നിധി കാക്കാന്‍ പറങ്കികള്‍ അടിമകളെ നിഷ്ഠൂരമായി കൊലപ്പെടുത്തി കാപ്പിരിയാക്കിയ കഥ ആദ്യം പറഞ്ഞത് പോഞ്ഞിക്കര റാഫിയാണ്; നോവല്‍- ഓരാ പ്രൊ നോബീസ്.
പി.എഫ് മാത്യൂസ് തന്റെ നോവലില്‍ അമ്പച്ചി മാപ്പിളയെയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയെയും കാപ്പിരി മുത്തപ്പന്റെ നിഴലിലാണ് അവതരിപ്പിക്കുന്നത്. നോവലിലെ വിവരണം ഇങ്ങനെയാണ്: ആയിരത്തി അറുന്നൂറ്റി അറുപത്തിമൂന്ന് ജനുവരി ഏഴിനതു തുടങ്ങിയെന്നു പറഞ്ഞാല്‍ എത്തും പിടീം കിട്ടാത്ത മട്ടില്‍ കാലത്തിലങ്ങോട്ടുമിങ്ങോട്ടുമോടുന്ന ദുര്മന്ത്രവാദക്കളത്തില് പെട്ടുപോയതു പോലൊക്കെ തോന്നും. ചിരിക്കണ്ട. ആ തീയതി മനസ്സീ കുറിച്ചിട്ടോ, ലന്തക്കാര്‍ കൊടിപടയുമായി വന്ന് അത്രേം കാലം അടക്കി വാണിരുന്ന പറങ്കികളെ മുച്ചൂടും കൊന്നുമുടിപ്പിച്ചും വീടിനും കോട്ടയ്ക്കും സന്താക്രൂസു പള്ളിക്കും പുസ്തകപ്പുരകള്ക്കും തീയിട്ടും നടക്കുന്ന സമയം. നാളതുവരെ കൊച്ചീലെ സ്വത്തായ സ്വത്തെല്ലാം കീശേലാക്കി സുഖിച്ചു മദിച്ചു കഴിഞ്ഞിരുന്ന പറങ്കികള്‍ അന്തരമാര്‍ഗ്ഗം പായുകയാണ്. കൂട്ടിവച്ച സ്വത്തൊന്നും കടത്തിക്കൊണ്ടു പോകാനൊക്കൂല്ല. പെട്ടെന്നു പാഞ്ഞു പോയാല്‍ പുറങ്കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ കേറിപ്പറ്റാം. ഗോവയിലേക്കോ പോര്‍ച്ചുഗലിലേക്കോ കടക്കാം. അതാണ് ചുറ്റുപാട്. മാനുവല്‍ കോട്ടയിലെ എഴുത്താളന് സാന്തിയാഗോ അല്‍മേഡ എന്ന പറങ്കീട കാര്യവും ഏറക്കുറെ അങ്ങനെയൊക്കെത്തന്നെയായിരുന്നു. പഴയ കാര്യമല്ലേ വല്ല്യമാടാകോടിയൊന്നുമില്ലാതെ പറഞ്ഞു തീര്‍ത്തേക്കാം. അല്‍മേഡ സായൂന് ഭാര്യയും രണ്ടു മക്കളും.
പിന്നെ ഒരു കറുമ്പന് അടിമയുമുണ്ട്. പുള്ളാരുടെ ചന്തി കഴുകലും സായൂന്റെ കുതിരവണ്ടിയോടിക്കലും അടുക്കളപ്പണിയും വെള്ളം കോരലും എന്നുവേണ്ട സര്‍വ്വമാന ഏര്‍പ്പാടുകളും ചെയ്തിരുന്നത് ഈ കറുമ്പനായിരുന്നു.
