ദൈവികവും മാനുഷികവുമായ മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ ഓര്‍മ്മക്കൂട്
കേരള സഭാചരിത്ര പഠിതാകള്‍ക്ക് ഉപേക്ഷിക്കാനാവാത്ത ഒരു പുസ്തകമാണ് ഓര്‍മ്മക്കൂട്. ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയെ1978 മെയ് 14 മുതല്‍ 2011 ഡിസംബര്‍ 15 വരെ നീണ്ട 23 വര്‍ഷങ്ങള്‍ നയിച്ച ബിഷപ്പ് ജോസഫ് ജി. ഫെര്‍ണാണ്ടസ് സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ ആണ് ഓര്‍മ്മക്കൂടില്‍ ശേഖരിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ അവതാരികയില്‍ ജോസഫ് പിതാവിന്റെ പിന്തുടര്ച്ചക്കാരനായി വന്ന ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.
‘ശ്രീമാന്‍ സെബാസ്റ്റ്യന്‍ തോമസ് തയ്യാറാക്കിയ ‘ഓര്‍മ്മക്കൂട്’ എനിക്ക് ഇഷ്ടമായി. കാരണം മറ്റൊന്നുമല്ല; പ്രതിപാദ്യം നമ്മുടെ രൂപതാദ്ധ്യക്ഷനായിരുന്ന ജോസഫ് പിതാവിനെക്കുറിച്ചാണ്. അതിനാല്‍ ഈ ഗ്രന്ഥം ഏറെ ഹൃദ്യമായി. കാലചക്രം തിരിയുമ്പോള്‍ പുത്തന്‍ പ്രഭാതങ്ങളും പുതിയ പ്രതിഭകളും നൂതനാശയങ്ങളും മറ്റും രംഗപ്രവേശനം ചെയ്യുകയും പഴമ വിസ്മൃതിയിലാവുകയുംചെയ്യുക സാധാരണമാണ്. ‘The Evil that men do lives after them the good is oft interred with their bones.’ (Julius Caesar, III.ii) ദീര്‍ഘായുസ്സിനാല്‍ അനുഗ്രഹീതനായ വത്സല പിതാവ് നമ്മുടെ മദ്ധ്യേ എല്ലാ കാര്യങ്ങളിലും പങ്കുകൊള്ളുന്നെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ പിതാവിനെയും അദ്ദേഹം ചെയ്ത നന്മകളെയും വിസ്മരിക്കുക ഒരു പരിധിവരെ മാനുഷികമാണ്. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി ഒരു അല്മായ സഹോദരന് അഭിവന്ദ്യ പിതാവിന്റെ രണ്ടു വ്യാഴവട്ടത്തിലേറെ നീളുന്ന അജപാലന ശുശ്രൂഷ വിലയിരുത്തുകയും വിലമതിക്കുകയും ദൈവജനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്. ഇത്രയും നാള് ആരും തന്നെ അങ്ങനെ ഒരു പരിശ്രമത്തെക്കുറിച്ച് ചിന്തിച്ചില്ല. എന്ന ദുഃഖസത്യവും ഇവിടെ ഓര്‍മ്മിക്കുന്നു.’
സെബാസ്റ്റ്യന്‍ തോമസ് (എഡിറ്റര്‍) റവ.ഡോ. ജോസഫ് സുഗുണ്‍ ലിയോണ്‍, വി.ടി. കുരീപ്പുഴ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കൊയിലോണ്‍ സെന്‍ട്രല്‍ കൗണ്‍സിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബിഷപ് ജോസഫ് ജി. ഫെര്‍ണാണ്ടസിന്റെ ലഘു ജീവചരിത്രം, വിവിധ സമയങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍, സര്‍ക്കുലറുകള്‍, പ്രസംഗങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. പുസ്തകത്തിലെ ചരിത്ര രേഖകളില്‍ പ്രധാനപ്പെട്ട ഒന്ന് 40 വര്‍ഷങ്ങള്‍ കൊല്ലം രൂപതയെ നയിച്ച ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസ് (ഇപ്പോള്‍ ദൈവദാസന്)1978 മാര്‍ച്ച് 18ന് പുറപ്പെടുവിച്ച ‘കൊല്ലം രൂപതയ്ക്ക് പുതിയ മെത്രാന്’ എന്ന ഇടയ ലേഖനമാണ്. വാര്‍ത്താവിനിമയ സൗകര്യങ്ങളില്ലാത്ത കാലത്ത് സഭയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടന്നു എന്ന് മനസ്സിലാക്കാനും അത് ഉപകരിക്കും. പുതിയ ബിഷപ്പിന് ജെറോം പിതാവ് നല്കുന്ന ആശംസകള്‍ ‘ശാന്തിയോടെ വിടവാങ്ങി’ വിരമിക്കാന്‍ സകലരും സഹായിക്കണമെന്ന പ്രാര്‍ഥനയാണ്. ജോസഫ് ഫെര്‍ണാണ്ടസ് പിതാവ് കഴിഞ്ഞാഴ്ച ലോകത്തോട് വിടവാങ്ങിയപ്പോള്‍ ശാന്തിയുടെ ദൂതനായി തന്നെയാണ് അദ്ദേഹം വിടവാങ്ങിയതെന്ന് നമുക്ക് സാക്ഷ്യപ്പെടുത്താന്‍ കഴിയും. കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാന് ആയിരുന്നു അന്തരിച്ച ജോസഫ് ഡി. ഫെര്‍ണാണ്ടസ് പിതാവ്.
