കസെറ്റുകളുടേയും സിഡികളുടേയും സുവര്‍ണ കാലത്ത് വേളാങ്കണ്ണിയില്‍ പോയിട്ടുള്ളവരുടെ ഓര്‍മയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു കാഴ്ചയുണ്ട്. പള്ളിയുടെ മുന്നില്‍ നിന്നും കടല്‍ത്തീരത്തേക്കു മണല്പ്പാതയുണ്ട്. ഈ പാതയുടെ ഇരുവശത്തും പലതരം കച്ചവടം നടക്കുന്നു. ഈ കടകളിലെല്ലാം പൊതുവായി ലഭിക്കുന്നതായിരുന്നു കസെറ്റുകളും സിഡികളും. ഒറിജിനലും അതിനെ വെല്ലുന്ന വ്യാജനും വില്‍ക്കുന്ന കടകള്‍. ഈ കടകളിലെല്ലാം വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച് അത്യുച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിക്കും. സന്ദര്‍ശകരില്‍ കൂടുതലും മലയാളികള്‍ ആയതിനാല്‍ മലയാളം പാട്ടുകളായിരിക്കും ഇവിടെ കൂടുതല്‍ കേട്ടിരുന്നത്. കടകള്‍ അനേകം ഉണ്ടെങ്കിലും എല്ലാ കടകളില്‍ നിന്നും എന്നും കേട്ടിരുന്നത് ഒരേ പാട്ട്. ഏതാണ്ട് 10 വര്‍ഷം ഒരേ പാട്ട് മാത്രമായിരുന്നു വേളാങ്കണ്ണിയിലെ കടകളില്‍ എല്ലാം കേട്ടിരുന്നത്. അങ്ങിനെ ഒരു ഭാഗ്യം ലഭിച്ച ഗാനമാണ് ഇസ്രായേലിന് നാഥനായ് വാഴുമേക ദൈവം എന്നു തുടങ്ങുന്ന ഗാനം.
ശ്രദ്ധിക്കപ്പെടുന്ന ഗാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നവരാണ് നമ്മുടെ ബാന്‍ഡുകള്‍. തിരുനാള്‍ ഏതു പള്ളിയിലാണെങ്കിലും ബാന്‍ഡ് ഏതാണെങ്കിലും നമുക്ക് അവിടെയും കേള്‍ക്കാന്‍ കഴിയും ഈ ഗാനം. ബേബി ജോണ്‍ കലയന്താനി എഴുതി പീറ്റര്‍ ചേരാനെല്ലൂര്‍ സംഗീതം നല്കിയ ഈ ഗാനം പാടിയത് കെ.ജി മര്‍ക്കോസാണ്. ‘ജീസസ്’ എന്ന കസെറ്റിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നത്. മലയാളികള്‍ ഉണ്ടായിരുന്നിടങ്ങളിലെല്ലാം ‘ജീസസ്’ കസെറ്റും ഈ പാട്ടും എത്തി. പീറ്റര്‍ ചേരാനല്ലൂരിനും ബേബി ജോണ്‍ കലയന്താനിക്കും ഈ പാട്ട് നല്‍കിയത് അന്താരാഷ്ട്ര പ്രശസ്തിയാണ്. ഈ പാട്ടിനെക്കുറിച്ചു സംഗീത സംവിധായകന് പീറ്റര്‍ പറയുന്നു.
