മലയാള സംഗീതലോകത്തിലേക്ക് എന്നുമോര്‍മ്മിക്കാന്‍ കുറേ മികച്ച ഭക്തിഗാനങ്ങള്‍ നല്കി എന്നതില്‍ മാത്രമൊതുങ്ങുന്നില്ല കഴിഞ്ഞ ദിവസം അന്തരിച്ച സംഗീത സംവിധായകന് എം.ഇ മാനുവലിന്റെ സംഭാവനകള്‍. സംഗീത സാങ്കേതിക രംഗത്ത് ലോകം നടത്തിയ കുതിച്ചുചാട്ടത്തോടൊപ്പം മലയാളക്കരയേയും കൈപിടിച്ചു നടത്തിച്ചു മാനുവല്‍. ഇലക്ട്രോണിക് കീബോര്‍ഡ് കേരളത്തിനു പരിചയപ്പെടുത്തിയ കലാകാരനാണ് മാനുവലെന്ന് പലര്‍ക്കുമറിയാത്ത കാര്യം. കീബോര്‍ഡുകളുടെ പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ ഏറ്റവും ആദ്യം വാങ്ങാനും അതില്‍ പ്രാവീണ്യം തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ നിരവധി കലാകാരന്മാരെ കീബോര്‍ഡില്‍ കൈവക്കാന്‍ സഹായിച്ചതും മാനുവേല്‍ ആയിരുന്നു. മിക്കവാറും എല്ലാ സംഗീതോപകരണങ്ങളും വിദഗ്ദമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് മികച്ചൊരു സംഗീതജ്ഞനെന്ന നിലയിലേക്ക് മാനുവലിനെ ഉയര്‍ത്തിയത്. അനേകം സിനിമാ ഗാനങ്ങളുടെ റിക്കോര്‍ഡിങ്ങില്‍ ഹാര്‍മോണിയവും കീബോര്‍ഡും വായിച്ചിട്ടുണ്ട്.
ഗാനഗന്ധര്വന് യേശുദാസിന്റെ ഗാനമേള സംഘത്തെ മൂന്നു പതിറ്റാണ്ട് നയിച്ചത്് മാനുവലാണെന്നു പറയുമ്പോള്‍ സംഗീതത്തിന്റെ പൊതുധാരയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത വ്യക്തമാണല്ലോ.
അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങി ഇരുപതിലധികം രാജ്യങ്ങളില്‍ യേശുദാസിന്റെ സംഘത്തോടൊപ്പം അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. തരംഗിണിയിലെ റെക്കോര്‍ഡിങ്ങുകളുടെ ചുമതലയും ദീര്‍ഘകാലം നിര്‍വഹിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ കേരളത്തിലെത്തിയപ്പോള്‍ കളമശ്ശേരിയില്‍ ബലിയര്‍പ്പിച്ചപ്പോള്‍ നൂറിലധികം സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായി ഒരുക്കിയ ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്കിയതും മാനുവലായിരുന്നു.
ദിവ്യബലിയില്‍ പാടിയ നാഥാ നീയണഞ്ഞീടുക എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ഷെവലിയര്‍ ഡോ. പ്രിമൂസ് പെരിഞ്ചേരിയാണ്. ഡോ. പ്രിമൂസ് പെരിഞ്ചേരി എഴുതിയതില്‍ ആദ്യം സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനവും ഇതാണ്. ഇതേ ദിവ്യബലിയില്‍ സ്വര്‍ണനാളങ്ങള്‍ മിന്നി നില്ക്കുമീ സ്വര്ഗ്ഗവേദിയില് ഇന്നിതാ എന്ന പ്രവേശകഗാനത്തിനും മാനുവല്‍ സംഗീതം നല്കി. റവ. ഡോ. ചെറിയാന് കുനിയന്തോടതാണ് ഈ ഗാനം എഴുതിയത്. തരംഗിണി മ്യൂസിക്സ് പുറത്തിറങ്ങിയ സ്നേഹമാല്യം എന്ന ആല്‍ബമാണ് മാനുവേലിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. ഫാ. ആബേല്‍ എഴുതിയ 10 ഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബത്തില്‍ യേശുദാസും ചിത്രയുമായിരുന്നു ഗായകര്‍.
