നുള്ളൂ. ഖരമാലിന്യസംസ്കരണത്തിന് ഇവിടെ ഒരു സംവിധാനവുമില്ല. പ്രതിദിനം 306 ടണ്‍ മാലിന്യം – 206 ടണ്‍ ജൈവമാലിന്യവും 100 ടണ്‍ അജൈവ മാലിന്യവും – എത്തിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ സംസ്കരിക്കുന്നത് 32 ടണ്‍ മാത്രം. വേര്‍തിരിക്കാതെ ഡംപ് ചെയ്യുന്ന മാലിന്യമലയില്‍ ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നു. ആപല്‍ക്കരമായ താപനിലയും മീഥേന്‍ വാതകവും കാലാവസ്ഥ പ്രതിസന്ധി രൂക്ഷമാക്കുന്നു.
അഗ്നിനിയന്ത്രണത്തിന് തൊട്ടടുത്തുള്ള കടമ്പ്രയാറില്‍ നിന്ന് വെള്ളം കിട്ടും. അണയാത്ത മീഥേന്‍ വിഷവാതകതീയും പുകയും നിയന്ത്രിക്കാന്‍ മാലിന്യം ഇളക്കിമറിച്ച് അതിശക്തമായി നിരന്തരം വെള്ളം പമ്പുചെയ്യുമ്പോള്‍ ഡയോക്സിനുകള്‍ അടക്കം മാരകമായ രാസസംയുക്തങ്ങള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയും മഴക്കാലത്ത് അത് ഒലിച്ച് കടമ്പ്രയാറിനെയും അടുത്തുള്ള ജലസ്രോതസുകളെയും വിഷലിപ്തമാക്കുകയും ചെയ്യുന്നു.
തീയണഞ്ഞാലും ഈ മഹാദുരന്തത്തിന് അറുതിയില്ല.
റീബില്‍ഡ് കേരള, നവകേരള മുന്നേറ്റം തുടങ്ങിയ ടാഗുകളോടെ കെ-റെയില്‍ സില്‍വര്‍ലൈന്‍ പോലുള്ള വന്‍കിട വികസന പദ്ധതികളുടെ കമ്മിഷന് വിഹിതത്തില്‍ കണ്ണഞ്ചി നടക്കുന്നവര്‍, നഗരവത്കരണം മൂലം കേരളത്തിലുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ നാടിന്റെ നിലനില്പിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും അത്യന്താപേക്ഷിതമായ മാലിന്യസംസ്കരണം പോലുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഒന്നുകില്‍ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിക്കുന്നു, അല്ലെങ്കില്‍ അഴിമതിയുടെ അനന്ത ഖനി അതില്‍ കണ്ടെത്തുന്നു.
ന്യൂയോര്‍ക്കിലേതിനെക്കാള്‍ മികച്ച റോഡും തുരങ്കവുമാണ് പിണറായിയുടെ കേരളത്തില്‍ കാണുന്നതെന്ന് അമേരിക്കയില്‍ നിന്നെത്തിയ മലയാളി കുടുംബം തന്നെ നേരിട്ടുകണ്ട് സാക്ഷ്യപ്പെടുത്തിയ കഥ മുഖ്യമന്ത്രി നിയമസഭയില്‍ ഏറെ അഭിമാനത്തോടെ വര്ണിച്ചുകേള്പ്പിക്കുകയുണ്ടായി. ബിബിസി, സിഎന്‍എന്‍, ന്യൂയോര്‍ക് ടൈസ്, ദ് ഗാര്ഡിയന് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള്‍ ജി-20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യയില്‍ മീഥേന്‍ ഹരിതവാതക ദുരന്തത്തിന്റെ മഹാമാലിന്യമലയായി മെട്രോ നഗരമായ കൊച്ചിയിലെ വിഷപ്പുകയുടെ ആകാശദൃശ്യങ്ങളിലൂടെ തന്റെ രാജ്യാന്തര പിആര്‍ കുമിളകള്‍ വീര്ത്തുപൊട്ടുന്നതാണ് ചിത്രീകരിക്കുന്നതെന്ന് പിണറായിയുണ്ടോ അറിയുന്നു!