”കൂത്താട്ടുകുളം മുത്തോലപുരം പള്ളിയിലെ ഒരു കണ്‍വെന്‍ഷനില്‍ ഞാന്‍ ഗാനശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ബേബി ജോണ്‍ കലയന്താനി എന്നെ കാണാന്‍ വന്നത്. സ്നേഹ സംഭാഷണം കഴിഞ്ഞ് പോകാന്‍ നേരമായപ്പോള്‍ ഞാന്‍ ചോദിച്ചു, എനിക്കു സംഗീതം ചെയ്യാനായി എഴുതി വച്ച വരികള്‍ വല്ലതുമുണ്ടാകുമോ? അപ്പോള്‍ ബേബി ജോണ്‍ കലയന്താനി കൈമാറിയതാണ് ഈ പാട്ടിന്റെ വരികള്‍. ലളിതവും സുന്ദരവുമായ ആ വരികള്‍ക്ക് അവിടെ വച്ചു തന്നെ ഞാന്‍ ഒരു ട്യൂണ്‍ നല്കി. എട്ടുവരികളാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ബാക്കി പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അഞ്ചു മിനിറ്റു കൊണ്ടാണ് ഈ ഈണം വരികള്‍ക്കു കൊടുത്തത്. സംഗീതം നല്കി എന്നത് അങ്ങനെ സംഭവിച്ചു എന്നാണു പറയേണ്ടത്. ഞാന്‍ ചെയ്തിട്ടുള്ള പല പാട്ടുകളെക്കുറിച്ചും ഫോണിലൂടേയും നേരിട്ടുമെല്ലാം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ പേരില്‍ എനിക്കു പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധമുള്ള സ്വീകാര്യതയും സ്നേഹവും ലഭിച്ചിട്ടുണ്ട്. കേള്‍ക്കുന്നവരുടെ മനസിനെ സ്പര്‍ശിക്കുന്ന, കരുത്ത് പകരുന്ന, മാനസാന്തരപ്പെടുത്തുന്ന, പ്രചോദനപ്പെടുത്തുന്നതൊക്കെയായിരിക്കും ചില പാട്ടുകള്‍. അങ്ങനെ ഒരു പാട്ടാണിതെന്നു പലരും പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാനും തലകുനിക്കുന്നു. ദൈവമേ ഇതൊക്കെ തന്നതിന്”
പീറ്റര്‍ ചേരാനല്ലൂരുമൊത്തുള്ള സംഗീതയാത്രയുടേയും ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചും രചയിതാവ് ബേബി ജോണ്‍ കലയന്താനി ഇങ്ങനെ ഓര്‍ക്കുന്നു.
”1999ലാണ് പീറ്റര്‍ ചേരാനല്ലൂര്‍ സംഗീതം നല്കിയ ‘ജീവിതത്തോണി തുഴഞ്ഞു’ എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കാനിടയായത്. അന്നു തന്നെ പീറ്ററിനെ ഒന്നു കാണേണ്ടതാണല്ലോ എന്നു ഞാന്‍ മനസില്‍ കരുതി. അതേ ദിനങ്ങളില്‍ തന്നെയാണ് ഞാന്‍ എഴുതി സ്വയം സംഗീതം നല്കിയ ‘ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം’ എന്ന ഗാനം പുറത്തിറങ്ങിയത്. ഈ ഗാനം കേട്ട പീറ്ററിനും എന്നെ പരിചയപ്പെടണമെന്നു ആഗ്രഹമുണ്ടായി. സമാഗമം നടന്നത് മുത്തോലപുരം പള്ളിയില്‍ വച്ച്. അവിടെ വച്ചാണ് പീറ്റര്‍ എന്നോട് നമുക്ക് കുറച്ച് പാട്ടുകള്‍ ചെയ്യാമെന്നു നിര്‍ദ്ദേശം വച്ചത്. അപ്പോള്‍ എന്റെ ഡയറിയില്‍ ഉണ്ടായിരുന്ന ഇസ്രായേലിന് നാഥന് എന്നു തുടങ്ങുന്ന വരികള്‍ പീറ്ററിനു വായിക്കാന്‍ നല്കി. പള്ളിയുടെ അള്‍ത്താരയ്ക്കു മുന്നില്‍ ഞങ്ങള്‍ കൈകള്‍ കോര്‍ത്ത് പ്രാര്‍ഥിച്ചു. ദൈവമേ അങ്ങയെ മഹത്വപ്പെടുത്തിക്കൊണ്ട് ഒരു ഗാനം ചെയ്യാന്‍ ഞങ്ങള്‍ക്ക് കരുത്തേകണമേയെന്ന്. അവിടെ വച്ചു തന്നെ ഇന്നു നാം കേള്‍ക്കുന്ന ഈണം പീറ്റര്‍ ആ വരികള്‍ക്കു നല്കി. ഒരു പാട്ടിനായി പ്രാര്‍ഥിച്ച ഞങ്ങള്‍ക്ക് നൂറുകണക്കിനു പാട്ടുകള്‍ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ദൈവം അവസരം ഒരുക്കി.”
ഇന്നും മലയാളത്തില്‍ ഇറങ്ങിയ പാട്ടുകളില്‍ ഏറ്റവുമധികം ആളുകള്‍ കേള്‍ക്കുന്ന, കേട്ടിട്ടുള്ള പാട്ടുകളില്‍ ഒന്നായി ഇസ്രയേലിന് നാഥന് എന്ന ഗാനം വാഴുകയാണ്.