കസെറ്റില്‍ ഒരു പാട്ടുകൂടി ചേര്‍ക്കാനുള്ള സ്ഥലം ഉള്ളതിനാല്‍ അവസാന നിമിഷം ഉള്‍പ്പെടുത്തിയ ഗാനം. 12 പാട്ടുകളില്‍ ഏറ്റവുമധികം സ്വീകാര്യമായ ഒന്നായി മാറിയ ചരിത്രമാണ് ഈ കാഴ്ചവയ്പ് ഗാനത്തിനുള്ളത്.
ഫാ. തദേവൂസ് അരവിന്ദത്ത് എഴുതി ജെര്‍സണ്‍ ആന്റണി സംഗീതം നല്കിയ ‘ അസ്തമിക്കാത്ത സ്നേഹം’ എന്ന കസെറ്റിലാണ് അവസാന നിമിഷം ഈ പാട്ട് ചേര്‍ക്കപ്പെടുന്നത്. ആ സംഭവം സംഗീത സംവിധായകന് ജെര്‍സണ്‍ ആന്റണി പറയുന്നതിങ്ങനെ. ” 1993ലാണ് അസ്തമിക്കാത്ത സ്നേഹം എന്ന കസെറ്റിനായി 11 ഗാനങ്ങള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയത്. റെക്കോര്‍ഡിംഗ് എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ഫാ. തദേവൂസ് അരവിന്ദത്ത് എന്നോടു പറഞ്ഞു, നമുക്ക് ഒരു പാട്ടുകൂടി ചേര്‍ക്കാന്‍ കഴിയും. ഞാന്‍ എഴുതിയ ഈ വരികള്‍ കാഴ്ചവയ്പ് ഗാനമാണ്. ദിവ്യബലിയില്‍ പാടാന്‍ പറ്റിയ ഈണമായാല് നല്ലത്. ആ സ്റ്റുഡിയോയില്‍ വച്ച് തന്നെ ഞാന്‍ വരികള്‍ക്കു സംഗീതം നല്കി. ഈണം കേട്ട് തൃപ്തനായ ഫാ. തദേവൂസ് ഉടനെ റെക്കോര്‍ഡിംഗിന് ഒരുങ്ങി. ബിജു നാരായണനും മിന്മിനിയുമായിരുന്നു ഗായകര്‍. മനോഹരമായി ഇരുവരും പാടിയിട്ടുണ്ട്. അന്ന് അവസാന നിമിഷം ചേര്‍ത്ത ഈ പാട്ടായിരുന്നു കസെറ്റില്‍ ഏറ്റവുമധികം സ്വീകാര്യത നേടിയത്. ഈ പാട്ട് വിശുദ്ധ ബലിയില്‍ പാടിക്കേള്‍ക്കുന്നത് വലിയ ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു.”
ജെര്‍സണ്‍ ആന്റണി
ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമാണ്. സഹോദരിയും പ്രശസ്ത ഗായികയുമായ ജെന്സിയോടൊപ്പം ഏഴാം വയസു മുതല്‍ ഗാനമേളകള്‍ക്കു പാടിത്തുടങ്ങി. അന്ന് വണക്കമാസ സമാപനച്ചടങ്ങുകളില്‍ ഭക്തിഗാനമേളകള്‍ പതിവായിരുന്നു. ആ ഗാനമേളയില്‍ പാടിയാണ് രംഗപ്രവേശം. പിന്നീട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചി രൂപതയുടെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ ഗായക സംഘത്തില്ച്ചേര്ന്നു. തബലയും കോംഗോ ഡ്രംസും വായിച്ചായിരുന്നു തുടക്കം. കലാഭവന്റെ ബാലഗാനമേള സംഘത്തിലും തബലിസ്റ്റായിരുന്നു. പതിനഞ്ചാം വയസിലായിരുന്നു ഗിറ്റാര്‍ വായന ഗൗരവത്തിലെടുക്കുന്നത്. സ്വയം പരിശീലിച്ച് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 16 വയസുള്ളപ്പോള്‍ തന്നെ കെപിഎസി സുലോചനയുടെ ഗാനമേള സംഘത്തില്‍ ഗിറ്റാറിസ്റ്റായി ചേര്‍ന്നു. കലാഭവനിലെ ഗാനമേള സംഘത്തില്‍ വച്ച് പ്രതിഭയെ തിരിച്ചറിഞ്ഞിരുന്ന യേശുദാസ് തന്റെ ഗാനമേള സംഘത്തിലേക്ക് ക്ഷണിച്ചു. 10 വര്‍ഷം അദ്ദേഹത്തിന്റെ ഗാനമേള സംഘത്തോടൊപ്പം ലോകപര്യടനം നടത്തി.
തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ ‘പരിശുദ്ധ ഗാനങ്ങള്‍’ എന്ന കസെറ്റിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ സംഗീത സംവിധായകന് ശ്യാം, ജെര്‍സണ്‍ ആന്റണിയെ ചെന്നൈയിലേക്കു ക്ഷണിച്ചു. പിന്നീട് അഞ്ചു വര്‍ഷം റെക്കോര്‍ഡിംഗ് തിരക്കുകളുമായി ചെന്നൈയില്‍. ദക്ഷിണേന്ത്യയിലെ അതിപ്രഗത്ഭരായ എല്ലാ സംഗീത സംവിധായകരോടൊപ്പവും ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
തരംഗിണിക്കായി അഞ്ച് ആല്‍ബങ്ങള്‍ക്ക് സംഗീതം നല്കി. സംഗീതം നല്കിയ അന്‍പതു ഗാനങ്ങള്‍ യേശുദാസ് പാടിയിട്ടുണ്ട്. മലയാളത്തിലെ എല്ലാ പ്രമുഖ ഗായകരും ജെര്‍സണ്‍ ആന്റണിയുടെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
കൊച്ചി രൂപതയ്ക്കുവേണ്ടി ഫാ. റാഫി പര്യാത്തുശേരി എഴുതിയ ആന്തം സംഗീതം നല്‍കിയത് ജെര്‍സണ്‍ ആന്റണിയാണ്. മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയ്ക്കും പുത്രന്, ഒന്നാം രാഗം, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി എന്നീ സിനിമകള്‍ക്കും സംഗീതം നല്കി.
ഇപ്പോള്‍ സംഗീതാധ്യാപകനാണ്. മക്കളായ സാം ജെര്‍സണ്‍, സുബിന് ജെര്‍സണ്‍ എന്നിവരും സംഗീത വഴിയില്‍ തന്നെ. ഭാര്യ ഷാര്‍ലറ്റ് ജെന്സണ്.