ചിലപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടില്ലേ ചില വ്യക്തികളെ എന്തിനാണ് നമ്മള് കണ്ടുമുട്ടിയതെന്ന്? നിങ്ങളെ സ്നേഹിച്ചവര്‍…
നിങ്ങള്‍ക്ക് സ്നേഹം നിഷേധിച്ചവര്‍ … നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവര്‍…
അതിനെ മുതലെടുത്തവര്‍…
ഒരു വാക്ക് ചോദിക്കുന്നതിനുമുന്പേ നിങ്ങളെ സഹായിക്കാന്‍ കൈകള്‍ നീട്ടിയവര്‍…
നിങ്ങളുടെ നീട്ടിയ കരങ്ങളെ കണ്ടില്ലെന്ന മട്ടില്‍ നടന്നവര്‍… നിങ്ങളെ നാണംകെടുത്തിയവര്…
ലജ്ജിക്കാന്‍ അനുവദിക്കാതെ സ്വകാര്യമായി മാപ്പുനല്കിയവര്… ഒരിക്കലും മറക്കാനാവാത്തവിധം നമ്മെ അത്രകണ്ട് സ്വാധീനിക്കുകയും ഇന്ന് എവിടെയാണെന്നുപോലും നമുക്ക് കൃത്യമായ ധാരണയില്ലാത്ത പ്രിയപ്പെട്ട ആ അധ്യാപിക…
നമ്മുടെ ഉള്ളിലെ സ്നേഹത്തെ ഊറ്റിക്കുടിച്ചുകൊണ്ട് ഒടുവില്‍
നമ്മെ തനിച്ചാക്കി നടന്നകന്ന പ്രണയിനി… തിരിച്ചു വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും അത്രകണ്ട് പരിഗണിക്കാതിരുന്നിട്ടും വിട്ടകലാതെ ഒരു കല്ലേറ് ദൂരം കൂടെ സഞ്ചരിച്ചു കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉറ്റസുഹൃത്തുക്കള്‍…
എല്ലാ പ്രതീക്ഷയും നശിച്ച് ഇനിയെന്തു ചെയ്യണം എന്നറിയാതെ
ജീവിതം ഇരുട്ടിലായപ്പോള്‍ വെളിച്ചത്തിലേക്ക് നിങ്ങളെ തിരികെ
നടക്കാന്‍ പ്രേരിപ്പിച്ച വാട്സ് ആപ്പ് സന്ദേശം അയച്ചു തന്ന കൂട്ടുകാരന്…
അങ്ങനെ ഒരുപാടാളുകള്‍ നമ്മുടെയൊക്കെ ജീവിതത്തിലൂടെ ഈ മനുഷ്യരൊക്കെ കടന്നു പോയത് എന്തുകൊണ്ടായിരിക്കും? ആരാണ് അവരെ ഈ നിയോഗങ്ങളുമായി നമ്മുടെ അരികിലേക്കു പറഞ്ഞുവിട്ടത്?
എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാടാളുകള്‍ വന്നു. അങ്ങനെ വന്നവരെ… എന്നെ തൊട്ടവരെ… എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരെ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ആരാധകരുള്ള റേഡിയോ ജോക്കി, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തനായ ജോസഫ് അന്നംകുട്ടി ജോസ് മലയാളിയുടെ വായനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ‘ദൈവത്തിന്റെ ചാരന്മാര്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത്രേ !
പഴയ ഒരു സെമിനാരി വിദ്യാര്‍ത്ഥിയാണ് കഥാപുരുഷന്. മംഗലപ്പുഴ സെമിനാരിയിലെ വിന്‍സെന്റ് കുണ്ടുകുളമച്ചനും ബോബി ജോസ് കപ്പുച്ചിനും ജീവിതത്തെ സ്വാധീനിച്ചുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലളിതമായ ഭാഷയും ജീവിതത്തെ നൊമ്പരപ്പെടുത്തുന്നതും അദ്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പരന്ന വായന നല്കുന്ന അറിവും ഇതിന് പിന്‍ബലം നല്കുന്നു. തന്റെ അമ്മയോടുള്ള സ്നേഹത്തെ പ്രതിയാണത്രേ ജോസഫ് പേരിനോടൊപ്പം ”അന്നംകുട്ടി’ എന്ന് കൂട്ടിച്ചേര്‍ത്തത്. പരിവ്രാജകനായി അലഞ്ഞ ജോസഫ് റേഡിയോ ജോക്കിയായി മാറുന്ന കഥ പുസ്തകത്തിലുണ്ട്.
ഒരു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ച ടിവിയില്‍ നടക്കുകയാണ്.