എന്നീ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതും ആരാധനാകര്‍മ്മങ്ങളില്‍ പാടുന്നതുമാണ്. ഇപ്പോഴും ഈസ്റ്റര്‍ ദിവ്യബലിയില്‍ പാടിവരുന്ന ഗാനമാണ് പൊന്നൊളിയില്‍ കല്ലറ മിന്നുന്നു എന്ന ഗാനം.
വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ്. ഫ്രാന്‍സിസ് അസിസിയില്‍ ഹാര്‍മോണിയം വായിച്ചാണ് മാനുവല്‍ സംഗീതരംഗത്തേക്ക് പ്രവേശിച്ചത്. ഒരു കാലത്ത് നിരവധി ഗായകര്‍ക്കും രചയിതാക്കള്‍ക്കും സംഗീതജ്ഞര്‍ക്കും ചവിട്ടുപടിയായി മാറിയ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സിഎസി യുടെ ഗാനമേള സംഘത്തിലും റെക്കോര്‍ഡിങ്ങുകളിലും പിന്നീട് സജീവമായി. സിഎസിയുടെ സ്ഥാപക ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ ആണ് ആദ്യമായി ഒരു ഗാനത്തിനു സംഗീതം നല്കാന് മാനുവലിനെ ഏല്പിക്കുന്നത്. അന്ധനു കാഴ്ച്ച നല്കിയ വചനമേ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അന്നു മാനുവേല്‍ സംഗീതം നല്‍കിയത്. ജോളി എബ്രഹാം പാടിയ ആ ഗാനം ഉള്‍പ്പെടുത്തിയത് ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് എന്ന എല്‍.പി. റെക്കോര്‍ഡിലാണ്. ഇതേ ആല്‍ബത്തില്‍ ഫാ. മൈക്കിള്‍ പനക്കല്‍ എഴുതി മാനുവല്‍ സംഗീതം നല്കിയ മധുരപ്രതീക്ഷകള്‍ പൂവണിയും എന്നു തുടങ്ങുന്ന ഗാനം പാടിയത് യേശുദാസ് ആയിരുന്നു.
ആദ്യകാലത്ത് ഇറങ്ങിയ ക്രിസ്ത്യന്‍ ഭക്തിഗാന സമാഹാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട എല്‍.പി. റെക്കോര്‍ഡാണ് ദൈവപുത്രന്. രചനയും സംഗീതവും അതീവമേന്മ പുലര്‍ത്തിയിട്ടുള്ള ഈ ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് നിലവാരവും മികച്ചതായിരുന്നു. ദൈവപുത്രന് എന്ന ആല്‍ബത്തിലെ ആദ്യഗാനം മാനുവലിന്റേതാണ്. ഉണ്ണിയെ കൈയിലേന്തി വിളങ്ങുന്നോരമ്മയെ കാണുവിന്‍ നാം എന്നു തുടങ്ങുന്ന ഗാനം രചിച്ചത് വര്‍ഗീസ് മാളിയേക്കല്‍ ആയിരുന്നു. യേശുദാസ് പാടിയ ഈ ഗാനം ശ്രദ്ധേയമായ ഒരു മരിയഭക്തിഗാനമാണ്. നിരവധി വര്‍ഷം അദ്ദേഹം സിഎസിയെ മുന്നില്‍ നിന്നു നയിച്ചു.
യേശുദാസിന്റെ ഗാനമേള സംഘത്തിന്റെയും തരംഗിണിയിലെ റെക്കോര്‍ഡിങ്ങുകളുടെയും നേതൃത്വം മൂന്നു പതിറ്റാണ്ടുകള്‍ നിര്‍വഹിച്ചശേഷം നാട്ടിലെ സംഗീതലോകത്തില്‍ നിന്നും മാറി അവസാനത്തെ കുറെ വര്‍ഷം കുവൈറ്റില്‍ സ്കൂളില്‍ സംഗീതാധ്യാപകനായും പ്രവര്‍ത്തിച്ചു.
മാനുവേല്‍ മാത്രമാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇവിടെ അലയടിച്ചു കൊണ്ടേയിരിക്കും.