ആത്മാവിന് ചൈതന്യമേ
ആശ്രിത വത്സലനേ
അനുഗ്രഹധാരയാല് നീ
അഭിഷേകം ചെയ്തിടുക
1996 മുതല്‍ മെത്രാഭിഷേക കര്‍മങ്ങളിലും പൗരോഹിത്യ സ്വീകരണങ്ങളിലും പാടുന്ന ഗാനമാണിത്. കണ്ണൂര്‍ രൂപതാധ്യക്ഷനായ ഡോ. അലക്സ് വടക്കുംതല എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കിയത് റെക്സ് ഐസക്സാണ്.
വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനെ അഭിഷേകം ചെയ്ത തിരുക്കര്മത്തിലാണ് ഈ ഗാനം ആദ്യമായി പാടിയത്.
പിന്നീട് ഗാനരചയിതാവ് തന്നെ കണ്ണൂര്‍ രൂപതാ മെത്രാനായി ഉയര്‍ത്തപ്പെട്ട ബലിവേദിയിലും ഇതേ ഗാനം പാടിയതും ചരിത്രം. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടിലും ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിലെ ചടങ്ങിലും ഈ ഗാനം പാടിയ ഗായക സംഘത്തിന് നേതൃത്വം നല്‍കിയത് കെസ്റ്ററായിരുന്നു. ഏറെ പ്രിയപ്പെട്ട ഈ ഗാനത്തെക്കുറിച്ച് ബിഷപ് ഡോ. അലക്സ് വടക്കുംതല പറയുന്നു.
”വൈദികരുടെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഞങ്ങളോട് ധ്യാനഗുരുവാണ് അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത വരുമെന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നത്. ഞാന്‍ അന്ന് വരാപ്പുഴ അതിരൂപതയുടെ കലാ-മാധ്യമ കേന്ദ്രമായ സിഎല്സിയുടേയും ലിറ്റര്‍ജി കമ്മീഷന്റേയും ഡയറക്ടര്‍ ആയിരുന്നു. പുതിയ പിതാവിന്റെ അഭിഷേക ചടങ്ങുകള്‍ക്ക് ഗായക സംഘത്തെ ഒരുക്കേണ്ടതിന്റെ ചുമതല സന്തോഷത്തോടെ അപ്പോള്‍ തന്നെ ഞാന്‍ ശിരസില്‍ വഹിച്ചു. ആശീര്ഭവന്റെ മനോഹരമായ അള്‍ത്താരയ്ക്ക് മുന്നിലിരുന്ന് പ്രാര്ത്ഥിച്ചെഴുതിയ രണ്ടു ഗാനങ്ങളാണ് അഭിഷേകച്ചടങ്ങുകള്ക്കായി തയ്യാറാക്കിയ ഗാനോപഹാരത്തിലേക്കായി ഞാന്‍ സമര്‍പ്പിച്ചത്. എന്നെ നയിക്കും നല്ലോരിടയന്‍…. എന്നു തുടങ്ങുന്ന ഗാനത്തിന് റവ. ഡോ. ജസ്റ്റിന് പനക്കല്‍ ഒസിഡി സംഗീതം നല്കിയപ്പോള് പരിശുദ്ധാത്മാവിന്റെ ഈ അഭിഷേക ധ്യാനത്തിന് ഈണം നല്‍കാനായി റെക്സ് മാസ്റ്ററെ ഏല്‍പ്പിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ചെന്നൈയിലുള്ള റെക്സ് മാസ്റ്റര്‍ക്കു ഞാന്‍ വരികള്‍ അയച്ചുകൊടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ എനിക്കു റെക്സ് മാസ്റ്ററുടെ കത്തും ഗാനത്തിനു നല്കിയ സംഗീതം എഴുതിയ നോട്ടും ലഭിച്ചു. റെക്സ് മാസ്റ്ററുടെ ശിഷ്യനും വയലിന് അധ്യാപകനുമായിരുന്ന കെ.എന്‍ രാജേന്ദ്രന് ഞാന്‍ അത് കൈമാറി. അപ്പോള്‍ തന്നെ റെക്സ് മാസ്റ്റര്‍ നല്‍കിയിട്ടുള്ള ഈണം അദ്ദേഹം തന്റെ വയലിനില്‍ വായിച്ചു. രാജേന്ദ്രന് പറഞ്ഞു, ഈ പാട്ട് അതി ഗംഭീരമാകും അച്ചോ. പാട്ട് കേട്ട എനിക്കും ഏറെ സന്തോഷവും സംതൃപ്തിയുമുണ്ടായി. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നിയന്ത്രിച്ചത് എല്‍ഡ്രിഡ്ജ് ഐസക്സായിരുന്നു.’ആത്മദാനം’ എന്ന പേരില്‍ സിഎസി പുറത്തിറക്കിയ കസെറ്റില്‍ ഈ ഗാനത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. ദൈവാനുഗ്രഹത്താല്‍ എന്റെ മെത്രാഭിഷേകച്ചടങ്ങിലും ഇത് തിരുസന്നിധിയില്‍ നിന്നു പാടിക്കേള്‍ക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.