നേരു പറയാല്ലോ, കറുമ്പന് സായൂനോട് കൂറും കടപ്പാടും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് അടിമ മനസ്സ്. ‘കൊച്ചീക്കോട്ടക്കു തീവച്ചേ’ എന്ന ഒപ്പാരു വിളി കേട്ടതും കാത്തു കാത്തിരുന്ന പോലെ സായൂം കുടുംബവും തയ്യാറെടുത്തു. ചെമ്പുകുടങ്ങളില്‍ കൂട്ടി വെച്ചിരുന്ന പണ്ടോം വിലപ്പെട്ട കല്ലുകളും വീടിന്റെ നെലവറേലേക്ക് തള്ളി, മക്കളും മദാമ്മേം പേടിച്ചു കരഞ്ഞ് തുണീം മണീമെടുത്ത് പോകാനൊരുങ്ങി നില്ക്കണ നേരത്ത് സായു രഹസ്യം പറയാനെന്ന വണ്ണം കറുമ്പന്റെ തോളീ കൈയ്യിട്ട് എട്ടു ചവിട്ടു താഴേക്കു ചവിട്ടി നെലവറേലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറ്റോം താഴെ കൂട്ടിയിട്ട ചെമ്പു കുടങ്ങളുടെ അരികില്‍ കറുമ്പനെ നിര്‍ത്തി അവന്റെ നെറ്റിയില്‍ ഒരു കുരിശു പോറിയിട്ട് സായു പറഞ്ഞു. ”ഞങ്ങള്‍ പോകേണ് ഇനി നീയാണീ കുടുമത്തിന്റെ കാവല്‍. നിനക്കതിനുള്ള സര്‍വ്വമാന അധികാരവും തന്നിരിക്കുന്നു.” ഒരു പിടീം കിട്ടാണ്ട് കണ്ണും മിഴിച്ചു നില്ക്കണ കറുമ്പന്റെ വയറിനും നെഞ്ചും കൂടിനും ഇടയിലായി നല്ല മൂര്ച്ചയുള്ളാരു കത്തി സുരക്ഷിതമായി തിരുകി വച്ചിട്ട് സായു പറഞ്ഞു. ”നീ മരിച്ചാലും ഭൂതമായി ജീവിക്കും. ഇതുവരെ ജീവിതം ആഘോഷിക്കാന്‍ നിനക്കു പറ്റിയിട്ടില്ലന്നൊക്കെ എനിക്കറിയാം. ഇനി നിനക്കീ ചെമ്പുംകുടത്തിലെ പണ്ടംകൊണ്ടു സുഖിച്ചു കഴിയാം. എന്റെ ശല്യം പോലും നിനക്കുണ്ടാകൂല.. സുഖമായിട്ടു കഴിയടാ മോനേ,” ചത്തു കഴിഞ്ഞാല്‍ പിന്നെ സുഖിക്കാന്‍ പണ്ടത്തിന്റെ ആവശ്യമുണ്ടോ എന്നൊന്നും കറുമ്പന് ചോദിച്ചില്ല. കാരണം അമ്മാതിരി കുത്താണ് ഇടനെഞ്ചില്‍ കിട്ടിയത്.
1950കളില്‍ കൊല്ലപ്പെട്ട കുഞ്ഞുമോക്കോതയുടെ കുടുംബത്തിന്റേയും 1663ല്‍ കൊല്ലപ്പെട്ട പേരില്ലാത്ത ഒരു കാപ്പിരിയുടെയും കഥയാണ് ‘അടിയാളപ്രേതം’. ഈ നോവലിന് എസ്. ഹരീഷ് എഴുതിയ ഒരു പഠനം ഉണ്ട്. നോവലിന്റെ പ്രത്യേകതകളാണ് അദ്ദേഹം വിവരിക്കുന്നത്.
