ആഗോള തലത്തില്‍, ക്രിസ്ത്യന്‍ ഗ്രൂപ്പുകളേക്കാള്‍ അപകടകാരികളാണ് ഇസ്ലാമിക ഗ്രൂപ്പുകള്‍. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇസ്ലാമിക ഗ്രൂപ്പുകളേക്കാള്‍ അപകടകരമാണ് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. മതപരിവര്‍ത്തനത്തിന്റെ, പ്രത്യേകിച്ച് ലവ് ജിഹാദിന്റെ പശ്ചാത്തലത്തില്‍ രണ്ടും ഒരുപോലെ അപകടകരമാണ്. ഒരു ഹിന്ദു ഒരു മുസ്ലിമിനെ – ഒരു ഹിന്ദു പെണ്‍കുട്ടി ഒരു മുസ്ലിം ആണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് പ്രശ്നമില്ല. അവര്‍ പരസ്പരം പ്രണയത്തിലാകുന്നതുവരെയും അവര്‍ മനസ്സിലാക്കി സ്നേഹത്തോടെയും ജീവിക്കുന്നതുവരെ. പകരം, എന്റെ പെണ്‍കുട്ടിയെ സിറിയന്‍ തീവ്രവാദ ക്യാമ്പുകളില്‍ കണ്ടെത്തിയാല്‍ എനിക്ക് എതിര്‍പ്പുണ്ട്. അതാണ് ഞാന്‍ ലവ് ജിഹാദ് എന്ന് നിര്‍വചിക്കുന്നത്” -ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി എന്ന ഇന്നത്തെ മദ്രാസ് ഹൈക്കോടതി അഡീഷനല്‍ ജഡ്ജി വക്കീലായിരിക്കെ നടത്തിയ ഒരു പ്രസ്താവനയാണിത്.
സംഘപരിവാരത്തിന്റെ ആദിവാസി, മത ന്യൂനപക്ഷങ്ങളോടുള്ള ഒളിയുദ്ധം അവസാനിക്കുകയാണ്. ഇനി നേരിട്ടാണ് ആക്രമണം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വര്‍ഗ്ഗീയവിഷം ചീറ്റിക്കൊണ്ടേയിരുന്ന ഒരു മഹിളാ മോര്‍ച്ചാ നേതാവിനെ നാളിതുവരെ രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത വിധം ജുഡീഷ്യറിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ച നടപടി.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശിപാര്‍ശക്കെതിരെ അഭിഭാഷകര്‍ നല്കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് നിയമനവിജ്ഞാപനം പുറപ്പെടുവിച്ചത്.
ന്യൂനപക്ഷങ്ങളോട് ഇത്രമേല്‍ ശക്തമായ വൈരാഗ്യം പുലര്‍ത്തുന്ന ഒരു വ്യക്തിയുടെ ജഡ്ജിയായുള്ള ഉയര്‍ച്ച തങ്ങളെ അസ്വസ്ഥമാക്കുന്നു എന്നായിരുന്നു -ഹര്‍ജിക്കാരായ അഭിഭാഷകര്‍ വ്യക്തമാക്കിയത്. മുസ്ലിം അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ആവലാതിക്കാര്‍ വിക്ടോറിയാ ഗൗരിയുടെ കോടതിയില്‍ ഹാജരായാല്‍ അവര്‍ക്ക് നീതി ലഭിക്കുമോ എന്നും ഹര്‍ജിക്കാരായ അഭിഭാഷകര്‍ ചോദിച്ചിരുന്നു.
എന്നാല്‍ ബിജെപി ഗവണ്മെന്റ് അതിന്റെ ഇംഗീതം ആ ഹര്‍ജി പരിഗണിക്കും മുന്‍പ് തന്നെ വ്യക്തമാക്കിയതോടെ ഭരണകൂടത്തിന്റെ പാദസേവകരായി എന്നേ മാറിക്കഴിഞ്ഞ കോടതി, കൊളീജിയം നിലപാട് ശരിവയ്ക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു.
വിക്േടാറിയ ഗൗരി ബിജെപിക്കാരി ആണെന്നതല്ല ഇവിടെ ഉയരുന്ന ആശങ്കയ്ക്ക് അടിസ്ഥാനം. ജസ്റ്റീസ് വി.ആര് കൃഷ്ണയ്യര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇതിന് മുന്‍പും ജഡ്ജിമാരായിരുന്നിട്ടുണ്ട്.
രാജ്യത്തിന്റെ അടിസ്ഥാന മൂല്യപ്രമാണങ്ങളില്‍ ഒന്നായ മതനിരപേക്ഷതയെ തള്ളിപ്പറയുന്ന വ്യക്തി, ഭരണഘടനയെ വകവെയ്ക്കാത്ത വ്യക്തി ന്യായാസനത്തില്‍ ഇരുന്ന് വിളമ്പുന്ന നീതി തീര്‍ത്തും മതനിരപേക്ഷതയെ തകര്‍ക്കുന്നതാവും എന്നതാണ് ആശങ്കയ്ക്കടിസ്ഥാനം.
തന്നെയുമല്ല,ഹൈക്കോടതിയിലേക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 16ന് കൊളീജിയം നിര്‍ദേശിച്ച അഡ്വ. ആര് ജോണ്‍ സത്യനെ ഇപ്പോഴും നിയമിച്ചിട്ടില്ല എന്നത് കൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മോദിക്കെതിരെ വിമര്‍ശം വന്ന ഒരു ലേഖനം തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചെന്ന ‘കുറ്റം’ കണ്ടെത്തിയാണ് ജോണ്‍ സത്യന്റെ നിയമനം വൈകിപ്പിക്കുന്നത്. ഈ നിലപാട് അസംബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല. എന്നാല്‍, 20 ദിവസം മുമ്പുമാത്രമാണ് വിക്ടോറിയ ഗൗരിയുടെ നിയമന ശുപാര്‍ശ കൊളീജിയം അംഗീകരിച്ചത്. പരക്കെ പരാതികള്‍ ഉയര്‍ന്നിട്ടും പരിവാര്‍ താല്പര്യം മാത്രം വിജയം കണ്ടു.