കോട്ടയം: മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കേരള ലത്തീന്‍ കത്തോലിക്കാസഭയുടെ ഉന്നതനയരൂപീകരണ ഏകോപനസമിതിയായ കെആര്‍എല്‍സിസിയുടെ 40-ാമത് ജനറല്‍ അസംബ്ലി വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഈ സര്‍ക്കാരിന്റെ കാലത്ത് ഭവനങ്ങള്‍ നല്‍കും. തിരുവനന്തപുരം മുട്ടത്തറയില്‍ എട്ടേക്കറില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പണിയുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ഈ മാസം പത്തിന് മുഖ്യമന്ത്രി നിര്‍വഹിക്കും.
തിരുവനന്തപുരം അതിരൂപത നല്കിയ ഭൂമിയിലും ഭവനങ്ങള്‍ പണിയും. മത്സ്യബന്ധനയാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ഉയര്‍ന്നതിനാല്‍ എല്‍പിജി ഉപയോഗിച്ചുള്ള ബോട്ടുകള്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി എല്‍പിജി കിറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. വിഴിഞ്ഞം പ്രശ്നം സമയബന്ധിതമായി പരിഹരിക്കുമെന്നും ലത്തീന്‍ കത്തോലിക്കരുമായി സര്‍ക്കാരിനുണ്ടായിരുന്ന ഊഷ്മളബന്ധം തുടര്‍ന്നും നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കെആര്‍എല്‍സിസി പ്രസിഡന്റും കൊച്ചി രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. സെലക്ടീവായ ഇന്‍ക്ലൂഷനും ആലോചിച്ചുറപ്പിച്ചിട്ടുള്ള എക്സുക്ലൂഷനുമാണ് ഇപ്പോള്‍ ലത്തീന്‍ സമൂഹം അനുഭവിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീന്‍ കത്തോലിക്കരെ ഇനിയും പറഞ്ഞുപറ്റിക്കാമെന്നും വിഭജിച്ച് കാര്യം കാണാമെന്നും ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഫാ. പ്രസാദ് സിപ്രിയാന്‍, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വിജയപുരം രൂപതാ വികാരി ജനറല്‍ മോണ്‍. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍, യുവജനകമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ക്രിസ്തുദാസ് ആര്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്, കെസിവൈഎം സംസ്ഥാന വൈസ്പ്രസിഡന്റ് ഡെലിന്‍ ഡേവിഡ് എന്നിവര്‍ സംബന്ധിച്ചു.