പ്രശസ്തമായ ഈ ഗാനത്തിനു സംഗീതം നല്കിയ വയലിന് ജേക്കബ് എന്ന വി.ജെ ജേക്കബ് ഓര്മയമായിട്ട് 2023 ഫെബ്രുവരിയില്‍ 23 വര്‍ഷമാകുന്നു.
ഫാ. തദേവൂസ് അരവിന്ദത്ത് എഴുതിയ ഈ ഗാനം ആലപിച്ചിട്ടുള്ളത് കെസ്റ്ററാണ്. ‘അഞ്ജന’ എന്ന കസെറ്റില്‍ ഈ ഗാനം ദലീമയും പാടിയിട്ടുണ്ട്. ഒരു കസെറ്റിലെ എല്ലാ ഗാനങ്ങളും നല്ലതായിരിക്കുകയും സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നതും വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. ‘അഞ്ജന’ എന്ന കസെറ്റിലെ എല്ലാ ഗാനങ്ങളും ഇന്നും ആസ്വാദകരുടെ പ്രിയഗാനങ്ങളായി നിലകൊള്ളുന്നുണ്ട്.
കോട്ടയം ജില്ലയിലെ വേളൂര്‍ എന്ന സ്ഥലത്ത് വെളുത്തേടത്ത് വീട്ടില്‍ ജോസഫ്-സെലിന് ദമ്പതികളുടെ മകനായി 1972ല്‍ ജേക്കബ് ജനിച്ചു. വീട്ടില്‍ എല്ലാവരും സംഗീതത്തോട് അഭികാമ്യം പുലര്‍ത്തുന്നവര്‍. ഒന്‍പതു വയസുള്ളപ്പോള്‍ തന്നെ പള്ളിയിലെ ഗായക സംഘത്തോടൊപ്പം ജേക്കബും ചേര്‍ന്നു. വിജയപുരം രൂപതയിലെ വേളൂര്‍ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകാംഗമായിരുന്നു ജേക്കബ്. ഗിറ്റാറും ഹര്‍മോണിയവും വായിക്കാന്‍ ശ്രമിച്ചിരുന്ന ജേക്കബ് 10-ാം വയസിലാണ് വീടിനടുത്തുള്ള കുട്ടികളുടെ ലൈബ്രറിയോടു ചേര്‍ന്നുള്ള വയലിന് പഠിപ്പിക്കുന്ന മാത്യു എന്ന ഗുരുവിന്റെ അടുക്കല്‍ എത്തുന്നത്. കുറെക്കാലത്തിനുശേഷം ഗോപി എന്ന ഗുരുവിന്റെ ശിക്ഷണവും ലഭിച്ചു.
ഇതേ കാലത്തു തന്നെ ഗാനമേളകള്‍ക്കും നാടകങ്ങള്‍ക്കും ഓര്കസ്ട്രയില് പങ്കാളിയായി. സംഗീതജ്ഞനായ കുമരകം രാജപ്പന് മുന്‍കയ്യെടുത്ത് പ്രശസ്ത വയലിന് അധ്യാപകന് റെക്സ് ഐസക്കിനെ കോട്ടയത്തേയ്ക്കു വയലിന് പഠിപ്പിക്കാന്‍ ക്ഷണിച്ചത് ഏറ്റവുമധികം പ്രയോജനപ്പെട്ടത് ജേക്കബിനായിരുന്നു. റെക്സ് മാസ്റ്ററുടെ കീഴില്‍ ചിട്ടയായ പരിശീലനം നേടിയ ജേക്കബ് പ്രതിഭാധനനായ വയലിനിസ്റ്റ് എന്ന പേര് നേടിയെടുത്തു. വയലിനിസ്റ്റും സുഹൃത്തുമായ ജോസ്കുട്ടിയോടൊപ്പം ചെന്നൈയില്‍ റെക്കോര്‍ഡിങ്ങുകള്‍ക്ക് പോയിത്തുടങ്ങി. ഇളയരാജ അടക്കം തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായി മാറി. കുമരകം രാജപ്പന് സംഗീതം നല്കുന്ന ആല്‍ബങ്ങളുടെ റെക്കോര്‍ഡിങ്ങില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
പഴയകാല ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനായി ബിനോയ് ചാക്കോ എന്ന ഗായകന് പദ്ധതിയിട്ടപ്പോള്‍ ഓര്‍ക്കസ്ട്രഷന്‍ നയിക്കാന്‍ ജേക്കബിനെ ചുമതലപ്പെടുത്തി. ജേക്കബിന്റെ ഓര്ക്കസ്ട്രേഷന് ഏവരേയും വിസ്മയപ്പെടുത്തി. തുടര്‍ന്ന് നിരവധി ആല്‍ബങ്ങള്‍ക്കു ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചു. ആദ്യകാലത്ത് വി.ജെ ജേക്കബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫാ. തദേവൂസ് അരവിന്ദത്ത് ആണ് വയലിന് ജേക്കബ് എന്നു പേരു ചേര്‍ത്തു തുടങ്ങിയത്.
ടോമിന് തച്ചങ്കരി, ഫാ. തദേവൂസ് അരവിന്ദത്ത് എന്നിവരുടെ ആല്ബത്തിലെല്ലാം വയലിന് ജേക്കബിന്റെ പ്രത്യേക സഹായം ഉണ്ടായിരുന്നു. മലയാളത്തില്‍ ക്രിസ്തീയ ഗാനരംഗത്ത് പ്രശസ്തിയുടേയും ആത്മീയതയുടേയും ഉന്നതിയില്‍ നില്ക്കുമ്പോള് 38-ാം വയസില്‍ കരള്‍ രോഗം ബാധിച്ച് അദ്ദേഹം വിട പറഞ്ഞു. 2000 ഫെബ്രുവരി 13നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പാട്ടുകള്‍ പാതിവഴിയില്‍ നിര്‍ത്തി അദ്ദേഹം കടന്നുപോയെങ്കിലും കുറച്ചുകാലം കൊണ്ട് നമുക്ക് നല്കിയ ശ്രവണ സുന്ദര ഗാനങ്ങള്‍ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.
മേഴ്സിയാണ് ഭാര്യ. മക്കളായ ഭാഗ്യയും കാവ്യയും സംഗീതവഴിയില്‍ തന്നെയുണ്ട്.
വയലിന് ജേക്കബ് സംഗീതം നല്കിയ ചില ഗാനങ്ങള്‍.
1. ഒരു നിമിഷം എന്‍ യേശുവിന് മുന്നില്‍-കെസ്റ്റര്‍
2. ഹൃദയം തകര്ന്നൊരുനാള്-മധു ബാലകൃഷ്ണന്
3. കുഞ്ഞേ നീയെന്‍ കയ്യില്‍- വിമി മറിയം
4. നെഞ്ചിലെരിയുമീ-കെസ്റ്റര്‍
5.യേശുവേ നീയെനിക്കായ്-മധുബാലകൃഷ്ണന്
6. ഈശോ എഴുന്നുള്ളുമീ നിമിഷം-ബിനോയ് ചാക്കോ
7. യേശുവിന് മുഖം- എം.ജി ശ്രീകുമാര്‍
8. ദൈവം തരുന്നതെന്തും – കെ.എസ് ചിത്ര
9. കണ്ണുകള്ക്കെന്തൊരാനന്ദം-മിഥില
10. എന്നേശുനാഥന്റെ-കെസ്റ്റര്‍
11. ദൈവസ്നേഹം
12. ഈശോ നാഥാ-ദലീമ
13. ഗാഗുല്ത്തായിന്നെന്റെയുള്ളില്-ഗാഗുല്‍ ജോസഫ്
14. നെഞ്ചിലെരിയുമീ ദുഃഖം- കെസ്റ്റര്‍, ദലീമ
15. ബെത്ലേഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ-കെസ്റ്റര്‍-മനീഷ
16. മിശിഹായേ വരണേ-എം.ജി ശ്രീകുമാര്‍
17. മാലഖമാര്പാടും രാവില്‍-ഉഷ ഉതുപ്പ്
18. വീണപൂവിന് വേദനയും – കെസ്റ്റര്‍
19. ഒരു രാഗമായ്- കെസ്റ്റര്‍
20. മണ്ണും വിണ്ണും വസിക്കുന്ന-ദലീമ
21. ഈശോയെ അടിയനിതാ- കെസ്റ്റര്‍
22. ദൈവസ്നേഹം കാണാന്‍ – രാധിക തിലക്
23. യേശുവേ നിന് മുന്നിലിതാ-കെസ്റ്റര്‍, ഭാവന.