42 വര്‍ഷമായി വിശ്വാസികളുടെ ഹൃദയങ്ങളെ നിര്മലമാക്കുന്നൊരു ഗാനം. ഫാ. ജോസഫ് മനക്കില് എഴുതി ജെറി അമല്‍ദേവ് സംഗീതം നല്കിയ ഈ ഗാനം പാടിയത് കോറസ് പീറ്ററാണ്. കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ഉത്ഭവകാലത്ത് അതിനു നേതൃത്വം നല്കിയ മഞ്ഞുമ്മല്‍ കര്‍മലീത്താ വൈദികര്‍ക്കുവേണ്ടി തയ്യാറാക്കിയ സമാഹാരത്തിലെ ഗാനമാണിത്. നാലു കസെറ്റുകളടങ്ങിയ ഈ സമാഹാരത്തിലെ എല്ലാ ഗാനങ്ങളും അന്നും ഇന്നും ആരാധനയിലും ദിവ്യബലിയിലും കേരളസഭ റീത്തു വ്യത്യാസമില്ലാതെ പാടിവരുന്നു. മഞ്ഞുമ്മല്‍ കര്‍മലീത്തസഭ (ഒസിഡി)യിലെ വൈദികര്‍ നേതൃത്വം നല്‍കിയിരുന്ന പോപ്പുലര്‍ മിഷന് ധ്യാനങ്ങളില്‍ ഗാനശുശ്രൂഷയ്ക്കായി ഈ സമാഹാരത്തിലെ ഗാനങ്ങള്‍ പതിവായി ആലപിച്ചിരുന്നു. അങ്ങിനെ ഈ ഗാനങ്ങള്‍ പ്രചുരപ്രചാരം നേടുകയുണ്ടായി. നിര്‍മലമായൊരു ഹൃദയമെന്നില്…എന്ന ഗാനത്തിന്റെ സൃഷ്ടിയെക്കുറിച്ചു സംഗീത സംവിധായകന് ജെറി അമല്‍ദേവ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.
” മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ഗാനങ്ങള്‍ ഇറങ്ങിയ നാളുകളിലാണ് ഫാ. ജോസഫ് മനക്കിലിന്റെ വിളി വരുന്നത്. കരിസ്മാറ്റിക് ധ്യാനങ്ങള്ക്കുവേണ്ടി നമുക്ക് കുറച്ച് പാട്ടുകള്‍ വേണം. കൊച്ചിയിലെ എഫ്സിസി സഹോദരിമാരുടെ ഭവനത്തിലെ ഗസ്റ്റ് റൂമിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. അച്ചന് ഒരു ഹര്‍മോണിയവും കുറച്ചു വരികളും തന്നിട്ട് ജനങ്ങള്‍ക്കു പാടാന്‍ കഴിയുന്ന പാട്ടുകള്‍ തരൂ എന്നു പറഞ്ഞു. അതില്‍ നിര്‍മലമായൊരു ഹൃദയമെന്നില് എന്ന പാട്ടിന്റെ വരികളും ഉണ്ടായിരുന്നു. ആ സന്ദര്‍ശന മുറിയില്‍ വച്ചാണ് ഈ ഗാനത്തിന് ഞാന്‍ സംഗീതം നല്‍കിയത്. കുറച്ചു നാളുകള്‍ കഴിഞ്ഞ് അച്ചന് ആവശ്യപ്പെട്ടു, നമുക്കിത് റെക്കോര്‍ഡ് ചെയ്യണം. അതിനുവേണ്ട ക്രമീകരണങ്ങള്‍ ഫാ. മനക്കില് തന്നെ ഏര്‍പ്പാടാക്കി. എം.ഇ മാനുവല്‍, ജെര്സന് ആന്റണി, ഓശപ്പന്, ജോയി എന്നിവരെല്ലാം എത്തിച്ചേര്‍ന്നു. കൊച്ചിന് കോറസിലെ പീറ്ററിനെയായിരുന്നു ഈ പാട്ട് പാടാന്‍ ഫാ. മനക്കില് നിര്‍ദേശിച്ചത്. ഞാന്‍ പീറ്ററിനെ പാട്ടു പഠിപ്പിച്ചു. റെക്കോര്‍ഡിംഗ് നടത്തിയത് സിഎസിയിലെ ഒരു ഹാളില്‍ ആയിരുന്നു. ഇന്നത്തെ നിലവാരത്തിലേക്കൊന്നും അന്ന് റെക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍ ഉയര്‍ന്നിട്ടില്ല. റെക്കോര്‍ഡിംഗ് നടത്തിയത് ‘മഹാനായ രാമു’ ആയിരുന്നു. ഞാന്‍ മഹാനായ രാമു എന്നു പറയുന്നതിനു കാരണം സ്വന്തമായി മിക്സര്‍ ഉണ്ടാക്കി ലഭ്യമായ സൗകര്യങ്ങളില്‍ ഉന്നത നിലവാരത്തില്‍ ശബ്ദലേഖനം ചെയ്യാന്‍ രാമുവിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ഈ പാട്ടിന്റെ മഹത്വമായി ഞാന്‍ കാണുന്നത് വരികളുടെ ലാളിത്യവും അര്‍ത്ഥവുമാണ്.
ഫാ. മനക്കിലിന്റെ പാട്ടുകള്‍ക്ക് വിശ്വാസത്തില്‍ അധിഷ്ഠിതമായ ആശയങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ പാട്ടുകള്‍ക്ക് സുന്ദര പദപ്രയോഗങ്ങള്‍ മാത്രമേയുള്ളൂ. അവയില്‍ വിശ്വാസത്തിന്റെ അംശങ്ങളൊന്നും നമുക്ക് കാണാനാവില്ല.
ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് ‘യേശുവിന്റെ തിരുമാറില് ചാരിക്കിടന്ന് ഉമ്മ വക്കണം’ എന്നൊക്കെയാണ്. തിരുക്കര്‍മങ്ങള്‍ക്കു തയ്യാറാക്കുന്ന ഗാനങ്ങള്‍ നമ്മുടെ സഭാധികാരികള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം. പല ഗാനങ്ങളും ശോചനീയം എന്നേ പറയാന്‍ കഴിയൂ. ആരാധനാക്രമങ്ങള്‍ക്കു ഉപയോഗിക്കേണ്ട ഗാനങ്ങള്‍ തിരഞ്ഞെടുക്കാനും തിരുത്തേണ്ടവ തിരുത്താനും സംവിധാനമുണ്ടാകണം. ആരാധനയാണ് നമ്മുടെ പ്രധാന ദൗത്യം എന്നത് നാം മറന്നു പോകുന്നു. സവിശേഷമായ ശ്രദ്ധവേണ്ടുന്ന മേഖലയാണ് തിരുക്കര്‍മ സംഗീതം. ഏതായാലും ഈ പഴയഗാനങ്ങള്‍ ഇന്നും പാടുന്നുണ്ടെന്നതില് അതീവ സന്തോഷം.” ഇപ്പോള്‍ ന്യൂസിലന്റില്‍ മക്കളോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ജെറി അമല്‍ദേവ് പറഞ്ഞു നിര്‍ത്തി.
കൊച്ചിന് കോറസ് എന്ന പ്രശസ്തമായ ഗാനമേള സംഘത്തിലെ പ്രധാന ഗായകനായിരുന്നു പീറ്റര്‍. അങ്ങനെ പേര് തന്നെ കോറസ് പീറ്റര്‍ എന്നായി. കൊച്ചി രൂപതയിലെ ചുള്ളിക്കല്‍ ഇടവകയിലെ ഗായകസംഘത്തിലൂടെയാണ് പീറ്റര്‍ രംഗത്തുവരുന്നത്. ഇപ്പോള്‍ യുഎസ്എയില്‍ ജോലി ചെയ്യുന്നു. പീറ്റര്‍ ഈ പാട്ടിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.
‘ഏഴു വയസുള്ളപ്പോള്‍ എനിക്കു എന്റെ ഇടവക പള്ളിയിലെ ഗായകസംഘത്തില്‍ പാടാന്‍ കഴിഞ്ഞു. പതിമൂന്നു വയസു മുതല്‍ ഗാനമേളകള്‍ക്കും പാടി. കലാഭവനില്‍ ആറ് വര്‍ഷം പാടിയതിനുശേഷമാണ് കൊച്ചിന് കോറസ് രൂപീകരിക്കുന്നത്. കലാഭവനില്‍ പാടിക്കൊണ്ടിരിക്കുമ്പോഴാണ് എനിക്കു ഒരു ഗാനം ആദ്യമായി പാടി റെക്കോര്‍ഡ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഫാ. ആബേല്‍ എഴുതി കെ.കെ ആന്റണി മാസ്റ്റര്‍ സംഗീതം നല്കിയ ഗാനമായിരുന്നു അത്. 1982ലാണ് ഫാ. മനക്കില് നിര്‍മലമായൊരു ഹൃദയമെന്നില് എന്ന ഗാനം പാടാന്‍ എന്നെ വിളിക്കുന്നത്. ഫാ. മനക്കില് എഴുതി ജെറി മാസ്റ്റര്‍ സംഗീതം നല്കിയ കുറെ നല്ല ഗാനങ്ങള്‍ പാടാന്‍ എനിക്കു ദൈവാനുഗ്രഹം ഉണ്ടായിട്ടുണ്ട്. അതില്‍ ഈ ഗാനം അതിവിശിഷ്ഠമായി ഞാന്‍ കരുതുന്നു. ഇന്നും പള്ളികളില്‍ ഈ ഗാനം പാടി കേള്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളാറുണ്ട്. ഈ മനോഹര ഗാനം സൃഷ്ടിച്ച ഇരുവരേയും നന്ദിയോടെ ഓര്‍ക്കുന്നു’.
അനേകം ഹൃദയങ്ങളെ നിര്മലമാക്കി ഈ ഗാനം അനശ്വരമായി മാറി. ‘കന്മഷമിയലാതൊരുമനമെന്നില്‍ ചിന്മയരൂപാ തന്നിടുക’യെന്നു നമുക്ക് പ്രാര്‍ഥിക്കാം.