‘അതിരുകളില്ലാത്ത സ്വാതന്ത്ര്യം മനുഷ്യഭാവനയ്ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്ന് ഈ നോവലില്‍ ചോദ്യമുണ്ട്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഇതിന്റെ ആഖ്യാനത്തില്‍ എഴുത്തുകാരന് സ്വീകരിച്ചിട്ടുണ്ട്. ഒന്നാമതായി മൂന്ന് കാലഘട്ടങ്ങള്‍ കൂടിക്കലരുന്ന രചനാരീതി തന്നെ. മൂന്നുകാലവും ഇഴപിരിഞ്ഞ് ഒന്നാകുന്ന ഇടങ്ങളാണ് കറുപ്പനും ഉണ്ണിച്ചെക്കനും ബഞ്ചമിനും. മൂന്നുകാലത്തേയും സ്പര്‍ശിക്കാതെ ഒരദ്ധ്യായവും മുന്നോട്ട് പോകുന്നില്ല. ഈ മൂന്നു കാലങ്ങളിലും കാപ്പിരിയുണ്ട്. ഒരിടത്ത് ഇരയായും ഒരിടത്ത് നിധി കാക്കുന്ന ഭൂതമായും ഒടുവില്‍ രക്ഷപ്പെടുത്തുന്നവനായും. ഉണ്ണിച്ചെക്കന് ഇരയായും ആത്മാന്വേഷകനായും പൊലീസുകാരനായും പോരാളിയായും എല്ലാക്കാലത്തുമുണ്ട്. ആഖ്യാതാവ് മാറിനിന്ന് കഥ പറയുന്ന രീതിയില്‍ തുടങ്ങി മാക്കോതയുടെയും ഉണ്ണിച്ചെക്കന്റെയും ബഞ്ചമിന്റെയും ഭാഗത്തുനിന്ന് കഥ പറയുന്നു. കൂടാതെ കറുപ്പന്റെയും ചീരയുടേയും സ്വാഗതാഖ്യാനമെന്നപോലെയും കഥ വികസിക്കുന്നു. ഇത്ര അടരുകളുള്ള കഥ പറച്ചില് രീതി ചെറിയ നോവലുകളില്‍ മുഷിപ്പില്ലാതെ ഉപയോഗിക്കുന്നത് അദ്ഭുതകരമാണ്. പക്ഷേ ജാതി, വര്‍ഗ്ഗ, ലിംഗ, വര്‍ണ്ണ വിവേചനങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ട കഥ ഒതുക്കിപ്പറയുമ്പോള് പല പക്ഷത്തുനിന്നുള്ള ആഖ്യാനം അത്യാവശ്യമാണ്.’
ഈ രചനാരീതി സൂക്ഷ്മവും ബോധപൂര്‍വവുമായ വായന ആവശ്യപ്പെടുന്നുണ്ട്. അപസര്‍പ്പക കഥയായും അന്വേഷണ കഥയായും ഈ നോവല്‍ ഒരേസമയം നമ്മെ അത്ഭുതപ്പെടുത്തുന്നു’.
ചലച്ചിത്ര രചനയ്ക്കുള്ള ദേശീയ അവാര്‍ഡ് കുട്ടിസ്രാങ്ക് സിനിമയിലൂടെ നേടിയ പി.എഫ് മാത്യൂസ് പുത്രന്, ഈ. മ. യൗ., അതിരന് എന്നീ തിരക്കഥകളും രചിച്ചിട്ടുണ്ട്. കഥാകൃത്തായി മാറിയതിനെകുറിച്ച് നോവലിന്റെ ആരംഭത്തില്‍ പി.എഫ് മാത്യൂസ് കുറിച്ചിട്ടുണ്ട്.