ആദ്യമായിട്ടാണ് ഒരു ചാനല്‍ചര്‍ച്ച കണ്ട് നമ്മുടെ പ്രേമം സിനിമയിലെ പാട്ടിന്റെ അവസ്ഥ വന്നത്. ‘കണ്ണ് ചുവക്കണ്, പല്ലു കടിക്കണ്, മുഷ്ടിചുരുട്ടണ്….’ നേരേ റൂമില്‍ കയറി മൊബൈല്‍ ഓണാക്കി ചിലതൊക്കെ പറഞ്ഞു, ‘ഞാനാണ് മാറ്റം’ എന്ന ഏഴുമിനിറ്റു ദൈര്‍ഘ്യമുള്ള ആ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനു മുന്‍പ് എനിക്കു പലവിധ ചിന്തകള്‍ ഉണ്ടായിരുന്നു. ‘ഇതിന്റെ ആവശ്യമുണ്ടോ? ഞാനിപ്പോള്‍ ഈ വീഡിയോ ഇട്ടതുകൊണ്ട് എന്തു മാറ്റം ഉണ്ടാകാനാണ്? ആകെ രണ്ടായിരം സുഹൃത്തുക്കളേ ഫേസ് ബുക്കിലുള്ളൂ. അവരു ചുമ്മാ കളിയാക്കും എന്നല്ലാതെ ഇതുകൊണ്ടു വേറെന്ത് ഉപകാരം ഉണ്ടാകാനാണ്?
നല്ലനടപ്പിന്റെ ഭാഗമായി യേശുവുമായിട്ടു മുഖത്തോടു മുഖം നോക്കി സംസാരിക്കാനായി അദ്ദേഹത്തിന്റെ ഒരു ചിത്രമൊക്കെ ചുമരില്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. അവസാനം ആ വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ എന്റെ ഇടതുകരം ചുവരിലുള്ള യേശുവിന്റെ നെഞ്ചിലായിരുന്നു. അന്ന് അങ്ങനെ ചെയ്യുമ്പോള്‍ എന്റെയുള്ളില്‍ പ്രാര്‍ത്ഥന കളില്ലായിരുന്നു, അല്ലെങ്കിലും ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ എന്തു പ്രാര്‍ത്ഥിക്കാനാണ്? മനസ്സ് ഒരു അ4 സൈസ് ഷീറ്റു പോലെ ബ്ലാങ്ക് ആയിരുന്നു. ‘നമസ്കാരം ഞാന്‍ ജോസഫ് അന്നംകുട്ടി ജോസ് ‘ എന്ന് ആദ്യമായി പറഞ്ഞത് അന്നായിരുന്നു, ആ വീഡിയോയിലായിരുന്നു.
സ്വപ്നംപോലും ഇത്ര മനോഹരമായി കാണാന്‍ സാധിക്കില്ലെന്നു തോന്നുന്നു, കാരണം എന്റെ വീഡിയോയ്ക്ക് കിട്ടിയ പ്രതികരണം അത്രയ്ക്ക് വലുതായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഫ്രണ്ട്സ് ലിസ്റ്റ് അയ്യായിരം കഴിഞ്ഞു, ചാറ്റ് ബോക്സ് മുഴുവന്‍ അഭിനന്ദന പ്രവാഹമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളെല്ലാം ഈ വീഡിയോ വാര്‍ത്തയായി ഷെയര്‍ ചെയ്തു. ഫോളോചെയ്യുന്നവരുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ ഇരുപതിനായിരം കഴിഞ്ഞു. അങ്ങനെയൊരു ദിവസം എനിക്കൊരു ഫോണ്‍ കാള്‍ വന്നു, ”ഹായ് ജോസഫ്, ഞാന്‍ സ്മിത വൈദേഹി, റേഡിയോ മിര്‍ച്ചി കേരളയുടെ പ്രോഗ്രാമിങ് ഹെഡ് ആണ്, ഞാന്‍ താങ്കളുടെ വീഡിയോ കണ്ടു. It was amazing, you have great flow, ease and clarity of thoughts. What are you doing now?’
‘Absolutely nothing.’ ഒരു പണിയുമില്ല എന്ന് മലയാളത്തില്‍ പറയുന്നതിലും നിലവാരം ഇംഗ്ലിഷില്‍ പറയുന്നതാണല്ലോ.
‘Joseph, We are looking for an RJ, Are you interested?’ ഉത്തരം കൊടുക്കുന്നതിനു മുന്‍പ് ചുമരില്‍ കുറച്ചുനാളായി കയറിയിരിക്കുന്ന, എല്ലാമറിയുന്നവനായ, താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ ചെറുപ്പക്കാരന്റെ മുഖത്തൊന്നുകൂടി നോക്കി.
നിശ്ചയമായും ഈ ചെറുപ്പക്കാരന് ദൈവത്തിന്റെ ചാരന് തന്നെ. ഇരുപത്തിയൊന്ന് അധ്യായങ്ങളിലൂടെ അവന് പറയുന്നു: എന്തു ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോള്‍ ധൈര്യം നഷ്ടപ്പെടുമ്പോള്‍. ചില നല്ല വാക്കുകളുടെ രൂപത്തില്‍ ദൈവം കടന്നുവരും.