സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ചരിത്രവുമായി ബന്ധപ്പെടുത്തി അപഗ്രഥിക്കുന്നത് വളരെ രസകരമാണ്. കരിമ്പ്, കറുപ്പ്, കുരുമുളക്, തെങ്ങ് തേയില, മരച്ചീനി, പരുത്തി എന്നിവ മാനവജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പ്രതിപാദിക്കുന്ന രസകരമായ പുസ്തകമാണ് ‘ചരിത്രത്തില്‍ ഇടപെട്ട സസ്യങ്ങള്‍.’ നൂറില്‍ താഴെ പേജുകളുള്ള ഈ പുസ്തകം ശാസ്ത്ര കുതുകികളെയും ചരിത്ര പഠിതാക്കളെയും അറിവിന്റെ പുതിയ ലോകങ്ങളിലേക്ക് നയിക്കും. ലളിതമായ ഭാഷയില്‍ എന്‍.എസ്. അരുണ്‍കുമാര്‍ ആണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.
ഷെന്നോങ് എന്ന ചൈനീസ് ചക്രവര്‍ത്തിയാണ് ലോകത്തില്‍ ആദ്യമായി ചായ കുടിച്ചത്. തിളച്ചവെള്ളത്തില്‍ തേയിലച്ചെടിയുടെ ഇലകളിട്ടിട്ട് അദ്ദേഹം അത് രുചിച്ചു നോക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ബി.സി 2737 ലായിരുന്നു ഇത്. ബി.സി മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും ചായ ചൈനയിലെ ഒരു സാധാരണ പാനീയമായി മാറികഴിഞ്ഞിരുന്നു. ക്വിന്‍ രാജവംശത്തിന്റെ കാലമായിരുന്നു അത്. ടാങ് രാജവംശത്തിന്റെ കാലമായപ്പോഴേക്കും ചൈനാക്കാരുടെ വിശിഷ്ട പാനീയമെന്ന തരത്തില്‍ ചായ ലോകപ്രശസ്തമായി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് ചൈനാക്കാര്‍ ചായസല്‍ക്കാരം നടത്തിയതോടെ യൂറോപ്പുകാര്‍ അതില്‍ ആകൃഷ്ടരായി. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന് രാജാവിന്റെ ഭാര്യയായിരുന്ന കാതറിന് ആയിരുന്നുവത്രേ ചായകുടി ശീലത്തെ കടല്‍കടത്തി ലണ്ടനിലെത്തിച്ചത്.
എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടാവുന്നതുവരേക്കും ഇംഗ്ലണ്ടില്‍ ചായ വ്യാപകമായി ഉപയോഗിക്കപ്പെട്ടില്ല. തേയിലയ്ക്കുമേല് ചുമത്തപ്പെട്ട അധികനികുതി പൊതുവിപണികളില്‍ അതിന്റെ വിലയെ തീപിടിക്കുന്നതാക്കിയതായിരുന്നു ഇതിന് കാരണം. എന്നാല്‍, ചായയോടുള്ള സാമാന്യജനത്തിന്റെ പ്രതിപത്തി വര്‍ധിച്ചുവന്നതിനാല്‍ കള്ളക്കടത്തുകാര്‍ അത് കുറഞ്ഞവിലയ്ക്ക് വില്ക്കാന് താല്‍പ്പര്യമെടുത്തു. അതോടെ സാധാരണക്കാര്‍ക്കും ചായ കുടിക്കാമെന്ന അവസ്ഥയായി. തേയിലയ്ക്കുമേലുള്ള അധികനികുതികള്‍ പിന്‍വലിക്കാന്‍ പില്ക്കാലത്ത് ബ്രിട്ടണ് നിര്‍ബന്ധിതമായതും ചായയുടെ പ്രചാരം വര്‍ധിക്കാന്‍ കാരണമായി. പക്ഷേ, അപ്പോഴും തേയില വിപണിയുടെ കുത്തക ചൈനയുടെ കൈകളില്‍ത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ചൈനയില്‍നിന്നു വാങ്ങുന്ന തേയിലയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറ്റും വില്‍പ്പന നടത്തിയിരുന്നത്.
ചൈനയില്‍ നിന്നാണ് ഇന്ത്യയില്‍ തേയില കൃഷി എത്തുന്നത്. അസമിലാണ് അതിനു തുടക്കം കുറിക്കുന്നത്. മണിറാം ദേവന് എന്ന അസം കാരനായിരുന്നു ബ്രിട്ടീഷുകാരെ തേയില കൃഷിയില്‍ സഹായിച്ചത്. 1925 ല്‍ അലക്സാണ്ടര്‍ ബ്രൂസ് എന്ന ബ്രിട്ടീഷുകാരനോടൊപ്പം മണിറാം ദേവന് തേയിലകൃഷിക്ക് തുടക്കം കുറിച്ചു. പിന്നീട് കലാപം ഉണ്ടാക്കിയതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റി. 2013 ഏപ്രില്‍ 17ന് ഇന്ത്യ ഗവണ്മെന്റ് ചായയെ ഇന്ത്യയുടെ ദേശീയ പാനീയമായി പ്രഖ്യാപിച്ചു. ആ ദിനത്തിന്റെ പ്രത്യേകത ധീരദേശാഭിമാനിയായിരുന്ന മണിറാം ദേവന്റെ 212 ാം ജന്മവാര്ഷിക ദിനം ആയിരുന്നു അത് എന്നതാണ്.