ഈയടുത്ത് പാലക്കാട് രൂപതയിലെ മെത്രാഭിഷേക ചടങ്ങിലെ പ്രാരംഭപ്രദക്ഷിണത്തിനായും ഈ ഗാനം പാടുമ്പോള്‍ ഞാന്‍ നന്ദിയോടെ റെക്സ് മാസ്റ്ററെ മനസിലോര്‍ത്തു.” മലയാള ക്രിസ്തീയ ഭക്തിഗാന ശാഖയുടെ ഉദ്ഘാടനം മുതല്‍ മഹനീയ സേവനം നല്‍കിയിട്ടുള്ള സംഗീത സംവിധായകനാണ് റെക്സ് ഐസക്സ്. പലപ്പോഴും രംഗത്തു വരാതെ പ്രശസ്തമായ പല പാട്ടുകള്‍ക്കും ഓര്ക്കസ്ട്രേഷന് നല്കി റെക്കോര്‍ഡിംഗ് ചുമതലകള്‍ ഏറ്റെടുക്കുകയായിരുന്നു റെക്സ് മാസ്റ്ററുടെ ശൈലി. അപൂര്‍വമായ പാട്ടുകള്‍ക്ക് സംഗീതം സംഗീതം നല്‍കാനുള്ള ദൗത്യം വേണ്ടപ്പെട്ടവര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം.
അങ്ങനെ ഫാ. അലക്സ് വടക്കുംതലയുടെ നിര്‍ബന്ധത്താല്‍ ചെയ്തൊരു പാട്ടാണിത്. ഇന്നും ആളുകള്‍ ഈ പാട്ട് മറന്നിട്ടില്ല എന്നതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് റെക്സ് മാസ്റ്റര്‍ മനസുതുറന്നു. ” ഈ വരികള്‍ എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ത്തന്നെ അര്ത്തവത്തും മനോഹരവുമായ ഈ വരികള്‍ക്ക് സാധാരണ കേള്‍ക്കുന്ന ഗാനങ്ങളേക്കാള്‍ വിഭിന്നമായ സംഗീതം നല്‍കണമെന്നും ഞാന്‍ തീരുമാനിച്ചു. പ്രത്യേകിച്ച് അതിവിപുലവും ശ്രേഷ്ഠവുമായ ഈ ചടങ്ങില്‍ ആലപിക്കാനുള്ളതാണല്ലോ ഈ ഗാനം എന്നത് എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചു.
നമ്മുടെ തിരുക്കര്‍മ്മങ്ങളിലെ ഗാനങ്ങള്‍ ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടിരുന്ന കാലത്ത് പല പാട്ടുകള്‍ പല വോയിസുകളില്‍ പാടുന്ന പതിവുണ്ടായിരുന്നു. പിന്നീട് ഗാനങ്ങള്‍ മലയാളത്തിലേക്ക് മാറിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ നമ്മള് ഗ്രിഗേറിയന്‍ സംഗീതത്തെ വിട്ട് മെലഡി മാത്രമായി ഒതുങ്ങിയിട്ടുണ്ട്. അന്നത്തെ കാലത്ത് ടു പാര്‍ട്ട്, ത്രീ പാര്‍ട്ട്, ഫോര്‍ പാര്‍ട്ട് ഹാര്‍മണി ഒക്കെയായിരുന്നു ഞങ്ങള്‍ പാടിയിരുന്നത്. നടുവിലപ്പള്ളി എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രലില്‍ പ്രഗത്ഭരായ ചാര്‍ലി സ്റ്റുവര്ട്സ് ഓര്‍ഗന്‍ വായിച്ച് കണ്ടക്റ്റ് ചെയ്യുന്ന കാലം. ക്വയര്മാസ്റ്ററായി യൂജിന്‍ പെരേര. ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഞങ്ങളുടെ ഡാഡി ജോ ഐസക്കും ജോ റൊസാരിയോയും നയിക്കുന്ന ക്വയര്‍. അന്നത്തെ ഗായക സംഘങ്ങള്‍ പാടുന്ന പാട്ടുപോലൊരെണ്ണം സംഗീതം ചെയ്യണമെന്നാണ് അല്ക്സച്ചന്റെ വരികള്‍ കിട്ടിയപ്പോള്‍ ഞാന്‍ തീരുമാനിച്ചത്. പതിവായി നല്കുന്ന പാട്ടുപോലെയാകരുത് എന്ന തീരുമാനമാണ് ഈ പാട്ടിനു വെസ്റ്റേണ്‍ സംഗീത ശാഖയിലെ കാനോന്‍ എന്ന ശൈലി സ്വീകരിക്കാന്‍ തീരുമാനിച്ചതിനു കാരണം. എന്റെ അനുജന് എല്ഡ്രിസ് ഐസക്സാണ് റെക്കോര്‍ഡിംഗിനും പരിശീലനത്തിനും നേതൃത്വം നല്‍കിയത്. വരികള്‍ കുത്തിനിറക്കാതെയുള്ളതായതിനാല് ആവശ്യത്തിനു സസ്റ്റൈയിന് കൊടുക്കാന്‍ കഴിഞ്ഞു. ഇന്നും ഈ പാട്ട് പടുന്നുണ്ട് എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ ഇഷ്ടഗാനമാണിത് എന്നു കേള്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും അഭിഷേകങ്ങളായി ചൊരിഞ്ഞ് കൊണ്ട് ഈ ഗാനം കൂടുതല്‍ ധധ്യമായ തലത്തിലേയ്ക്ക് ഉയരുകയാണ്.