സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ കെ. രാജേന്ദ്രന്റെ പുസ്തകത്തിന്റെ ശീര്‍ഷകമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇന്ത്യയില്‍ ഏറ്റവും അധികം ടി.വി. സാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. മലയാളം ടിവി ചാനലുകള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്നുണ്ടോ? അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ കെ. രാജേന്ദ്രന്.
”ടിവിയില്‍ എന്തുകൊണ്ട് കാളി ചോതി കുറുപ്പന്മാര് ഇല്ല” എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഇതിനോട് കൂട്ടിച്ചേര്ത്തുതന്നെ നമുക്ക് ഒരു ചോദ്യം ഉയര്‍ത്താം: ഇന്ത്യയില്‍ ഒരു ദലിതന് എന്ന് ”മാധ്യമപ്രഭു” ആകും എന്നതാണ് ആ ചോദ്യം.
രാജ്യത്ത് ദലിതന്റെ അവസ്ഥ മോശമാണെങ്കിലും അതിനെ മറച്ചുപിടിക്കാന്‍ രാഷ്ട്രപതിക്കസേരയില്‍ ദലിതരെ ഇരുത്തും. എന്നാല്‍ ദലിതരുടെ സാമൂഹിക-രാഷ്ട്രീയ നില കടുത്ത ദുരവസ്ഥയില്‍ തന്നെ. വളരെ പുരോഗമിച്ച ഒരു ജനസമൂഹമുള്ള കേരളത്തില്‍ പോലും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ദലിത് പങ്കാളിത്തം ഞെട്ടിക്കുംവിധം ചുരുങ്ങിയതാണ്.
പുലയ വിദ്യാര്‍ഥികള്‍ക്ക് ‘സ്റ്റൈപ്പന്‍ഡ്’ അവകാശ സമരത്തിലൂടെ നേടിക്കൊടുത്ത കുറുമ്പന് ദൈവത്താനെ മറക്കാനാവില്ല. ”തമ്രാന്മാര്ക്ക് വേല എടുത്താല്‍ കൂലി തരില്ല. അഞ്ഞാഴി തന്നാല്‍, മുന്നാഴി കാണു” ഇങ്ങനെ പോസ്റ്റര്‍ പതിച്ചതിന് ആറുമാസം ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതനായി ഈ പോരാളി.
”എന്റെ സമുദായത്തിലെ കുട്ടികളെ സ്കൂളില്‍ കയറ്റുന്നില്ലെങ്കില്‍ നിങ്ങളുടെ കണ്ടങ്ങളില്‍ മുട്ടിപ്പുല്ല് വളരും” എന്ന് പ്രഖ്യാപിച്ച് കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ച അയ്യങ്കാളിയുടെ മണ്ണാണ് നമ്മുടേത്. എങ്കിലും ദലിതര്‍ക്ക് വിവേചനവും അവകാശനിഷേധവും ഇപ്പോഴും നേരിടേണ്ടിവരുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും എണ്ണപ്പെടുന്ന കോടീശ്വര പ്രഭുക്കളുണ്ട്. പക്ഷേ, അവരില്‍ ഒരാള്‍ പോലും ദലിത് വിഭാഗത്തില്‍പ്പെട്ടവരില്ല. ഭരണഘടന നല്കുന്ന സംവരണ വ്യവസ്ഥയുടെ ഫലമായി ദലിത് മന്ത്രിയുണ്ടാവുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വഴി ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ പ്രവേശനം നേടി ഡോക്ടറും എന്‍ജിനീയറും ആകുന്നു. എന്നാല്‍ കേരളത്തില്‍ പോലും ഒരു പ്രധാന മാധ്യമസ്ഥാപനത്തെ നയിക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉണ്ടായിട്ടില്ല. മാധ്യമനിയന്ത്രണത്തിന് സ്വത്തുടമസ്ഥത പ്രധാനമാണ്.
കേരളത്തിലെ മലയാളം വാര്‍ത്താചാനലുകളില്‍ എത്ര പട്ടികവിഭാഗക്കാര്‍ മാധ്യമപ്രവര്‍ത്തകരായി തൊഴിലെടുക്കുന്നുണ്ട്? അന്വേഷണം നടത്തുന്ന ഘട്ടത്തില്‍ ഏഷ്യാനെറ്റ്, എം.എം.ടി.വി, മാതൃഭൂമി ന്യൂസ്, പീപ്പിള്‍ ടിവി, ന്യൂസ് 18, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ ടിവി, മംഗളം, ജനം എന്നീ ഒമ്പത് മലയാളം ചാനലുകളെയാണ് പഠനവിധേയമാക്കിയത്. ദൗത്യം ബുദ്ധിമുട്ടേറിയതായിരുന്നു. ആരോടും നേരിട്ട് ജാതി ചോദിക്കാനാവില്ല. പാവപ്പെട്ടവര്‍ പലരും ഉണ്ടെന്നല്ലാതെ അവരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ എഡിറ്റര്‍മാരുടെയോ എച്ച്.ആര് വിഭാഗങ്ങളുടെയോ പക്കലില്ല.
അനൗദ്യോഗികമായി ചാനലുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്ന ഏക മാര്‍ഗ്ഗമേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ചാനലുകളില്‍ തൊഴിലെടുക്കുന്നത് എണ്ണൂറ്റിഅമ്പതോളം മാധ്യമപ്രവര്‍ത്തകരാണ്. റിപ്പോര്‍ട്ടര്‍, ക്യാമറാമാന്, ആങ്കര്‍മാര്‍, ഡെസ്കില്‍ ജോലിയെടുക്കുന്നവര്‍ എന്നിവരടങ്ങുന്നവരുടെ കണക്കാണിത്. ഇവര്‍ക്കിടയില്‍ നടത്തിയ കൂലങ്കഷമായ അന്വേഷണത്തില്‍ കണ്ടെത്താനായത് 16 പേരെയാണ്. 16 പേര് പട്ടികജാതി വിഭാഗത്തിലുള്ളവരും ഒരാള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളും. ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. എങ്കിലും ഇവരുടെ പ്രാതിനിധ്യം നാമമാത്രമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, രണ്ടു ശതമാനത്തില്‍ താഴെ. കേരള ജനസംഖ്യയില്‍ 9.8% പട്ടിക ജാതിക്കാരാണ്. പട്ടികവിഭാഗക്കാരാകട്ടെ 1.14% വരും. ഈ പതിനാറു പേരില്‍ത്തന്നെ ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവര്‍ ഏഴുപേര്‍ മാത്രം. സര്‍വെ നടത്തുന്ന മാസം ശമ്പളം കിട്ടാത്തവരായി രണ്ടുപേര്‍ ഉണ്ട്.
നൂറുശതമാനം വ്യക്തതയോടെയുളള കണക്കെടുപ്പ് ഈ വിഷയത്തില്‍ അസാധ്യമാണ്. എങ്കിലും ഒന്നു പറയാം. ദലിതനോ ആദിവാസിക്കോ മലയാളം ടിവി ചാനലുകളില്‍ ക്യാമറയ്ക്കു മുന്നിലോ ക്യാമറയ്ക്കു പിന്നിലോ ഇടമില്ല. വസ്തുതാന്വേഷണത്തിനിടെ കണ്ടുമുട്ടിയ ഒരു മാധ്യമ അഭ്യര്‍ത്ഥന ഇങ്ങനെയായിരുന്നു: ”ഞാന്‍ ഗോത്രവര്ഗ്ഗക്കാരനാണെന്ന് അധികം ആര്‍ക്കും അറിയില്ല. ഇനി നിങ്ങളായി ആരെയും അറിയിക്കരുത്, പ്ലീസ്!”
ടിവിയില്‍ എന്തുകൊണ്ട് കാളി ചോതി കുറുപ്പന്മാര് ഇല്ല, കാലത്തിനാവശ്യം കാര്ത്തികേയന്മാരെ, ഞങ്ങള്‍ക്ക് ടിവിയില്‍ വിശ്വാസമില്ല, സാമൂഹ്യമാറ്റത്തിന്റെ മണികിലുക്കങ്ങള്‍, നിശബ്ദനായാല്‍ കഴിവ് കെട്ടവന്; ശബ്ദിച്ചാല്‍ അഹങ്കാരി, ദലിത് പ്രശ്നങ്ങളുടെ വ്യാജനിര്‍മ്മിതി, വാര്‍ത്തയാവണമെങ്കില്‍ ദലിതര്‍ കൊല്ലപ്പെടണോ എന്നിങ്ങനെ ശ്രദ്ധേയമായ സാമൂഹ്യ വിശകലനങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തില്‍ 14 അധ്യായങ്ങളില്‍ പുസ്തകം നമ്മളെ അസ്വസ്ഥരാക്കുന്നു.
എല്ലാവര്ക്കും നീതി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയില്‍ സംവരണം ഇന്ന് ശിഥിലമാക്കപ്പെട്ട അവസ്ഥയിലാണ്. സംവരണത്തെ പ്രാതിനിധ്യം എന്ന ചിന്തയിലേക്കു മാറ്റി കാണാനും വിവിധ സമൂഹങ്ങള്‍ക്ക് ഭരണസംവിധാനങ്ങളില്‍ ലഭിച്ചിട്ടുള്ള പ്രാതിനിധ്യത്തെ കുറിച്ചുള്ള പഠനം അനിവാര്യമാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ രാജേന്ദ്രന്റെ പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്. നമ്മുടെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്ന നാലു തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍. അതുകൊണ്ടുതന്നെ മാധ്യമങ്ങളിലെ മുന്നിലും പിന്നിലും ഉള്ള ദലിത് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.