വിട പറഞ്ഞ ഗായിക വാണി ജയറാം ആലപിച്ച പ്രശസ്തമായൊരു ക്രിസ്മസ് ഗാനമാണിത്. സിനിമാസംഗീതത്തിലെ അതിപ്രശസ്തിയിലേക്കുയര്ന്ന നാളുകളില്‍ കൊച്ചിയില്‍ നിന്നിറങ്ങിയ ‘ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ്’ എന്ന ആല്‍ബത്തിനു വേണ്ടിയാണ് വാണി ജയറാം ഈ പാട്ടുപാടിയത്.
കസെറ്റുകളുടേയും സിഡികളുടേയും കാലത്തിനു മുന്‍പ് കറങ്ങുന്ന കറുത്ത ഡിസ്കുകളില്‍ ഉരയുന്ന സൂചിയിലൂടെ വരുന്ന പാട്ടുകേള്ക്കുന്നൊരു കാലമുണ്ടായിരുന്നു. ആ കാലത്തിലാണ് ഈ പാട്ടും ഇറങ്ങുന്നത്. പന്ത്രണ്ട് പാട്ടുകളാണ് ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പാട്ടുകള്‍ വാണി ജയറാം പാടിയിട്ടുണ്ട്. ബെത്ലഹേമിലെ രാവില്‍ എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനം എഴുതിയത് ഫാ. ജി.ടി ഊന്നുകല്ലില്‍ ആയിരുന്നു. ഈ ഗാനത്തിനു സംഗീതം പകര്‍ന്നത് കെപിഎസി ജോണ്‍സനും. വിജയപുരം രൂപതാംഗമായ ജോണ്സണ് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ഇടവകയിലെ ഗായക സംഘത്തിലൂടെയാണ് സംഗീതലോകത്ത് പ്രവേശിക്കുന്നത്.
ആയാസരഹിതമായി വാണി ജയറാം പാടിയിട്ടുള്ള ഈ ക്രിസ്മസ് ഗാനം പതിറ്റാണ്ടുകളായി മലയാളികളുടെ കാരള്‍ ഗാനമാണ്. കോംഗോ ഡ്രമ്മുകളും ചുമലിലേറ്റി വീടുകള്‍ തോറും കയറിയിറങ്ങി കാരള്‍ ഗാനങ്ങള്‍ ആലപിച്ചിരുന്ന സംഘങ്ങളുടെ പ്രിയപ്പെട്ട ഗാനം.
ഈ ഗാനത്തിന്റെ സൃഷ്ടാക്കളായ മൂന്നു പേരും ഈ ലോകത്തോടു വിടപറഞ്ഞുവെങ്കിലും മലയാളികള്‍ ക്രിസ്മസിന് ഇവരുടെ ഈ ഗാനം പാടിക്കൊണ്ടേയിരിക്കും.
ഇതേ ആല്‍ബത്തില്‍ തന്നെ ജോളി അബ്രഹാമിനൊപ്പം വാണി ജയറാം പാടിയ മറ്റു രണ്ടു ഗാനങ്ങളും പ്രശസ്തമാണ്.
ജിം ചിട്ടപ്പെടുത്തിയ
രാജരാജ ദൈവരാജന്‍
യേശു മഹാരാജന്
മഹാരാജന് താന്‍
ജാതനായി…
എന്ന ഗാനം സംഗീതം കൊണ്ടും ആലാപന മികവു കൊണ്ടും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.
അതി മംഗളകാരണമേ
സ്തുതി തിങ്ങിയ പൂരണനേ…
എന്ന ഗാനവും ഇതേ ആല്‍ബത്തിലേതാണ്. ക്രൈസ്റ്റ് ദി സേവിയര്‍, ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ് (2 വോളിയം 1) എന്നിങ്ങനെ മൂന്നു റെക്കോര്‍ഡുകള്‍ ഫാ. ആബേല്‍- കെ.കെ ആന്റണി കൂട്ടുകെട്ടില്‍ ഇറങ്ങിയിട്ടുണ്ട്. ഈ പരമ്പരയില്‍ കുറച്ചു മികച്ച ഗാനങ്ങള്‍ വാണി ജയറാം പാടിയിട്ടുണ്ട്.
സ്നേഹത്തിന് മലരുകള്‍ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി
തേടി വരുന്നു തേടിവരുന്നു ദൈവം
എന്ന ഗാനം നാലു പതിറ്റാണ്ടുകളായി നമ്മുടെ ദേവാലയങ്ങളില്‍ പാടി വരുന്നു. ഫാ. ആബേലിന്റെ രചനാ വൈഭവവും കെ.കെ ആന്റണിയുടെ സംഗീതത്തിന്റെ ആഴവും വാണി ജയറാമിന്റെ നിഷ്കളങ്കമായ സ്വരവും ഈ പാട്ടിനെ അത്രമേല്‍ വിശുദ്ധമാക്കുന്നുണ്ട്. ഇതേ നിര്‍മലതയും ഭക്തി സൗരഭ്യവും പകര്‍ന്നൊരു ഗാനം കൂടി ഇതേ കുട്ടുകെട്ടില്‍ വാണി ജയറാം പാടിയിട്ടുണ്ട്.
മനസില്‍ വിരിയുന്ന പൂവായ പൂവെല്ലാം
നിന്‍പാദ പൂജയ്ക്കാണെന്റെ ദേവാ
ആത്മാവില്‍ തുളുമ്പുന്ന പാട്ടായ പാട്ടെല്ലാം
നിന് സ്തുതി ഗീതങ്ങള്‍ എന്റെ ദേവാ…
കഥ പറയു കഥ പറയു
കുഞ്ഞിക്കാറ്റേ…
ആ കഥ പറയു കഥ പറയൂ കുഞ്ഞിക്കാറ്റേ
ഗാഗുല്‍ത്താ പുല്കി വരും കുഞ്ഞിക്കാറ്റേ…
എന്ന ഗാനവും തന്റെ വ്യതിരിക്തമായ ആലാപന ശൈലിയാല്‍ വാണി ജയറാം അനശ്വരമാക്കിയിട്ടുണ്ട്.
ദാഹത്തിനൊരു തുള്ളി ജലം നല്കുവാനായ്, യാത്ര, യാത്ര,
കാലം കനിച്ചൂടി, കരയുന്ന ദൈവത്തെ കണ്ടോ
എന്നീ ഗാനങ്ങളും വാണി ജയറാം പാടിയ ആദ്യകാല ഭക്തി ഗാനങ്ങളാണ്. പരമ്പരാഗതമായി നാം പാടിവരുന്ന പ്രാര്‍ഥന കേള്‍ക്കണമേ കര്‍ത്താവേ എന്‍ യാചന കേള്‍ക്കണമേ, കാന്താ താമസമെന്തഹോ എന്നീ ഗാനങ്ങളും വാണി ജയറാമിന്റെ സ്വരത്തില്‍ മലയാളികള്‍ കേട്ടിട്ടുണ്ട്. മലയാളത്തില്‍ ഭക്തി ഗാനങ്ങള്‍ എഴുതി സംഗീതം നല്കി തുടങ്ങിയ കാലം മുതല്‍ പുതിയ തലമുറയുടെ പാട്ടുകള്‍ വരെ വാണി ജയറാം പാടിയിട്ടുണ്ട്.
19 ഭാഷകളിലായി പതിനായിരക്കണിക്കിന് ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭാധനയായ വാണി ജയറാം, വിട പറഞ്ഞാലും പാടിയ പാട്ടുകളിലൂടെ നമുക്കൊപ്പം എന്നും ഉണ്ടായിരിക്കും.