ജെയിംസ് കെ.പിയുടേയും മിനി ജെയിംസിന്റേയും മകള്‍. സഹോദരി കെസിയ തെരേസ കെ. ജെയിംസ്. സഹോദരി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ഡ്സില്ലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ കാരിക്കേച്ചര്‍ 56 സെക്കന്റിനുള്ളില്‍ ചെയ്ത് കെലീറ്റ തെരേസ റെക്കോര്‍ഡ് സൃഷ്ടിച്ചു. THE PUPPET STUDIO എന്ന പേരില്‍ സ്വന്തമായി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ട് അപ് നടത്തുന്നു. സ്പ്നങ്ങള്‍ കാണുക മാത്രമല്ല, അതു പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയും വേണമെന്നാണ് കെലീറ്റയുടെ പ്രമാണം. സ്വന്തം ജീവിതത്തിലൂടെ അതവള് തെളിയിച്ചു കൊണ്ടിരിക്കുന്നു.
വരയുടെ ലോകം
വരയ്ക്കാനിഷ്ടമാണ് എന്നതു തന്നെയാണ് ഈ ഫീല്‍ഡിലേക്ക് ആകര്‍ഷിച്ചത്. ചെറുപ്പം മുതലേ വരയോടു താല്പര്യം ഉണ്ടായിരുന്നു. ഏതെങ്കിലും ഫോട്ടോസ് നോക്കി അത് റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. മൂന്നാം ക്ലാസ് മുതലാണ് വരച്ചു തുടങ്ങിയത്. പലരും വരയ്ക്കുന്നത് കാണുമ്പോള്‍ എനിക്കും അതുപോലെ ചെയ്യണം എന്നു ആഗ്രഹിക്കുമായിരുന്നു. ഞാന്‍ സെല്‍ഫ് ടോട്ടാണ്. ചെറുപ്പം മുതലേ പോര്‍ട്രെയ്റ്റുകള്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നു. ഫോട്ടോകള്‍ നോക്കിയാണ് വരച്ചതും, പഠിച്ചതും. പക്ഷേ ആളുകളെ നേരില്‍ നോക്കി വരയ്ക്കാന്‍ കഴിയുമായിരുന്നില്ല. മറ്റു വര രീതികള്‍ പലതും ചെയ്യുമായിരുന്നു. പക്ഷേ പിന്നീട് അതെല്ലാം വിട്ട് പോര്‍ട്രെയ്റ്റില്‍ മാത്രം ശ്രദ്ധ ചെലുത്തി. അതില്‍ നന്നായി പ്രാക്ടീസ് ചെയ്തു. അതില്‍ പുരോഗതി ഉണ്ടാക്കി. പ്ലസ്ടു വരെയൊക്കെ അങ്ങിനെ പോയി. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ആര്ട്ട്റിലേറ്റഡ് ആയിട്ടുള്ള ഒരു കോഴ്സിനു ചേരണമെന്നു തീരുമാനിച്ചു. ബി.എ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫറ്റ്സ് എന്ന മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്സിന് ചേര്‍ന്നു. കൊറോണ പടരുന്നത് അക്കാലത്താണ്. അപ്പോള്‍ ഡിജിറ്റല്‍ ഡ്രോയിംഗ് പരിശീലനത്തിനായി കൂടുതല്‍ സമയം ഉപയോഗിച്ചു. ഇന്‍സ്റ്റഗ്രാമില്‍ THE PUPPET STUDIO എന്ന പേജ് തുടങ്ങി. അതിലേയ്ക്ക് ഞാന്‍ ക്രിയേറ്റ് ചെയ്യുന്ന എന്റെ ഡിജിറ്റല്‍ വര്‍ക്കുകള്‍ പോസ്റ്റു ചെയ്തു തുടങ്ങി. ഞാന്‍ വരക്കുമെന്ന കാര്യം കൂടുതല്‍ പേര് അറിഞ്ഞത് അതിലൂടെയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ കുറെ ആര്ട്ട്കോഴ്സുകള് വരുന്നുണ്ട്. നേരത്തെയൊന്നും ആളുകള്‍ക്ക് ആനിമേഷന്‍ കേഴ്സുകളെ പറ്റി വലിയ അറിവില്ലായിരുന്നു. ഈ കോഴ്സുകളെ കുറിച്ച് എന്റെ മെയിന്‍ സര്ക്കിളിലുള്ളവര് അറിഞ്ഞു തുടങ്ങിയത് ഞാന്‍ ചെയ്തു തുടങ്ങിയപ്പോഴാണ്. കേരളത്തില്‍ ഇപ്പോള്‍ കുറെ ക്ലേ വര്‍ക്ക് ഷോപ്പുകളും മറ്റു പല ആര്‍ട്ട് കോഴ്സുകളും ഇന്നു നിലവിലുണ്ട്.
മാറ്റത്തിന്റെ തുടക്കം; പിടിച്ചു കയറാമെന്നുള്ള ആത്മവിശ്വാസം
വൈറ്റ് കോളര്‍ ജോലി ചെയ്യാന്‍ നേരത്തെ തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഞാന്‍ തന്നെ എനിക്കുവേണ്ടി ലൈഫ് ക്രിയേറ്റ് ചെയ്യണം എന്നതായിരുന്നു എന്റെ ലൈഫ് മോട്ടോ. കോളജ് കഴിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പതിവുപോലെ ജോലിക്കു പോകുന്നില്ലേ എന്ന ചോദ്യം തുടങ്ങിയിരുന്നു. കോളേജിനു ശേഷമുള്ള ഒരു വര്‍ഷം എനിക്കു ഒരു വെല്ലുവിളി തന്നെയായിരുന്നു. കൂട്ടുകാരൊക്കെ ഓരോ സ്ഥലത്തു ജോലിക്കുകയറി.
എനിക്ക് ഇഷ്ടമുള്ള ഫീല്ഡിലേ ജോലി ചെയ്യു എന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു.എന്റെ പാഷനില്‍ നിന്നു തന്നെ ഒരു ലൈഫ് ക്രിയേറ്റ് ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അത് വീട്ടില്‍ തെളിയിക്കാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതു കൊണ്ട് ഒരു വര്‍ഷം എനിക്കു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്തിനുള്ളില്‍ എനിക്കു ഒരു പ്രോഗ്രസ് കൊണ്ടുവരാന്‍ പറ്റുകയും ചെയ്തു. സംഭവങ്ങള്‍ക്ക് ഒരു മാറ്റം വേണമെല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഒരു രസത്തിന് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പോര്‍ട്രയ്റ്റുകള്‍ ഡിജിറ്റലായി ചെയ്യാന്‍ തുടങ്ങി. അതു കണ്ടിട്ട് അവരോട് ബന്ധമുള്ളവര്‍ അവരേയും വരയ്ക്കാന്‍ ആവശ്യപ്പെട്ട് എന്നെ സമീപിക്കാന്‍ തുടങ്ങി.
എന്റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍ക്കു ഗിഫ്റ്റിംഗ്സ് ചെയ്യുമായിരുന്നു. അതു കണ്ട് പലരും എന്നോട് പ്രഫഷണലായി ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ ഓര്‍ഡേഴ്സ് എടുത്തു തുടങ്ങി. വെഡ്ഡിംഗും മറ്റു പല ഒക്കേഷന്‍സ് റിലേറ്റഡ് കാരിക്കേച്ചേഴ്സും കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഓപ്ഷന്‍സുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. .ക്ലേ ഉപയോഗിച്ച് കാര്‍ട്ടൂണ്‍ പോലുള്ള ചെറിയ ശില്പങ്ങള് ചെയ്യാന്‍ തുടങ്ങി. പിന്നീട് കാരിക്കേച്ചേഴ്സ് ഫ്രെയ്മിങ്ങും ചെയ്തു തുടങ്ങി. ഇപ്പോള്‍ മൂന്നു വര്‍ഷമാകുന്നു ഈ മേഖലയില്‍. ആദ്യമൊക്കെ മാസത്തില്‍ ഒന്നോ രണ്ടോ ആവശ്യക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്ഥിരമായി ആവശ്യക്കാരുണ്ട്. എന്റെ ക്ലൈന്റ്സ് തന്നെ അവരുടെ സുഹൃത്തുക്കള്‍ വഴിയുള്ള വര്‍ക്കുകള്‍ തന്നു കൊണ്ടിരിക്കുന്നു. അതില്‍ വലിയ സന്തോഷമുണ്ട്.
എപിജെ അബ്ദുള്‍കലാമിന്റെ കാരിക്കേച്ചര്‍
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെ കുറിച്ച് രണ്ടു വര്‍ഷം മുമ്പെ ഞാന്‍ അറിഞ്ഞതാണ്. എനിക്കു അതുവരെ ഇങ്ങനെ ഒരു സംഭവമുണ്ടെന്നറിയാമെങ്കിലും എങ്ങനെ ആക്സസ് ചെയ്യാന്‍ പറ്റുമെന്നു അറിയില്ലായിരുന്നു. പിന്നീട് എന്തു ചെയ്യേണം എന്ന ആലോചനയ്ക്കൊടുവില്, ഉറങ്ങുമ്പോള്‍ കാണുന്നതല്ല ഉറക്കം നഷ്ടപ്പെടുത്തുന്നതാവണം സ്വപ്നം എന്നു നമ്മെ പഠിപ്പിച്ച ഡോ. എപിജെ അബ്ദുള്‍ കലാമിനെ വരയ്ക്കാം എന്നുള്ള കണ്സെപ്റ്റിലേയ്ക്ക് എത്തി. ആദ്യത്തെ അറ്റംപ്റ്റില്‍ തന്നെ അത് അധികൃതര്‍ അപ്രൂവ് ചെയ്തു.
പ്രോത്സാഹനം
എന്റെ ഉറ്റ സുഹൃത്തും ഒപ്പം വീട്ടുകാരും തന്നെയാണ് ആദ്യഘട്ടങ്ങളില്‍ എന്നെ പ്രോത്സാഹിപ്പിച്ചതും കൂട്ടായി നിന്നതും. ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ വരയ്ക്കുമെന്ന കാര്യം അടുപ്പമുള്ളവര്‍ പോലും അറിഞ്ഞു തുടങ്ങിയത്. അവരെല്ലാം നന്നായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എക്സിബിഷന്‍സ് ഒന്നും ഇതുവരെ നടത്തിയിട്ടില്ല. അതൊരു പ്ലാന്‍ ആയി വന്നിട്ടില്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനു പുറമേ പെന്‍സില്‍ ഡ്രോയിംഗും സൈക്കിളിംഗും ഡാന്‍സ് പരിപാടിയുമൊക്കെയുണ്ട്. ഡാന്‍സിങ്ങില്‍ എന്റെ സമാനചിന്താഗതിക്കാരെ കണ്ടെത്തി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുവാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എനിക്ക് സൈക്കിളിംഗ് വളരെ ഇഷ്ടമാണ്. ഒന്നാം ക്ലാസ് മുതല്‍ സൈക്കിള്‍ വേണമെന്ന വാശി കാണിക്കുമായിരുന്നു. 9-ാം ക്ലാസിലെത്തിയപ്പോഴാണ് എനിക്കു സൈക്കിള്‍ കിട്ടിയത്. എന്റെ വീട്ടില്‍ നിന്നും കുറച്ചകലെയാണ് എന്റെ തറവാട്. അവിടെ വരെ സൈക്കിളില്‍ പോവുക എന്നതായിരുന്നു ആദ്യത്തെ ആഗ്രഹം. പിന്നീട് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കായി സൈക്കിളില്‍ യാത്ര.
സ്വപ്നലോകത്തെ കെലീറ്റ തെരേസ
നമുക്ക് ഒരു സ്വപ്നമുണ്ടാകും. നമ്മുടെ ഭാവിയെ കുറിച്ചൊക്കെ. പക്ഷേ സ്വ്പനത്തിലേക്ക് എത്താന്‍ നമ്മള് ആഗ്രഹിച്ചുകൊണ്ടിരുന്നിട്ടു മാത്രം കാര്യമില്ലല്ലോ. നമ്മള് അതിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. പൊതുവേ നമ്മളെല്ലാം സ്വപ്നലോകത്തുള്ളവരാണ്. എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങള്‍ എപ്പോഴും ഉണ്ടാകും പക്ഷേ അതിനു വേണ്ടി ഇറങ്ങിച്ചെല്ലുവാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിലേ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കൂ. സ്കോപ്പ് ഉണ്ടോ എന്നു നോക്കിയിട്ടല്ല നമ്മള് ഇറങ്ങേണ്ടത് നമ്മള് തന്നെ നമ്മുടെ സ്പേയ്സ് ഉണ്ടാക്കിയെടുക്കണം. ക്രിയേറ്റീവായി ചിന്തിക്കണം അതിലേയ്ക്ക് ഇറങ്ങിച്ചെല്ലണം എന്തു ജോലിയിലാണെങ്കിലും. ഞാനിപ്പോള്‍ ചെയ്യുന്ന ജോലിയില്‍ തന്നെ കുറേക്കൂടി ക്രിയേറ്റീവ് ആയി ചിന്തിച്ചാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഗിഫ്റ്റിംഗ് പര്പ്പസിനാണു കൂടുതലും ആളുകള്‍ സമീപിക്കുന്നത്. ഒപ്പം ഹോംടെക്കരിങ്ങിനും. പരസ്യമേഖലയിലും മറ്റും കുറെ സാധ്യതകള്‍ ഈ മേഖലയില്‍ ഉണ്ട്. പ്രധാനമായി ആഗ്രഹം വേണം, അതിനായി കഠിനമായി ശ്രമിക്കണം. മറ്റുള്ളവരുടെ വിമര്‍ശനങ്ങളില്‍ തളര്‍ന്നു പോകേണ്ടതില്ല. എന്നെ സംബന്ധിച്ച് ഡ്രീം എന്നു പറയുന്നത് ജസ്റ്റ് ഡ്രീം ചെയ്തു കളയേണ്ട കാര്യമല്ല, മറിച്ച് നേടിയെടുക്കേണ്ടതാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്യുന്നതിനേക്കാള്‍ നമ്മുടെ മനസിനു ഇഷ്ടമുള്ള രീതിയില്‍ ജോലി ചെയ്യുക എന്നതിലാണ് കാര്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. ചെറുപ്പം മുതലുള്ള എന്റെ സ്വപ്നങ്ങളെ നേടിയെക്കുന്ന യാത്രയിലാണു ഞാന്‍.
വരയില്‍ ഇഷ്ടം
എനിക്ക് റിയലിസ്റ്റിക്ക് ഡ്രോയിങ്ങും കാരിക്കേച്ചറും ഇഷ്ടമാണ്. ഞാന്‍ മെയിന്‍ ആയി ഫോക്കസ് ചെയ്യുന്നത് കാരിക്കേച്ചറിലാണ്. എനിക്കു കുറച്ചുകൂടി എന്റേതായ ശൈലികള്‍ അതില്‍ വരുത്താന്‍ സാധിക്കും. അതില്‍ എനിക്ക് വലിയ സന്തോഷവും തൃപ്തിയുമുണ്ട്. കാര്‍ട്ടൂണ്‍സ് എന്നു പറയുമ്പോള്‍ ഒരു ക്യൂട്ട്നസ് ഉണ്ട്. റിയലിസ്റ്റിക്കില്‍ ആ ഒരു മൂഡ് കിട്ടില്ല. കാരിക്കേച്ചര്‍ ആണെങ്കില്‍ നമുക്ക് കുറച്ചു കൂടി ആളുകളുടെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്തു രസകരമാക്കാന്‍ സാധിക്കും.
ബിനാലെ വലിയ പ്രചോദനം
കൊച്ചി -മുസിരിസ് ബിനാലെ ഒരുപാട് സ്ഥലത്തുനിന്നും ഒരുപാട് പേര് കാണാന്‍ വരുന്നുണ്ട്. അതില്‍ നമുക്ക് ശരിക്കും അഭിമാനിക്കാം. വരുന്നവരൊക്കെ ആര്‍ട്ടിനോട് ഇഷ്ടമുള്ളവരാണ്. അവിടെയുള്ള വര്‍ക്കുകള്‍ ചെയ്യുന്നതും അതു കാണുന്നതും വലിയ പ്രചോദനമാണ്. ഇന്സ്റ്റാലേഷനൊക്കെ പ്രത്യേക തീമുകളാണ്. അതില്‍ കുറേനേരം നോക്കി ചിന്തിച്ചാല്‍ സാധാരണക്കാര്‍ക്കും വ്യത്യസ്തമായി ചിന്തിക്കാന്‍ ഉള്ളതൊക്കെയുണ്ട്. ആര്‍ട്ടിസ്റ്റിക് മൈന്റ് പ്രമോട്ട് ചെയ്യുന്ന വലിയൊരു കാര്യമായിട്ടാണ് എനിക്കതിനെ തോന്നിയിട്ടുള്ളത്. എക്സിബിഷനു പോകുന്നവര്‍ക്ക് വലിയൊരു മെറിറ്റ് എന്നു പറയുന്നത്, വലിയ വലിയ ആര്‍ട്ടിസ്റ്റുകളെ കാണാനും പരിചയപ്പെടാനും അതില്‍ നിന്നു തന്നെ ക്രീയേറ്റീവ് ഐഡിയാസ് സൃഷ്ടിക്കാനും സഹായം ആകന്നു എന്നതാണ്.