ഇനി തെങ്ങിനെ കുറിച്ചാകാം ചില കാര്യങ്ങള്‍. എ.ഡി 545-ല്‍ എഴുതപ്പെട്ട ടോപ്പോഗ്രാഫിയ ക്രിസ്റ്റിയാന (Topographia Christiana) എന്ന ഗ്രന്ഥത്തിലാണ് തെങ്ങിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശമുള്ളത്. ഒന്‍പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന ആയിരത്തൊന്നു രാവു (One Thousand and One Nights) കളിലും നാളികേരത്തെക്കുറിച്ച് പറയുന്നുണ്ട്. സിന്ബാദ് എന്ന കപ്പലോട്ടക്കാരന്, തന്റെ അഞ്ചാമത്തെ കപ്പല്‍ സഞ്ചാരം കഴിഞ്ഞെത്തുമ്പോള്‍ കൊണ്ടുവരുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ തേങ്ങകളുമുണ്ടായിരുന്നു. 1510-ല്‍ പ്രസിദ്ധീകൃതമായ ഇത്തിനേറാരിയോ (Itinerario) എന്ന ഗ്രന്ഥത്തില്‍ തെങ്ങിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കൂസിലെ വിവരണങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സസ്യം തെങ്ങാണ്. ആദ്യമായി മലയാള ലിപികളില്‍ അച്ചടിമഷി പുരളുന്നത് ഹോര്‍ത്തുസ് മലബാറിക്കൂസിലെ തേങ്ങ എന്ന എഴുത്തിലൂടെയാണ്. മാര്‍ക്കോപോളോയുടെ യാത്രാവിവരണങ്ങളില്‍, 1280-ല്‍ സുമാത്രയില്‍ വച്ച് തെങ്ങിനെ കണ്ടതായി പറയുന്നുണ്ട്. നക്സ് ഇന്‍ഡിക്ക (Nux indica) എന്നാണ് മാര്‍ക്കോപോളോ അതിനെ വിളിച്ചത്. തെങ്ങ് വന്നത് ഇന്ത്യയില്‍ നിന്നാണെന്ന സൂചന നല്‍കുന്നതാണ് ഈ വിളിപ്പേര്. വാസ്കോ ഡ ഗാമയോടൊപ്പം വന്ന പോര്‍ച്ചുഗീസുകാരാണ് തേങ്ങയെ ആദ്യം യൂറോപ്പിലെത്തിച്ചതെന്ന് കരുതപ്പെടുന്നു. തേങ്ങയുടെ മൂന്നു കണ്ണുകള്‍ കണ്ട് അവര്‍ക്ക്, അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായി രുന്ന ഒരു നാടോടിക്കഥയിലെ ‘കൊക്കൊ’ എന്ന കഥാപാത്രത്തെയാണ് ഓര്മ വന്നത്. അതിനാല്‍ അവര്‍ അതിനെ ‘കോക്കോ നട്ട് ‘എന്നു വിളിച്ചു. 1555 ലാണ് ഈ പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് കരുതുന്നു. തെങ്ങിന്റെ ശാസ്ത്രീയനാമത്തിലും ഈ കഥാംശം കടന്നുകൂടിയിട്ടുണ്ട്. കോക്കോസ് ന്യൂസിഫെറ (Cocos nucifera) എന്നതാണ് തെങ്ങിന്റെ ശാസ്ത്രീയനാമം. കട്ടിയുള്ള തോടുള്ള ഫലത്തോടുകൂടിയത് എന്നതാണ് ‘ന്യൂസിഫെറ’ എന്ന വാക്കിന്റെ അര്‍ഥം.
ഫ്രഞ്ചുകാര്‍ക്കും നെപ്പോളിയനും പഞ്ചസാരയ്ക്ക് പകരം മധുരം നല്കാന് ഒലിവര്‍ ഡി. സെറേറസ് കണ്ടുപിടിച്ച ഷുഗര്‍ ബീറ്റ് അഥവാ മധുരക്കിഴങ്ങ്, ചമ്പാരനിലെ പിപ്ര എന്ന സ്ഥലത്ത് 1914ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്‍ഡിഗോ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം തുടങ്ങി സസ്യങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്.
നമ്മുടെ പുസ്തകശേഖരത്തിന് പച്ചപ്പ് നല്‍കും ഈ ഗ്രന്ഥം.