‘ഒരാള്‍ അയാളായി മാറുന്നതിന്റെ പിന്നില്‍ മുന്നേ കടന്നുപോയ നിരവധി മനുഷ്യരുടെ ജീവിതം കൂടിയുണ്ട്. മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്നവര്‍ക്കിടയിലെ ഒരു കണ്ണിയാണ് കഥ എഴുതുന്നവര്‍. കടന്നുപോയവരുടേയും കൂടെ നടക്കുന്നവരുടേയും ഇനി വരാനിരിക്കുന്നവരുടേയും ജീവിതം അവര്‍ ജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കു തീര്‍ച്ചയുള്ളത് എന്നെക്കുറിച്ചുള്ള കാര്യങ്ങളായതിനാല്‍ (ആ തീര്‍ച്ച തന്നെ എത്ര കുറവാണ്) അതേക്കുറിച്ചു പറയുന്നതാകും നല്ലത്. എനിക്കു മുന്നേ കടന്നുപോയ ആ ജീവിതങ്ങളവിടെയില്ലായിരുന്നുവെങ്കില് കണ്മുന്നില് വലിയൊരു ശൂന്യത മാത്രമേ ഞാന്‍ കാണുമായിരുന്നുള്ളൂ. അറുപതുകളിലെ വൈദ്യുതിയില്ലാത്ത ചെറുവീട്ടിലെ കൂരിരുട്ടില്‍ കാറ്റിലാടിക്കളിക്കുന്ന മണ്ണെണ്ണ വിളക്കിന്റെ നാളത്തിനു പിന്നില്‍ തെളിയുന്ന മുഖം ഞാനോര്‍ക്കുകയാണ്. ഐന്‍സ്റ്റീനേക്കാളും പാറിപ്പറന്ന വെള്ളത്തലമുടിക്കു താഴെ ചോന്ന ഞെരമ്പോടുന്ന കണ്ണുകളും ചോര ചുവപ്പിച്ച ചുണ്ടുകളും പല്ലുകളുമുള്ള, വരണ്ടുണങ്ങി കവിളെല്ലുയര്ന്ന, ചെമ്പുനിറമുള്ള വലിയ മേക്കാമോതിരം തൂക്കി നീണ്ടുപോയ കാതുകളുള്ള കറുത്ത മുഖം. കഥകളില്‍ നിന്നിറങ്ങി വന്ന മന്ത്രവാദിയമ്മൂമ്മയേപ്പോലെ തൊണ്ണൂറിലേറെ വയസ്സുള്ള ആ മുത്തിയമ്മൂമ്മ ഇരുമ്പുരലില്‍ എന്തോ ഇടിച്ചുപൊടിച്ച് ഇടയ്ക്കിടെ വായിലേക്കു തിരുകുന്നുണ്ട്. പിന്നാലെ ആ വായില്‍ നിന്ന് പാതിരാവോളം നീളുന്ന ചോര നീരോടിയ കഥകളും ഇറങ്ങി വരും. കാപ്പിരിമുത്തപ്പന്റേതടക്കമുള്ള മിത്തുകളെ, മൂന്നര വയസ്സുകാരനായ ബാലന്റെ ആകാംക്ഷയെ പെരുപ്പിച്ച് ഭീകരതയും സ്തോഭവും നിറഞ്ഞ ത്രില്ലറുകളാക്കിയാണ് അവര്‍ പറഞ്ഞിരുന്നത്. വൈപ്പിന്കരയിലെ എടവനക്കാടു നിന്നു ഞങ്ങള്‍ താമസിക്കുന്ന കോമ്പാറ കോളനിയിലെ വീട്ടില്‍ എന്നെ കാണാന്‍ വന്നിരുന്ന, അമ്മൂമ്മയുടെ അമ്മയെ കൊച്ചമ്മച്ചോ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. മിസ്റ്ററി, ത്രില്ലര്‍ തുടങ്ങിയ ജനുസ്സുകളിലേക്ക് എന്നെ നയിച്ചത് ഈ കൊച്ചമ്മച്ചോയാണെന്ന കാര്യത്തിലെനിക്കു യാതൊരു സംശയവുമില്ല.’
പി.എഫ്. മാത്യൂസിന്റെ കഥകളും നോവലുകളും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന കാലമാണിത്. അതാകട്ടെ അര്‍ഹതപ്പെട്ടതും.