പുസ്തകത്തിന്റെ ഉള്ളടക്കം മനോഹരമായി വേര്‍തിരിച്ചിട്ടുണ്ട്. മെത്രാന്റെ പ്രബോധനങ്ങളെ വിഷയാടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ആദ്യഭാഗത്ത് ആദ്ധ്യാത്മികവളര്ച്ചയ്ക്കാവശ്യമായ സഭാ പഠനങ്ങളും പ്രബോധനങ്ങളുമുണ്ട്. അവയില്‍ പ്രധാനം മാതൃഭക്തിയും കുടുംബയൂണിറ്റുകളും മഹാജൂബിലി വര്‍ഷത്തിനുള്ള ഒരുക്കങ്ങളുമാണ്. തുടര്‍ന്ന് ഇടയന്റെ സാമൂഹിക വിമോചനദര്‍ശനം വെളിപ്പെടുത്തുന്ന പ്രബോധനങ്ങളാണ്. കടലിന്റെ മക്കളുടെ തീരാ വേദനകള്‍, തീര സംരക്ഷണം, വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പുത്തൂരിനു വേണ്ടിയുള്ള സഹായഹസ്തം, മദ്യത്തിനെതിരെയുള്ള പ്രബോധനം, പരസ്പര സഹകരണത്തിന്റെ അനിവാര്യത, ജനകീയ പങ്കാളിത്തത്തിലൂടെയുള്ള വികസനം, കൊല്ലം രൂപതയിലെ വിശ്വാസികളുടെ കനേഷുമാരി, മാധ്യമങ്ങളുടെ ധര്‍മ്മം, ആധുനിക മാധ്യമങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ഉറച്ച നിലപാടുകളാണ് നമുക്ക് വായിച്ചെടുക്കാനാവുന്നത്.
അവസാനഭാഗത്ത് തന്റെ മുന്‍ഗാമികളായ അഭിവന്ദ്യ ബിഷപ്പുമാരുടെ ഓര്‍മ്മകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1329ല്‍ ഭാരതത്തിലെ ആദ്യ രൂപതയായി സ്ഥാപിതമായ കൊല്ലം രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി 1937 മുതല്‍ 1978 വരെയുള്ള 40 വര്‍ഷം രൂപതയുടെ നായകത്വം വഹിച്ച ബിഷപ്പ് ജെറോമിന്റെ ജന്മശതാബ്ദി ആഘോഷത്തെ കുറിച്ചുള്ള ഇടയ ലേഖനമാണ് ഒന്നാമതായി ചേര്‍ത്തിട്ടുള്ളത്. പാവങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ബിഷപ് ജെറോം ന്യൂനപക്ഷ അവകാശ സംരക്ഷകനായും വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തകനായും കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായും നല്കിയ സംഭാവനകള്‍ സവിസ്തരം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. തുടര്‍ന്ന് ‘സന്ന്യാസിയായ പിതാവ് ‘ എന്ന തലക്കെട്ടില്‍ എഴുതിയിട്ടുള്ള സര്‍ക്കുലര്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പുണ്യശ്ലോകനായ മിഷനറിയും ആധുനിക കൊല്ലം രൂപതയുടെ വളര്‍ച്ചയ്ക്ക് അസ്ഥിവാരം ഇടുകയും ചെയ്ത ബെന്‍സിഗര്‍ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ്.
ഇടയശുശ്രൂഷയില്‍ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം കാര്‍മല്‍ ഹില്‍ ആശ്രമത്തില്‍ ഒരു എളിയ സന്ന്യാസിയായി ജീവിച്ച അദ്ദേഹത്തിന്റെ മാതൃക പ്രത്യേകം സ്മരിക്കുന്നു.
പുസ്തകത്തിന് ആര്‍ച്ച്ബിഷപ്പ് ഡോ സൂസപാക്യം നല്‍കിയിട്ടുള്ള സന്ദേശവും തുടക്കത്തിലുണ്ട്. അതിലെ വരികള്‍ പുസ്തകത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. ‘ദൈവികവും മാനുഷികവുമായ മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ ഓര്‍മ്മക്കൂട്. ഒരു നിശ്ചിത കാലഘട്ടത്തില്‍ ദൈവം കൊല്ലം രൂപതയ്ക്ക് നല്കിയ ഉണര്‍വിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും അത് വീണ്ടും വീണ്ടും അനുഭവിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം.