ജെയിംസ് അഗസ്റ്റിന്
1937 നവംബര്‍ 4ന് എറണാകുളം മഞ്ഞുമ്മല്‍ ചേലക്കാട്ടുപറമ്പില്‍ കുടുംബത്തിലാണ് സി.ഒ. ആന്റോ ജനിച്ചത്. മാതാപിതാക്കള്‍ സി.സി ഓസേഫ്, അന്നമ്മ. ചെറുപ്പത്തിലേ തന്നെ എറണാകുളത്തെ മേനക തീയറ്ററില്‍ ജോലിക്കാരനായി. ഇതേ സമയം തന്നെ പള്ളിയില്‍ ഗായകസംഘത്തിലും അംഗമായി. തീയറ്ററില്‍ നിന്നു പുതുതായി ഇറങ്ങുന്ന എല്ലാ ചലച്ചിത്ര ഗാനങ്ങളും കേള്‍ക്കാനും ഹൃദിസ്ഥമാക്കാനും ആന്റോയ്ക്കു കഴിഞ്ഞു. ചെറിയ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ആന്റോ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ‘താന്സന്’ എന്ന ട്രൂപ്പില്‍ എത്തിച്ചേര്‍ന്നു.
കാണികളെ കയ്യിലെടുക്കാന്‍ അസാമാന്യ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനമേളകളിലെ ആന്റോയുടെ ആലാപന ശൈലി ഇഷ്ടപ്പെട്ട നിരവധി നാടക സംഘങ്ങള്‍ തങ്ങളുടെ സംഘത്തില്‍ ചേരാന്‍ ആന്റോയെ ക്ഷണിച്ചു. എരൂര്‍ വാസുദേവിന്റെ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകത്തിനുവേണ്ടിയാണ് ആന്റോ ആദ്യമായി പാടിയത്. എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍’ എന്ന ഗാനം അതിപ്രശസ്തമാണ്. പി.ജെ ആന്റണി, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരുമായുള്ള അടുത്ത സ്നേഹബന്ധം ആന്റോയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായിത്തീര്‍ന്നു. ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്കിയ നിരവധി ഭക്തിഗാനങ്ങളും സി.ഒ ആന്റോ പാടിയിട്ടുണ്ട്. ലത്തീന്‍ റീത്തിലെ പരേത സ്മരണ ഗാനങ്ങള്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്തത് ആന്റോയുടെ ശബ്ദത്തിലാണ്.
ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ കേട്ടില്ലേ വര്‍ത്തമാനം എന്ന ഗാനമാലപിച്ചാണ് ആന്റോ സിനിമാപ്രവേശനം നടത്തിയത്. നൂറ്റി അറുപതിലധികം സിനിമകള്‍ക്ക് വേണ്ടി ആന്റോ പാടിയിട്ടുണ്ട്. ആന്റോയുടെ പ്രശസ്തമായ ചില സിനിമാ-നാടക ഗാനങ്ങള്‍.
വീടിനു പൊന്മണി വിളക്കുമീ (കുടുംബിനി 1964)
കുന്നത്തൊരു കാവുണ്ട് (അസുരവിത്ത് 1968)
പാപ്പീ അപ്പച്ചാ (മയിലാടും കുന്ന് 1972)
വാഴ്ത്തീടുന്നിതാ (സമാഗമം 1993)
ഒരായിരം കിനാക്കളാല്‍ (റാംജി റാവു സ്പീക്കിംങ് 1989)
തെക്കന്‍ കാറ്റേ (എഴുപുന്ന തരകന് 1999)
വിളക്കെവിടെ (റെസ്റ്റ് ഹൗസ് 1969)
കൊച്ചു കൊച്ചൊരു കൊച്ചി (തുറമുഖം 1979)
ഓണത്തുമ്പീ ഓടിവാ (ആദാമിന്റെ സന്തതികള്‍ (നാടകം) 1963 )
വേഷത്തിനു റേഷനായി (ബല്ലാത്ത പഹയന് 1969)
ഇനിയൊരു കഥ പറയൂ (ജനനീ ജന്മഭൂമി (നാടകം) 1962)
കുഞ്ഞുവാവയ്ക്കിന്നല്ലോ (നാടോടി 1992)
വെണ്ണിലാക്കടപ്പുറത്ത് (അനിയത്തിപ്രാവ് 1997)
തേടുകയാണെല്ലാരും (പെങ്ങള്)
കണ്ടില്ലേ കണ്ടില്ലേ പെണ്ണിന് സൈന്യം(മാന്യമഹാജനങ്ങളേ 1985)
വില്ലടിച്ചാല്‍ പാട്ടുപാടി (വെള്ളായണി പരമു 1979)
അമ്പിളി മണവാട്ടീ അഴകുള്ള മണവാട്ടി (ഈനാട് 1982)
അപ്പോളും പറഞ്ഞില്ലേ പോരണ്ടാ (കടമ്പ 1983)
ഹാസ്യഗാനങ്ങള്‍ പാടി ഫലിപ്പിക്കുന്നതില്‍ പ്രാവീണ്യം ഉള്ളതിനാല്‍ അക്കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഒരു പാട്ടെങ്കിലും ആന്റോയ്ക്ക് ലഭിക്കുമായിരുന്നു. സംഗീത സംവിധായകരായ സലിന് ചൗധരി, ദേവരാജന്‍, കെ. രാഘവന്, എം.ബി ശ്രീനിവാസന്, ഇളയരാജ, ബാബുരാജ്, എം.കെ അര്ജുനന്, ജോബ് ആന്‍ഡ് ജോര്‍ജ്, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, രവീന്ദ്രന്, ജോണ്സണ്, എ.ടി ഉമ്മര്‍, ശ്യാം, എസ്.പി വെങ്കിടേഷ്, എം.ജി രാധാകൃഷ്ണന്, ഔസേപ്പച്ചന്, ചിദംബരനാഥ് തുടങ്ങിയവര്‍ക്കുവേണ്ടി സി.ഒ ആന്റോ പാടിയിട്ടുണ്ട്.
എഴുത്തുകാരന് ജോണ്‍ പോള്‍ സി. ഒ ആന്റോയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.
”ഗാനരചയിതാവ് പി. ഭാസ്കരന്റെ ചലച്ചിത്ര ജീവിതത്തിന്റെ 25-ാം വര്‍ഷം കൊച്ചിയില്‍ വലിയൊരു സംഗമം സംഘടിപ്പിച്ചു. അന്ന് വിപുലമായ ഓര്‍ക്കസ്ട്രയോടുകൂടി ഗാനമേളയും ഉണ്ടായിരുന്നു. ഹാര്‍മോണിയം വായിച്ചത് എം.എസ് ബാബുരാജും ആര്. കെ. ശേഖറുമായിരുന്നു. ഓര്‍ക്കസ്ട്ര നയിച്ചത് എം.എസ് വിശ്വനാഥനും. ആദ്യ ഗാനം പാടിയത് കോഴിക്കോട് അബ്ദുള്‍ ഖാദര്‍. സദസിനെ കയ്യിലെടുത്തത് എസ്. ജാനകിയായിരുന്നു. യേശുദാസ് മൂന്നു ഗാനങ്ങള്‍ പാടി. എന്നാല്‍ ആള്‍ക്കൂട്ടത്തെ ഇളക്കി മറിക്കാന്‍ കഴിഞ്ഞത് സി.ഒ ആന്റോയ്ക്കായിരുന്നു.
കുന്നത്താരു കാവുണ്ട് എന്ന ഗാനം പി. ലീലയോടൊപ്പം ചുവടുകള്‍ വച്ചുകൊണ്ടാണ് ആന്റോ പാടിയത്. അക്ഷരാര്‍ത്ഥത്തില്‍ ജനം ആ പാട്ട് ഏറ്റെടുത്തു. ഈ ഗാനം കഴിഞ്ഞപ്പോള്‍ ഉദ്ഘാടകന്‍ പി.ജെ ആന്റണി എഴുന്നേറ്റു നിന്നു കയ്യടിച്ചു.”
അവസാന നാളുകളില്‍ ഉദയഭാനു, കമുകറ, പി. ലീല എന്നവരോടൊപ്പം ചേര്‍ന്ന് ഓര്‍ഡ് ഈസ് ഗോള്‍ഡ് സംഗീത സംഘം രൂപീകരിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി ഗാനമേളകള്‍ ഈ സംഘം അവതരിപ്പിച്ചു. 2001 ഫെബ്രുവരി 23ന് തന്റെ ഗാനങ്ങള്‍ ഇവിടെ അവശേഷിപ്പിച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി.